അവരുടെ ഫോർച്യൂണർ തുറന്നു കിടന്ന മാളിയേക്കൽ വീടിന്റെ ഗേറ്റിലേക്ക് തിരിയാൻ പോയതും എതിർ ദിശയിൽ വന്ന ഒരു BMW X5 അവരുടെ മുൻപേ ആ വീട്ടിലേക്കു കയറിപ്പോയി .ജോൺ പെട്ടന്ന് ബ്രേക്കിട്ടതും , സീറ്റ് ബെൽറ്റിടാതിരുന്ന ദുർഗ്ഗ മുൻപോട്ടു പോയി ഡാഷ്ബോർഡിൽ ഇടിച്ചതും ഒരുമിച്ചായിരുന്നു . വർധിച്ച ദേഷ്യത്തോടെ പുറത്തിറങ്ങിയ അവൾ മുൻപിലെ കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്നിറങ്ങി വരുന്ന ആളെ കണ്ടു മുൻപോട്ടു ഓടിച്ചെന്നു കെട്ടിപിടിച്ചു .
"വൈശാഖ് " ജോൺ കാറിൽ നിന്നിറങ്ങി അവരുടെ അടുത്തേയ്ക്കെത്തി
"മോനൂട്ടാ, നീ എപ്പോൾ എത്തി " അവന്റെ ശരീരത്തിൽ നിന്നും കൈകൾ വിടർത്തി അവൾ ചോദിച്ചു.
"ഒരാഴ്ച്ചയായി ദുർഗേച്ചി , അവിടെ ക്രിസ്ത്മസ് , ന്യൂ ഇയർ വെക്കേഷൻ അല്ലെ "
"വായോ , അകത്തിരുന്നു സംസാരിക്കാം " കാറിൽ നിന്നിറിങ്ങിയ ആദവിന്റെ കൈ പിടിച്ചു , ജീനയുമായി അവൾ അകത്തേക്ക് കയറി.
ജോൺ വൈശാഖിന്റെ നേരെ വലതു കൈ നീട്ടി അവന്റെ കൈ പിടിച്ചു കുലുക്കി.
"ജോണേട്ടൻ, നരച്ചു ഗ്ലാമർ ആയല്ലോ "
"ഇപ്പൊ ഇതൊക്കെ അല്ലെ ഹോട് ലുക്ക് "
അവർ രണ്ടു പേരും അകത്തേക്ക് കയറി ഹാളിലെ സോഫയിൽ ദുർഗ്ഗയോടും ജീനയോടുമൊപ്പം ഇരുന്നു .
"സൂപ്പർ കാറാണല്ലോ " ജോൺ വെളിയിൽ കിടന്ന കാറിനെ നോക്കി പറഞ്ഞു.
"ഇന്നത്തെ കാലത്തു ഇത് പോലൊരു കാറു ഒപ്പിക്കാനാണോ പാട് , എന്റെ കൂട്ടുകാരന്റെയാ .. "
"സുഖമല്ലേ മോനൂട്ടാ നിങ്ങൾക്ക് " ദുർഗ്ഗ ആദിയെ മടിയിലേക്കിരുത്തി ചോദിച്ചു.
