Thursday, August 13, 2020

കടലാഴങ്ങൾ -1

                          കടലാഴങ്ങൾ  -1 







"മാഡം , എന്തെങ്കിലും കൂടി തരൂ , ഈ നാലാം നിലവരെ ചുമന്നു കൊണ്ട് വന്നതല്ലേ .. "

"ഹേ , ലിഫ്റ്റിന്റെ മുന്നിൽ വരെ ലോറി വന്നു , അവിടുന്ന് എല്ലാം എടുത്തു ലിഫ്റ്റിൽ വച്ചു , ദാ ഫ്ലോർ എത്തിയപ്പോൾ എല്ലാം എടുത്തു വീടിന്റെ അകത്തേക്കും , ഒരു നൂറു മീറ്റർ തികച്ചു 
ഇതെല്ലാം എടുത്തു നടന്നു കാണില്ലല്ലൊ  .. "

"അതെങ്ങനെ ശെരിയാകും മാഡം , നാല് പേര് കഷ്ടപ്പെട്ടു പാക്ക് ചെയ്തു കൊണ്ട് വന്നതല്ലേ .. എല്ലാവർക്കും ചായ കുടിക്കാനുള്ളതെങ്കിലും ... "

"ഒരു രൂപ കൂടുതൽ തരില്ല , എല്ലാം ഞാൻ നിങ്ങളുടെ ഓഫീസിൽ പറഞ്ഞിരുന്നതാണല്ലോ "

"എന്തെങ്കിലും കൊടുത്തു വിട് എൻ്റെ ദിയെ .. നീ ഇങ്ങനെ വഴക്കുണ്ടാക്കല്ലേ .. "

നാല് നിലകളുള്ള ആ കെട്ടിട സമുച്ചയത്തിൽ പുതിയതായി വാടകക്ക് താമസിക്കുവാൻ എത്തിയ പെൺകുട്ടികളായിരുന്നു അവർ മൂന്നു പേർ. ദിയ , അഞ്ജലി പിന്നെ മൈഥിലി. കഴിഞ്ഞ രണ്ടു വർഷമായി മൂന്നു പേരും ഒരുമിച്ചാണ് താമസം . അത് കൊണ്ട് തന്നെ കുറച്ചേറെ സാധനങ്ങൾ വാങ്ങി കൂട്ടിയിട്ടുമുണ്ട് . കോളേജ് വിദ്യാഭ്യാസത്തിനു ശേഷം  ഒരേ കമ്പനിയിൽ ഒരുമിച്ചു ജോലിക്കു കേറിയവരാണ് മൂന്നു പേരും . അത്യാവശ്യം ഹോസ്റ്റൽ പീഡനങ്ങൾ സഹിച്ചത് കൊണ്ട് , പിജി ഒഴിവാക്കി ഓഫീസിനടുത്തു തന്നെ സ്വന്തമായി വാടക വീടെടുത്തു കഴിയുകയായിരുന്നു അവർ. അവിടെ വാടക കൂടുതലായതു കൊണ്ടും , ഒരു ചെറിയ കാർ മൂവരും ചേർന്ന് വാങ്ങിയത് കൊണ്ടും പാർക്കിങ് ഉള്ള പുതിയ ഒരു വീട് കണ്ടെത്തി ഇങ്ങോട്ട് താമസം മാറിയതാണ് ഇപ്പോൾ. ഒരു കിങ് സൈസ് കട്ടിലും ഡൈനിങ് ടേബിളുമടക്കം പതിനഞ്ചിലധികം പെട്ടികൾ ഹാളിൽ നിരത്തിയിട്ട ശേഷം തിരികെ പോകും മുൻപ് പാക്കേഴ്സ് ആൻഡ് മൂവേഴ്സിലെ  ആ ചെറുപ്പക്കാർ ഒരിക്കൽ കൂടി അവരുടെ മുന്നിൽ കൈ നീട്ടി . 

"ആ ദിയ മാഡം , ആ ചേച്ചി പറഞ്ഞത് കേട്ടില്ലേ , എന്തെങ്കിലും കൂടി തരൂ .. "

"മൈഥിലി... "

"എടി ദിയെ , ചായ കുടിക്കാൻ ഉള്ളതല്ലേ ചോദിക്കുന്നെ,ഒരു നൂറു രൂപ കൂടി കൊടുത്തേക്കു .. "

"നൂറു രൂപയോ .. ഒരാൾക്ക് ഇരുന്നൂറു വച്ച് ഒരു എണ്ണൂറു രൂപ താ മാഡം ... "

"എന്നതാടി ദിയെ പ്രശ്നം ..."

