കടലാഴങ്ങൾ 13
പോലീസ് സ്റ്റേഷന്റെ മതിൽകെട്ടിനുള്ളിലേക്കു പാഞ്ഞു കയറിയ ജീപ്പ് ആ കെട്ടിടത്തിന്റെ ഒരു വശത്തേക്ക് ചവിട്ട് നിർത്തി ഡ്രൈവർ സീറ്റിൽ നിന്നും അംബരീഷ് ചാടി ഇറങ്ങി .
"ഡോ , അവനെ എടുത്ത് സെല്ലിൽ ഇട്ടേക്ക് .. നാളെ വൈകിട്ട് വരെ അവിടെ കിടക്കട്ടെ .. "
അകത്തേക്ക് കയറി പോകുന്നതിനിടയിൽ ജീപ്പിനു പുറകോട്ടു നോക്കി അയാൾ വിളിച്ചു പറഞ്ഞു. അധികാരത്തിന്റെ ഗർവ്വോടെ തൊപ്പി ഒന്ന് കൂടി ഉറപ്പിച്ചു പാന്റ്സ് വലിച്ചു നേരെയാക്കി മുറിയിലേക്ക് കയറി ചെന്ന അംബരീഷ് പക്ഷെ തൻ്റെ കസേരയിൽ ഇരിക്കുന്ന ആളെ കണ്ട് പരിഭ്രമിച്ചു . പിന്നെ കൈ നീട്ടി സല്യൂട്ട് അടിച്ചു
""ജസ്റ്റിൻ ജേക്കബ് ഐ പി എസ് .."
ഒരു നിമിഷം കൊണ്ട് മുഖത്തെ ഭാവത്തെ പുഞ്ചിരികൊണ്ടു അയാൾ മറച്ചു കളഞ്ഞു
"സർ .. സർ എന്താണ് ഇതുവഴി .... "
"എന്തെ , സ്ഥലത്തെ ഡി എസ് പി ക്കു ഇത് വഴി വരാൻ പാടില്ല എന്നുണ്ടോ .. "
ആ ചെറുപ്പക്കാരൻ കസേരയിൽ നിന്നും എഴുനേറ്റ് അയാളുടെ അടുത്തേക്ക് നടന്നു .
"ആരാടോ അത് ... "
ആ മുറിയുടെ പുറത്തെ ശബ്ദം കേട്ട് അംബരീഷിനെ കടന്നു ജസ്റ്റിൻ ഹാഫ് ഡോർ തുറന്നു പുറത്തേക്കിറങ്ങി .
"തല്ല് കേസാ സാറെ ..."
അംബരീഷ് ചെറിയൊരു പരിഭ്രമത്തോടെ അയാളുടെ പുറകിലെത്തി .
"ഹ്മ്മ് .. ഒറ്റക്കോ , ഇവനെന്താ സ്വയം തല്ലിയോ .. തല്ല് കൊണ്ടവർ എന്തിയെ "
"അല്ല സർ , പഴയ ഒരു പരാതി ഉണ്ടായിരുന്നു , ഇപ്പോഴാ ഇവനെ കിട്ടിയേ , ഞങ്ങൾ ചെന്നപ്പോ ഓടാൻ നോക്കി അതാ .. "
"ആണോടോ .. "
അയാൾ ആദിയെ നോക്കി .
"അല്ല സാർ , അഞ്ചാറ് കൊല്ലം കൂടി രണ്ടു ദിവസം മുന്നാ നാട്ടിൽ വന്നേ, അതും പെങ്ങടെ കല്യാണത്തിന്.. ഈ പറഞ്ഞതൊന്നും എനിക്കറിയില്ല .. "
"ആഹാ അത് കൊള്ളാല്ലോ .. ആ പരാതി എന്തിയെ അംബരീഷേ .. "
"അത് സാർ .. "
"ഹ്മ്മ് .. താൻ നിന്ന് പരുങ്ങണ്ട ..ഡോ .. എന്നതാ കാര്യം .. "
ആദിയുടെ കയ്യിലെ കെട്ടഴിച്ചു അടുത്തുള്ള കസേരയിലേക്കിരുത്തി അവനെ പിടിച്ചിരുന്ന പോലീസുകാരനോട് ജസ്റ്റിൻ ചോദിച്ചു.
