കടലാഴങ്ങൾ 6
"ഇത് പ്രണയമാണ് ഭായ് , കട്ട പ്രണയം .. "
കൂട്ടിലടച്ച വെരുകിനെ പോലെ പരിഭ്രാന്തനായി മുറിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന ആദിയെ നോക്കി ബാസിത് പറഞ്ഞു .
"അങ്ങനെ അല്ല ബാസിത് , അവളോട് ഞാൻ ഓഫീസിൽ വച്ചു സംസാരിച്ചിരുന്നില്ല എന്നുള്ളത് ശരിതന്നെയാണ്. പക്ഷെ അത് ഇത്രയും വലിയ തെറ്റാണോ. എല്ലാം ഞാൻ പറഞ്ഞിരുന്നതല്ലേ . "
"ഉം. "
"അവൾ എൻ്റെ മുന്നിൽ വച്ച് ആ കൃഷ്ണയോട് കൊഞ്ചിക്കൊണ്ടു വർത്താനം പറയുന്നത് ഞാൻ കണ്ടതാ , ബുധനാഴ്ച ജോഗിംഗിന് വരുമ്പോൾ എല്ലാം പറഞ്ഞു തീർക്കാമെന്ന് കരുതിയതാ . പിന്നെ മൂന്നു ദിവസോം അവൾ രാവിലെ വന്നില്ല , എന്നിട്ടു വെള്ളിയാഴ്ച ഒന്നും പറയാതെ നാട്ടിലേക്കു പോയി. പോകുന്നതിനു മുൻപ് ഒരു ബൈ എങ്കിലും അവൾക്കു പറയായിരുന്നു .. "
"അതിപ്പോ നീ .. "
"എന്ത് നീ .. ഡാ അവൾക്കു നല്ല അഹങ്കാരമാ , ഇല്ലേൽ ഈ മൂന്ന് ദിവസത്തിനിടെ എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യേണ്ടായിരുന്നല്ലോ .. അത് മാത്രമല്ല, ദേഷ്യം പിടിപ്പിക്കാൻ എൻ്റെ മുന്നിൽ വച്ച് അവളുടെ ഒരു ഒലിപ്പീരും .."
"ഇപ്പൊ എന്താണ് നിന്റെ പ്രശ്‍നം , അവൾ മൂന്നു ദിവസമായി മിണ്ടാത്തതോ , അതോ പറയാതെ നാട്ടിൽ പോയതോ അതുമല്ല ആ കിഷ്‌ണനുമായി മിണ്ടുന്നതോ .."
"മൂന്നും .. "
"ആഹ്.. "
കൈകൾ നിവർത്തി പിടിച്ചു ബാസിത് ആദിയെ നോക്കി.
ചൊവ്വാഴ്ച വൈകിട്ട് മുതൽ അഞ്ജലി ദിയയുടെയും മൈഥിലിയുടെയും ഉപദേശപ്രകാരം ആദിയെ തുടർച്ചയായി അവഗണിച്ചുകൊണ്ടിരുന്നു . ഓഫീസിൽ വച്ച് പലതവണ അവൻ സംസാരിക്കാൻ ശ്രമിച്ചിട്ടും അവൾ ജോലിക്കാര്യത്തിനുമപ്പുറം ഒന്നും അവനോടു പറയാൻ കൂട്ടാക്കിയിരുന്നില്ല . ബുധനാഴ്ച മുതൽ രാവിലെ ജോഗിങ്ങിനും അവൾ വന്നിരുന്നില്ല . കൃഷ്ണയോട് പറഞ്ഞിട്ടാകണം മീറ്റിങ് റൂമിൽ നിന്നും പുറത്തേക്കു അവളുടെ ക്യുബിക്കളിലേക്കു മാറുകയും ചെയ്തു. ഇടക്കെപ്പോഴോ എന്ത്കൊണ്ടാണ് അവളെ രാവിലെ കാണാത്തതു എന്ന ചോദ്യത്തിന് കൃത്യമായ മറുപടി അഞ്ജലി ആദിയോട് പറഞ്ഞതുമില്ല .