"സുഖം ചേച്ചി , ആ മഠത്തിൽ തറവാട്ടിൽ നിന്നിറങ്ങിയ ശേഷം മനസ്സിന് നല്ല സുഖമാണ്. "
"നീ കാര്യങ്ങൾ ഒക്കെ അറിഞ്ഞു കാണുമല്ലോ "
"അറിഞ്ഞു, അവിടെ ചെന്നതും വെല്ലു വിളിച്ചതും എല്ലാം "
"മോനൂട്ടാ , അത് , എനിക്കു നിന്റെ അച്ഛനോട് വാശിയൊന്നും ഇല്ല , ഒന്നും ഇല്ലങ്കിലും ഞാൻ ഇത് പോലെ ആയതു അയാൾ കാരണമല്ലേ, പിന്നെ മേച്ചേരിൽ വീട്ടീന്ന് പൂങ്കാവിലമ്മക്ക് തൂക്കം , അത് ഞാൻ നടത്തും എന്നോടൊപ്പം എല്ലാവരും ഉണ്ടാവുകയും ചെയ്യും, അതിനിടയിൽ പണിക്കര് വന്നാൽ ... "
"ചേച്ചി എന്ത് വേണമെങ്കിലും ചെയ്യൂ . അന്ന് ജീനയെ ഉപദ്രവിക്കാൻ നോക്കിയത് മുതൽ ഉപേക്ഷിച്ചതാണ് ആ കുടുംബവുമായുള്ള ബന്ധം ,അച്ഛനായിപ്പോയി എന്നുള്ള ഒറ്റക്കാരണത്തിലാ ഞാൻ പിന്നെ ഒന്നും ചെയ്യാഞ്ഞേ , അവളുടെ നെറ്റിയിലെ ആ മുറിപ്പാടു കാണുമ്പോഴൊക്കെ ദേഷ്യം കേറിവരും , പിന്നെ ഇവളുടെയും കൊച്ചിന്റെയും മുഖം കാണുമ്പോൾ ഞാൻ എല്ലാം മറക്കും. "
ഒരിക്കൽ ബാംഗ്ലൂരിൽ നിന്നും പാലായിൽ എത്തി വീട്ടിലേക്ക് പോകുമ്പോൾ പണിക്കരുടെ ആൾക്കാർ ഉപദ്രവിച്ചതാണ്. നാട്ടുകാർ ഇടപെട്ട കാരണം പിടിവലിക്കിടെ റോഡിൽ വീണു തലപൊട്ടിയതല്ലാതെ വേറെ ഒന്നും സംഭവിച്ചില്ല. അതിനടുത്ത ദിവസം തന്നെ വൈശാഖ് അവളെയും കൂട്ടി വിവാഹത്തിനായി രജിസ്റ്റർ ചെയ്യുകയും , ഒരു മാസത്തിനു ശേഷം വിവാഹം കഴിച്ചു ബാംഗ്ലൂർക്കു പോവുകയും ചെയ്തു. ജീന തന്റെ നെറ്റിയിലെ പാടിലൂടെ വിരലോടിച്ചു. ഒരുവേള തുളുമ്പിവന്ന അവളുടെ കണ്ണുകൾ ഇറുക്കിയടച്ചു അവൾ പുറത്തേക്കു നടന്നു . ദുർഗ്ഗയും എന്തോ ആലോചിച്ചു തന്റെ കവിളുകളിൽ തലോടി .
"ചേച്ചി, എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ, അധികം ഇരിക്കുന്നില്ല, പോകുന്നതിനു മുൻപ് വരാം" ഒരു മറുപടിക്കു കാത്തു നില്കാതെ അവൻ ആദിയുടെ കൈ പിടിച്ചു പുറത്തേക്കിറങ്ങി. ജീനയുടെ മുഖത്തുണ്ടായ വിഷമം കൊണ്ടാണ് അവൻ അപ്പോൾ തന്നെ പോകുന്നത് എന്നവർക്ക് മനസ്സിലായി.
പണിക്കരുടെ മുറുമുറുപ്പിനിടയിലും തങ്ങളുടെ സാധനങ്ങൾ തറവാട്ടിൽ നിന്നും വൈഷ്ണവത്തിലേക്കു മാറ്റുകയാണ് ആതിരയും വിഷ്ണുവും . വിഷ്ണുവിനും ആതിരിക്കുമായി എഴുതിക്കൊടുത്ത മേച്ചേരിൽ വീട് തിരിച്ചു കൊടുത്തതിൽ പണിക്കർക്കും അശോകനും നല്ല എതിർപ്പുണ്ടായിരുന്നു .
"ആതി .. ഇവനോ ബുദ്ധിയില്ല , പണ്ടത്തെ പ്രണയ രോഗം ആണിവന് , പക്ഷെ , നീ ഇങ്ങനെ ചെയ്യുമെന്ന് ഞാൻ കരുതിയില്ല "
വിഷ്ണുവിനെ ചൂണ്ടി ഡ്രെസ്സ് അടങ്ങിയ ബാഗ് മുറ്റത്തേക്ക് വയ്ക്കുന്ന ആതിരയെ നോക്കി അശോകൻ പറഞ്ഞു .