"അത് .. "
അയാൾ പേടിയോടെ അംബരീഷിനെ നോക്കി .
"ഇയാളോടൊപ്പം തനിക്കും വേണോ പണി .. "
"വേണ്ട സാർ , അത് .. ഞാൻ അംബരീഷ് സാറിനൊപ്പം ഉണ്ടായിരുന്നു എന്നെ ഉളളൂ , എനിക്കൊന്നും അറിയില്ല , സാറാണ് ഹോട്ടലിൽ ഫുഡ് കഴിച്ചു കൊണ്ടിരുന്ന ഇയാളെ പിടിച്ചു കൊണ്ട് വന്നത് , എനിക്ക് വേറെ ഒന്നും അറിയില്ല .. "
ജസ്റ്റിൻ ദേഷ്യത്തോടെ അംബരീഷിനു നേരെ തിരിഞ്ഞു .
"എന്തൊക്കെ ആണെടോ കാണിച്ചു വച്ചിരിക്കുന്നെ .. ആരുടെയും പരാതി ഇല്ലാതെ തന്നെ ഒരുത്തനെ ഇടിച്ചു പിഴിഞ്ഞ് കൊണ്ട് വന്നിരിക്കുന്നു , അതും താൻ ലീവിൽ ആയിരിക്കുമ്പോ .. ഇതെന്താ വടക്കേഇന്ത്യയോ.. തനിക്കു തോന്നുന്നത് കാണിക്കാൻ.. "
"ഞാൻ ലീവിൽ അല്ല സർ .. പിന്നെ... പരാതി ഞാൻ കാണിക്കാം .."
"ഹാ .. അപ്പൊ താൻ ലീവിൽ അല്ലെ .."
"അല്ല , ഇന്ന് മുതൽ ഡ്യൂട്ടിക്ക് കേറി .. "
അംബരീഷ് അശ്വാസത്തോടെ പറഞ്ഞു .
"അത് നന്നായി , ഏതായാലും താൻ ഒരു കാര്യം ചെയ്യ് , കഴിഞ്ഞ എട്ടു കൊല്ലത്തെ സകല എഫ് ഐ ആറും എടുത്തു എസ് പി ഓഫീസിലേക്ക് ചെല്ല് . അവിടെ ഡാറ്റാ എൻട്രി ചെയ്യുന്നവർ ഉണ്ടാകും , ഈ സ്‌റ്റേഷന്റെ പരിധിയിൽ കുറച്ചു പ്രശ്ങ്ങൾ ഉണ്ട് .. എല്ലാം ഒന്നു ഓഡിറ്റ് ചെയ്യണം "
"അത് .. നാളെ എനിക്ക് .."
"സമയം ഇപ്പോൾ എട്ടു മണിയായി , ഒൻപത് മണി . തൻ്റെ റിപ്പോർട്ടിങ് ടൈം .. ഇട്സ് ആൻ ഓർഡർ ഫ്രം ഡി എസ് പി . "
ജസ്റ്റിൻ തന്റെ വാച്ചിലേക്ക് നോക്കി .
"ശരി സാർ . "
അംബരീഷ് ഫയലുകൾ വച്ചിരിക്കുന്ന റാക്കിനടുത്തേക്കു നടന്നപ്പോൾ ജസ്റ്റിൻ ആദിയുടെ തോളിൽ കൈ വച്ചു .
"ശ് .. ആ ."
അവൻ വേദനയോടെ തോൾ താഴ്ത്തി.
"താൻ ഒരു പരാതി എഴുതി പോലീസ് കംപ്ലൈന്റ് അതോറിറ്റിക്ക് കൊടുക്ക്, എന്നിട്ട് അതിന്റെ ഒരു കോപ്പി എസ് പി ഓഫീസിൽ തന്നാൽ മതി. ഞാൻ അന്വേഷിക്കാം .."
