കടലാഴങ്ങൾ 12
"എന്താ മുത്തശ്ശി അത്താഴത്തിന് .. "
വൈകിട്ട് നിലവിളക്കിനു മുന്നിലിരുന്ന് നാമം ചെല്ലുന്ന മുത്തശ്ശിയുടെ അടുത്തേക്ക് ചേർന്നിരുന്നു ആദി ചോദിച്ചു ..
"നുറുക്ക് ഗോതമ്പിന്റെ കഞ്ഞിയാ ഇവിടെ ഞങ്ങൾക്കു പതിവ് . മോനെന്താ വേണ്ടേ , അല്ലങ്കിൽ രാഘവന്റെ കടയിൽ പോകുന്നുണ്ടോ .."
"രാഘവന്റെ കട.. അത് വിടാറായില്ലേ.. എനിക്കും കഞ്ഞി മതി, പഴയതെല്ലാം മറക്കൂ മുത്തശ്ശി.. "
"ഹ്മ്മ് , അങ്ങനെ വേഗം മറക്കാൻ കഴിയുന്നതൊക്കെയാണോ നീ ചെയ്തു വച്ചിരിക്കുന്നത്.. "
മുത്തശ്ശിയുടെ വാക്കുകൾക്ക് മറുപടി പറയാതെ ആദി നടുമുറ്റത്തെക്കിറങ്ങി മുകളിൽ ഇട്ടിരിക്കുന്ന കമ്പികൾക്കിടയിലൂടെ ആകാശത്തിലേക്കു നോക്കി ..
"മുത്തശ്ശി .. ഈ കൗമാരം എന്ന് പറയുന്നത് ഒരു പട്ടം പോലെയാണ് , ഇങ്ങനെ പാറി പറന്നു നടക്കും , അതിനു ഇഷ്ടമുള്ളത് പോലെ. പക്ഷെ ചരടിന്റെ അറ്റം മാതാപിതാക്കളുടെ കയ്യിൽ ആയതു കൊണ്ട് പലരും എത്ര ഉയരത്തിൽ പറന്നാലും ഒടുവിൽ പഴയ സ്ഥിതിയിലേക്ക് മടങ്ങി വരും ..."
ആദി മുഖം തിരിച്ചു മുത്തശ്ശിയെ നോക്കി .
"ആര് പറഞ്ഞാലും കേൾക്കാൻ കൂട്ടാക്കാത്ത , തന്നെ കൊണ്ട് എന്തും സാധിക്കു എന്ന് കരുതുന്ന പ്രായം , നേർവഴി ആരും പറഞ്ഞു കൊടുത്തില്ലങ്കിൽ ആ പട്ടത്തിൽ കെട്ടിയിരിക്കുന്ന നൂലിന്റെ അറ്റം ആരുടേയും കയ്യിലില്ലങ്കിൽ പട്ടത്തിനു എന്ത് ചെയ്യാൻ സാധിക്കും ..അതും, തിരിച്ചു വരാൻ പോലും പറ്റാത്ത ദൂരത്തിൽ പറന്നു കഴിഞ്ഞാൽ.. "
അവൻ ഒന്ന് നിർത്തിയ ശേഷം തുടർന്നു ..
"ചെയ്യാത്ത തെറ്റുകൾ ഒന്നൊന്നായി ഏറ്റെടുക്കേണ്ടി വരുമ്പോൾ അഭിമാനമുള്ളവർ ആരാണെങ്കിലും പ്രതികരിച്ചു പോകും , പിന്നെ ആ പ്രായത്തിൽ പ്രതികരണത്തിന്റെ അളവ് കൂടുതലായിരിക്കും .. "
അവൻ വീണ്ടും അവരുടെ അടുത്തേക്ക് വന്നിരുന്നു .
"അറിഞ്ഞു കൊണ്ട് ഞാൻ ആരെയും ഉപദ്രവിച്ചിട്ടില്ല മുത്തശ്ശി .."
"അതെല്ലാം പോട്ടെ കണ്ണാ. നീ ഇനി ആരോടും വഴക്കിനും പൊല്ലാപ്പിനും പോകണ്ട, ഈ ഏഴുമുറ്റത്തു ജീവിക്കാം. മുത്തശ്ശൻ ചില തീരുമാനങ്ങൾ എല്ലാം എടുത്തിട്ടുണ്ട്.. "
അവർ തന്റെ കയ്യുയർത്തി ആദിയുടെ മുടിയിഴകളിൽ തലോടി.
"എനിക്ക് തിരിച്ചു പോണം മുത്തശ്ശി.. "
"ഇനിയും.. നേരത്തെ നീ പറഞ്ഞത് പോലെ എല്ലാം മറന്നൂടെ നിനക്ക്.. "
"ഞാൻ എല്ലാം മറന്നു കഴിഞ്ഞു. .. എങ്കിലും, ഇവിടെ എനിക്ക് പറ്റില്ല. എല്ലാവരിൽ നിന്നും അകന്നു, എന്നാൽ നിങ്ങളുടെ കയ്യെത്തും ദൂരത്തു ഞാൻ ഉണ്ടാകും.. "
അവൻ മുത്തശ്ശിയുടെ ഇരു കൈകളും തന്റെ കയ്യാലെ ചേർത്ത് പിടിച്ചു.
