കടലാഴങ്ങൾ 2
"മിഥൂ.. "
പുതപ്പ് മുഖത്തു നിന്നും
വലിച്ചു മാറ്റി ചുണ്ട് കൂർപ്പിച്ചു മുറിയിലേക്ക് വന്ന ഗന്ധം അഞ്ജലി മൂക്കിലേക്ക് വലിച്ചു
കയറ്റി..
"ദിയ.. മിഥൂ..
എഴുന്നേൽക്കൂ.. നല്ല മണം വരുന്നു.. "
തന്റെ ശരീരത്തിൽ നിന്നും ഇരുവരുടെയും
കൈകൾ മാറ്റി അവൾ എഴുനേറ്റു കട്ടിലിന്റെ തലക്കലേക്കു തലയിണ വച്ചു ചാരിയിരുന്നു..
"ഡീ, എഴുന്നേക്കാൻ..
"
ഒരിക്കൽ കൂടി അവരെ കുലുക്കി
വിളിച്ചു അഞ്ജലി ബെഡിൽ നിന്നും എഴുനേറ്റു റൂമിലാകെ മണം പിടിച്ചു..
"എന്നതാടി രാവിലെ..
"
കണ്ണുകൾ തിരുമ്മി ദിയ
അഞ്ജലിയെ നോക്കി..
"ഡി, നല്ല ബീഫിന്റെ
മണം.. "
ഒന്ന് കൂടി ശ്വാസമെടുത്തു
കൈകൾ ഇരു ചെവികളുടെയും പുറകിൽ ചേർത്ത് ഒരു നിമിഷം അവൾ കാതോർത്തു..
"കേട്ടാ...
കേട്ടാ.. ചീനച്ചട്ടിയിൽ ചട്ടുകം ഇട്ട് ഇളക്കുന്ന സൗണ്ട്.. ഉലത്തുവാ..
ഉറപ്പാ.. ഞാൻ ഒന്ന് നോക്കട്ടെ.. "
വീണ്ടും ശ്രദ്ധയോടെ മണം
പിടിച്ചു അവൾ തുറന്നു കിടന്ന ബാൽക്കണി വാതിൽ വഴി പുറത്തേക്കിറങ്ങി..
"ഡി, അപ്പുറത്ത്
നിന്നാ.. പോയി ചോദിച്ചാലോ.. "
ഒരു മിനിറ്റിനു ശേഷം
അകത്തേക്ക് വന്ന അഞ്ജലി ബെഡിൽ ഇരുന്നു കൂട്ടുകാരെ നോക്കി..
"എന്തോന്ന് അവരുണ്ടാക്കിയ
ബീഫാ.. "
"ഹേ.. അല്ല..
ഇതെവിടെ വാങ്ങാൻ കിട്ടുമെന്ന്.. കടയിൽ പോയി ഒരു പ്ളേറ്റ് വാങ്ങണതിന് എന്നതാ വില.
വയറു നിറച്ചു കഴിക്കാൻ കിട്ടുവോ അതും ഇല്ലാ... ഇതാകുമ്പോ ഇഷ്ടം പോലെ ഉണ്ടാക്കി
കഴിക്കാല്ലോ.. "
"ഡി, നമ്മള് ഇന്നലെ
വന്നല്ലേ ഉള്ളൂ. പോരേ അപ്പുറത്ത് ആരാണെന്ന് ഒരുറപ്പും ഇല്ലാ.. ചുമ്മാ..
"
"അതൊക്കെ ഇന്നലെ
ഞാൻ സെക്യൂരിറ്റിയോടു അന്വേഷിച്ചു, നമ്മുടെ അപ്പുറം ഏതോ മലയാളി പയ്യനാ. ഈ ഫ്ലോറിൽ ആകെ
ഉള്ള ആറിൽ ബാക്കി നാലു ഫ്ലാറ്റും കാലിയാ.. "
"ഡി.. അത്
മലയാളി ആയിട്ടാണോ രാവിലെ അവിടുന്നു ഹനുമാൻ ചാലീസു ചൊല്ലുന്നത് കേട്ടെ..
എന്നിട്ട് അവിടെ ബീഫും.. നല്ല കളിയായി.. "
പുതപ്പിനുള്ളിൽ നിന്നും
തല വെളിയിൽ എടുക്കാതെ തന്നെ മൈഥിലി പറഞ്ഞു.
"ഡാ മിഥൂ..
