കടലാഴങ്ങൾ 9
ഇൻവിറ്റേഷൻ കാർഡ് ടീപോയിലേക്കു വച്ച് ആദി സോഫയിലേക്കിരുന്നു .
"ആദി .. "
"കിഷോർ , പ്ളീസ് ലീവ് മി എലോൺ ഫോർ സം ടൈം .. "
തൻ്റെ തോളിലേക്ക് വച്ച കിഷോറിൻറെ കൈ തട്ടി മാറ്റി ഇരു കൈകൾ കൊണ്ടും അവൻ മുഖം പൊത്തി .
"ഉസ്‌മേ ഏക് പേപ്പർ ഭി ഹേ , ദേക്കോ ..."
(അതിൽ ഒരു പേപ്പർ കൂടി ഉണ്ട് ... നോക്കൂ )
കിഷോർ കവറിൽ നിന്നും വലിച്ചെടുത്തു നീട്ടിയ പേപ്പർ തുറന്നു ആദി അതിലെഴുതിയ വാചകങ്ങളിലൂടെ സഞ്ചരിച്ചു .
പ്രിയപ്പെട്ട ആദിയേട്ടന് ,
സുഖമെന്ന് വിശ്വസിക്കുന്നു . പലതവണ , പലതരത്തിൽ ഞാൻ ഏട്ടനെ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചു .മുത്തശ്ശനും മുത്തശ്ശിയും പിന്നെ ഞാനും, ഞങ്ങൾ മൂവരും മാത്രം അറിയാത്ത ഏതോ ഒരു സ്ഥലത്തു അജ്ഞാത വാസത്തിലാണല്ലോ ഏട്ടൻ . ഏട്ടന്റെ പഴയ ഓഫീസിലേക്കു , പഴയ താമസ സ്ഥലത്തേക്ക് , ബാസിത് ഇക്കാക്ക് പിന്നെ കിഷോർ ദാദക്ക് , നാല് സ്ഥലത്തേക്കും ഇൻവിറ്റേഷൻ കാർഡും ഈ ലെറ്ററും അയച്ചിട്ടുണ്ട് . ആരെങ്കിലും ഏട്ടനെ കോൺടാക്ട് ചെയ്തു ഇത് എത്തിച്ചു തരുമെന്ന് വിശ്വസിക്കുന്നു .
എൻ്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ചടങ്ങാണ് നടക്കാൻ പോകുന്നത് . ജനിച്ച ദിവസം ആ കൈകളിൽ ആണ് വാങ്ങിയതെന്നും, വിരൽ പിടിച്ചു ഒരു പാട് നടത്തിയിട്ടുണ്ടെന്നും , എൻ്റെ കുറുമ്പുകൾക്കു കൂടെ നിന്ന് വഴക്കും തല്ലും വാങ്ങിയിട്ടുണ്ടെന്നും അധികാരത്തോടെ പറഞ്ഞിരുന്നതല്ലേ . അത് കൊണ്ട് തന്നെ മണ്ഡപത്തിലേക്ക് കയറും മുൻപ് ഒന്ന് കാണണമെന്ന് തോന്നുന്നു . ഏഴുമുറ്റം തറവാട് ഇന്നും ഏട്ടന് വേണ്ടി തുറന്നു തന്നെ കിടക്കുകയാണ് . ഒരാൾക്കുള്ള ആഹാരം മിച്ചം വച്ച ശേഷമേ മുത്തശ്ശി മറ്റുള്ളവർക്ക് വിളമ്പാറുള്ളൂ . അത് പോലെ തന്നെ ഏട്ടന്റെ വിളി കാത്ത് , ഇപ്പോഴും രാത്രിയിൽ മുത്തശ്ശൻ ആ ജനൽപ്പാളി അടക്കാറുമില്ല . അവിടേക്കുള്ള ഏട്ടന്റെ യാത്രയെ വിലക്കാൻ ആർക്കും അവർ അധികാരം കൊടുത്തിട്ടുമില്ല .
ഏട്ടൻ വരണം , ആ ആശീർവാദമില്ലാതെ എനിക്ക് പുതിയ ജീവിതത്തിലേക്ക് കടക്കാനാവില്ല . ഒന്ന് കണ്ടാൽ മാത്രം മതി .