അകത്തു നിന്നും മൂന്നാമത്തെ പെൺകുട്ടി അവരുടെ അടുത്തേക്ക് വന്നു ..

"ഡി അഞ്ജു, ഇവർക്ക് കൂടുതൽ പൈസ വേണമെന്ന്. മൈഥിലി ഒരു നൂറു രൂപ കൂടി കൊടുക്കാമെന്നു പറഞ്ഞപ്പോൾ ഇവർക്കതു  പോരാന്നു ... "

ദിയ ഒരു പ്രത്യേക ടോണിൽ പറഞ്ഞു അഞ്ജലിയെ നോക്കി ..

" ആഹാ എന്നാൽ ഒരൊറ്റ രൂപ കൂടുതൽ തരില്ല , ചേട്ടന്മാര് പോയാട്ടെ ... "

"അതെങ്ങെനെ ശെരിയാകും പെങ്ങളെ,  ചേട്ടന്മാരെ അങ്ങനെ പറഞ്ഞു വിടാതെ..  പൈസാ വാങ്ങിയെ പോകൂ.. "

അതിലൊരുത്തൻ അവരുടെ ബോക്സുകളിൽ ഒന്നിൽ തൊഴിച്ചു അഞ്ജലിയുടെ അടുത്തേക്ക് ചെന്നു.  അവൾ പെട്ടന്ന് തന്നെ  കയ്യിലിരുന്ന ഫോൺ അൺലോക്ക് ചെയ്ത് ഗാലറിയിൽ കിടന്ന ഒരു ഫോട്ടോ തുറന്നു  അവന്റെ നേരെ നീട്ടി. 

"ഇതാരാണെന്നു ചേട്ടന് മനസ്സിലായോ... "

"ആരാണേലും എനിക്കൊന്നുമില്ല.. ഇത് ഇന്നും ഇന്നലേം തുടങ്ങിയ പണിയല്ല.. "

"ഒരു മിനിറ്റ്..  ദാ ഇത് കണ്ടോ..  ദാ ഇത് കൂടി.. "

മൂന്നാമത്തെ ഫോട്ടോ കൂടി കണ്ടതോടെ അവൻ ഫോണിലേക്കും അവളുടെ മുഖത്തേക്കും മാറി മാറി നോക്കി. 

" നോക്കണ്ട..  ചേച്ചിയാണ്.. ഒരു ഫോൺ കാൾ മതി.. ഇപ്പോൾ പറന്നു വരും..  കാണണോ നിനക്ക്.. "

വിരൽ കൊണ്ട് ഫോണിലെ സ്ക്രീനിൽ മൂന്നു ഫോട്ടോകളും അങ്ങോട്ടും ഇങ്ങോട്ടും മാറ്റി അവളവനെ നോക്കി.. 

"ഹേയ്..  അതൊന്നും വേണ്ടാ..  "

അവൻ ഭയന്നു പുറകോട്ടു പോയി..

"ഡാ..എല്ലാം ഇവർ പറയുന്നത് പോലെ വച്ചു കൊടുത്തേ... പെങ്ങള് പറ, ഇതെല്ലാം എവിടാ വയ്‌ക്കേണ്ടത്.. "

"അപ്പോൾ പേടിയുണ്ട്.. പിന്നെ കൂടുതൽ ചോദ്യവും ഉത്തരവും ഒന്നും വേണ്ടാ.. "

അവന്റെ നേരെ വിരൽ ചൂണ്ടി പറഞ്ഞു അവൾ ദിയയെ നോക്കി. 

"ഡി ദിയെ,  എല്ലാ ബോക്സും  ഇവരെ കൊണ്ടു തുറന്നു വയ്‌പിച്ചിട്ടു വിട്ടാൽ മതി. ആ കട്ടിൽ കൂടി ഫിക്സ് ചെയ്യണം കെട്ടോ... ഞാൻ താഴെ പോയി മരുന്ന് പെട്ടി എടുത്തു വരാം.. "

ഫോൺ ജീൻസിന്റെ പോക്കറ്റിൽ തിരുകി, എന്താണ് നടക്കുന്നതെന്ന് മനസ്സിലാകാതെ ആശ്ചര്യപ്പെട്ടു നിൽക്കുന്ന  ദിയയെ കണ്ണടച്ച് കാണിച്ചു അഞ്ജലി ഫ്ലാറ്റിന്റെ പുറത്തേക്കു ഇറങ്ങി. 