നീ എങ്ങനെ ഇതൊക്കെ അറിഞ്ഞേ.. "
അഞ്ജലി കവിളിൽ കൈ വച്ചു
അത്ഭുത ഭാവത്തിൽ അവളെ നോക്കി.
"അവിടുത്തെ മന്ത്രം
കേട്ട് പേടിച്ച ഒരു പിശാശ് വെളുപ്പിനെ എന്നെ തൊഴിച്ചു താഴെ ഇട്ടായിരുന്നു."
"ആഹ്.. "
അഞ്ജലി ഒരു നിമിഷം ആലോചനയിലാണ്ടൂ.
"സോറി ഡാ..
വാ എഴുനേല്ക്കൂ, നമുക്കൊന്ന് ചോദിച്ചിട്ടു വരാം.. "
"നീയെ, ദിയെ
കൂട്ടി പോയേ, എനിക്കൊന്നുകൂടി ഉറങ്ങണം.. "
"ആ ബെസ്റ്റ്..
ഡി മൈഥിലി പെണ്ണേ.. നല്ല ചൂട്, ആവി പറക്കുന്ന പുട്ടിൽ ഇറച്ചിക്കറി ഒഴിച്ച്
കുഴച്ചു, ഒരു പപ്പടം അതിൽ അമർത്തി പൊടിച്ചു കഴിക്കുന്നതൊന്നു ഓർത്തു നോക്കിയേ.. "
പറഞ്ഞു തീർന്നതും പുതപ്പു
വലിച്ചു മാറ്റി അവൾ ബെഡിൽ എഴുനേറ്റുരുന്നു..
"ഒരഞ്ചു മിനിറ്റ്..
ഞാൻ ഒന്ന് റെഡിയായി വരാം.. "
തന്നെ നോക്കി നില്കുന്ന
അഞ്ജലിയുടെ കവിളിൽ പിടിച്ചു വലിച്ചു, അലമാര തുറന്നു ടൗവലുമായി അവൾ ബാത്ത് റൂമിലേക്ക്
ഓടി..
"അഞ്ജു, ആ ചെക്കന്മാർ
എന്ത് വിചാരിക്കും.. "
ദിയയും ബെഡിൽ നിന്നുമെഴുനേറ്റ്
അവളുടെ അരികിലെത്തി.
"അവരെന്തെലും വിചാരിക്കട്ടെ..
നീ പോയി ചേച്ചിമാർക്ക് ചായ വയ്ക്കൂ... "
കുറച്ചു സമയത്തിന് ശേഷം
ബാത്ത് റൂമിന്റെ കതക് തുറന്നു ഇറങ്ങി വന്ന മൈഥിലി ഒരു പ്രേത്യേക ഭാവത്തിൽ കണ്ണുകളടച്ചു
അഞ്ജലിയെ നോക്കി..
"അടുത്ത റൂം, ബാച്ച്ലർ
ബോയ്സ്.. ഫസ്റ്റ് ഇമ്പ്രെഷൻ.. ഞാൻ ഈ ഡ്രെസ്സ് ഒന്ന് മാറി മുടിയൊന്ന് ശെരിയാക്കട്ടെ.
അപ്പോഴേക്കും നീ ഫ്രഷായി വാ . "
"അപ്പുറത്തെ വാതിലുവരെ
പോകാൻ എന്തിനാടി ഡ്രസ്സ് മാറുന്നെ, നമ്മൾ അവിടെ ചെല്ലുന്നു, ബെല്ലടിക്കുന്നു, അവരോടു
സാധനം എവിടെ വാങ്ങാൻ കിട്ടും എന്ന് ചോദിക്കുന്നു, മറുപടി കിട്ടുന്നു, തിരിച്ചു പോരുന്നു..
ആകെ മൊത്തം ഒരഞ്ചു മിനിറ്റ്.. അതിനാണോ നീ.. "
"രാവിലേ എഴുനേറ്റു
വരുമ്പോഴും എന്നാ ഭംഗിയാ നിന്നെ കാണാൻ എന്റെ പെണ്ണേ.. നിന്റെയൊപ്പം പിടിച്ചു
നിൽക്കാൻ ഇത്തിരി മേക്കപ്പ് വേണം.. "
"നിന്നെയൊന്നും
പറഞ്ഞിട്ട് കാര്യമില്ല.. "
"ആടീ, എന്നെ പറഞ്ഞിട്ട്
കാര്യമില്ല, അതെങ്ങനാ അച്ഛന്റേം അമ്മേടേം കളറല്ലേ നമുക്ക് കിട്ടൂ.. "
ചിരിച്ചു കൊണ്ട് ബാത്റൂമിലേക്കു
കയറി പോകുന്ന അഞ്ജലിയെ നോക്കി പറഞ്ഞു മൈഥിലി അലമാരയിൽ നിന്നും മറ്റൊരു വസ്ത്രം കയ്യിലെടുത്തു.