സ്നേഹത്തോടെ
ഗായത്രി
ആ വാചകങ്ങൾ വായിച്ചു തീർന്നതും അവൻ്റെ കണ്ണിൽ നിറഞ്ഞു നിന്നിരുന്ന ജലകണങ്ങൾ നിയന്ത്രിക്കാനാവാത്ത പുറത്തേക്കു ചാടി .
"ബാസിത് .. ഉസ്‌കോ മാലും ഥാ ? "
(ബാസിതിനും അറിയാമായിരുന്നോ )
"ഹ്മ്മ് .. മുജേ ജോ മിലാ ഥാ , വോ ഫാട് ദിയാ മേനേ . യെഹ് കൽ ഉസ്‌നേ ദിയാ ഥാ "
(ഹ്മ്മ് .. എനിക്ക് കിട്ടിയത് ഞാൻ കീറിക്കളഞ്ഞു . ഇത് ഇന്നലെ അവൻ തന്നതാണ് )
ആദി ദേഷ്യത്തോടെ കിഷോറിനെ നോക്കി .
"സുൻ , തു വഹാം നഹി ജാവോഗേ .. തുമാരാ കോയി നഹി ഹേ വഹാം പർ .. "
(നീ അവിടെ പോകില്ല , നിൻറെ ആരും അവിടെയില്ലാ .. മനസ്സിലായല്ലോ )
"കിഷോർ .. "
"മുജേ മാലും ഥാ , തും യെഹി ബോലോഗേ .. "
(എനിക്കറിയാമായിരുന്നു , നീ ഇതേ പറയൂ എന്ന് .. )
"ദേ ആർ മൈ ഫാമിലി .. "
"f *** off "
കിഷോർ തൻ്റെ കയ്യിലിരുന്ന കൊറിയറിന്റെ കവർ ആദിയുടെ മുഖത്തേക്കു വലിച്ചെറിഞ്ഞു അകത്തെ മുറിയിലേക്ക് കയറിപ്പോയി .
എന്ത് ചെയ്യണമെന്നറിയാതെ കുറച്ചു നേരമിരുന്ന ശേഷം അവൻ തൻ്റെ ഫോൺ കയ്യിലെടുത്തു ബാസിത്തിന്റെ നമ്പറിൽ വിരലമർത്തി .
"ആഹ് , ആദി .. വ്യാഴം അല്ലെ കല്യാണം , ഇന്ന് അങ്ങോട്ടും ശനി തിരിച്ചുമുള്ള ടിക്കറ്റ് എടുത്തിട്ടുണ്ട് .. "
"ബാസിത് .. "
"എനിക്കറിയാം നീ ഇപ്പോൾ എന്തിനാണ് വിളിക്കുന്നതെന്ന് . കിഷോർ വേണ്ടാ എന്ന് പറഞ്ഞിട്ടും ഞാനാണ് അവനെ നിർബന്ധിച്ചു ആ കവർ നിനക്ക് എത്തിച്ചത് . ഒരു പക്ഷെ അത് നീ കണ്ടില്ലായിരുന്നെങ്കിൽ ഇത്രയും മാനസിക ബുദ്ധിമുട്ടു അനുഭവിക്കില്ലായിരുന്നു . പക്ഷെ എന്നെങ്കിലും അറിഞ്ഞു കഴിയുമ്പോൾ , പിന്നീടുള്ള ജീവിതത്തിൽ അതൊരു വലിയ വേദനയായി നില നില്കും . "
"ഞാൻ പോകണമെന്ന് തന്നെയാണോ നിന്റെ അഭിപ്രായം .. "
"ആരുടേയും അഭിപ്രായം കേൾക്കുന്ന സ്വഭാവം നിനക്കില്ലല്ലോ , പിന്നെ നിന്റെ മനസ്സറിയാവുന്നതു കൊണ്ട് ടിക്കറ്റ് എടുത്തു എന്ന് മാത്രം . "
"താങ്ക്സ് ഡാ .. "
"ആ പിന്നെ , കിഷോർ , അവനോട് ദേഷ്യം തോന്നേണ്ട .. ഇത്തിരി കഴിയുമ്പോൾ അവൻ്റെ പിണക്കം മാറും . "
"എനിക്കറിയാം .. "
"അപ്പോൾ വൈകിട്ട് അഞ്ചു മണിക്ക് ബസ് , മടിവാളയിൽ നിന്നും . ഡീറ്റെയിൽസ് ഞാൻ മെസ്സേജ് ഇട്ടേക്കാം .. ബൈ .. "
"ബൈ .."