"പരാതി ഒന്നുമില്ല സർ , ഇതു അദ്ദേഹത്തിന് ആള് മാറിയതാകും ..എന്നെ തിരികെ വിട്ടാൽ മതി "
"ഹ്മ്മ് .. വാ , ഞാൻ പോകുന്ന വഴി തന്നെ തിരികെ വിട്ടേക്കാം .. "
ജസ്റ്റിൻ മുറിക്കകത്ത് കയറി തൻ്റെ ക്യാപ് തലയിൽ വച്ച് തിരികെ ഇറങ്ങി .
"ഡോ, ഇയാൾക്ക് മരുന്ന് മേടിക്കാനും ഉടുപ്പിനും ആയി കുറച്ചു കാശാകും. അത് നാളെ ഞാൻ വാങ്ങിച്ചോളാം.. അപ്പൊ പറഞ്ഞപോലെ , ഒൻപതു മണിക്ക് ഓഫീസിൽ കണ്ടേക്കണം .. "
"ശരി സാർ .."
അംബരീഷ് ഒരിക്കൽ കൂടി അയാളെ നോക്കി സല്യൂട്ട് അടിച്ചു , കൂടെ മറ്റുള്ള പോലീസുകാരും .
ഒരുമണിക്കൂറിനു ശേഷം രാഘവന്റെ ചായക്കടയുടെ മുന്നിൽ ജസ്റ്റിൻ ജേക്കബിന്റെ കാറിൽ ആദി വന്നിറങ്ങുമ്പോൾ അവൻ്റെ മുഖത്തു ബാൻഡേജ് ഒട്ടിച്ചിരുന്നു . ധരിച്ചിരുന്നത് പുതിയ ഡ്രെസ്സും . പോലീസ് ജീപ്പിൽ പിടിച്ചു കൊണ്ട് പോയവനെ ഡി എസ് പി യുടെ കാറിൽ തിരികെ എത്തിച്ചത് അവിടെ കൂടിയിരുന്നവരിൽ അത്ഭുതം ഉണ്ടാക്കി .
"എന്താണ് നിനക്ക് പരാതി ഇല്ലാത്തത്, പേടിച്ചിട്ടാണോ ..അതോ.. "
ഒന്നും സംസാരിക്കാതെ ഇറങ്ങി നടന്ന ആദിയോട് കാറിൽ നിന്നും ഇറങ്ങിയ ജസ്റ്റിൻ ശബ്ദം താഴ്ത്തി ചോദിച്ചു . മറുപടിയായി അയാളെ നോക്കി അവൻ പുഞ്ചിരിച്ചു .
"ഡാ , എൻ്റെ ബുള്ളറ്റ് എന്തിയെ .. "
"ദോ അവിടുണ്ട് .. "
കടയുടെ ഓരത്തേക്കു ആദി വിരൽ ചൂണ്ടി .
"അയാൾക്ക് അന്വഷണ വിധേയമായി ഒരു സസ്പെൻഷൻ മേടിച്ചു കൊടുക്കാം. ആ സമയം കൊണ്ട് എന്താന്ന് വച്ചാൽ പെട്ടന്ന് ആളറിയാതെ തീർത്തേക്കണം .. "
"വേണ്ടടാ .. എനിക്കങ്ങനെയൊരു ചിന്ത ഇപ്പോഴില്ല . ശനിയാഴ്ച വരെ അയാൾ എന്നെ ചൊറിയാതെ നോക്കിയാൽ മതി . പോയാൽ പിന്നെ ഞാൻ ഉടനെ തിരികെ വരില്ല .. "
"ഹ്മ്മ് .. നിന്റെ ഇഷ്ടം പോലെ. എന്നാലും അയാൾക്കുള്ളത് ഞാൻ വാങ്ങി കൊടുത്തോളം .. നീ ചെല്ല് .."