"അഞ്ജു, മൈഥിലി..
ദോ ചായ റെഡിയായി.."
ബെഡ്റൂമിൽ നിന്നും ഇറങ്ങി
വരുന്ന രണ്ടു പേർക്കുമായി ചായ ഡൈനിങ് ടേബിളിൽ വച്ചു, തന്റെ ചായക്കപ്പ് കയ്യിൽ പിടിച്ചു
ദിയ ഹാളിലേക്ക് നടന്നു.
സംഭവം വലിയ വർത്തമാനമൊക്കെ
പറഞ്ഞെങ്കിലും അടുത്ത ഫ്ലാറ്റിന്റെ മുന്നിൽ എത്തിയപ്പോൾ പരിഭ്രമത്തോടെ അഞ്ജലി
മൈഥിലിയെ തിരിഞ്ഞു നോക്കി. അവളാകട്ടെ അഞ്ജലിയുടെ പരിഭ്രമം മനസ്സിലാക്കാതെ കോളിംഗ് ബെല്ലിൽ
വിരലമർത്തി..
"ഈ.. "
അങ്ങോട്ടും ഇങ്ങോട്ടും
ഓരോ ചിരി സമ്മാനിച്ചു അവർ ഡോറിനടുത്തേക്കു വരുന്ന കാലടി ശബ്ദം ശ്രദ്ധിച്ചു.
"ജീ.. "
വാതിൽ തുറന്ന യുവാവ്
അഞ്ജലിയെ ചോദ്യ ഭാവത്തിൽ നോക്കി..
"ആക്ച്വലി..
വി കെയിം ഹിയർ ഫോർ ചെക്കിങ് ബീഫ്.. "
ഇരു കൈകൾ കൊണ്ടും ആഗ്യം
കാണിച്ചു പറയാൻ വന്നത് മറന്നതു പോലെ അവൾ പുറകിൽ നിന്ന മൈഥിലിയെ നോക്കി..
"ഏഹ്.. ഇവളെവിടെപ്പോയ്..
"
കൂടെ വന്ന മൈഥിലിയെ കാണാഞ്ഞതിനാൽ
അവൾ ചുറ്റും നോക്കി.
"തെണ്ടീ.. "
തങ്ങളുടെ ഫ്ലാറ്റിന്റെ
വാതിൽ പടിയിൽ മറഞ്ഞു നിന്ന് തന്നെ നോക്കി ചിരിക്കുന്ന മൈഥിലിയെ അവൾ ദേഷ്യത്തോടെ
നോക്കി..
"തെണ്ടീ... "
"ഉപ്സ്..
യു ആർ നോട് തെണ്ടി, മൈ ഫ്രണ്ട് ഈസ് എ തെണ്ടി.. "
"ക്യാ.. "
"ക്യാ.. പുണ്യാളാ...
അല്ല ഞാൻ ഇപ്പോ എന്താ ഈ പറേണെ.. എന്തിനാ ഇങ്ങോട്ട് വന്നേ.. ഞാൻ പോണേ "
അവന്റെ മുന്നിൽ കൈകൾ
കൂപ്പി അവൾ തിരിച്ചു നടക്കാൻ തുടങ്ങി..
"വെയിറ്റ്.
ആർ യു ഫ്രം കേരള.. "
പ്രതീക്ഷയുടെ ഒരു കണിക..
"യെസ്.. യെസ്..
