Thursday, August 13, 2020

ഉത്സവപ്പിറ്റേന്ന് 3

 

അശോകൻ തന്റെ കയ്യിലിരിക്കുന്ന വലിയൊരു ഫയൽ വിഷ്ണുവിന് നേരെ നീട്ടി . അപ്പോൾ ആ വീട്ടു മുറ്റത്തേക്ക് പൊടി പറത്തി ഒരു വെളുത്ത ഫോർച്യൂണർ കയറി വന്നു . DL രെജിസ്ട്രേഷൻ ഉള്ള ആ വണ്ടിയുടെ ഡ്രൈവിംഗ് സീറ്റിൽ നിന്ന് ഇറങ്ങി വന്ന ആളെ കണ്ടു വിശ്വനാഥപണിക്കരും അശോകനും വിഷ്ണുവും ഞെട്ടി. 


"ജോൺ " മൂവരും ഒരേ സ്വരത്തിൽ മന്ദ്രിച്ചു.


വിശ്വനാഥപ്പണിക്കരുടെ അടുത്തേക്ക് നടന്നടുക്കുന്ന ജോണിനെ അശോക് അകെ ഒന്ന് നോക്കി . വെളുത്ത കുർത്തയും പൈജാമയും ആണ് വേഷം,നരകയറിയ മുടിയും മീശയും താടിയും, വലം കയ്യിൽ ചുമപ്പും കറുപ്പും കാവിയും ചരടുകൾ , ഇടം കയ്യിൽ വെള്ളിയുടെ കട , നെറ്റിൽ കുങ്കുമത്തിന്റെ ഒരു ഗോപിക്കുറി , കുർത്തയുടെ ബട്ടൺസിൽ കോർത്ത കൂളിംഗ് ഗ്ലാസ്. കഴുത്തിൽ പറ്റെ കിടക്കുന്ന സ്വർണ്ണമാലയിൽ ഒരു സ്വർണ്ണകുരിശും.


ജോൺ നടന്നു വിശ്വനാഥപ്പണിക്കരുടെ അടുത്തെത്തി , സോപാനത്തിൽ കൈകൾ ചേർത്ത് നിന്നു .


"പണിക്കർ സാറിനെന്നെ മനസ്സിലായോ "


"ജോൺ "


"അതെ ജോൺ തന്നെ .. അപ്പൊ സാറ് മറന്നിട്ടില്ല. സാറിന് സുഖമല്ലേ , അശോകൻ സാറിനും വിഷ്ണു കുഞ്ഞിനും കേസിനു കുറവൊന്നുമില്ലല്ലോ " 


അയാളുടെ പരിഹാസം കലർന്ന സംസാരം കേട്ടിട്ടു വിശ്വനാഥപ്പണിക്കർ തല ഉയർത്തി നോക്കി. 


"സാറെ , ഞാൻ ഒരു കാര്യം പറയാൻ വന്നതാ.. ആ ദേവകിയമ്മയുടെ സ്ഥലമില്ലേ , അത് പറഞ്ഞ വില കൊടുത്തു ഞാനിങ്ങു വാങ്ങി. ഇനി അതിനായിട്ടു വഴക്കുണ്ടാക്കാൻ വരരുത്. പിന്നെ ,രണ്ടു മാസത്തേക്ക് ഞാൻ ഇവിടെ തന്നെ കാണും , അമ്പലത്തിലെ ഭരണി കഴിഞ്ഞേ പോകൂ . മറ്റേ പഞ്ചായത്തു കുളത്തിനടുത്ത മാളിയേക്കൽ വീടില്ലേ , അതിലാ താമസം. അതും കാശു കൊടുത്തു വാങ്ങിയതാ കേട്ടോ. ഇനീം അടീം പിടീം ആയിട്ടു അങ്ങോട്ട് വന്നേക്കരുത്. "


ജോൺ അത്രയും പറഞ്ഞു കുർത്തയുടെ വലതു കൈ മുകളിലേക്ക് തിരിച്ചു കയറ്റി.


