കടലാഴങ്ങൾ 8
തൻ്റെ ഫോണിലേക്കു തുടർച്ചയായി വന്ന ഫോൺ വിളികളാണ് ആദിയെ ഉണർത്തിയത് . കണ്ണുകൾ തുറക്കാതെ തന്നെ അവൻ തന്റെ ഫോണിനെ ചെവിയോട് ചേർത്തു .
"ഹലോ .."
"ഹലോ , എന്തുണ്ട് അളിയാ വിശേഷം .. "
മറുവശത്തു നിന്നും ഒരു പെൺകുട്ടിയുടെ ശബ്ദം .
"നല്ല വിശേഷം അളിയാ .. "
"ഏഹ് .. അല്ല ഇത് മനുവല്ലേ .. "
"ആ മനുവാണ് .. എന്തെ സംശയമുണ്ടോ .. "
"അല്ല സൗണ്ട് മാറിയിരിക്കുന്നത് പോലെ .. "
"അത് പനി പിടിച്ചതിന്റെയാ .. "
"ഓഹ് , സോറി റോങ് നമ്പർ .. "
"വച്ചിട്ട് പോടീ .. "
അനു ഫോൺ താഴേക്കു വച്ച് ആലോചനയിലാണ്ടൂ.
"ആള് കൊള്ളാം , സാധാരണ ഇമ്മാതിരി ഒരു കാൾ ഒരു ചെക്കന്റെ അടുത്ത് ചെന്നാൽ രക്തം ഊറ്റി കുടിക്കേണ്ടതാണ് . "
അവൾ മുറിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു പലവിധത്തിൽ ആലോചിച്ചു കൊണ്ടിരുന്നു .
"ഇനി ആള് ഫ്രോഡ് ആണെങ്കിലോ .. ഡീസന്റ് ആയി അഭിനയിച്ചതാണെങ്കിലോ .. ഇപ്പോഴത്തെ ചെക്കന്മാരെ ഒന്നും വിശ്വസിക്കാൻ പറ്റില്ലേ .. ചേച്ചി ഒരു പാവമാ , എന്ത് വന്നാലും അവൾക്കൊരു പ്രശ്‌നമുണ്ടാകാൻ ഞാൻ സമ്മതിക്കില്ല .. "
അവൾ വീണ്ടും ഫോൺ കയ്യിലെടുത്തു .
"അല്ലങ്കിൽ വേണ്ട , ഇന്നിപ്പോ രാത്രിയായി , നാളെയാകട്ടെ , ഒന്ന് കൂടി ട്രൈ ചെയ്യാം .. "
തൻ്റെ ഫോൺ ബെഡിലേക്ക് വച്ച് അവൾ മുറിയുടെ പുറത്തേക്കിറങ്ങിപ്പോയി .
ഇതേ സമയം നഷ്‌ടമായ ഉറക്കത്തെകുറിച്ചോർത്തു വേവലാതി പൂണ്ടു തിരിഞ്ഞും മറിഞ്ഞും കിടക്കുകയായിരുന്നു ആദി .
"ഏതവളായാലും കയ്യിൽ കിട്ടിയിരുന്നെങ്കിൽ തല്ലി കൊന്നേനെ ..ഉറക്കോം പോയി , വിശപ്പും തുടങ്ങി .. "
അവൻ കണ്ണുകൾ വലിച്ചു തുറന്നു , ഫോൺ കയ്യിലെടുത്തു സമയം നോക്കി , പതിനൊന്നു മണി . അപ്പോഴാണ് കാര്യങ്ങളുടെ കിടപ്പുവശം അവനു പിടികിട്ടിയത് . അടിച്ചു ഫിറ്റായി വൈകിട്ടെപ്പോഴോ കിടന്നുറങ്ങിയതാണ് ..
ബെഡിൽ നിന്നും എഴുന്നേറ്റു , വേച്ചു വേച്ചു അവൻ ബാത് റൂമിലേക്ക് നടന്നു . അവിടെ നിന്നും ഫ്രഷായി മുഖം കഴുകി അടുക്കളയിലേക്കും . പോകും വഴി അടുത്ത ബെഡ്റൂമിലേക്ക് ഒന്ന് പാളിനോക്കി . ഫുൾ സ്പീഡിൽ ഫാനുമിട്ടു , മൂടിപ്പുതച്ചു ഉറങ്ങുന്ന കിഷോറിനെ , വെളിയിൽ നിന്നും ജനൽ വിരികൾക്കിടയിലൂടെ അരിച്ചു കയറി വരുന്ന വെളിച്ചത്തിൽ അവൻ കണ്ടു .