"ഏട്ടാ, ഇന്നുവരെ ഏട്ടനും അച്ഛനും പറഞ്ഞത് മാത്രമേ ഞാൻ കേട്ടിട്ടുള്ളൂ , എനിക്കായി ഒരു തീരുമാനം , ജീവിതം ഉണ്ടായിട്ടില്ല .. ഇനി അങ്ങനെ അല്ല , വർഷം പന്ത്രണ്ടായി വിഷ്ണുവേട്ടന്റെ കൂടെ , ഒരിക്കൽ പോലും എന്റെ മേൽ ഒരു തീരുമാനം അടിച്ചേല്പിക്കാനോ , എന്റെ തീരുമാനങ്ങളെ അംഗീകാതിരിക്കാനോ ശ്രമിച്ചിട്ടില്ല.. അതൊനൊരു മാറ്റം വേണമെന്നൊരു തോന്നൽ , അങ്ങിനെ കരുതിയാൽ മതി . "
ആ ട്രോളി ബാഗ് വലിച്ചു കൊണ്ട് അവൾ വൈഷ്ണവത്തിലേക്കു നടന്നു .
പണിക്കാരുമായി ചേർന്ന് സാധനങ്ങളെല്ലാം വൈഷ്ണവത്തിലേക്ക് എത്തിച്ച ശേഷം വിഷ്ണുവും ആതിരയും ചേർന്ന് അതെല്ലാം അടുക്കി വയ്ക്കാൻ തുടങ്ങി. വിഷ്ണു മുകളിലെ റൂമിൽ കാർഡ്ബോർഡ് പെട്ടികളിൽ നിന്നും പഴയ ബുക്കുകൾ അടുക്കി വയ്കുമ്പോഴായിരുന്നു ഒരു ചെറിയ കവറിൽ നിന്നും നിറയെ കുന്നിക്കുരു താഴെ വീണു ചിതറിയത് , അതോടൊപ്പം ഫാനിന്റെ കാറ്റിൽ ആ കവറിൽ നിന്നും വെളിയിലേക്കു വീണ ഒരു മയിൽ പീലി പറന്നുയർന്നു .
പൂങ്കാവ് ക്ഷേത്രത്തിലെ ആറാം ഉത്സവനാളിൽ , ആൽത്തറയിൽ ഉണ്ണിയോടൊപ്പം ഇരിക്കുമ്പോഴായിരുന്നു പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ കടുംകാട്ട് വേണുച്ചേട്ടന്റെ വീട്ടിൽ നിന്നുള്ള താലം അമ്പലത്തിലേക്ക് വന്നത്. അവിടെ പോകണമെന്നു ഉണ്ണി പറഞ്ഞിരുന്നെങ്കിലും കഴിഞ്ഞ ഏഴു കൊല്ലം കൊണ്ട് പരിചയം നഷ്ടപെട്ട ആ നാട്ടിൽ അവനെ വിട്ടു തനിച്ചിരിക്കാൻ വിഷ്ണുവിനു കഴിയുമായിരുന്നില്ല . ഡിഗ്രിയും എൽ എൽ ബി യും എറണാകുളത്തെ ചെറിയമ്മയുടെ വീട്ടിൽ നിന്നാണ് വിഷ്ണു പഠിച്ചത്. ചെറുപ്പത്തിലേ അമ്മ മരിച്ചു പോയത് കാരണം ആ മൂന്നു മക്കളെയും ഒരമ്മയുടെ സ്ഥാനത്തു നിന്നാണ് അവർ സ്നേഹിച്ചത്. അതിൽ വിഷ്ണുവിനോട് അവർക്കേറെ ഇഷ്ടമായിരുന്നു. അച്ഛന്റെ മുരടൻ സ്വഭാവം കാരണം വല്ലപ്പോഴും മാത്രം നാട്ടിൽ വന്നിരുന്ന വിഷ്ണു ആ കൊല്ലം ഉത്സവത്തിനു എത്തിയത് തന്റെ അവസാന വർഷ പരീക്ഷക്ക് ശേഷമായിരുന്നു. പ്രീ ഡിഗ്രി വരെ ഒരുമിച്ചു പഠിച്ച ഉണ്ണി ആയിരുന്നു അവന്റെ നാട്ടിലെ ഏക കൂട്ട്. ചെറുപ്പത്തിലേ അച്ഛൻ മരിച്ച ഉണ്ണി , ആരുടെയൊക്കെയോ സഹായത്താലും , ചെറിയ ചെറിയ ജോലികൾ ചെയ്തും പഠനത്തിനുള്ള വക കണ്ടെത്തുമായിരുന്നു. അവന്റെ അമ്മ ആയിരുന്നു മഠത്തിൽ തറവാട്ടിൽ അടുക്കളജോലികൾ ചെയ്തിരുന്നത് .