"ഡാ .. നീ പറഞ്ഞിടത്തോളം അവൾ ഒരു പ്രത്യേക കാരക്ടർ ആണ്. ഇന്നലെ രാവിലെ അവളോട് ചൂടായി എന്നല്ലേ പറഞ്ഞെ , അത് കൊണ്ടാകും നിന്നോട് പറയാതെ നാട്ടിൽ പോയെ .. "
"ഞാൻ .. നീ എന്താ ജോഗിംഗിന് വരാത്തത് എന്നേ ചോദിച്ചുള്ളൂ , വയ്യ എന്നായിരുന്നു മറുപടി . എന്ത് വയ്യായ്ക എന്ന് ചോദിച്ചപ്പോൾ എല്ലാം പറയണോ എന്ന് .. അപ്പോ എൻ്റെ നിയന്ത്രണം വിട്ടു പോയി .. "
"എൻ്റെ ആദി , നമ്മൾ തമ്മിൽ കാണാൻ തുടങ്ങിയിട്ട് പത്തു വർഷമായി , ഇതിനിടയിൽ ഒരിക്കൽ പോലും ഒരു പെണ്ണിന്റെയടുത്തും നീ ഇമ്മാതിരി വിശേഷം ചോദിച്ചു ചെന്നിട്ടില്ലല്ലോ .. ആ.. മറ്റേ ഇഷയുടെ കാര്യം ഞാൻ മറന്നിട്ടില്ല .. "
"എന്റെ ബാസിത് , നീ എന്തിനാ ഇപ്പൊ ഇഷയുടെ കാര്യം പറയുന്നേ .. "
"അല്ലടാ , അതായത് , പെണ്ണുങ്ങൾ .. അവരുടെ മനസ്സിനെ അങ്ങനെയോന്നും പിടിച്ചാൽ കിട്ടില്ല , അവരുടെ ചിന്തകൾ ഏതു വഴിക്കാണ് പോകുന്നതെന്നും പറയാനും പറ്റില്ല ,മിക്കവാറും അവര് പറയാൻ ഉദ്ദേശിക്കുന്നതാകില്ല പറയുന്നത് . അത് കൊണ്ട് തന്നെ നമ്മൾ ഒരു കാര്യം പറയുമ്പോൾ നമ്മൾ ഉദ്ദേശിക്കുന്നതാകണമില്ല അവർ മനസ്സിലാക്കുന്നതും .. "
"നീ എന്നാതാടാ ഈ പറയുന്നേ , മനുഷ്യന് മനസ്സിലാകുന്ന ഭാഷയിൽ പറ .. "
"ആദി , അവൾ ജോഗിങ്ങിന് വരാത്തിനു , അവളുടെ ദേഷ്യത്തിന് പല കാരണങ്ങളും ഉണ്ടാകും , ഒരു ഉദാഹരണത്തിന് അവൾക്കു ആ സമയങ്ങളിൽ കാര്യമായ വയറു വേദന ആയിരുന്നെങ്കിലോ .. അങ്ങനെ ഉള്ള സമയത്തു , ഹോർമോൺ ഇഷ്യൂസ് അവരുടെ സ്വഭാവത്തെ ഇമ്പാക്ട് ചെയ്യും .. "
"ആഹ് .. അതൊന്നും ഞാൻ ഓർത്തില്ല .. "
"അത് തന്നാ പറഞ്ഞേ , ഇതൊക്കെ കുറച്ചു കൂടി ചിന്തിച്ചു കൈകാര്യം ചെയെണ്ടേ ഒന്നാണെന്ന് .. "
"ഹ്മ്മ് .. അപ്പൊ അതായിരിക്കും അല്ലെ .. "
"അത് തന്നെ .. "
ബാസിത് , കിഷോർ , ആദി മൂവരും ഐഐടി പഠനകാലത്തു തുടങ്ങിയ കൂട്ടാണ് . അഞ്ജലിയുടെ പെരുമാറ്റത്തിൽ ഉണ്ടായ മാറ്റം കാരണം ആദി അസ്വസ്ഥനായിരുന്നതിനാൽ ശനിയാഴ്ച രാവിലെ ഫ്ലാറ്റിലെത്തിയ കിഷോർ ബാസിതിനെ വിളിച്ചു വരുത്തുകയായിരുന്നു .