ഫ്രിഡ്ജ് തുറന്നു കുറച്ചു വെള്ളമെടുത്തു കുടിച്ച ശേഷം എന്തങ്കിലും കഴിക്കുവാൻ ശേഷിച്ചതുണ്ടോ എന്നവൻ പരതി . നിരാശയായിരുന്നു ഫലം . പിന്നീട് അടുക്കളയുടെ ഒരോ കബോർഡും എന്ത് ഉണ്ടാക്കാം എന്നുള്ള ചിന്തയിൽ തുറന്നു നോക്കികൊണ്ടിരുന്നു . ഒടുവിൽ ഏതോ ടിന്നിൽ നിന്നും ഒരു കവർ മാഗിയെ അവൻ കണ്ടെത്തി. പിന്നെയെല്ലാം പെട്ടന്നായിരുന്നു .
ചെറിയൊരു ഫ്രയിങ് പാനിൽ ഒരു കാരറ്റും , കുറച്ചു പച്ച ഗ്രീൻപീസും വേവാൻ വച്ചു . അത് വെന്തു വന്നപ്പോഴേക്കും ഒരു പാത്രത്തിലേക്ക് മാറ്റി , വീണ്ടും പാൻ വച്ച് അതിലേക്കു എണ്ണയൊഴിച്ചു പച്ചമുളകും പുറകെ ചെറുതായി അറിഞ്ഞ സവാളയും ചേർത്തിളക്കി. ഉള്ളി ചുവന്നു വന്നപ്പോഴേക്കും അതിലേക്കു ഒരു തക്കാളിയും ചേർത്തു , കൂടെ അല്പം ഉപ്പും മാഗി മസാലയും . അല്പം കഴിഞ്ഞപ്പോൾ മൂടി തുറന്നു നേരത്തെ വേവിച്ചു വച്ചിരുന്ന പച്ചക്കറികളും ഫ്രിഡ്ജിൽ നിന്നും കിട്ടിയ സോയ സോസും അതിലേക്കു ചേർത്ത് മൂടി പാനിനെ മൂടി വച്ചു. അതെ സമയം തന്നെ മറ്റൊരു പാത്രത്തിൽ മാഗിയും വെള്ളം ചേർത്ത് അടുപ്പിലേക്ക് വച്ചു. മാഗി വെന്തു വന്നപ്പോഴേക്കും വെള്ളം ഊറ്റി കളഞ്ഞു പാനിലേക്കു ഇട്ടു പച്ചക്കറികളുടെ ഒപ്പം ചേർത്തു ഫോർക്കു കൊണ്ടു ഇളക്കി. വെള്ളം വലിയുന്നില്ല എന്ന് കണ്ടതും ഒരു ചെറിയ കഷ്ണം റെസ്ക് പൊടിച്ചു ചേർത്തു . പിന്നെ മുകളിലൂടെ ബട്ടറും ഇട്ടു വെള്ളം മുഴുവൻ വലിഞ്ഞു പോകുന്നത് വരെ ഇളക്കി കൊണ്ടിരുന്നു . ഡ്രൈ ആയി മാറിയ മാഗിയെ ഒരു ബൗളിലാക്കി അതിൽ ഫോർക്കുമിട്ടു അവൻ ഹാളിലേക്ക് നടന്നു .
(പഴയ ബാച്ച്ലർ റെസിപി ആണ് , ട്രൈ ചെയ്യാത്തവർ ചെയ്തു നോക്കൂ)
########################
ഇതേ സമയം ഉറങ്ങാനായി കിടന്നതായിരുന്നു അഞ്ജലി . അപ്പോഴാണ് അവൾ തൻ്റെ ഫോണിന്റെ കാര്യമോർത്തത് . തുറന്ന് നോക്കിയായപ്പോൾ ഗ്രൂപ്പിൽ പത്തിലധികം മെസ്സേജുകൾ . നേരത്തെ പാതിയിൽ നിർത്തിപ്പോയ സംസാരത്തിന്റെ ബാക്കിയാണ് .