കിഷോർ ഫോൺ കട്ട് ചെയ്തു താഴേക്കു വച്ചപ്പോഴേക്കും കിഷോർ റെഡിയായി മുന്നിൽ വന്നിരുന്നു .
"ചൽ , ഉട് ആദി .. "
(എഴുനേല്ക്കൂ ..)
"കിദർ .. "
(എവിടേക്ക് )
"തു ക്യാ , കാലി ഹാഥ് ജായേഗാ !! , കുച്ച് ഖരീദേംഗേ .."
(നീ എന്താ വെറും കയ്യാലെ പോകുമോ .. എന്തെങ്കിലും മേടിക്കാം )
ആദി എഴുനേറ്റു അവനെ കെട്ടിപിടിച്ചു , പിന്നെ വസ്ത്രം മാറാനായി അകത്തേക്ക് പോയി .
"യാർ , ഓഫീസ് കാ കാം .. ക്യാ ബൊലോഗേ .."
(ഓഫീസിലെ ജോലിക്കു എന്ത് പറയും )
"ഹ്മ്മ് .. ഇറ്റ്സ് ഓക്കേ , പ്രൊജക്റ്റ് ഇൻ ഗുഡ് പൊസിഷൻ നൗ . ഏക് വീക്ക് ലീവ് ലെ സക്താഹേ .. ഐ വിൽ ലോഗിൻ ഫ്രം ഹോം ഇൻ ബിറ്റ്വീൻ "
(അത് കുഴപ്പമില്ല , ഒരാഴ്ച ലീവ് എടുക്കാം, ഇടയ്ക്കു ഞാൻ വീട്ടിൽ നിന്നും ലോഗിൻ ചെയ്യും )
കുറച്ചു സമയത്തിന് ശേഷം ആദി വസ്ത്രം മാറി വന്നു കിഷോറിനൊപ്പം പുറത്തേക്കിറങ്ങി ഫ്ലാറ്റ് പൂട്ടി താഴേക്കു പോയി .
*******************************************
"എന്താടി മോളെ , അപ്പനോട് എന്തേലും പറയാനുണ്ടോ .. "
തന്നെ ചുറ്റിപറ്റി നിൽക്കുന്ന അഞ്ജലിയുട അടുത്തേക്ക് ചെന്ന് തോമാച്ചായൻ ചോദിച്ചു .
"അത് .. അതൊന്നുമില്ല അപ്പാ .. ദേവസി ചേട്ടന്റെ കാര്യം .. "
"അഹ് .. അത്രേ ഉള്ളോ , അത് ഞാൻ അവനോടു പറഞ്ഞോളാം .."
"ഞാനായിട്ട് അപ്പന് ബുദ്ധിമുട്ട് .. "
"അങ്ങനെയൊന്നുമില്ല മോളെ , അത് വേറെ എന്തേലും പറഞ്ഞു ഞാൻ ഒഴിവാക്കികൊള്ളാം .."
".."
"മോളെ ,പക്ഷെ ഇതധികം പോകില്ല കേട്ടോ , അടുത്ത പെരുന്നാൾ , അതിനു മുൻപ് കാര്യങ്ങൾക്കു ഒരു തീരുമാനമാകും .. "
"ശെരിയപ്പാ .. "
അവൾ വിളറിയ ഒരു ചിരിയോടെ തോമാച്ചായൻറെ മുന്നിൽ നിന്നും തിരികെ നടന്നു ..
"മോളൊന്ന് നിന്നെ.. "
"എന്താപ്പാ ..."
"നീ അങ്ങനെ ചെയ്യില്ലന്നറിയാം, എന്നാലും.. ആരേലും മനസ്സിലുണ്ടോ .."
"ഇല്ല .. ഇല്ലപ്പാ ... "
"ഹ്മ്മ് , പൊയ്ക്കോ .. പോയി ബാഗെല്ലാം എടുത്തു വയ്ക് .."