"ഹ്മ്മ് .. "
"സൊ മിസ്റ്റർ ആദിത്യ , ആള് മാറി ഉണ്ടായതാണ്. ഞാൻ അന്വഷിച്ചോളാം .. ഓക്കേ ..സോറി ഫോർ എവെരിതിങ് . ഒരു പ്രശ്‍നം ആക്കരുത് . "
കടയുടെ ഉള്ളിലേക്ക് ആദി കയറിയപ്പോൾ ജസ്റ്റിൻ ഉറക്കെ വിളിച്ചു പറഞ്ഞു.
"ശരി സർ , അയാളോടും കൂടി പറഞ്ഞേക്കൂ .. "
തിരിഞ്ഞു നോക്കാതെ മറുപടി പറഞ്ഞു അവൻ ഒരു ബെഞ്ചിലേക്കിരുന്നു .
"അവർ ഉപദ്രവിച്ചോ മോനെ .."
രാഘവൻ അവന്റെ അടുത്ത ചേർന്നിരുന്നു .
"ചെറുതായിട്ട് .."
ആദി തന്റെ കവിളിൽ പിടിച്ചു .
"ഹ്മ്മ് , ഇത്രയും ചെയ്തിട്ടും മോനോടുള്ള ദേഷ്യം അവനു തീർന്നില്ലല്ലോ .. നോക്കിക്കോ അനുഭവിക്കും അവൻ .. "
"അതൊക്കെ പോട്ടെ ചേട്ടാ ..ഇത്തിരി വെള്ളം തരാവോ "
അവൻ്റെ ദൈന്യത നിറഞ്ഞ നോട്ടം കണ്ടു കണ്ണുകൾ തുടച്ചു അയാൾ ഒരു ഗ്ലാസിൽ വെള്ളം നിറച്ചു ആദിക്ക് നേരെ നീട്ടി .
"ബെഞ്ചിന്റേം മേശയുടെയും പൈസ ഞാൻ നാളെ തരാം .. എൻ്റെ ഹെൽമെറ്റും താക്കോലും മൊബൈലും പേഴ്സും എല്ലാം ഇങ്ങോട്ടു എടുത്തേ ..ഞാൻ വീട്ടിലേക്കു പോട്ടെ .. "
കുറച്ചു സമയത്തിന് ശേഷം ആദി ബെഞ്ചിൽ നിന്നും എഴുനേറ്റു കൗണ്ടറിനടുത്തേക്കു ചെന്നു. അംബരീഷ് അവനെ ചവിട്ടി നിലത്തിട്ടപ്പോൾ മേശപ്പുറത്തിരുന്ന പേഴ്സും മൊബൈലും എല്ലാം തെറിച്ചു പോയിരുന്നു .രാഘവേട്ടന്റെ കയ്യിൽ നിന്നും ഹെൽമെറ്റ് വാങ്ങി തലയിൽ വച്ച് അവൻ പുറത്തേക്കിറങ്ങി.
########################
ഏഴുമുറ്റത്തേക്കു ചെന്ന് കയറിയ ബുള്ളറ്റിന്റെ ശബ്ദം കേട്ട് മാധവൻ ശബ്ധമുണ്ടാക്കി .
"നീ ഉറങ്ങീല്ലേടാ .. "
ഇല്ലെന്നർത്ഥത്തിൽ അവൻ തലയാട്ടിയപ്പോൾ ആദി പടികൾ കയറി, താക്കോൽ കൊണ്ട് വാതിൽ തുറന്നു വീടുള്ളിലേക്കു കയറി . ശേഷം വാതിൽ അകത്തു നിന്നും പൂട്ടി പടികൾ കയറി മുകളിലേക്ക് പോയി .
ധരിച്ചിരുന്ന വസ്ത്രം മാറി അവൻ കട്ടിലിലേക്ക് കിടന്ന് മൊബൈൽ ഓണാക്കി . ഒന്നിന് പുറകെ ഒന്നായി നോട്ടിഫിക്കേഷനുകളുടെ പ്രളയം . ഓരോന്നും നോക്കി വരുമ്പോഴാണ് വാട്ട്സാപ്പിലെ ഒരു മെസ്സേജിൽ അവൻ്റെ കണ്ണുടക്കിയത് .