"രാവിലെ കിഷോർ വിളിച്ചു പറഞ്ഞപ്പോ വണ്ടിയുമെടുത്തു ഇറങ്ങിയതാ .. ഞാൻ വിചാരിച്ചു വേറെ എന്തോ പ്രശ്നമാണെന്ന് . ഇതിപ്പോ ഞാൻ വീട്ടില് പോയി നിസയോട് എന്ത് പറയും എന്നോർത്തിട്ടാ , അവളുടെ ആദിയേട്ടൻ ഒരു പെണ്ണിന്റെ പേരും പറഞ്ഞു ആധിയെടുത്തു നടക്കുവാനെന്നു പറയാൻ പറ്റുമോ, ഇനി അഥവാ പറഞ്ഞാലും അവൾ വിശ്വസിക്കുമോ .. അവളുടെ കണ്ണിൽ ഈ ഏട്ടൻ പെർഫെക്റ്റ് ആണ് .. ഞാൻ ആണേൽ കൊള്ളൂല്ലത്തവനും .. "
"അതെന്താടാ അങ്ങനെ .. "
"അത് പെണ്ണുങ്ങളുടെ വേറൊരു സ്വഭാവം .നിനക്കും മനസ്സിലാകും കുറച്ചു കഴിയട്ടെ ."
"അവളൊരു പാവം അല്ലേടാ .. "
"അതാണല്ലോ പ്രശ്നം .. പാവം .. കല്യാണം കഴിഞ്ഞിട്ട് കൊല്ലം മൂന്നായി , ഒരു കൊച്ചുമായി , എന്നിട്ടും ആ പഴയ നാട്ടിൻപുറത്തെ പെണ്ണുങ്ങളെ പോലെയാ .. "
" ഒന്ന് പോടാ..അല്ല ,ഞാനൊരു കാര്യം ചോദിക്കട്ടെ .. "
"ചോദിക്ക് .. "
"ഒരാഴ്ച മുന്നേ കണ്ട പെൺകുട്ടി , രണ്ടേ രണ്ടു ദിവസമേ സംസാരിച്ചിട്ടുള്ളൂ , അവളോട് എങ്ങനാ എനിക്കിത്ര അടുപ്പം തോന്നുന്നെ .. നീ പ്രണയം എന്നെല്ലാം പറയുന്നു .. ഇത് പ്രണയം തന്നാണോ .. "
"ആഹ് .. ഇത് നീ എന്നോട് തന്നെ ചോദിക്കണം .. നീ അല്ലെ ഇവിടെ കിടന്നു അന്തോം കുന്തോം ഇല്ലാണ്ട് പാഞ്ഞു നടന്നേ .. "
"അത് ശെരിയാ .. എന്നാലും .. "
"ഡാ , പ്രണയത്തിൽ സംശയം പാടില്ല , ഹൃദയം തുറന്നന്നങ്ങു പ്രേമിക്കണം .. പിന്നെ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നൊക്ക കേട്ടിട്ടില്ലേ , നിന്റെ കാര്യത്തിൽ അത് തന്നാ നടന്നേ .. "
"എന്ന് വച്ചാൽ .. "
"പ്രണയം , വിശുദ്ധമായ ഒരു വികാരമാണ് , അത് അപരിചിതരായ രണ്ടു പേരെ പരസ്പരം ബന്ധിപ്പിക്കുന്ന ഒന്നാണ് . "
"ഏഹ് .. ഇതു ഞാൻ എവിടെയോ ."
"കേട്ടുകാണും .. ഒരേ പോലെ ചിന്തിക്കുന്ന ഒരു പാട് മഹാന്മാർ ഉള്ള നാടല്ലേ ഇത് , ഞാനും ഒരു .. "
"നിർത്താടാ പുല്ലേ .. ആ കിഷോർ വന്നിരുന്നേ , ഒരെണ്ണം പിടിപ്പിക്കായിരുന്നു , തലക്കൊരു പെരുപ്പ് വന്നാൽ .. "
"തലക്കൊരു പെരുപ്പ് .. മോനെ ഞാൻ ഒന്ന് ചോദിച്ചോട്ടെ .. "
"ഹ്മ്മ് "
"നിനക്ക് അവളോട് സംസാരിക്കുമ്പോൾ , അവളെ കുറിച്ച് സംസാരിക്കുമ്പോൾ ഒരു സുഖം തോന്നുന്നില്ലേ .. "
"ആ ... ഉണ്ട് "
"ഇരിക്കുമ്പോൾ , നിക്കുമ്പോൾ , കിടക്കുമ്പോൾ .. ടീവി കാണുമ്പോൾ .. എല്ലാമവൾ കൂടെ ഉള്ളപോലെ തോന്നുന്നില്ലേ .. "
"ഉണ്ടളിയാ ഉണ്ട് ... "
"അതാണ് .. അതാണ് പ്രശ്നം ... "
"എന്ത് പ്രശ്നം ... "
"എന്റെ മോനെ ... അവൾ ജിന്നാടാ ജിന്ന് .. എൻ്റെ നിസയെ പോലെ .. അവള് നിന്നേം കൊണ്ടേ പോകൂ .. "
ബാസിത് തലയ്ക്കു കൈ കൊടുത്തു സോഫയിലേക്കിരുന്നു ..