അഞ്ജലി വേഗത്തിൽ തിരികെ നടന്നു പടികൾ കയറി മുകളിലേക്ക് പോയി . മുറിയിൽ എത്തിയതും കതകു കുറ്റിയിട്ടു കട്ടിലിലേക്ക് കിടന്നു ദീർഘ നിശ്വാസമെടുത്തു .അവളുടെ മനസ്സപ്പോൾ വല്ലാത്ത ആശയകുഴപ്പത്തിലായിരുന്നു . മൊബൈലിൽ തുടർച്ചയായി വരുന്ന മെസ്സേജുകൾ ആണ് അവളെ തിരികെ സ്വബോധത്തിലേക്ക് കൊണ്ട് വന്നത് .
ദിയ പത്തനംതിട്ടയിൽ നിന്നും ബസിൽ കയറി എന്നതും, ബസിലെ യാത്രക്കാരുടെ പൊതുവിലെ ഉള്ള വിലയിരുത്തലുമായിരുന്നു പിന്നീടുള്ള മെസ്സേജുകൾ ..
"എനിക്ക് വയ്യടി .. "
മുഴവൻ മെസ്സേജുകളും വായിച്ചു തീർന്നതും അഞ്ജലി ടൈപ്പ് ചെയ്തു ..
"എന്ത് പറ്റി ,നീ വരുന്നില്ലേ .. "
"അതല്ല ദിയെ .."
"പിന്നെ .."
"ഡി , ആദിയേട്ടൻ , അങ്ങേരെ പ്രേമിക്കാൻ ഒന്നും വയ്യടി .. "
"ആഹാ , എന്താ അതിനിപ്പോൾ .."
മൈഥിലി ആണ് ചോദിച്ചത് .
"മിഥൂ , അതൊന്നും നടക്കില്ല , അപ്പൻ ഇതൊന്നും സമ്മതിക്കില്ല , അടുത്ത പെരുന്നാളിന് മുൻപേ എന്നെ കെട്ടിക്കാൻ പോകുവാ .. "
"അടുത്ത പെരുന്നാളിന് ഇനി എത്ര സമയമുണ്ട് , അതിനു മുൻപേ എന്തെല്ലാം നടക്കും . "
"ചുമ്മാ തമാശ പറയല്ലേ ദിയെ . അപ്പന്റെ കാര്യം ഓർക്കുമ്പോഴേ കയ്യും കാലും വിറക്കുവാ .. "
"കൊള്ളാം , പേടീം കൊണ്ട് പ്രേമിക്കാൻ ഇറങ്ങിയ നിന്നെ പറഞ്ഞാൽ മതിയല്ലോ ."
"അത് കൊണ്ട് തന്നാ മിഥൂ ഞാൻ പറഞ്ഞെ ഇതൊന്നും ശെരിയാകില്ലന്നു ... "
"അപ്പൊ വിടുവാ അല്ലെ..ഉറപ്പാണല്ലോ "
"ഹ്മ്മ് .. മിഥൂ , ആ ചാപ്റ്റർ ക്ലോസ് .."
"ദിയെ .. അങ്ങിനെ ആണേൽ ഞാൻ ഒന്ന് നോക്കിയാലോ .. "
അല്പ സമയം ആ ചാറ്റ് ബോക്സിൽ നിശബ്ധത നിറഞ്ഞു നിന്നു .
"മിഥൂ , നീ അങ്കമാലീന്നു ഞാൻ കയറാൻ പോകുന്ന വണ്ടീൽ തന്നെ അല്ലെ കേറുന്നേ .. ഇതിനു മറുപടി അപ്പോൾ പറയാം .. "
അഞ്ജലി ദേഷ്യത്തോടെ ഇന്റർനെറ്റ് ഓഫ് ചെയ്ത് ഫോൺ കട്ടിലിലേക്ക് ഇട്ടു ഷോൾഡർ ബാഗിലേക്കു വസ്ത്രങ്ങൾ എടുത്തു വച്ചു .