"അഞ്ജലി ..."
പലതവണ ആ പേരവനുരുവിട്ടു കൊണ്ട് മെസ്സേജിലൂടെ കണ്ണോടിച്ചു കൊണ്ടിരുന്നു.
"ഹായ് .. "
തിരികെ മെസ്സേജ് അയക്കണമോ എന്നുള്ള വിചാരത്തിൽ അവനല്പനേരം ചിന്തയിലാണ്ടൂ ..പിന്നെ ചുണ്ടിൽ ഒരു പുഞ്ചിരിയോടെ മെസ്സേജ് ടൈപ്പ് ചെയ്തു .
"ഹായ് , ഗുഡ് ഈവെനിംഗ് ..ഹൂ ഈസ് ദിസ് .."
അടുത്ത നിമിഷം തന്നെ ആ മേസേജിനു നേരെ രണ്ടു നീല വരകൾ തെളിയുന്നതും മറു വശത്തു നിന്നും ടൈപ്പ് ചെയ്യാൻ പോകുന്നതായും അവൻ കണ്ടു .പക്ഷെ മറുപടി വരാൻ പിന്നെയും കുറച്ചു സമയം എടുത്തു ..
"ദിസ് ഈസ് അഞ്ജലി .. യുവർ നൈബർ ."
"ഓഹ് , അഞ്ജലി .. പറയൂ ."
"ഏഹ് , പെട്ടന്ന് ലീവിൽ പോയത് കൊണ്ട് .. "
"ലീവിൽ പോയത് കൊണ്ട് ..."
"അല്ല , എന്താണ് എന്നറിയാൻ വേണ്ടി .."
"അപ്പൊ എന്നെ കണ്ടില്ലങ്കിൽ തിരക്കാൻ ആളുണ്ടല്ലേ .. "
"അതല്ല .. വന്നപ്പോൾ ആളെ കണ്ടില്ല , ഓഫീസിൽ പറയുന്നത് കേട്ടു എന്തോ അത്യാവശ്യത്തിനു നാട്ടിൽ പോയതാണെന്ന് .. "
"ആ .. ചെറിയൊരാവശ്യം .."
"ഓക്കേ .. കഴിച്ചോ .."
"?"
"സോറി , ആവശ്യം കഴിഞ്ഞോ എന്ന് .."
"ആ .. ഇല്ല നാളെയാണ് .. "
"എന്താണ് ..പറയാൻ പറ്റുന്ന കാര്യമാണോ .."
"ആ.. അതിനെന്താ .. നാളെയാണ് കല്യാണം .. അതിനു വന്നതാ .."
കുറച്ചു നേരത്തേക്ക് മറുപടി ഒന്നും വരാതിരുന്നത് കൊണ്ട് തന്നെ അഞ്ജലിയുടെ മനസ്സിലെന്തായിരിക്കുമെന്ന് ആദി ഊഹിച്ചിരുന്നു .
"ഹലോ .. എന്ത് പറ്റി ..."
"ഒന്നുമില്ല .. ഞങ്ങളെ വിളിക്കാതിരുന്നത് മോശമായിപ്പോയി .."
"ഓഹ് , സോറി കേട്ടൊ .. ഞാൻ തന്നെ അറിഞ്ഞത് ഞായറാഴ്ചയാണ് .. "
"ഏഹ് .. "
"ആ , എല്ലാം പെട്ടന്നായിരുന്നു , അവിടെ വന്നിട്ട് എല്ലാവർക്കും ചിലവ് ചെയ്യാം .."
മറുപടി പറയാതെ മറുവശത്തു നിന്നുള്ള ആൾ ഓഫ്‌ലൈൻ ആയതറിഞ്ഞു ആദി പുഞ്ചിരിയോടെ ഫോൺ നെഞ്ചോടു ചേർത്തു.