"ഹായ് ഗേൾസ് , ഗുഡ് ഈവെനിംഗ് .. "
മറുപടിയൊന്നും വരാതെ സ്‌ക്രീനിനിലേക്കു കുറച്ചു നേരം നോക്കിയിരുന്ന ശേഷം ഫോൺ സ്റ്റാന്ഡിലേക്കു വച്ച് അവൾ ബെഡിലേക്കു കിടന്നു . പുറത്തു പെയ്യുന്ന മഴയുടെ തണുപ്പു അസ്സഹനീയമായപ്പോൾ അവൾ ഒരു ബെഡ്ഷീറ് എടുത്തു മൂടി .
"ഡി .. നീ എവിടായിരുന്നു .. "
അഞ്ചുമിനിറ്റിനു ശേഷം ഫോണിൽ മെസ്സേജ് ടോൺ കേട്ട അഞ്ജലി വാട്സ് അപ്പ് തുറന്നു നോക്കി .
"ദിയെ , അത് ആന്റിയുടെ കുട്ടികൾ വന്നതായിരുന്നു , അവരുടെ ഒപ്പം പോയത് കൊണ്ട് നിങ്ങളുടെ മെസ്സേജ് കണ്ടില്ല .. "
"ഹ്മ്മ് .. നേരത്തെ ഒന്നും പറയാണ്ട് ചാറ്റ് നിർത്തിയത് കൊണ്ട് ചെറുതായി പേടിച്ചു .. "
"മെസേജുകൾ കണ്ടപ്പോൾ തോന്നി.ആ പിന്നെ ഇതിനിടക്ക് ഒരബദ്ധം പറ്റിയെടി .. "
"എന്ത് അബദ്ധം .. നീ ആദിയേട്ടനെ വിളിച്ചോ .. "
ആദ്യം വന്നത് മൈഥിലിയുടെ ചാറ്റ് ആണ് .
"അല്ല മിഥൂ , നേരത്തെ അനു റൂമിൽ വന്നിരുന്നു . അവൾ എതോ സൂചനയുടെ പുറത്തു ചോദിച്ചപ്പോൾ ഞാൻ എല്ലാം പറഞ്ഞു .."
"എന്ന് വച്ചാൽ .. ആദിയേട്ടനെ കുറിച്ച് .. "
"കൊള്ളാം , നന്നായി അഞ്ജു , ഇതിലും ഭേദം നിനക്കിത്തിരി വിഷം മേടിച്ചു തിന്നുന്നതല്ലേ .. "
"എൻ്റെ ദിയെ , മിഥൂ നിങ്ങൾ ഇങ്ങനെ ടെൻഷൻ ആക്കാതെ ."
"പിന്നല്ലാതെ , നിന്റെ അനിയത്തിക്കെ , തലക്കു ചുറ്റും നാക്കാ, പിന്നെ പത്തു പൈസേടെ കുറവും . അവൾ എന്ത് എപ്പോൾ പറയുന്നു എന്ന് ദൈവം തമ്പുരാന് പോലും അറിയാൻ മേലാ . ചിലപ്പോൾ അവൾ നിന്റെ അപ്പന്റെ അടുത്തു പോയി പറഞ്ഞിട്ടുണ്ടാകും .."
"അതൊന്നുമില്ല.. പക്ഷേ , അവൾ എന്റെ കയീന്നു ആദിയേട്ടന്റെ നമ്പറും വാങ്ങി പോയിട്ടുണ്ട് .. "
"ആഹാ , സന്തോഷമായി , വിരിയും മുൻപേ നിന്റെ പ്രണയം കൊഴിയുമല്ലോ .."
"തല്ലി കൊഴിക്കും എന്ന് പറ ദിയെ .. "
"നിങ്ങൾ ഇങ്ങനെ കിടന്നു ഓരോന്നും പറയാതെ , ഞാൻ ഇനി എന്ത് ചെയ്യണം എന്ന് പറയ് .. "
"ഇന്നിനി ഒന്നും ചെയ്യാൻ നിക്കണ്ട , എല്ലാം അവള് ചെയ്തോളും . നീ ഇപ്പൊ കിടന്നുറങ്ങാൻ നോക്ക് .. ഗുഡ് നൈറ്റ് "
"ഗുഡ് നൈറ്റ് "
"ഗുഡ് നൈറ്റ് "
കുരിശുവരച്ചു , ഉറക്കം വരാൻ മനമുരുകി പ്രാർഥിച്ചു അഞ്ജലി കിടക്കുമ്പോൾ , നാളെ എന്ത് ചെയ്യണം എന്നുള്ള അഗാധമായ ചിന്തയിലായിരുന്നു അനു .