ദീപാലംകൃതമായ അമ്പലമുറ്റത്തെ , ആൽത്തറയിൽ ഇരുന്നു കാഴ്‌ചകൾ കണ്ടിരിക്കുമ്പോഴായിരുന്നു വലതു കയ്യിൽ താലം പിടിച്ച ഒരു പെൺകുട്ടി ഇടതു കൈകൊണ്ടു താലം കത്തിച്ചു വച്ച തേങ്ങാ മുറി എറിയട്ടെ എന്ന് തങ്ങളുടെ നേരെ ആഗ്യം കാണിക്കുന്നത് വിഷ്ണു ശ്രദ്ധിച്ചത് .നാക്കു കടിച്ചു കണ്ണുകൾ ഉരുട്ടിയുള്ള ആ നിൽപ് വിഷ്ണുവിനെ വല്ലാതെ ആകർഷിച്ചു .
"ഡാ ഉണ്ണി , ആരാടാ അത്"
"ഏതു"
"നമ്മളെ തേങ്ങാമുറി കൊണ്ടറിയും എന്ന് പറയുന്ന പെണ്ണ്"
"അത് കാളി, ഭദ്രകാളി"
"കാളിയോ, ഈ കാലത്തു അങ്ങിനെ ഒക്കെ പേരിടാമോ"
"കയ്യിലിരിപ്പിന്റെയാ , അധികം നോക്കാൻ പോകണ്ട "
അവൾ തങ്ങളെ കടന്നു പോയതും അവർ വീണ്ടും മറ്റു കാഴ്‌ചകളിലേക്കു മുഖം തിരിച്ചു.
"ഉണ്ണിയേട്ടാ "
കുറച്ചു സമയത്തിന് ശേഷം ആ പെൺകുട്ടി അവരുടെ അടുത്തെത്തി.
"ഉം, പറ"
"ഒന്ന് വളക്കടയിൽ പോകണം , എന്റെ കൂടെ വരാമോ"
" ഇങ്ങനെ കണ്ടിടത്തു നിരങ്ങി നടക്കാൻ എനിക്കൊന്നും പറ്റില്ല , നിനക്ക് വേണ്ടതെല്ലാം ലേഡീസ് സ്റ്റോറിൽ കിട്ടില്ലേ , പിന്നെ എന്തിനാ ഈ അമ്പലത്തിലെ കടകൾ കേറിയിറങ്ങുന്നതു "
"ഈ മുരടൻ "
"എന്തുവാ , അമ്മയെന്തിയെ , ഇവിടെ കിടന്നു കറങ്ങാതെ രണ്ടും കൂടി വീട്ടിൽ പോകാൻ നോക്ക് "
"അമ്മായി ദീപാരാധന തൊഴാൻ കേറിയതാ , അച്ഛൻ പറഞ്ഞത് ഉണ്ണിയേട്ടനെ കൂട്ടി കടയിൽ പൊയ്ക്കൊള്ളാനാണ് , ഒന്ന് വരുമോ ഉണ്ണിയേട്ടാ "
അവൾ ഉണ്ണിയുടെ മുൻപിൽ കൈകൾ കൂപ്പി .
"ഞാൻ വന്നാൽ മതിയോ "
അവരുടെ സംസാരം കേട്ട് ചിരിച്ചു കൊണ്ട് ആൽത്തറയിൽ നിന്നും ചാടിയിറങ്ങി വിഷ്ണു അവളുടെ അടുത്തേക്ക് നടന്നു. വേണ്ട എന്നർത്ഥത്തിൽ തലയാട്ടി ആൽത്തറയിൽ ഇരിക്കുന്ന ഉണ്ണിയുടെ ഇടതു കൈ ചുറ്റി അവൾ ചേർന്നു നിന്നു .
"വിഷ്ണു, മഠത്തിലെ പണിക്കരുടെ മകനാണ് " അവൻ അവൾക്കു നേരെ കൈ നീട്ടി.
"ഓഹ് , വിഷ്ണുവേട്ടനോ, ഞാൻ ദുർഗ്ഗ , അവിടുത്തെ ഗുമസ്തൻ രാമൻ നായരുടെ മകൾ."
വിഷ്ണു സംശയത്തോടെ ഉണ്ണിയെ നോക്കി .