അരമണിക്കൂറിനു ശേഷം അവൾ തന്റെ വലിയ ട്രോളി ബാഗുമായി തിരിച്ചു വന്നപ്പോഴേക്കും ഫ്ലാറ്റിനുള്ളിൽ സാധനങ്ങൾ എല്ലാം കൃത്യമായി വച്ചിട്ടുണ്ട്. അഞ്ജലി ഗൗരവം വിടാതെ ചുറ്റും നോക്കി. 
ടീവി ഉറപ്പിച്ചു, സോഫയും ചെറിയ ഊണ് മേശയും അതിന്റെ കസേരകളും നിരത്തി.  ഹാളിൽ നിന്നും തന്നെ കാണാവുന്ന അടുക്കളയിൽ ഓവനും പാത്രങ്ങളും അടുക്കി വച്ചിട്ടുണ്ട്. 

"പെങ്ങളെ, ദാ കട്ടിലും ഉറപ്പിച്ചു, അവിടെ ഗ്യാസ് ഫിറ്റ്‌ ചെയ്തു. പറഞ്ഞ പണി എല്ലാം തീർത്തു. ഇനി ഉള്ള ബോക്സുകൾ  ഇവർ തുറന്നു വച്ചോളാം എന്നാ പറയുന്നേ..  എന്നാൽ ഞങ്ങൾ പൊയ്ക്കോട്ടേ.. "


"ആ..  തീർന്നെങ്കിൽ പൊയ്ക്കോ..  ദിയെ ഒരാൾക്ക് നൂറു വച്ചു നാനൂറ് രൂപ കൊടുത്തേക്ക് , ഒന്നുമില്ലേലും ഇതെല്ലാം ചെയ്തു തന്നില്ലേ.. പിന്നെ മലയാളികൾ അല്ലെ.. "

അവൾ ഗൗരവം വിടാതെ ബെഡ്റൂമിലേക്ക്  കയറിപ്പോയി. 

"ഡി.. നിന്നെപ്പോലെ തന്നെ ക്ഷീണം എനിക്കും ഉണ്ട്...  ഇതൊന്നു തീർത്തോട്ടെ പെണ്ണേ.. "

ഷീറ്റ് വിരിച്ചു  അരികുകൾ ബെഡിനടിയിലേക്കു കയറ്റി വച്ചുകൊണ്ടിരുന്ന മൈഥിലി അവളെ തടസ്സപെടുത്തി കട്ടിലിലേക്ക് കിടന്ന അഞ്ജലിയെ നോക്കി ദേഷ്യപെട്ടു, പിന്നെ തലയിണകൾ എടുത്തു കവർ ഇടാൻ തുടങ്ങി.. 

"ഈ...  അഞ്ജു... നീ എന്നാ പണിയാ ഒപ്പിച്ചത്.. "

ബെഡിലേക്കു ചാടിക്കയറി അഞ്ജലിയെ കെട്ടിപിടിച്ചു  ദിയ ചോദിച്ചു. 

"ഹേ..  ഒന്നുമില്ല.. മ്മടെ ആൻ മാഡത്തിന്റെ ഫോട്ടോ കാണിച്ചു കൊടുത്തു, അന്ന് ഓഫീസിൽ വന്നപ്പോൾ ചേർന്നു നിന്ന് ഒരു ഫോട്ടോ എടുക്കാൻ തോന്നിയത് എത്ര  നന്നായി.. "

"എന്റെ പൊന്നേ.. അന്ന് ഏതോ പ്രോഗ്രാമിന് ഓഫീസിൽ വന്നപ്പോൾ നീ എടുത്തതല്ലേ.. അതിതുവരെ കളഞ്ഞില്ലേ.. വർഷം ഒന്നാകാറായല്ലോ."

"അങ്ങനെ കളയാൻ പറ്റുവോ, അവരെ,  ഇവിടുത്തെ റാപിഡ് ഫോഴ്‌സിന്റെ കമാൻഡറാ.. കഴിഞ്ഞ ദിവസം ജയിൽ ചാടിയവനെ അവർ  വെടിവച്ചു പിടിച്ച ഫോട്ടോ കാണിച്ചു അവന്മാരെ ഒന്ന് പേടിപ്പിച്ചു.. "

അവൾ തന്റെ ഫോണിലെ പത്ര കട്ടിങ്ങിന്റെ ഫോട്ടോ അവരെ കാണിച്ചു കൊണ്ടു പറഞ്ഞു. 

