Thursday, August 13, 2020

ഉത്സവപ്പിറ്റേന്ന് 13

 വൈകിട്ട് സർപ്പം തുള്ളലിൽ ശരീരത്തിൽ മണിനാഗത്തെ ആവാഹിച്ചു , ശാന്തമായി തുടങ്ങി ഒടുവിൽ കളഭതറയിൽ ഉറഞ്ഞു തുള്ളി ഭഗവാന് നൂറും പാലും കൊടുത്തു, കണ്ടു നിന്നവർക്ക് അനുഗ്രഹം നൽകി, ഒടുവിൽ മയങ്ങി വീഴുമ്പോഴും ദുർഗ്ഗയുടെ മുഖത്ത് ഇന്ന് ആശുപത്രിയിൽ കണ്ട അതെ ഭാവമായിരുന്നെന്നു വിഷ്ണുവിന് തോന്നി.



"വിഷ്ണു, നീ വീട്ടിൽ പോകുന്നില്ലേ "


അവൻ ഓർമ്മകളിൽ നിന്നും ആ ആശുപത്രിയുടെ ICUവിനു മുൻപിലുള്ള കസേരയിലേക്കു തിരിച്ചെത്തി .


"ഇല്ല ജോൺ, ഇനി നാളെ രാവിലെ ആകട്ടെ, ദുർഗ്ഗയുടെ ഈ അവസ്ഥയിൽ ആരും നോക്കാനില്ലാതെ .. എങ്ങനെ .. ഒറ്റക്കാക്കി .. "


"ഹാ .. ഏത്‌ അവസ്ഥ , എങ്ങനെ , ഒറ്റക്കാക്കിയോ ..നല്ല ആളാ ഈ പറയുന്നേ " ജോണിന്റെ വാക്കുകളിലെ പരിഹാസം അവൻ തിരിച്ചറിഞ്ഞു. 


"ജോൺ .. അത് ഞാൻ... " വിഷ്ണു വാക്കുകൾക്കായി പരതി.


"വേണ്ട വിഷ്ണു.. അന്ന് നീ തനിച്ചാക്കി പോയപ്പോൾ , ഉപേക്ഷിച്ചതാണ് ആ മോഹം, പൊരുതി കയറി വന്നതാണവൾ. നേരത്തെ നിന്നോട് അകത്തു കയറി അവളെ കണ്ടോളാൻ പറഞ്ഞത് വേറൊരു തരത്തിലും എടുക്കരുത്. പിന്നെ ... "


".."


"നീ ഇവിടെ ഇങ്ങനെ ഇരുന്നു മഞ്ഞു കൊള്ളേണ്ട, താഴോട്ടു ചെല്ലൂ, എന്റെ ചെക്കന്മാർ നിന്നെ വീട്ടിൽ വിടും. "


ജോൺ അവന്റെ തോളിൽ തട്ടി നടന്നു പോയി .


ഉച്ചയോടെ ഡോക്ടറുടെ മുറിയിൽ ഇരിക്കുകയാണ് ജോണും ദുർഗ്ഗയുടെ അച്ഛൻ രാമൻ നായരും. 


"ഞാൻ ഇന്നലെ തന്നെ പറഞ്ഞില്ലേ ഒന്നും പേടിക്കാനില്ലന്നു. മയക്കത്തിലാണ്, അത് രണ്ടോ മൂന്നോ ദിവസം കൂടി തുടരും. മാക്സിമം ഒരാഴ്‌ച "


രാമൻ നായരുടെ നിറഞ്ഞു വന്ന കണ്ണുനീർ കണ്ടു ഡോക്ടർ എഴുനേറ്റു അവരുടെ അടുക്കലേക്കു വന്നു .


"പേടിക്കാനൊന്നും ഇല്ല , വയറിൽ , ഐ മീൻ , കുടലിൽ ചെറിയൊരു പ്രശ്‍നം , അതു മാറുന്നവരെ ഇവിടെ കിടക്കണം , പിന്നെ പെയിൻ ഉണ്ടാകും , അത് കൊണ്ടാണ് സെഡേഷൻ കൊടുത്തിരിക്കുന്നത്. ഒരാഴ്ച ICU , പിന്നെ കൂടിപ്പോയാൽ ഒരു മാസം ഹോസ്പിറ്റൽ .. ദുർഗ്ഗ പഴയ പോലെയാകും.. അച്ഛൻ ഒന്നു കൊണ്ടും പേടിക്കണ്ട ..വീട്ടിൽ പോണമെങ്കിൽ പോകാം അല്ലങ്കിൽ റൂമിൽ കിടക്കാം, ശ്രീറാം സാർ എല്ലാം പറഞ്ഞിട്ടുണ്ട്" 


ആ വൃദ്ധന്റെ കൈ പിടിച്ചു ഡോക്ടർ പറഞ്ഞപ്പോൾ ,എല്ലാം മനസ്സിലായപോലെ തലയാട്ടി , അവിടെ നിന്നും എഴുനേറ്റു ആശുപത്രിയിലെ റൂമിലേക്ക് അവർ നടന്നു . 