"അത് തന്നെ , നീ പോകുമ്പോൾ മൂക്കുള്ള ഒലിപ്പിച്ചു നടന്ന പെണ്ണ് " ഉണ്ണി അവളുടെ തലയിൽ വലം കൈകൊണ്ടു കൊട്ടി , അതിനു മറുപടിയായി അവൾ ചുണ്ടുകൾ കൊട്ടി അവനെ നോക്കി കൊഞ്ഞനം കുത്തി .
"ആഹാ , നിനക്കൊരു ചേട്ടൻ ഉണ്ടായിരുന്നല്ലോ , ഒരു ചട്ടമ്പി .. "
"ആ , പുള്ളി പാലക്കാട്ടാ , റെയ്ൽവേയിൽ ജോലി കിട്ടി , ദത്തേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഇയാളോട് ഇങ്ങനെ കെഞ്ചണോ"
ആ സമയത്താണ് ദീപാരാധന കഴിഞ്ഞുള്ള വെടിക്കെട്ട് തുടങ്ങിയതു , മാലപടക്കത്തിന്റെ ശബ്ദം കൂടി വന്നപ്പോൾ കൈകൾ കൊണ്ട് രണ്ടു ചെവികളും മൂടി അവൾ ഉണ്ണിയുടെ നെഞ്ചിലേക്ക് മുഖമമർത്തി, അവളുടെ പേടി അറിഞ്ഞ പോലെ അവൻ ആൽതറയിൽ നിന്നും ഇറങ്ങി അവളെ ഇരു കൈകൾ കൊണ്ടും ചേർത്ത് പിടിച്ചു.
"പോകാം "
വെടിക്കെട്ട് തീർന്നപ്പോൾ അവളുടെ നിറഞ്ഞ കണ്ണുകൾ കൈകൾ കൊണ്ട് ഒപ്പി , അവളുടെ വലതു കൈ പിടിച്ചു ഉണ്ണി വളക്കടയിലേക്കു നടന്നു. അവരുടെ പുറകെ വിഷ്ണുവും. വളകളും പൊട്ടും മാലയും വാങ്ങി ഒരു മയിൽ പീലിക്കു വേണ്ടി വാശിപിടിക്കുന്ന ദുർഗ്ഗയെ കണ്ണുരുട്ടി കാണിച്ചു അവളെയും കൂട്ടി ഉണ്ണി അമ്പലനടയിലേക്കു , അമ്മയുടെ അടുത്തേക്ക് പോയി . വിഷ്ണുവാകട്ടെ തന്റേതെന്ന് ഉറപ്പിച്ച , തന്റെ ആദ്യ പ്രണയിനിക്കായി ഒരു പിടി മയിപ്പീലികൾ വാങ്ങി.
ഈ സമയത്തു മഠത്തിൽ തറവാട്ടിലേക്ക് ഒരു XUV ഇൽ വന്നിറങ്ങിയ രണ്ടുപേർ ഒരു പിടി കടലാസുകൾ അശോകന് നേരെ നീട്ടി. അത് വായിച്ചു മുഖമിരുണ്ടു അവൻ അകത്തേക്ക് , പണിക്കരുടെ ഓഫീസിലേക്ക് കയറിപ്പോയി. ആ ഇംഗ്ലീഷിലും , ഹിന്ദി , ബംഗാളിയിലുമുള്ള ന്യൂസ് പേപ്പർ കട്ടിങ്ങുകളുടെ ഫോട്ടോ കോപ്പിയിലൂടെ വിരലോടിച്ചു അയാൾ അശോകനെ നോക്കി .
"അപ്പോൾ അവൾ "
"അതെ , അഡ്വക്കേറ്റ് ദുര്ഗ്ഗ ദേവി "
"ഹ്മ്മ്"
"അവൾ അഡ്വക്കേറ്റ് എന്നതിലുപരി, സുപ്രീം കോടതിയിലെ , മണിക്കൂറുകൾക്കു ലക്ഷങ്ങൾ വാങ്ങുന്ന അജിത് കട്ടാരിയയുടെ ജൂനിയർ ആണ് . ചുരുങ്ങിയ കാലം കൊണ്ട് അവരുടെ ഗുഡ് ബുക്കിൽ കയറിപറ്റി. പിന്നെ ബീഹാറിലെയും , ജാർഖണ്ഡിലെയും ബംഗാളിലെയും അയാളുടെ കേസുകളുടെ ചുക്കാൻ പിടിക്കുന്നത് ഇവളാണ് . ഇതുകണ്ടോ, ചിട്ടി കേസിനു അപ്പിയർ ചെയ്തിട്ടു കൽക്കട്ടാ കോടതിയിൽ നിന്ന് ഇറങ്ങിവരുന്ന ഫോട്ടോ. "
ഒരു ബംഗാളി പേപ്പർ കട്ടിങ് എടുത്തു പണിക്കർക്ക് നേരെ അയാൾ നീട്ടി.