"നീ അധികം തമാശിക്കല്ലേ .. "
"തമാശിച്ചതല്ല , സംഭവം തലയ്ക്കു പിടിച്ചു , ഇനി എല്ലിൽ കൂടെ പിടിച്ചാൽ മതി .. "
"എന്നിട്ടു .. "
"എന്നിട്ടു അവളുടെ അപ്പൻ ആ എല്ലൂരി കോലു കളിക്കും .. ഡാ കോപ്പേ , സംഭവം കൈവിട്ടു പോയെന്നു .. "
"ബാസിതെ .. നീ മാത്രമേ ഒരു തുണയുള്ളൂ , ഇത് പാലാ അച്ചായൻ കേസാണ് .. "
"അപ്പൊ കിഷോറാ .. "
ബാസിതിന്റെ സ്വരം ഇടറിയിരുന്നു ..
"അവനു ഹിന്ദിയല്ലേ അറിയാവൂ .. "
"ബെസ്റ്റ് .. ഡാ പൊട്ടാ , ഹിന്ദി അറിയാൻമേലാത്ത ഒരൊറ്റ മലയാളി കേരളത്തിൽ ഇല്ല അതറിയാവോ നിനക്ക് .. "
"എന്നാലും നിന്നെ പോലെ കഴിവും ശക്തിയും ബുദ്ധിയുമൊന്നും അവനില്ലല്ലോ .. "
"ഇപ്പോഴെങ്കിലും സമ്മതിച്ചല്ലോ .. നീ പ്രേമിക്കടാ ചെക്കാ , അവളെ നമുക്കിങ്ങു കൊണ്ടുപോരാം .. "
ബാസിത് എഴുനേറ്റു വന്നു അവനെ കെട്ടിപിടിച്ചു .
*****************************************
ഇതേ സമയം പാലാ തൊടുപുഴ റോട്ടിനരുകിലെ ഒരു ഇരുനില വീട്ടിലിരുന്നു തലപുകക്കുകയായിരുന്നു അഞ്ജലി . അവളുടെ വിരലുകൾ അവർ മൂന്നു പേരും മാത്രമായുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ മെസേജുകൾ ടൈപ്പ് ചെയ്യുന്ന തിരക്കിലായിരുന്നു.
" നീയൊക്കെ വീട്ടിൽ പോയി സുഖിക്കടി.. ഞാൻ ഇവിടെ ടെൻഷൻ അടിച്ചിരിക്കുവാ. "
"എന്തിനാ അഞ്ജു ടെൻഷൻ അടിക്കുന്നേ.. ദിയെ ഇവള് കയ്യീന്ന് പോയോ "
"ശെരിയാടി മിഥൂ, ഈ നിലക്കാണേ വീക്കെൻഡ് ബാംഗ്ലൂർ ഉണ്ടായിരുന്നേൽ ഇവള് പോയി ഐ ലവ് യു പറഞ്ഞേനെ.. "
"എന്റെ പട്ടി പറയും.. ഇന്നലെ രാവിലെ കോറിഡോറിൽ വച്ചു ചീത്ത വിളിച്ചത് നിങ്ങളും കേട്ടതല്ലേ.. അയാൾക്ക് പ്രണയമൊന്നുമില്ല.. ഉണ്ടേൽ അങ്ങനെ പറയുമോ "
"അതുണ്ടായിട്ടല്ലേ അങ്ങനെ പറഞ്ഞെ. സ്വന്തം എന്ന തോന്നൽ വരുമ്പോൾ അല്ലെ അന്വേഷിച്ചു വരുന്നതും വഴക്ക് പറയുന്നതുമെല്ലാം.. "
"മിഥൂ, കൂടെ നിന്ന് കൺഫ്യൂഷൻ ആക്കല്ലേ.. ഞാൻ ആലോചിക്കുവായിരുന്നു... "
"ആലോചിക്കുവായിരുന്നു..."