"പിന്നെ , ഞാൻ ജയിലിൽ പോയപ്പോൾ എന്റെ അമ്മച്ചി നെഞ്ചു പൊട്ടി മരിച്ച പള്ളി പറമ്പ് , ഓടിട്ട വീടും ഇരുപതു സെന്റ് സ്ഥലവും , ഏതോ പേപ്പർ കാണിച്ചു സാർ കൊണ്ട് പോയ കാര്യം എനിക്കറിയാം.എനിക്കതു കൂടി വേണം "


മുഖത്തേക്ക് വീണ നരകയറിയ മുടി ഇടതു കൈകൊണ്ടു ഒതുക്കി വലം കണ്ണടച്ച് ജോൺ തിരിഞ്ഞു നടന്നു.


"തന്നില്ലേ ഞാൻ മേടിച്ചോളാം കേട്ടോ , പണിക്കർ, സാറെ "


അപ്പോഴാണ് ദേഷ്യം കയറിയ അശോകൻ മുരണ്ടത്. മുൻപോട്ടു നടന്ന ജോൺ തിരിച്ചു നടന്നു അശോകന്റെ അടുത്തെത്തി.


"അശോകൻ സാറെ.. ദേവകിയമ്മയുടെ വീട്ടിൽ വന്ന നിങ്ങളുടെ നാലു ചെക്കന്മാർ താലൂക്ക് ആശുപത്രിയിൽ കിടപ്പുണ്ട്. ജോണിന് തല്ലും കൊല്ലുമെന്നും പുത്തരിയല്ലാന്നു അറിയാവല്ലോ. പിന്നെ, ഇനി ആരെയെങ്കിലും വിടുവാണെങ്കിൽ നല്ല ഉശിരുള്ളവരെ വിടണം , ഞാൻ മാളിയേക്കൽ വീട്ടിൽ കാണും "


ജോൺ നടന്നു തിരികെ വണ്ടിയുടെ അടുത്തെത്തി ഡോർ തുറന്നു . അപ്പോഴാണ് വീടിന്റെ മറു വശത്തു കൂടി ഉമ്മറത്തേക്ക് വരുന്ന വിശ്വനാഥപ്പണിക്കരുടെ ഡ്രൈവർ ഗോപിയെ ജോൺ കണ്ടത് .


"ഡാ ഗോപീ "


ഗോപി ഒരു നിമിഷം നോക്കി നിന്ന ശേഷം വണ്ടിയുടെ അടുത്തേക്ക് ഓടി വന്നു .


"ജോൺ , ഡാ "


"സുഖമാണോ ഗോപീ "


"സുഖം ജോണേ "


"ഭാഗ്യം, പണ്ട് ഞാനും നിന്നെ പോലെ ഡ്രൈവർ ആയിരുന്നു , ഒടുവിൽ ജയിലിൽ കയറേണ്ടി വന്നു, നിനക്കെങ്ങനെ വന്നില്ലല്ലോ, ഭാഗ്യം "


ജോൺ ഉമ്മറത്തു നിൽക്കുന്ന വിശ്വനാഥപ്പണിക്കരെ നോക്കി ഉച്ചത്തിൽ പറഞ്ഞു . 


"ഡാ .. അവൾക്കു സുഖമാണോ "


"ആർക്കു"


"ദുർഗ്ഗയ്ക്കു "


ആ പേര് കേട്ടതോടെ ജോണിന്റെ കൈകളിലേക്ക് രക്തം ഇരമ്പിയെത്തി. എങ്കിലും അത് നിയന്ത്രിച്ചു കൊണ്ട് അവൻ ഇടം കൈ കൊണ്ട് മീശ തടവി വലം കൈകൊണ്ടു വണ്ടിയുടെ ബോണറ്റിൽ കൊട്ടി .


"ആ , എട്ടും പൊട്ടും തിരിയാത്ത കിളിന്തു പെണ്ണോ , അവൾ എത്തേണ്ടിടത് എത്തി, അങ്ങിനെ ഞാനും നാലു പുത്തനുണ്ടാക്കി .."