"മോളെ , വൈകിട്ട് ആപ്പിളും പിന്നെ പഴവും മാത്രമേ വച്ചിട്ടുള്ളൂ . നീ പറഞ്ഞത് പോലെ , ബീഫ് വരട്ടിയത് ദോ ആ പാത്രത്തിൽ വച്ചിട്ടുണ്ട് .. "
താഴേക്കു ഷോൾഡർ ബാഗുമായി ഇറങ്ങി ചെന്ന അഞ്ജലിയുടെ കയ്യിലേക്ക് ഒരു ചെറിയ ബിഗ്‌ഷോപ്പർ എലിസബത്ത് വച്ച് കൊടുത്തു.
" മമ്മീ , ഇങ്ങനെ കൊണ്ടുപോയാൽ നാളേക്ക് ബീഫ് ചീത്തയാകില്ലേ ,"
അനുവിന് സംശയമായി ..
"ബീഫ് വരട്ടിയത് ചീത്തയാകാനോ .. കൊള്ളാം .. അതെങ്ങനാ അടുക്കളേൽ കേറിയാലല്ലേ ഇതൊക്കെ പഠിക്കൂ .. "
"ഓഹ് , നമ്മളില്ലേ .. അല്ല ചേച്ചി , ഇതാർക്കാ ബീഫ് കൊണ്ട് പോകുന്നെ .. ഫ്രണ്ടിനാ "
"ആ .. ഒരു ഫ്രണ്ടിനാ .. "
"ഉം ..ഉം .. "
ഒരു പ്രേത്യേക താളത്തിൽ മൂളി അനു പോയപ്പോൾ എലിസബത്തു സംശയത്തോടെ അഞ്ജലിയെ നോക്കി . അവളും ഒന്നും മനസ്സിലാകാത്തപോലെ പോലെ അമ്മയെ നോക്കി , പിന്നെ തോളിൽ കിടന്ന ബാഗ് ശെരിയാക്കി , ബിഗ്‌ഷോപ്പറുമായി ഉമ്മറത്തേക്ക് നടന്നു .
ആറു മണിയോടെ ബാംഗ്ലൂരേക്കുള്ള ബസ് പാലായിലേക്ക് എത്തിയപ്പോൾ സൈഡ് സീറ്റിലിരുന്ന ദിയ അഞ്ജലിയെ കൈവീശി കാണിച്ചു .
"മോളെ , സുഖാണോടീ .."
തോമാച്ചായൻ അഞ്ജലിയോടൊപ്പം അകത്തേക്ക് കയറി അവളുടെ ബാഗ് മുകളിൽ വച്ച് കൊടുക്കുന്നതിനിടയിൽ ദിയയോട് ചോദിച്ചു .
"സുഖമാണ് അങ്കിൾ .. "
"ഹ്മ്മ് .ബാംഗ്ലൂരിലെ പുതിയ വീടൊക്കെ എങ്ങനെ ഉണ്ട് . അടുത്ത് തന്നെ ഞങ്ങൾ വരുന്നുണ്ട് "
"അതിനെന്താ അങ്കിൾ, എപ്പോ വേണേലും വരാല്ലോ "
"ഉം "
"എന്താടി പതിവില്ലാതെ നിന്റെ അപ്പനൊരു സുഖന്വഷണം .. "
തോമാച്ചായൻ ബസ്സിൽ നിന്ന് ഇറങ്ങിപോയപ്പോൾ ദിയ അഞ്ജലിയെ തോണ്ടി .
"അപ്പൻ എപ്പോ കണ്ടാലും നിന്നോട് സംസാരിക്കുന്നതല്ലേ .. "
"ഇന്നത്തെ സംസാരത്തിൽ എന്തോ പന്തികേട് ഉള്ള പോലെ .. "
"ഹ്മ്മ് .. ആലോചിച്ചിട്ടു എനിക്കൊന്നും മനസ്സിലാകുന്നില്ല ... ഡി എനിക്ക് വല്ലാതെ തലവേദനിക്കുന്നു , ഞാൻ ഒന്ന് മയങ്ങട്ടെ .. അവള് കേറുമ്പോ വിളിക്കൂ .. "
ഷാൾ എടുത്തു തലവഴി മൂടി അഞ്ജലി ദിയയുടെ തോളിലേക്ക് ചാഞ്ഞു .
#########################
"അഞ്ജു , എന്താണ് നിന്റെ പ്രശ്‍നം , ഒരു കാര്യം ഇപ്പോഴേ പറഞ്ഞേക്കാം , പേടിയാണേൽ ഈ പരുപാടിക്കു നിക്കരുത് .."