ഐ ആം ഫ്രം കേരള... "
"ഓക്കേ,ലെറ്റ്
മി കാൾ മൈ ഫ്രണ്ട്.. വൺ മിനിറ്റ്.. "
അവൻ അകത്തേക്ക് കയറിപ്പോയപ്പോൾ
അഞ്ജലി തന്റെ ഫ്ലാറ്റിന്റെ മുന്നിലേക്ക് നോക്കി ഇടതു കൈ കൊണ്ട് എതിരെ നിൽക്കുന്ന ആളുടെ
കഴുത്തിൽ പിടിച്ചു താഴേക്കാക്കി വലതു കൈ മടക്കി മുതുകിൽ മുട്ട് കൈ കൊണ്ട് ഇടിക്കുന്ന
ആക്ഷൻ കാണിച്ചു. പിന്നെ വളരെ ശബ്ദം താഴ്ത്തി അൽപ്പം മോശം വാക്കുകളും..
"ടിക് ടിക്.. "
ഫ്ലാറ്റിന്റെ മെയിൻ ഡോറിൽ
മുട്ടുന്ന ശബ്ദം കേട്ടാണ് അവൾക്ക് സ്ഥലകാല ബോധമുണ്ടായത്.
"യെസ്, പറയൂ..
"
"അത്.. അത്..
"
"പറയൂ.. "
അവൻ ധിറുതി കൂട്ടി..
"ബീഫ് എവിടെ കിട്ടും..
കറി വയ്ക്കാൻ.. "
ഒറ്റ ശ്വാസത്തിൽ അഞ്ജലി
ചോദിച്ചപ്പോൾ പരിഭ്രമിച്ചത് അവനായിരുന്നു.. ഒരു നിമിഷം ആലോചിച്ചു നിന്ന ശേഷം അവൻ പുറകോട്ട്
തിരിഞ്ഞു ക്ലോക്കിലേക്കു നോക്കി..
"സമയം പന്ത്രണ്ടു
കഴിഞ്ഞു, ഇന്നിനി കിട്ടില്ല. "
"ഓഹ്.. "
"ചൊവ്വ, വെള്ളി
ശനി ഞായർ ഇവിടെ ഒരു മാർക്കറ്റ് ഉണ്ട്, അതിന്റെ പുറകിലെ തെരുവിൽ കിട്ടും.. "
"ഓക്കേ..
താങ്ക്സ്.. "
"ഹ്മ്മ്.. "
"ബീഫ് ഉലത്തുവാണോ..
"
അഞ്ജലിക്ക് പുഞ്ചിരി
മറുപടി നൽകി കതകടക്കാൻ പോയ അവൻ ആ ചോദ്യത്തിൽ ഒന്നു പകച്ചു പോയി..
"ആഹ്.. അതെ.. "
"തേങ്ങാ കൊത്തു
ഇട്ട്... "
"ഹ്മ്മ്.. "
"കുരുമുളക് പൊടി
ഇട്ട് ചീനചട്ടിയുടെ അടിയിൽ പിടിക്കാതെ ഇളക്കുവായിരുന്നായിരിക്കും അല്ലെ.. "
"അതെ.. "
"നല്ലൊണം വെളിച്ചെണ്ണ
ഒഴിച്ച് വഴറ്റണം, നല്ല കറുത്ത നിറം ആകണം.. എന്നാലേ ടേസ്റ്റ് വരൂ. മുകളിൽ കറിവേപ്പില
ഇടണം. കഴിക്കാൻ കൊണ്ടെ വയ്ക്കുമ്പോൾ ചുറ്റും ഇങ്ങനെ സവാള അരിഞ്ഞു വച്ചാൽ സൂപ്പറാകും..
"
അവന്റെ ചുണ്ടിലൊരു പുഞ്ചിരി
വിടർന്നു..
"ഹ്മ്മ്, ഒരു മണിക്കൂർ
കഴിഞ്ഞു വന്നാൽ ബീഫ് കൂട്ടി ഊണ് തരാം.. "
"ബുദ്ധിമുട്ട് ആകില്ലേ..
"
"ഇല്ലാ.. "
"എന്റെ കൂടെ രണ്ടു
പേര് കൂടിയുണ്ട്.. "
"ഇറച്ചി ഇഷ്ടം പോലെയുണ്ട്..
ചോറ് വച്ചാൽ മതി.. "
"ഓക്കേ.. നിങ്ങളെത്ര
പേരുണ്ട്.. "
"രണ്ടു പേര്.. "
"ഒക്കെ..
അഞ്ചു പേർക്കുള്ള ചോറും, ചെറിയ ഉള്ളിയും വെളുത്തുള്ളിയും വഴറ്റി കടുക് വറുത്ത
മോരും കൊണ്ടുവരാം.. "
"ഡീൽ.. "
"അഞ്ജലി..