"എടാ നീയതിനെ ... ദുർഗ്ഗയെ , എവിടെ കൊണ്ടേ കളഞ്ഞെടാ .. "


"അങ്ങ് ദൂരെ .. സോനാഗാച്ചിയിൽ .."


ആ സ്ഥലപ്പേര് കേട്ടതോടെ ഗോപിക്കൊഴിച്ചു ബാക്കിയെല്ലാവർക്കും കാര്യങ്ങൾ മനസ്സിലായി. ജോൺ വണ്ടിയെടുത്തു വെളിയിലേക്കു ഓടിച്ചു പോയി. വിഷ്ണു തന്റെ കയ്യിലിരുന്ന കേസിന്റെ ഫയൽ എടുത്തു അച്ഛന്റെ നേരെ വലിച്ചെറിഞ്ഞു മുകളിലേക്ക് , തന്റെ മുറിയിലേക്ക് കയറിപ്പോയി.


"വിഷ്ണുവേട്ടാ .. "


ബാൽക്കണിയിൽ ഇരുന്നു സിഗരറ്റ് വലിക്കുന്ന വിഷ്ണുവിന്റെ അരികിൽ ആരതി എത്തി .


"ആതി.. എനിക്കൊന്നു തനിയെ ഇരിക്കണം .. പ്ലീസ് "


അവൻ മനസ്സിൽ പ്രയാസങ്ങൾ വരുമ്പോൾ മാത്രമാണ് പുകവലിക്കാറുള്ളത് എന്നറിയാവുന്നതു കൊണ്ട് ആതിര താഴേക്കിറങ്ങിപ്പോയി. 


രാത്രി വൈകിയും ഭക്ഷണം കഴിക്കാൻ വരാതിരുന്ന വിഷ്ണുവിനെ അന്വഷിച്ചു ആതിര ചെന്നു .


"വിഷ്ണുവേട്ടാ .. എന്താണ് പ്രശ്‍നം , അച്ഛന്റെയും ചേട്ടന്റെയും ആ കേസോ ,അതോ , അവൾ ദുർഗ്ഗയോ "


"രണ്ടായാലും നിനക്കൊന്നുമില്ലല്ലോ ആതി... "


"ഏട്ടൻ ഒന്നും കഴിച്ചില്ല .. "


"എനിക്ക് ഒന്നും വേണ്ട , ഒന്ന് വെറുതെ വിട്ടാൽ മതി " പിന്നെയൊന്നും സംസാരിക്കാതെ അവൻ കട്ടിലിൽ കയറി കിടന്നു.


അടുത്ത ദിവസം രാവിലെ ഉറക്കമുണർന്നതെ ആരോടും ഒന്നും മിണ്ടാതെ വിഷ്ണു വീട്ടിൽ നിന്നും ഇറങ്ങിപ്പോയി. ആതിരക്കും വിശ്വനാഥപ്പണിക്കർക്കും കാര്യങ്ങൾ ഏകദേശം മനസ്സിലായത് കൊണ്ട് അവനെ തടയാനോ കൂടുതൽ ഒന്നും സംസാരിക്കാനോ നിന്നില്ല. 


ഈ സമയം , മാളിയേക്കൽ വീട്ടിൽ ജനങ്ങൾ എത്തി കൊണ്ടിരുന്നു. എല്ലാവര്ക്കും അറിയേണ്ടത് ദുർഗ്ഗയെക്കുറിച്ചും സോനാഗാച്ചിയെ കുറിച്ചുമായിരുന്നു. അവളെവിടെയുണ്ടെന്നു അറിയില്ലെന്നും തങ്ങൾ ഒരുമിച്ചല്ല നാട് വിട്ടതെന്നും തലേ ദിവസം ഗോപിയോട് തമാശ പറഞ്ഞതാണെന്നും ജോൺ അവർത്തിച്ചെങ്കിലും ജോണിന്റെ പൂർവ്വ കഥകൾ പൊടിപ്പും തൊങ്ങലും വച്ച് ആ നാട്ടുകാർ പറഞ്ഞു നടന്നു. അയാളെ പേടിച്ചു പക്ഷെ ആരും തന്നെ പരസ്യമായി ചോദ്യം ചെയ്യാനോ പോലീസിൽ പരാതി പെടാനോ ശ്രമിച്ചില്ല .