"ആലോചിക്കുവായിരുന്നു.. ബാക്കി പറ അഞ്ജു. "
"ഒന്നു വിളിച്ചാലോ എന്ന്. ഇന്നലെ അങ്ങനെ പറഞ്ഞെങ്കിലും പാവം തോന്നി. ബസിൽ ഇരുന്നിട്ടും ഉറക്കം വന്നില്ല. ഒരു ബൈ പോലും പറഞ്ഞില്ലല്ലോ.. "
"വിളിച്ചാൽ മോളെ.. നിന്റെ വില പോകും.. നീ കണ്ടോ.. തിങ്കളാഴ്ച.. അങ്ങേരു നിന്റെ കാലേ വീഴും.. അല്ലടിയെ അങ്ങേരുടെ നമ്പർ നിന്റെ കയ്യിൽ എവിടുന്നാ.. "
"അതൊക്കെ ഒപ്പിച്ചു.. "
"ഹ്മ്മ്.. "
"ഹ്മ്മ് "
"എന്നാ ശെരി.. ഞാൻ താഴക്കു ചെല്ലട്ടെ.. ബൈ. "
അവൾ ഫോൺ ബെഡിലേക്കിട്ട് മുറി തുറന്നു പടികൾ ഇറങ്ങി.
"എന്നതാടി എലിസബത്തെ, കൊച്ചിനൊരു മൗനം .. "
പാലായിൽ ബസ്സിറങ്ങിയ അഞ്ജലിയെ വീട്ടിൽ കൊണ്ടുവിട്ട ശേഷം കവലക്കൊന്നു കറങ്ങീട്ടു വന്നിട്ടും അഞ്ജലി താഴേക്കിറങ്ങി വരാത്തതിനാൽ അടുക്കളയിൽ തപ്പി വന്നതായിരുന്നു തോമാച്ചായൻ.
"അപ്പാ , ചേച്ചി വന്നേ പിന്നെ ഫുൾ ടൈം ഫോണിലാ , എന്തെല്ലാമോ ആരോടൊക്കൊയോ കുശുകുശുക്കുന്നുണ്ട് . എന്നെ കണ്ടാൽ അപ്പൊ നിർത്തിക്കളയും .. ഇനി വെല്ല പ്രേമോം ആണോ , കർത്താവിനറിയാം ..അപ്പനൊന്നു വിളിച്ചു വിരട്ടിക്കെ .. "
"എൻ്റെ തോമാച്ചായാ , നിങ്ങടെ അമ്മച്ചി മരിച്ചെന്നു പറഞ്ഞു വല്യ സങ്കടമല്ലായിരുന്നോ .. ദേ ജീവനോടെ നിപ്പണ്ട് , ഇളയ മകളുടെ രൂപത്തിലാണെന്നേ ഉള്ളൂ. ആ കുശുമ്പും കുന്നായ്മയും കൂടെ തന്നെ ഉണ്ട് .. ചുമ്മാണ്ടാണോ ഇങ്ങനെ ഏതു നേരോം പാത്രത്തിൽ കയ്യിട്ടു തിന്നിട്ടും ഇവളുടെ ശരീരത്തു പിടിക്കാത്തെ .. "
"ദേ .. മമ്മി .. "
അവൾ കയ്യിലിരുന്ന ചിപ്സിന്റെ പാത്രം താഴേക്കു വച്ചു അടുക്കളയുടെ സ്ലാബിൽ നിന്നും ചാടിയിറങ്ങി.
"എൻ്റെ അനു , അവൾക്കു ജോലിയുള്ളതാ നിന്നെപ്പോലെ അല്ല .. അത് ആകെ മാസത്തിൽ രണ്ടു രാത്രിയെ തികച്ചു ഈ വീട്ടിൽ ഉറങ്ങാറുള്ളൂ , ഇനി അവളുമായി നീ വഴക്കിനു പോയാൽ അറിയാല്ലോ എൻ്റെ സ്വഭാവം . "
എലിസബത്ത് അടുത്ത് കിടന്ന തവിയെടുത്തു അവൾക്കു നേരെ വീശി ..