" അതെ, സമയം നാല് കഴിഞ്ഞു, ഇനി ഞാൻ എന്തെങ്കിലും ചെയ്യണമെങ്കിൽ വയറ്റിലേക്ക് എന്തെങ്കിലും പോണം, ഉച്ചക്ക് കഴിച്ചതൊക്കെ ദഹിച്ചു..  ആരേലും പോയി ഒരു ചായ വയ്ക്കൂ.. "

വെട്ടിയിട്ട വാഴ പോലെ ബെഡിന്റെ ഒരു വശത്തേക്ക് മൈഥിലി വീണു. 

"ചായ ഒന്നും വേണ്ടാ.   പിരിയും..  ദിയെ നീ സ്വിഗ്ഗിയിൽ എന്തെങ്കിലും ഓർഡർ ചെയ്യൂ..  നമുക്ക് ഓരോന്ന് പിടിപ്പിച്ചിട്ട് ബാക്കിയുള്ള പണി ചെയ്യാം.. "

അഞ്ജലി ബെഡിൽ നിന്നും എഴുന്നേറ്റു കബോർഡ് തുറന്നു താൻ ധരിച്ചിരുന്ന ടോപ്പും ജീൻസും  ഊരി ഹാങ്ങറിൽ കൊളുത്തിയിട്ടു.  

"ശ്ശെ.. ഈ പെണ്ണ്.. "

"എന്നതാടി പെൺപിള്ളേരെ , തുണി മുഴുവൻ ഊരി കളഞ്ഞൊന്നുമില്ലല്ലോ.. പിന്നെ ഈ രണ്ടു കൊല്ലം കൊണ്ട് നീയൊക്കെ കാണുന്നതല്ലാതെ വേറെ കൂടുതലൊന്നുമില്ല..  ഓരോ നാണക്കാരികൾ വന്നേക്കുന്നു..  "

അവൾ ബെഡിലേക്കിരുന്നു ട്രാവൽ ബാഗ് തുറന്നു ഒരു ലൂസ് സ്ലീവ്‌ലെസ് ബനിയൻ ടോപ്പും ഷോർട്സും ബെഡിലേക്കിട്ടു.  പിന്നെ പ്രയാസപ്പെട്ട് തുണികൾക്കിടയിൽ നിന്നും ഒരു കുപ്പി വലിച്ചെടുത്തു ദിയയുടെ കയ്യിലേക്ക് വച്ചു കൊടുത്തു.. 

"മാജിക് മൊമെന്റ്‌സ്‌.. "

"ആ..  പോയി ഗ്ലാസ്സും അച്ചാറും വെള്ളോം എല്ലാം റെഡിയാക്കി വയ്ക്ക് ..കാലിക്കറ്റ് മിച്ചറും അച്ചാറും കൂട്ടി ഒന്ന് പിടിക്കണം ..  പോടീ.. "

മൈഥിലിയെ എഴുന്നേൽപ്പിച്ചു വിട്ട് അഞ്ജലി ഡ്രസ്സ്‌ ധരിക്കാൻ തുടങ്ങി, അതെ സമയം ദിയ ഫുഡ്‌ ഓർഡർ ചെയ്യാനും.  

ഉന്മേഷത്തിനുള്ള മരുന്ന് കഴിച്ചത് കൊണ്ടാവും രാത്രിയോടെ മുഴുവൻ സാധനങ്ങളെല്ലാം അവർ അടുക്കി പെറുക്കി വച്ച്, വീട് മുഴുവൻ തൂത്തു വാരി വൃത്തിയാക്കി.പുതിയ വീട്ടിലേ സൗകര്യങ്ങൾ ആസ്വദിച്ചു  ഏറെ വൈകി ആണ് അവർ ഉറങ്ങാൻ കിടന്നത്.. 

സമയം കഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു, ശാന്തമായ ആ രാത്രിയിൽ മുറിയിൽ പാറി പറന്ന കൊതുകുകളുടെ മൂളലുകൾക്കു പോലും കിക്കായത് കൊണ്ടാകാം  വേറൊരു ഈണമായിരുന്നു 

"ണിം ണിം ണിം ണിം..... "

"എന്റെ അമ്മോ... എന്നതാടി @#$%#$% നിനക്ക്.. "

ബെഡിൽ നിന്നും താഴെ വീണ മൈഥിലി നടുവ് തിരുമ്മി ദേഷ്യത്തോടെ അഞ്ജലിയെ നോക്കി.  അഞ്ജലിയെ നടുക്ക് കിടത്തി ഇരു വശങ്ങളിലും നിന്നു ദിയയും മൈഥിലിയും അവളെ കെട്ടിപിടിച്ചു കിടക്കാറാണ് പതിവ്.  