അന്ന് വൈകിട്ട് മഠത്തിൽ തറവാട്ടിൽ എത്തിയ വിഷ്ണു ആദ്യമായി അച്ഛന്റെ ഓഫീസ് റൂമിൽ കയറി. ഏതെല്ലാമോ ഫയലുകളിൽ പരതി കൊണ്ടിരുന്ന വിശ്വനാഥപ്പണിക്കരോടും അശോകനോടുമായി അവൻ പറഞ്ഞു.


"അച്ഛാ .. അവനെ, ജോണിനെ എനിക്ക് പൂട്ടണം. എങ്ങനെ,ഏതു കേസ് എന്ന് നിങ്ങൾക്ക് തീരുമാനിക്കാം , പഴയ എന്തെങ്കിലും പേപ്പർ കാണുമല്ലോ .. അത് മതി ."


ദേഷ്യത്തോടെ തിരിഞ്ഞു നടന്ന വിഷ്ണുവിനെ നോക്കി പണിക്കർ പുഞ്ചിരിച്ചു .


"അശോകാ .. ഇനി നീ വേണം അവനൊപ്പം , ആളിക്കത്തിക്കണം അവന്റെ ദേഷ്യത്തെ , എന്നാലേ ജോണിനൊരു പണി കൊടുക്കാൻ പറ്റൂ. വിഷ്ണുവാണെതിരെങ്കിൽ ജോൺ ഒരു കയ്യാങ്കളിക്ക് നിൽക്കില്ല. പറഞ്ഞത് നിനക്ക് മനസ്സിലായല്ലോ അല്ലെ. "


എല്ലാം മനസ്സിലായെന്ന ഭാവത്തിൽ അശോകൻ തലയാട്ടി . 


അന്ന് രാത്രിയിൽ , ഉറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന വിഷ്ണുവിന്റെ തലമുടിയിൽ തലോടി ആതിര ചോദിച്ചു . 


"അത്രക്കിഷ്ടമായിരുന്നോ ദുർഗ്ഗയോട് , എന്നേക്കാൾ സുന്ദരിയായിരുന്നോ അവൾ "


".."


"എന്നിട്ടെന്തേ , അവളെ ഉപേക്ഷിച്ചതു "


മറുപടിയായി രണ്ടു തുള്ളി കണ്ണ്നീർ ആ കട്ടിലിൽ വീണു . 


"പാവം , ആ ജോണിന്റെ കൈയ്യിൽ അല്ലെ അവളെ ഏല്പിച്ചത് , ഇപ്പോൾ എന്തായി കാണുമോ അവളുടെ ജീവിതം "


വിഷ്ണു കട്ടിലിൽ നിന്നും എഴുനേറ്റു സിഗരറ്റു പാക്കറ്റുമായി ബാല്കണിയിലേക്കു നടന്നു . 


"ജോൺ , അവനെ കൊണ്ട് ഞാൻ പറയിപ്പിക്കും അവളെവിടെ എന്ന് .അനുഭവിപ്പിക്കും എല്ലാ വിഷമങ്ങളും, അവനെ രക്ഷിക്കാൻ അതിനിനി ഏതു വലിയ വക്കീൽ കോട്ടിട്ട് വന്നാലും, എത്ര വലിയ ഗുണ്ടകൾ വടക്കു നിന്ന് വന്നാലും, ഞാൻ സമ്മതിക്കില്ല"


വിഷ്ണു ബാൽക്കണിയുടെ വാതിൽ തുറന്നു വെളിയിലേക്കു പോയതോടെ ആതിര തലയിണയുടെ അടിയിൽ നിന്നും തന്റെ ഫോൺ എടുത്തു കോൾ കട്ട് ചെയ്തു ഒരു ചെറു പുഞ്ചിരിയോടെ അടുത്ത് കിടന്ന ടേബിളിലേക്കു വച്ചു . 


(തുടരും)

No comments:

Post a Comment