"ഞാൻ പോകുവാ .. പറയാനുള്ളത് പറഞ്ഞു. കൊഞ്ചിച്ചു കൊഞ്ചിച്ചു അവസാനം കരയുന്നത് നിങ്ങള് രണ്ടും ആകും .. "
അവിടെ നിന്ന് ഒഴിഞ്ഞു മാറി ഓടുന്നതിനിടയിൽ അവൾ വിളിച്ചു പറഞ്ഞു.
"എന്നാതാമ്മേ അവളുമായി വഴക്കുണ്ടാക്കുന്നെ .. വയസ്സ് ഇരുപതായില്ലേ , എന്നിട്ടും തല്ലുവാണോ .. "
അങ്ങോട്ടേക്ക് വന്ന അഞ്ജലി വാതിലിന്റെ പടിയിൽ ചാരി നിന്നു .
"അങ്ങനെ പറഞ്ഞു കൊടുക്ക് ചേച്ചി . ഞാൻ ഇങ്ങോട്ടു വന്നപ്പോ മമ്മി പറയുവാ ചേച്ചി ബാംഗ്ലൂരീന്നു വന്നേ പിന്നെ ഫുൾടൈം ഫോണിലാണെന്നു .. ഏതോ ചെറുക്കനുമായി സെറ്റപ്പ് ആണെന്നും അപ്പനോട് ചോദിക്കാനും പറഞ്ഞന്നേ . അതും കേട്ട് വന്ന ഞാൻ , വല്ലപ്പോഴും വന്ന ചേച്ചിയെ ഇങ്ങനെ ചുമ്മാ വിഷമിപ്പിക്കരുതെന്നു പറഞ്ഞതിനാ .. അല്ലെ അപ്പാ .. "
"ആന്നെടീ .. നിന്റെ അമ്മക്ക് ഇത്തിരി കുശുമ്പ് കൂടുതാലാ .. "
തോമാച്ചായൻ മക്കളുടെ നടുവിൽ നിന്ന് ഇരുവരുടെയും തോളിൽ കയ്യിട്ടു ..
"ഞാൻ പറഞ്ഞില്ലേ അച്ചായാ.. ഇത് നിങ്ങടെ അമ്മച്ചി തന്നാ . നിന്ന നില്പിൽ കാലുമാറും.. ആ... പറഞ്ഞിട്ട് കാര്യമില്ല.. എന്റെ വിധി. "
"അങ്ങനെ ഒന്നുമില്ല അമ്മാ . "
അഞ്ജലി മുന്നോട്ട് ചെന്ന് എലിസബത്തിന്റെ രണ്ടും കവിളിലും പിടിച്ചു വലിച്ചു , പിന്നെ അടി പേടിച്ചു ഹാളിലേക്ക് ഓടി ..
"നില്ലടി ചേച്ചിയെ , ഞാനും വരുന്നൂ .. അവിടുത്തെ വിശേഷമൊക്കെ പറ .. "
അവളുടെ പുറകെ അനുവും ഓടിപ്പോയതോടെ തോമാച്ചായൻ എലിസബത്തിന്റെ അടുത്തേക്ക് ചെന്നു .
"നിനക്ക് വിഷമമായോഡീ .. അമ്മച്ചി എന്നാ പറഞ്ഞാലും നിന്നെ ഞാൻ വഴക്കു പറഞ്ഞിട്ടില്ലല്ലോ .. "
അയാൾ തന്റെ കയ്യുയർത്തി എലിസബത്തിന്റെ മുടി തഴുകി .
"ഞാൻ ഇതുവരെ അങ്ങനെ പരാതി പറഞ്ഞിട്ടില്ലല്ലോ അച്ചായാ .. ഇത് മക്കളെ ദേഷ്യം പിടിപ്പിക്കാൻ ചുമ്മാ .. "
"ഹ്മ്മ് .. പണി തീർത്തു നീയും വാ അപ്പുറത്തേക്ക് .. നമുക്കൊരുമിച്ചിരുന്നു സംസാരിക്കാം ..ദേവസ്യ പറഞ്ഞ കാര്യം നീ കൂടി ഉള്ളപ്പോഴെ പറയാൻ പറ്റൂ . ഇല്ലേ ഇവിടെ ഭൂകമ്പം നടക്കും .. "
തോമാച്ചായൻ ഉമ്മറത്തേക്ക് നടന്നപ്പോൾ എലിസബത്ത് ഒരു ദീർഘ നിശ്വാസത്തോടെ അടുക്കള പണിയിൽ വീണ്ടു മുഴുകി.
(തുടരും)
No comments:
Post a Comment