അഞ്ജലിമറിയം തോമസ് "
അവൾ അവനു നേരെ കൈ നീട്ടി.
"ആദി, ആദിത്യ..
"
അവൻ നീട്ടിയ വലതു കൈ
പിടിച്ചു കുലുക്കുന്നതിനിടയിൽ കണ്ണാലൊന്നുഴിയാൻ അവൾ മറന്നില്ല.
റൗണ്ട് നെക്ക് ടി ഷർട്ടും
കാവി മുണ്ടും.നല്ല ഉയരവും അതിനൊത്ത ശരീരവും, ട്രിം ചെയ്ത താടിയും മീശയും , കറുത്ത
കണ്ണുകൾക്ക് എന്തോ വല്ലാത്തൊരു കാന്തിക ശക്തിയുള്ളപോലെ, കയ്യിലൊരു സ്വർണ്ണ ബ്രെസ്‌ലെറ്റ്.
അഞ്ജലി പെട്ടന്ന്
തന്നെ അവന്റെ മുഖത്തു നിന്നും നോട്ടം പിൻവലിച്ചു തിരികെ നടക്കാൻ തുടങ്ങി.
ഫ്ലാറ്റിനുള്ളിലേക്കു
കയറിയ അഞ്ജലി മൈഥിലിയെ തിരഞ്ഞെങ്കിലും അവൾ ബെഡ്‌റൂമിൽ കയറി ഡോർ അടച്ചു കളഞ്ഞതിനാൽ രക്ഷപെട്ടു.
കുറച്ചു നേരം വാതിലിൽ മുട്ടിയ ശേഷം മുറി പുറത്തു നിന്നും പൂട്ടി, തിരികെ അടുക്കളയിൽ
വന്നു ഉച്ചഭക്ഷണത്തിനുള്ള ഒരുക്കങ്ങളിൽ അവൾ മുഴുകി.
"ഡി, എന്നാലും ഒരു
വശപ്പിശകില്ലേ..ഇങ്ങനെ ആദ്യം കാണുമ്പോൾ തന്നെ. വെല്ല കോഴിയും ആയിരിക്കുമോ..
"
അല്പം മുൻപ് ഉണ്ടാക്കിയ
മാഗി പാത്രത്തിൽ നിന്നും ഒരു ഫോർക്കിൽ ചുറ്റിയെടുത്തു വായിൽ വച്ചുകൊണ്ട് മൈഥിലി
അഞ്ജലിയെ നോക്കി.
" കോഴിയല്ല പോത്ത്..
നിനക്ക് വേണേൽ വന്നാ മതി, പെട്ടന്ന് തിന്നിട്ടു ഈ ഉള്ളി അരിഞ്ഞു താ പെണ്ണേ..
"
"അപ്പൊ അവളോ...
"
"അവളുടെ റൂം തുറന്നു
കൊടുത്തേക്കു. എന്നിട്ട് പോയി തൈര് വാങ്ങി വരാൻ പറ.. ചെല്ല്.. "
അരി കഴുകി കുക്കറിൽ ഇട്ട്
ബർണർ കത്തിച്ച ശേഷം, തൊട്ടടുത്തിരുന്ന പാനിൽ നിന്നും രണ്ടു വിരൽ കൊണ്ട് കുറച്ചു മാഗി
വാരി അഞ്ജലി വായിലേക്കിട്ടു.
******************************
വിടർന്ന കുസൃതി നിറഞ്ഞ
കണ്ണുകൾ, ലിപ്സ്റ്റിക്കിനെ തോല്പിക്കുന്ന ചുവന്ന ചുണ്ടുകൾ, നീണ്ട മിനുസമുള്ള,
കെട്ടിവച്ചിട്ടും കാറ്റത്ത് അനുസരണയില്ലാതെ മുഖത്തേക്ക് പറന്നു വീഴുന്ന മുടിയിഴകൾ..അവയെ
തന്റെ ഇടതു ചെവിയുടെ പുറകിലേക്ക് ഒതുക്കി വയ്ക്കാൻ ശ്രമിച്ചു പരാജയപെടുന്ന നീളൻ വിരലുകൾ..
"ഊപ്സ്.. "
മനസ്സൊന്നു പതറിയപ്പോൾ
പൊള്ളിയത് ഇടതു കൈ വിരലാണ്.
"ഭായ്.. ക്യാ
ഹോഗയാ.. "
"കുച്ച് നഹിരെ..