രാത്രി പത്തു മണിയോടെ വേമ്പനാട് ബാറിൽ നിന്നും ഇറങ്ങിവരുകയായിരുന്നു അശോകനും വേറെ രണ്ടു പേരും. അവർ നടന്നു വണ്ടിയുടെ അടുത്തേക്ക് എത്താറായപ്പോഴേക്കും എതിരെ വന്ന രണ്ടു പേർ അവരുടെ ശരീരത്തിൽ മുട്ടി. മദ്യത്തിന്റെ ലഹരിയിലായിരുന്ന അവർ പരസ്പരം ഉന്തും തള്ളും തുടങ്ങി. 


"സാർ പൊയ്ക്കോളൂ, ഇവരുടെ പ്രശനം തീർത്തിട്ട് പുറകേ വന്നേക്കാം "


ക്ഷമ നശിച്ചു കാറിൽ ചാരിനില്കുന്ന അശോകിനോട് കൂടെയുണ്ടായിരുന്നവർ വിളിച്ചു പറഞ്ഞു. അയാൾ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി കാർ പതുക്കെ മെയിൻ റോഡിലേക്കിറക്കി. തലയിലേക്ക് കയറിവരുന്ന ലഹരിയുടെ ശക്തിയിൽ ആക്‌സിലേറ്ററിൽ കാലമർത്തി വണ്ടിയെ പട്ടണത്തിൽ നിന്നും വെളിയിലേക്കു ഓടിച്ചു. ആറു കിലോമീറ്ററിനിപ്പുറം വണ്ടി പൂങ്കാവ് ജംഗ്ഷനിൽ നിന്നും വലത്തേക്ക്, തന്റെ വീട്ടിലേക്കുള്ള റോഡിലേക്ക് തിരിച്ചു. വയലുകൾക്കു നടുവിലൂടെയുള്ള ആ യാത്രയിൽ താഴ്ത്തി വച്ച ഡോറിന്റെ ചില്ലുകൾക്കിടയിലൂടെ അടിച്ചു കയറുന്ന മകരമാസത്തിലെ തണുത്ത കാറ്റു അവന്റെ ഉള്ളിലുള്ള ലഹരിയെ വീണ്ടും കൂട്ടി .


"അശോകന് സുഖമാണോ " 


പുറകിൽ നിന്നും കേട്ട ശബ്ദം ഏതെന്നറിയാൻ , ഞെട്ടി തിരിഞ്ഞു നോക്കിയതും ആരോ സ്റ്റിയറിങ് ശക്തിയോടെ ഇടത്തേക്ക് തിരിച്ചു. റോഡിന്റെ സൈഡിൽ ഉറപ്പിച്ചിരുന്ന ഇരുമ്പു കുറ്റികളെ ഇടിച്ചു തെറിപ്പിച്ചു കാർ ആ വയലിലേക്ക് മുൻഭാഗം കുത്തി വീണു . തനിക്കെന്താണ് സംഭവിക്കുന്നത് എന്നറിയുന്നതിന് മുൻപു തന്നെ അശോകൻ കാറിൽ നിന്നും പുറത്തേക്കു എറിയപെട്ടു .വരണ്ടു തുടങ്ങിയ വയലിൽ തപ്പി തടഞ്ഞു എഴുനേൽക്കുമ്പോഴേക്കും കഴുത്തിന്റെ മുന്ഭാഗത്തു ശക്തമായ അടികിട്ടി അശോകൻ പിന്നെയും താഴെ വീണു. ഭയങ്കരമായ വേദനയിൽ അലറിക്കരയാൻ ശ്രമിച്ചെങ്കിലും ശബ്ദം പുറത്തേക്കു വരുന്നില്ലെന്ന് അയാൾക്ക്‌ മനസ്സിലായി . വായിൽ നിന്നും ഒഴുകി വരുന്ന ചോരയിൽ കുതിർന്ന കഴുത്തിൽ, രണ്ടു കൈ കൊണ്ടും തടവാൻ ശ്രമിക്കവേ മുതുകത്തു കിട്ടിയ ശക്തമായ ചവിട്ടിൽ അശോകൻ കാറിന്റെ ബോണറ്റിൽ ചെന്നിടിച്ചു താഴേക്കു വീണു. 