"നീ എന്തിനാ ഇങ്ങനെ വിഷമിക്കുന്നെ.. "
ഫോൺ കട്ടിലിലേക്കെറിഞ്ഞു ബാൽക്കണിയിലേക്ക് പോയ അഞ്ജലിയുട പുറകെ ദിയ ചെന്നു .
"എന്ത് വിഷമം ദിയ.. അങ്ങനെ ഒന്നും ഇല്ലാ.. എനിക്കിത്തിരി നേരം ഒറ്റക്ക് നില്കണം ..അത്രെ ഉള്ളൂ. "
"ഡി പെണ്ണെ , അങ്ങേരു പോണേ പോട്ടെ , നമുക്ക് വേറെ ആളെ നോക്കാടി , ഏതായാലും ഇനി നിനക്ക് അപ്പന്റെ മുന്നിൽ പേടിക്കാതെ പോകാല്ലോ. "
"അങ്ങനെ പറഞ്ഞു കൊടുക്ക് മിഥൂ . നല്ല അച്ചായന്മാര് വരിവരി ആയി നിക്കുമ്പോഴാണോ നീ ഇങ്ങനെ ടെൻഷൻ ആകുന്നെ .. "
"ദേ രണ്ടും എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത് . ഞാൻ ഇവിടെ കെട്ടാൻ മുട്ടി നിക്കുവാണന്നാണോ നിന്റെ വിചാരം . "
"പിന്നെ എന്താണ് നിന്റെ പ്രശ്നം .."
"ഡി , ആദ്യായിട്ടാ ഒരാളോട് ഇഷ്ടം തോന്നിയെ , അയാൾക്ക് വേണ്ടി അപ്പനെയും അമ്മയെയും വരെ ഉപേക്ഷിക്കേണ്ടി വരും എന്ന് വരെ വിചാരിച്ചതാ , അപ്പോഴാ അങ്ങേര് വേറെ കെട്ടാൻ പോകുവാ എന്ന് കേൾക്കുന്നത് . അതെല്ലാം പോകട്ടെ , നമ്മൾ ഇത്രയും അടുത്ത് പെരുമാറിയതല്ലേ , എന്നിട്ട് അയാള് ഇങ്ങനെ ഒരു കാര്യം പറഞ്ഞില്ലല്ലോ .."
"നിനക്കത്രെ ഇമ്പോർട്ടന്റൻസ് അങ്ങേരു കൊടുത്തു കാണൂ .. ചിലപ്പോൾ നിന്നോട് ഒരു ഫ്രണ്ട് എന്നുള്ള രീതിയിൽ പെരുമാറിയതാകും , നമ്മൾ തെറ്റിദ്ധരിച്ചതായാലോ .. "
"എനിക്കറിയാൻ മേലാ ..ഇതിപ്പോ ഞാൻ ചമ്മി , ശെരിക്കും ചമ്മി .. "
"എന്തിനു ..."
"മിഥൂ , ഞാൻ ഇപ്പൊ മെസ്സേജ് അയച്ചില്ലേ .. അങ്ങേരു എന്ത് വിചാരിച്ചു കാണും. ഹോ .. വേണ്ടായിരുന്നു .."
"ഹാ പോട്ടെടി , അയാളെ കാണാഞ്ഞപ്പോ ഒരു ഫ്രണ്ട്ഷിപ്പിന്റെ പുറത്തു നമ്മൾ അന്വഷിച്ചു , അത്രേ ഉള്ളൂ .. വാ വന്ന് കിടക്ക് .."
"ആ പിന്നല്ലാതെ.. നിങ്ങൾ കൂടെ ഉള്ളപ്പോൾ എനിക്കെന്ത് സങ്കടം.. വാ.. '
അഞ്ജലി മൈഥിലിയെയും ദിയയെയും ചേർത്ത് പിടിച്ചു അകത്തേക്ക് നടന്നു . അവരെ നോക്കി ചിരിച്ചെങ്കിലും അവളുടെ മനമപ്പോഴും ഉരുകുകയായിരുന്നു.
(തുടരും )
No comments:
Post a Comment