"
"വോ ചോരി ക്യാ ബോൽ
രഹി ഥി "
(ആ പെണ്ണ് എന്താണ് പറഞ്ഞെ
)
"ഉസ്‌കോ ബീഫ് ചാഹിയെ..
ആജ് തൊ മാർക്കറ്റ് ബന്ത് ഹോഗയാനാ, സോ മേനെ ലഞ്ച് പർ ബുലായാ ഹേ. "
(അവൾക്ക് ബീഫ് വേണമത്രേ..
ഇന്ന് ഇപ്പോൾ മാർക്കറ്റ് അടച്ചില്ലേ. അതുകൊണ്ട് അവരെ ഞാൻ ലഞ്ചിന് വിളിച്ചു )
"ആപ്കൊ തൊ ജവാബ്
നഹി ഹേ. പഹലെ മിലെ ഓർ നഹി. ഖാന കെ കേലിയെ ആപ് കിസി കൊ തൊ മനാ നഹി കാരേങ്കെ..
"
(താങ്കൾക്ക് തുല്യം താങ്കൾ
മാത്രം. ആദ്യം കാണുന്നവർ ആയാൽ പോലും ആഹാരത്തിന്റെ കാര്യത്തിൽ മടി കൂടാതെ കൊടുക്കാമല്ലോ
)
"കിഷോർ.. ചോട്ടിസീ
സിന്ദഗി ഹേ അപ്ന. ആ ഏക് ഓർ ബാത്.. "
(ചെറിയ ജീവിതങ്ങൾ അല്ലെ
നമ്മുടേത്.. ആ ഒരു കാര്യം കൂടി )
"മാലും ഹേ..
ഹം അബ് ഖാന ധെഥോഗേതൊ ഉസ്‌കാ ഫായദ അപ്ന ബചോംകൊ മിലേഗാ "
(അറിയാം, നമ്മൾ ഇപ്പോൾ
ആഹാരം കൊടുത്താൽ അതിന്റെ പുണ്യം നമ്മുടെ മക്കൾക്ക് കിട്ടും )
"ആ തൊ തും സീക്
ലിയാ.. "
(അപ്പൊ പഠിച്ചു പോയ്
)
ഗ്യാസ് ഓഫ് ചെയ്ത് ചീനചട്ടി
മൂടി വച്ചു ആദി കുളിക്കാൻ പോയപ്പോൾ കിഷോർ അടുക്കള വൃത്തിയാക്കി ഡൈനിങ്
ടേബിളിൽ പാത്രങ്ങൾ നിരത്തി വച്ചു..
*********************************
"ഹ്മ്മ്..
അസാധ്യം.. അലുന്നു പോണൂ.. "
ഒരു കഷ്ണം വായിലിട്ടു
ചവച്ചു അഞ്ജലി ആദിയെ നോക്കി.
"താങ്ക്സ്..
എല്ലാവരും സ്വന്തം വീട് പോലെ എടുത്തു കഴിക്കണം, തീർന്നു പോകും എന്നൊന്നും വിചാരിക്കല്ലേ..
"
"അതൊക്കെ ഏട്ടനു
തോന്നുന്നതാ.. ഇതെല്ലാം തീർത്തിട്ടേ ഇവിടുന്നു പോകൂ.. ആ പിന്നെ ഞാൻ മൈഥിലി.. ഇവൾ ദിയ..
ഞങ്ങൾ ഇവിടെ സോഫ്റ്റെക്കിൽ ഒരുമിച്ചാണ് വർക്ക് ചെയ്യുന്നേ "
"ഞാൻ ആദി, ഇവിടെ
ഒരു കൺസൾട്ടിങ് ഫാമിൽ ജോലി ചെയ്യുന്നു. ഇത് കിഷോർ, സ്വദേശം ജബൽപൂർ, ഹൊസൂരിലെ
ട്രക്ക് ഫാക്ടറിയിൽ മെക്കാനിക്കൽ എഞ്ചിനീയർ ആണ്. "
"ഓഹ് ഹിന്ദി.. "
ദിയ കിഷോറിനെ നോക്കി
കൈകൂപ്പി.