"$%&%@ മോളെ..  നിനക്ക്  ഫോണിന്റെ അലാറം ഓഫ്‌ ചെയ്യാൻ മേലായിരുന്നോ..  ഞായറാഴ്ച ആയിട്ട് ഒന്നുറങ്ങാനും സമ്മതിക്കില്ലേ.. "

"ണിം ണിം ണിം ണിം..... "

മൈഥിലി ചുറ്റും നോക്കി, തന്റെ ഫോണിൽ നിന്നുമല്ല അലാറം വരുന്നേ,അവളുമാരുടെ ഫോണും അല്ലാ.. ഉറക്കം പോയ ദേഷ്യത്തിലോ അതോ താൻ ഓമനിച്ചു വളർത്തുന്ന പേൻ കടിച്ചിട്ടോ, തലയിൽ ചൊറിഞ്ഞു അവൾ ചുറ്റും നോക്കി.. 

"ണിം ണിം ണിം ണിം..... "

"ജയ് ഹനുമാൻ ഗ്യാൻ ഗുണ സാഗർ, ജയ് കപിഷ് തിഹും ലോകഉജാകർ 
രാംദൂത് അതുലിത് ബല ധാമ ,അന്ജനി പുത്ര പവൻസുത നാമാ.."

"മൈഥു വേണ്ടാ..  ഞായറാഴ്ച ആയിട്ട് പള്ളീല് പോലും പോകാതെ കിടന്നുറങ്ങുന്ന എന്റെ അടുത്ത് ഇരുന്നു മന്ത്രം ചൊല്ലാതെ.. "

അഞ്ജലി തലയിണ കയ്യിലെടുത്തു  തല പൊതിഞ്ഞു പിടിച്ചു. 

"ശ്ശെടാ..ഇവൾക്കെന്നാ ഭ്രാന്തായോ, അതോ എന്റെ സ്വരം ആണുങ്ങളുടെ പോലായോ..  "

കണ്ണുകൾ വലിച്ചു തുറന്നു മൈഥിലി ചുറ്റും നോക്കി..  

"ആഹ്..  "

ബെഡ് റൂമിന്റെ ബാൽക്കണിയിലേക്കുള്ള വാതിൽ തുറന്നു കിടക്കുന്നു.. അവൾ അങ്ങോട്ട്‌ നടന്നടുത്തപ്പോൾ  ആ മണികിലുക്കത്തിന്റെ ഉറവിടം അവൾക്ക് മനസ്സിലായി. അപ്പുറത്തെ ഫ്ളാറ്റിലെ ബാൽക്കണി.. 

"മംഗള മൂരതി രൂപ്‌രാമ ലഖന സീത സഹിത് ഹൃദയ ബസഹു സുരഭൂപ്"

"ണിം ണിം ണിം ണിം..... "

ഉറക്കച്ചടവിൽ വേച്ചു പോയ കാലുകൾ തന്നെ ചതിക്കുമെന്നു തോന്നിയപ്പോൾ അവൾ ബാൽക്കണിയിൽ ഉയർത്തി കെട്ടിയ അരഭിത്തിയിലെ സ്റ്റീൽ ബാറിൽ മുറുക്കെ പിടിച്ചു.. അപ്പോഴേക്കും ശ്ലോകം ചൊല്ലൽ അവസാനിപ്പിച്ചു ആ മണിനാദം അകന്നു പോകുന്നതായി അവൾക്ക് തോന്നി.. 

"സൂര്യൻ പോലും മൂരി നിവർത്താത്ത നേരത്ത് ആരാണാവോ.. "

വലതു കൈ മലർത്തി, ആകാശത്തിലെ ഇരുട്ടിലേക്ക് നോക്കി നെടുവീർപ്പിട്ടു അവൾ തിരിച്ചു നടന്നു. മുറിയിലെ സീറോ ബൾബിന്റെ പ്രകാശത്തിൽ ഒരു ഞെട്ടലോടെ  ഘടികാര സമയം അവൾ അപ്പോൾ തിരിച്ചറിഞ്ഞു, 

"അർദ്ധ രാത്രി അഞ്ചര മണി..  "

പിന്നെയൊന്നും നോക്കിയില്ല, ആ വലിയ പുതപ്പിനുള്ളിലേക്ക് നൂണ്ട് കയറി, ബാംഗ്ലൂരിലെ തണുപ്പ് ആസ്വദിച്ചു, അഞ്ജലിയെയും മുറുകെ പുണർന്നു അവൾ ഉറക്കമായി. 

അപ്പോഴും ബാൽക്കണിയിലേക്കുള്ള ആ വാതിൽ തുറന്നു കിടന്നിരുന്നു.. 

(തുടരും )


No comments:

Post a Comment