########################
"സോറി റോങ്ങ് നമ്പർ , അറിയാതെ പറ്റിപോയതാണ് .. "
രാവിലെ ഉറക്കമുണർന്ന ആദി തന്റെ മൊബൈലിൽ വന്നു കിടക്കുന്ന മെസേജ് കണ്ടു പുഞ്ചിരിച്ചു . പിന്നെ ആ നമ്പർ കോപ്പി ചെയ്ത് മറ്റൊരാൾക്ക് അയച്ചു കൊടുത്തശേഷം കട്ടിലിൽ നിന്നും എഴുനേറ്റു .
ഞായറാഴ്ച ഉച്ചക്ക്, അച്ചനെ കാണാൻ പോയ ചേച്ചിക്കൊപ്പം വരാമെന്നു പറഞ്ഞു , പള്ളിയിൽ നിന്നും മമ്മിയെയും അപ്പനെയും വീട്ടിലേക്കു വിട്ട ശേഷം കൂട്ടുകാരികൾക്കൊപ്പം നില്കുകയായിരുന്നു അനു . കുറച്ചു ദൂരെ ymca എന്ന ബോർഡിന് കീഴെ നിൽക്കുന്ന ചില യുവാക്കളിൽ ആയിരുന്നു അവരുടെ ശ്രദ്ധ.അപ്പോഴായിരുന്നു അവൾ ആദിയെക്കുറിച്ചോർത്തത് . അവൾ ഫോൺ കയ്യിലെടുത്തു കൂട്ടുകാരികളിൽ നിന്നും അകന്നു മാറി ദൂരെയുള്ള ഒരു വാകമരച്ചോട്ടിലേക്കു നടന്നു.
"ഹായ് . ഗുഡ് ആഫ്റ്റർനൂൺ .. "
തന്റെ മൊബൈലിന്റെ ഡിസ്പ്ലേയിൽ പ്രതീക്ഷിച്ചിരുന്ന നമ്പർ തെളിഞ്ഞതോടെ ആദി ഒരു പുഞ്ചിരിയോടെ ഫോൺ ചെവിയോട് ചേർത്തു.
"ഹലോ .. മിസ്റ്റർ റോങ് നമ്പർ .. "
"ഹ്മ്മ് . മിസ് അനുപമ തോമസ് , പറയൂ .."
"ഹേ .. ഞാൻ .. അനുപമ അല്ല .. "
"ലുക്ക് അനുപമ , ആദ്യമേ തന്നെ പറയട്ടെ .. എനിക്ക് ഇങ്ങനെ ഉള്ള കളികളോട് തീരെ താത്പര്യമില്ല . പിന്നെ , എൻ്റെ നമ്പർ എങ്ങനെ കിട്ടി എന്നു ചോദിക്കുന്നുമില്ല . അത് കൊണ്ട് വെറുതെ റോങ്ങ് നമ്പർ എന്ന് പറയണ്ട ... അവസാനമായിട്ട് , ഇനി എന്നെ വിളിക്കരുത് . "
"ഹേയ് .. ഒരു മിനിറ്റ് .. എൻ്റെ പേര് എങ്ങനെ .. "
"ഹ്മ്മ് .. അനുപമ.. നിങ്ങൾ സംസാരിക്കുന്നതു ഒരു ഐ റ്റി കാരനോട് ആണെന്ന് അറിയാല്ലോ .."