തകരാതെ ബാക്കിയുണ്ടായിരുന്ന കാറിന്റെ ഒറ്റ ഹെഡ്‍ലൈറ്റിൽ തന്റെ അടുക്കലേക്കു കമ്പിയിൽ ഘടിപ്പിച്ച സ്റ്റിയറിങ് വീലുമായി നടന്നടുക്കുന്ന ഒരു ക്ലീൻ ഷേവുകാരനെ അശോകൻ വ്യക്തമായി കണ്ടു . വെളുത്ത ഷർട്ടും കറുത്ത പാന്റും കറുത്ത ഷൂവും ധരിച്ചു ഒരു ബിസ്സിനെസ്സ് എക്സിക്യൂട്ടീവിനെ പോലെ തോന്നിയ അയാൾ , നിലത്തു നിന്നും നിരങ്ങി നീങ്ങി ,കൈകൾ കുത്തി കാറിലേക്കു ചാരിയിരിക്കാൻ നോക്കിയ അശോകന്റെ ഇടതു തോളിൽ തന്റെ വലതു കാൽ കൊണ്ട് ചവിട്ടി ബോണറ്റിലേക്കു ചേർത്തു . പിന്നെ ,സ്റ്റിയറിങ് വീൽ നിലത്തു വച്ച്, ഇരുകൈകളും ഉരസി പൊടി കളഞ്ഞു , ഷർട്ടിന്റെ സ്ലീവുകൾ മുകളിലേക്ക് ഒന്നുകൂടി മടക്കി വച്ച് , അയാൾ അശോകന്റെ മുന്നിൽ നിവർന്നു നിന്നു .


"ആരാണെന്നു ആലോചിച്ച നീ വിഷമിക്കണ്ട , ഞാൻ , രുദ്രൻ.. രുദ്രൻ മഹാദേവൻ.. "


"..."


"ഈ കിട്ടിയത് ഏതു വകുപ്പിലാണെന്നു ചോദിച്ചാൽ , പലിശയും കൂട്ടുപലിശയുമായി കുറെ ഉണ്ട് .. അതൊന്നും പറയാൻ ഇപ്പോൾ സമയമില്ല.. അല്ലങ്കിലും ഒരുപാടു സംസാരിക്കാൻ ഞാൻ വക്കീലൊന്നുമല്ലല്ലോ, വാക്കിലല്ല പ്രവർത്തിയിലല്ലേ കാര്യം അശോകാ "


രുദ്രൻ രണ്ടു കയ്യിലുമായി അശോകനെ എടുത്തുയർത്തി തകർന്നു കിടക്കുന്ന ബോണറ്റിന്റെ പുറത്തേക്കിട്ടു.


"എടാ അശോകാ .. ഇത്രയും വരുമാനമുള്ള നീ , മൈലേജ് നോക്കി ഈ പാട്ട കാറു തന്നെ മേടിച്ചല്ലോ , അതും പോരാഞ്ഞു ഫുൾ തണ്ണിയും . നിന്റെ ഒരു സമയം .. " 


കയ്യുകൾ ഉയർത്തി അരുതെന്നു കാണിച്ച അശോകന്റെ വയറിലേക്ക് രുദ്രൻ സ്റ്റിയറിങ് വീൽ കൊണ്ട് വീണ്ടും ആഞ്ഞടിച്ചു .


"ഇനി കള്ളം പറയാൻ നിന്റെ നാവു പൊങ്ങരുത്, ആരെയും ഉപദ്രവിക്കാൻ നിന്റെ ശരീരവും"


വായിലൂടെ വീണ്ടും രക്തം ഒഴുകാൻ തുടങ്ങിയപ്പോൾ , അയാളെ വലിച്ചു താഴെയിട്ടു മുതുകത്തു ചവിട്ടി രണ്ടുകൈകളും പുറകോട്ടു പിടിച്ചു തിരിച്ചു. കൈകൾ ശരീരത്തിൽ നിന്നും സ്വത്രന്തമായി എന്ന് മനസ്സിലാക്കിയ രുദ്രൻ പുറകോട്ടു മാറി , സ്റ്റിയറിങ് വീൽ ഉറപ്പിച്ച ഇരുമ്പു കമ്പി ഊരി അശോകന്റെ ഇരുകാലുകളിലും പിന്നെ നടുവിലും ആഞ്ഞടിച്ചു. പിന്നെ വലതു കാൽ കൊണ്ട് അവനെ മറിച്ചിട്ടു . അവന്റെ കണ്ണുകൾ അടയാൻ പോകുന്നുവെന്ന് കണ്ട രുദ്രൻ തന്റെ വലതു കൈ ഉയർത്തി. അല്പം അകലെ നിർത്തിയിട്ടിരുന്ന ഒരു ജീപ്പ് സ്റ്റാർട്ട് ആയി അവരുടെ അടുത്ത് റോഡിൽ വന്നു നിന്നു. അതിൽ നിന്നും നാലു പേർ ഇറങ്ങി വയലിലേക്ക് നടന്നടുത്തു.