"ഹ്മ്മ്, അപ്പോൾ ശ്രീറാം മോഹൻ എങ്ങനെ ജോണിന് വേണ്ടി വാദിക്കാൻ വന്നുവെന്നു മനസ്സിലായി , പക്ഷെ ജോണും അവളും തമ്മിലുള്ള ബന്ധം "
"അതിപ്പോൾ അറിയില്ല അച്ഛാ .. ഒരു രണ്ടു ദിവസം കൂടി , എല്ലാം വിവരങ്ങളും എത്തിക്കാം "
"അശോകാ, അപ്പോൾ നമ്മൾ ഇനി സൂക്ഷിക്കണമല്ലേ "
പണിക്കർ തന്റെ കസേരയിലേക്ക് ചാഞ്ഞിരുന്നു .
"അവൾ ഏതു കൊമ്പത്താണെങ്കിലും , ഈ പൂങ്കാവ് ഗ്രാമത്തിൽ ഞാൻ പറയുന്നതേ നടക്കൂ, ജോൺ അവനുള്ള പണി അടുത്ത് തന്നെ കൊടുക്കും "
അശോകൻ ദേഷ്യത്തോടെ പറഞ്ഞു അവിടെ നിന്നും XUV യിൽ കയറി വെളിയിലേക്കു പോയി.
ഇതെ സമയം വർമാജിക്ക് ഫോണിൽ കൂടി നിർദ്ദേശങ്ങൾ കൊടുക്കുകയായിരുന്നു ദുർഗ്ഗ.
"എന്ത് പറ്റി ദുർഗ്ഗാ , ആകെയൊരു ടെൻഷൻ പോലെ.. "
"ഒന്നുമില്ല ജോണേട്ടാ, എന്നെ ഒന്ന് കൊച്ചിയിലെ ഫ്ലാറ്റിൽ ആക്കാമോ, വർമാജി രാത്രിയിൽ വിളിക്കുമ്പോൾ ചിട്ടി കേസിന്റെ കുറച്ചു കാര്യങ്ങൾ ഡിസ്‌കസ് ചെയ്യണം, പേപ്പറുകൾ എല്ലാം അവിടയാ.."
"ഓഹോ, ലീവ് ആണെന്ന് പറഞ്ഞിട്ട്, കേസിന്റെ കാര്യങ്ങളിൽ പിന്നെയും ചെന്ന് ചാടിയോ"
"ഇല്ല ജോണേട്ടാ , ഇതിപ്പോ , ഞാൻ നോക്കികൊണ്ടിരുന്ന കേസല്ലേ .. മേടിക്കുന്ന കാശിനു കൂറ് കാണിക്കണ്ടേ " ഫോർച്യൂണറിന്റെ ഡോർ തുറന്നു അകത്തേക്ക് കയറി അവൾ പറഞ്ഞു.
ജോലിക്കാരോട് രാത്രിയിൽ വരാം എന്ന് പറഞ്ഞു ജോൺ വണ്ടിയെടുത്തു പുറത്തേക്കോടിച്ചു. സൺഗ്ലാസ്സു ധരിച്ചു സീറ്റ് പുറകോട്ടാക്കി ചാരി കിടന്ന ദുർഗ്ഗയുടെ മനസ്സിൽ സാഗർ യൂണിവേഴ്‌സിറ്റിയുടെ ഓർമ്മകൾ വന്നു നിറഞ്ഞു . മകരമാസത്തിലെ തണുപ്പ് കലർന്ന വെയിലിനെ തോല്പിക്കാനെന്നവണ്ണം അവരുടെ വണ്ടി സ്പീഡ് കൂടിയപ്പോൾ പുറകിൽ നിന്നും ഒരു വെള്ള XUV അവരെ പിന്തുടരാൻ തുടങ്ങി.
(തുടരും)
No comments:
Post a Comment