"അല്ല ഏട്ടാ, ഇവിടെ
വേറെ മലയാളി പയ്യന്മാരെ കൂട്ട് കിട്ടിയില്ലേ.. "
"അങ്ങനെയല്ല, ഞാൻ
ഇവിടെ ഒറ്റക്കാണ് താമസം, ഇവൻ ഹൊസൂറിൽ നിന്നും വീക്കെൻഡ് വരും. പഴയ ഐഐടി കൂട്ടാണ്. "
"ഓഹ് അപ്പോൾ നിങ്ങൾ
ഐഐടി ആണല്ലേ.. ജീനിയസ്, പഠിപ്പിസ്റ്റ് ടീം.. "
അഞ്ജലി പ്ളേറ്റുകളിലേക്കു
ചോറ് വിളമ്പുന്നതിനിടയിൽ ചോദിച്ചു.
"ഹഹ.. അങ്ങനെ
ഒന്നുമില്ല.. അതല്ല, ഈ മറിയം അമ്മയുടെ പേരാണോ.. "
"ഹേ അല്ല, എന്റെ
പള്ളീലെ പേരാണ്. ഒരു ഗും ഇല്ലാ അല്ലെ.. "
"ഹേ അഞ്ജലിയെക്കാൾ
നല്ലത് മറിയം ആണ്. അമ്മ.."
"എന്തോ.. "
അവൾ തന്റെ വലത്തേ പുരികം
ഉയർത്തി സംശയത്തോടെ അവനെ നോക്കി..
"അമ്മ, മറിയാമ്മ..
അത് മതി.. "
"അതല്ല ഏട്ടാ, ഞാൻ
രാവിലെ ഇവിടുന്നു മണിയടിയെല്ലാം കേട്ടല്ലോ, ഹനുമാൻ ചാലീസും.. "
മൈഥിലി ആദിയോട് ചേർന്നിരുന്നു
രഹസ്യമായി ചോദിച്ചു.
"അതിവന്റെ പണിയാ..
എവിടെ പോയാലും രാവിലെ അഞ്ചര ആകുമ്പോൾ കൃത്യമായി എഴുനേറ്റ് പൂജ ചെയ്യും .. അല്ലേടാ..
"
ആദി കിഷോറിനെ ചൂണ്ടി
അവരോടു പറഞ്ഞു.
"അപ്പോൾ ഈ ബീഫ്
തിന്നുന്നതോ.. "
"അത് വേറെ ഒരു പൂജ,
പേട് (വയർ ) പൂജ. എല്ലാ ഞായറാഴ്ചയും രാവിലെ എഴുനേറ്റു പൂജ കഴിഞ്ഞു ചായയും ഉണ്ടാക്കി
വച്ചിട്ട് ആശാനാണ് പോയി സാധനം വാങ്ങി വരുന്നേ. "
"അത് ഇവർ, ഇവരുടെ
നാട്ടുകാർ കഴിക്കില്ലല്ലോ.. "
"അതൊരു കഥയാണ്
, ഒറ്റ വരിയിൽ പറഞ്ഞാൽ പണ്ടൊരിക്കൽ ചിക്കൻ സ്പെഷ്യൽ ആണെന്ന് പറഞ്ഞു കൊടുത്തതാ, രുചി
പിടിച്ചു പോയി.. "
"ആഹാ, കൊള്ളാല്ലോ..
"
എല്ലാവരും ചേർന്നു തന്നെ
നോക്കി ചിരിക്കാൻ
തുടങ്ങിയപ്പോൾ പറഞ്ഞത്
മുഴുവൻ മനസ്സിലായില്ലെങ്കിൽ പോലും കിഷോറും അതിൽ പങ്കു ചേർന്നു. അവരങ്ങനെ ചെറിയ
കളിയും ചിരിയുമായി ഉച്ചഭക്ഷണം കഴിച്ചു കൊണ്ടിരുന്നു.
*******************************
അടുത്ത ദിവസം രാവിലെ
അടുത്തുള്ള പാർക്കിൽ ജോഗിങ്ങിന് ശേഷം വിശ്രമിക്കുകയായിരുന്നു ആദി. ചാരുബെഞ്ചിലിരുന്നു
മൊബൈലിൽ മെസ്സേജുകൾ നോക്കുകയായിരുന്ന അവൻ തന്റെ ശരീരത്തോട് ചേർന്നു ആരോ വന്നിരിക്കുന്നത്
പോലെ തോന്നിയാണ് മുഖമുയർത്തി നോക്കിയത്.
"ഗുഡ് മോർണിംഗ്..
"
(തുടരും )
No comments:
Post a Comment