ദിയയുടെ ഭക്ഷണ പൊതിയിൽ നിന്നും ഒരു കഷ്ണം ചപ്പാത്തി വായിലേക്കിട്ടു മൈഥിലി അഞ്ജലിയെ നോക്കി . അവർ കയറിയ ബസ് അങ്കമാലിക്കപ്പുറം എവിടെയോ യാത്രക്കാർക്ക് അത്താഴം കഴിക്കാനായി നിർത്തിയിരിക്കുകയായിരുന്നു
"എന്നിട്ട് നിനക്ക് അങ്ങേരെ കേറി പ്രേമിക്കാൻ അല്ലെ .. "
"ഹഹ . അപ്പോഴേക്കും നിനക്ക് അസൂയ ആയോ പെണ്ണെ , ഞാൻ ഒരു തമാശ പറഞ്ഞതല്ലേ .. പിന്നെ , നിനക്ക് ഈ രാത്രി മുഴുവൻ സമയമുണ്ട് . മിക്കവാറും നാളെ രാവിലെ തന്നെ അങ്ങേരു നിന്നെ കാണാൻ വരും , അപ്പോൾ പറയാനായി ആലോചിച്ചു ഒരു തീരുമാനം ഉണ്ടാക്കണം . മനസ്സിലായോ .."
"എങ്ങനെ .. "
" അതായതു , നീ അങ്ങേരെ പ്രണയിക്കുന്നുണ്ടോ ഇല്ലയോ എന്ന് . എല്ലാ വരും വരായ്കയും ചിന്തിച്ചു വേണം തീരുമാനമെടുക്കാൻ .. ഒരു തീരുമാനം എടുത്താൽ അതിൽ നിന്നും പിന്നെ പുറകോട്ടു പോകാൻ പാടില്ല , അല്ലങ്കിൽ അതൊരു ചതിയായി മാറും .. "
മൈഥിലി അത്രയും പറഞ്ഞു സീറ്റിൽ നിന്നും എഴുനേറ്റു ബസിനു പുറത്തേക്കു ഇറങ്ങിപ്പോയപ്പോൾ അഞ്ജലി നിസ്സഹായതയോടെ ദിയയെ നോക്കി .
"ഇത് നിന്റെ ജീവിതത്തിലെ വലിയൊരു തീരുമാനമാണ് . നിനക്ക് മാത്രം തിരഞ്ഞെടുക്കുവാനുള്ള തീരുമാനം . നീ നിന്റെ മനസ്സിനോട് മാത്രം അഭിപ്രായം ചോദിക്കുക . എന്തായാലും ഞങ്ങൾ നിന്റെ കൂടെ ഉണ്ടാകും .. "
അവളെ കൈവിട്ടന്ന പോലെ കാലിയായ ഭക്ഷണ പൊതി കയ്യിലെടുത്തു ദിയയും നടന്നകന്നപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ അഞ്ജലി സീറ്റിലേക്ക് ചാരി കിടന്നു . ആ സമയങ്ങളിൽ അവളുടെ മനസ്സിൽ ആദിയെന്ന വ്യക്തി നിറഞ്ഞു നീല്കുകയായിരുന്നു .നാളെ അവനെ എങ്ങനെ അഭിമുകീകരിക്കും അല്ലങ്കിൽ മൈഥിലി പറഞ്ഞത് പോലെ ഒരു പ്രൊപോസൽ അവനിൽ നിന്നും ഉണ്ടായാൽ എങ്ങനെ പ്രതികരിക്കും എന്നുള്ള ആലോചനകൾ അവളുടെ മനസ്സിനെ മഥിച്ചു കൊണ്ടിരുന്നു .
അതെ സമയം തന്നെ ഇതൊന്നുമറിയാതെ നാട്ടിലേക്കുള്ള ബസ്സിൽ ഓർമ്മകളിൽ ലയിച്ചിരിക്കുകയായിരുന്നു ആദി . അതിൽ നിറഞ്ഞു നിന്നതു ഏഴുമുറ്റം തറവാടും മുത്തശ്ശനും മുത്തശ്ശിയും ഗായത്രിയുമെല്ലാമായിരുന്നു .
(തുടരും)
No comments:
Post a Comment