"എനിക്ക് വേണ്ടത് നിന്നെയായിരുന്നില്ല , നിന്റെ അച്ഛൻ അനന്തനെയാണ് , ഇത് അയാൾക്കുള്ള എന്റെ സമ്മാനമാണ് . മരിക്കാതെ മരിച്ചു ജീവിക്കുന്ന മകൻ ... "


അവർ അശോകനെ കോരിയെടുത്തു ജീപ്പിൽ കയറ്റി ഓടിച്ചുപ്പോയി . രണ്ടു മിനിറ്റിനകം മറ്റൊരു കാർ രുദ്രന്റെ അടുത്ത് വന്നു നിർത്തി. പുറകിലെ ഡോർ തുറന്നു , സ്റ്റിയറിങ് വീൽ ഉള്ളിലേക്ക് ഇട്ടു , ബാഗിൽ നിന്നും ഒരു മിനറൽ വാട്ടറിന്റെ കുപ്പിയെടുത്തു കയ്യും മുഖവും കഴുകി രണ്ടു കവിൾ കുടിച്ചു ,രുദ്രൻ മുന്പിലെ സീറ്റിലേക്ക് കയറി ഇരുന്നു .


"ഹോസ്പിറ്റലിലേക്ക് പോകാം കിച്ചൂ, അവളുടെ അടുത്ത ബെഡിൽ തന്നെ കിടത്തണം ഇവനെയും "


അവർ ഹോസ്പിറ്റലിൽ എത്തുമ്പോഴേക്കും സമയം പന്ത്രണ്ടു മണി കഴിഞ്ഞിരുന്നു . ICUവിനു മുൻപിൽ ഉറക്കം തൂങ്ങിയിരിക്കുന്ന ജോണിന്റെ തോളിൽ തട്ടി രുദ്രൻ ഉണർത്തി .


"എത്താറായോ" ജോൺ പരിഭ്രമത്തോടെ ചോദിച്ചു.


"ഇല്ല, അവിടുന്നു ആംബുലൻസിൽ കയറ്റിയതെ ഉള്ളൂ, കുറച്ചു സമയം പിടിക്കും" മറുപടി പറഞ്ഞത് കൃഷ്ണകുമാർ ആണ്.


അടഞ്ഞിരുന്ന ICUവിന്റെ വാതിൽ തള്ളി തുറന്നു അകത്തേക്ക് കയറി , നഴ്സിനോട് അനുവാദം വാങ്ങി അവർ കൊടുത്ത വേഷവുമണിഞ്ഞു ദുർഗ്ഗയുടെ അടുത്ത് നിൽകുമ്പോൾ രുദ്രന്റെ കണ്ണുകൾ നിറഞ്ഞു. കണ്ണുകൾ അടച്ചു , ചുണ്ടുകളിൽ ചെറു പുഞ്ചിരിയോടെ , കൊച്ചു കുഞ്ഞിനെ പോലെ ഉറങ്ങുന്ന അവളുടെ കവിളിൽ ഉമ്മവച്ചു , ഡ്രിപ് ഇട്ടിരുന്ന കൈകളിൽ തഴുകി അവൻ തിരിഞ്ഞു നടന്നു.


"കിച്ചു "


"അവൻ തിരിച്ചു പോയി , നമുക്ക് റൂമിലേക്ക് .. " രുദ്രന്റെ കൈപിടിച്ച് അവന്റെ ബാഗുമെടുത്തു ,ICUവിലെ ഡ്യൂട്ടി നേഴ്സിനോട് പറഞ്ഞു ജോൺ മുൻപേ നടന്നു . അതെ ഫ്ലോറിൽ തന്നെയുള്ള നാനൂറ്റി എട്ടാം നമ്പർ മുറിയിലേക്ക് കയറി ലൈറ്റ് ഇടുമ്പോൾ ബെഡിൽ കിടന്ന വൃദ്ധൻ ചാടിയെഴുന്നേറ്റു . മുന്നിൽ നിൽക്കുന്ന രുദ്രനെ കണ്ടു അയാൾ നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു അവനെ കെട്ടി പിടിച്ചു . 


"ഉണ്ണീ .. നമ്മുടെ ദേവൂ.. "

 

തുടരും


No comments:

Post a Comment