"ഹ്മ്മ് .. നൈസ് .. കൊള്ളാം .. അപ്പൊ ഇനി സംസാരിക്കില്ല എന്നാണോ .. "
"അതെ , വിളിക്കരുത് എന്നാണ് എന്റെ അപേക്ഷ .. പറഞ്ഞല്ലോ താത്പര്യമില്ല .. "
"അതെന്താ , ഇയാള് ഗേ ആണോ .. പെണ്ണുങ്ങളോട് സംസാരിക്കാതിരിക്കാൻ .. "
"അല്ല , ഞാൻ കമിറ്റെഡ് ആണ് . അയാളോട് സിൻസിയർ ആണ് . അത് കൊണ്ട് തന്നെ മറ്റൊരു ബന്ധം , അതീ ഫ്രണ്ട്‌ഷിപ് ആണേലും വേണ്ട .. സോറി . "
അപ്പോഴേക്കും തന്റെ അടുത്തേക്ക് വന്ന കിഷോർ നീട്ടിയ കവർ വാങ്ങി, ഫോണിലൂടെ സംസാരിക്കുന്നതു എന്താണെന്ന അവന്റെ ചോദ്യത്തിന് ഒന്നുമില്ല എന്ന് ആദി കണ്ണടച്ചു മറുപടി നൽകി.
"അത് .. ഞാൻ .. "
പറഞ്ഞു തീരും മുൻപ് മറുവശത്തു നിന്നും ഫോൺ കട്ടയതായി അനുപമക്ക് മനസ്സിലായി . അവൾ ഈർഷ്യയോടെ തൻ്റെ മൊബൈൽ പോക്കറ്റിൽ തിരുകി പള്ളിമേടയിൽ നിന്നും ഇറങ്ങി വരുന്ന അഞ്ജലിയുടെ അടുത്തേക്ക് നടന്നു .
"എന്താണ് അനുകൊച്ചിനൊരു വല്ലായ്മ .. "
അഞ്ജലി മുഖത്തു വിരിയുന്ന പുഞ്ചിരി കണ്ടതും അനുപമ അടുത്തേക്ക് ചെന്ന് അവളെ ചേർത്ത് പിടിച്ചു .
"എന്താടി കാര്യം .. "
"ഒന്നുമില്ല ചേച്ചി .. ഒരു കാര്യം ഞാൻ പറയാം , എത്ര വിഷമം ഉണ്ടായാലും , ഈ ചിരി കണ്ടാൽ കൂടെയുള്ളവർ എല്ലാം മറക്കും, അങ്ങനെയൊരു ശക്തിയുണ്ടിതിന് .ആദിയേട്ടൻ ആ കാര്യത്തിൽ ലക്കി ആണ് .. "
"ആഹാ , നീ ഉറപ്പിച്ചോ .. "
"ഹ്മ്മ് .. എങ്ങനെ എന്ത് എന്നൊന്നും ചോദിക്കരുത് . അങ്ങേര് , ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല മനുഷ്യനാണ് . നമ്മെളെല്ലാം ആഗ്രഹിക്കുന്ന എല്ലാ ഗുണങ്ങളും തികഞ്ഞ ഒരു പെർഫെക്റ്റ് മാൻ. അല്ലങ്കിൽ ."
"അല്ലങ്കിൽ .."
അഞ്ജലി പുരികമുയർത്തി അനുപമയെ നോക്കി .
"അല്ലങ്കിൽ , ഒരു പക്കാ ഫ്രോഡ് . നമുക്കൊന്നും ബ്രേക്ക് ചെയ്യാൻ പറ്റാത്ത അത്രയും കട്ടിയുള്ള ഒരു മനസ്സിന്റെ ഉടമ . ഒരു ഡബിൾ ഗെയിം കളിക്കുന്ന വ്യക്തി .."
"ഹ്മ്മ് .."
അഞ്ജലി അവളുടെ കൈ പിടിച്ചു മുന്നോട്ടു നടന്നു ..
"എങ്ങോട്ടാ .."
"വാ .. മാതാവിനൊരു മെഴുകുതിരി കത്തിക്കണം .. "
അനുപമയുടെ കൈപിടിച്ച് അഞ്ജലി മാതാവിന്റെ രൂപത്തിനടുക്കലേക്കു നടക്കുമ്പോൾ , കിഷോർ നീട്ടിയ കവറിനുള്ളിൽ നിന്നുമെടുത്ത ഇൻവിറ്റേഷൻ കാർഡ് വിറക്കുന്ന കൈകളാൽ തുറന്നു നോക്കുകയായിരുന്നു ആദി . അതിലെ വാചകങ്ങൾ വായിച്ചു തീർന്നതും അവൻ്റെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞിരുന്നു .
(തുടരും )
No comments:
Post a Comment