"നിന്റെ ഇഷ്ടം പോലെ. പക്ഷെ മുത്തശ്ശനു വേറെ എന്തോ ആലോചനകൾ ഉണ്ടായിരുന്നു. പണ്ടത്തെ പോലെ ഇപ്പൊൾ എങ്ങും പൂജകൾക്ക് പോകാറില്ല. പക്ഷെ, നീ വന്നതോടെ അദ്ദേഹത്തിന് ഒരു ആവേശമൊക്കെ തോന്നി തുടങ്ങിയിരുന്നു.. "
"പൂജകൾ.. എന്തിനാ മുത്തശ്ശി ഇനിയും ഇങ്ങനെ ഓരോന്ന് പറഞ്ഞു പാവങ്ങളെ പറ്റിക്കുന്നെ... "
അവർ അതിശയത്തോടെ ആദിയെ നോക്കി.
"ഇല്ലാ.. ഞാൻ ഒന്നും പറയുന്നില്ല. മുത്തശ്ശൻ എന്താന്ന് വച്ചാൽ ചെയ്യട്ടെ.. "
"കണ്ണാ.. ഏഴുമുറ്റത്തെ പരദേവതയുടെ അനുഗ്രഹമുള്ള ഏക ആൺതരി നീയാണ്. കുട്ടിക്കാലം മുതലേ മുത്തശ്ശനൊപ്പം പോയി താന്ത്രിക വിദ്യകൾ പഠിച്ചതും നീ മറന്നോ.. "
"മുത്തശ്ശി.. മദ്യവും മാംസവും ഭക്ഷിക്കുന്ന ഞാൻ.. "
"പരിഹാരമില്ലാത്തതായി ഒന്നുമില്ലെന്ന് നിനക്കറിയില്ലേ.. "
"വേണ്ടാ..എനിക്കീകാര്യങ്ങളിലൊന്നും വിശ്വാസമില്ല.. "
"ശെരി, പൂജാദികർമ്മങ്ങൾ വേണ്ടങ്കിൽ വേണ്ടാ.. മുത്തശ്ശൻ പകർന്നു തന്ന വൈദ്യം.. ആ അറിവുകളോ.. "
"ഹ്മ്മ്.. കൊള്ളാം.. നാട്ടു വൈദ്യൻ.. കയ്യിൽ മെഡിക്കൽ ഡിഗ്രി ഇല്ലാതെ ചികിത്സ നടത്തിയിട്ട് വേണം പോലിസ് പിടിച്ചു അകത്തിടാൻ.. ഞാൻ കരഞ്ഞു പറഞ്ഞതല്ലേ ആയുർവേദ കോളേജിൽ വിടാൻ.. "
"മോനെ.. പകർന്നു കിട്ടിയ അറിവോളം.. "
"ഒന്നും വേണ്ട മുത്തശ്ശി.. ഞാനിപ്പോൾ ഹാപ്പിയാണ്. എന്റെ ജീവിതം, ആരെയും ബോധിപ്പിക്കേണ്ട, എപ്പോൾ വേണമെങ്കിലും വരാം, പോകാം, ആരുടെയും കാലു പിടിക്കാതെ ജീവിക്കാം.. അത് മതി.. "
മുത്തശ്ശിയുടെ സംഭാഷണം പാതിയിൽ മുറിച്ചു ആദി വീടിന് പുറത്തേക്കു നടന്നു.
അടുത്ത ദിവസവും പ്രത്യേകിച്ചു കുഴപ്പങ്ങൾ ഇല്ലാതെ കടന്നു പോയി. ആദിയാകട്ടെ വീടിനുള്ളിലും തൊടിയിലുമായി സമയം തള്ളിനീക്കികൊണ്ടിരുന്നു. ഗായത്രിയുടെ കല്യാണത്തിന് പങ്കെടുക്കാൻ സാധിക്കാത്തത്തിന്റെ വിഷമം അവനിൽ ഉണ്ടായിരുന്നെങ്കിലും അത് പുറത്തു കാണിച്ചില്ല.
ബുധനാഴ്ച, ഊണ് കഴിഞ്ഞു മയങ്ങിതുടങ്ങിയ ആദി ഉച്ചത്തിലുള്ള ശബ്ദം കേട്ടാണ് ഉണർന്നത്. മുറിയിൽ നിന്നും വരാന്തയിലേക്ക് ഇറങ്ങിയപ്പോഴെ താഴെ വന്നതാരാണെന്ന് അവൻ ഊഹിച്ചു.
"നിങ്ങളുടെ ചെറുമകളുടെ കല്യാണമാണ് നാളെ.. അവിടെ അതിഥികൾ വന്ന് തുടങ്ങി. കുട്ടിയുടെ മുത്തശ്ശനെയും മുത്തശ്ശിയെയും തിരക്കുമ്പോൾ ഞാൻ എന്ത് പറയണം. അംബികയുടെ വീട്ടുകാരുടെ ചോദ്യത്തിന് മുന്നിൽ നാണിച്ചു നിൽക്കുവാ ഞാൻ.. "
ചാരുകസേരയിൽ ഇരിക്കുന്ന മുത്തശ്ശന് നേരെ കയർക്കുന്ന ആളെ കണ്ടു ആദിയുടെ മുഖം ദേഷ്യത്താൽ ചുവന്നു.
"ആഹ്.. നീ.. നീ ഒരാളാണ് ഇതിനെല്ലാം പിന്നിൽ.. ഈ സമയത്തു തന്നെ എന്തിനാ ഇങ്ങോട്ട് എഴുന്നള്ളിയത്.. എന്റെ മോളുടെ വിവാഹം മുടക്കാനോ.. "
കൈകൾ ചുരുട്ടി പിടിച്ചു അവൻ ദേഷ്യത്തെ നിയന്ത്രിച്ചു..
"ഞാൻ കല്യാണം മുടക്കാൻ വന്നതൊന്നുമല്ല. ആ ഭാഗത്തേക്കേ വരില്ല.. "
"വലിയ ഉപകാരം. പറ്റുമെങ്കിൽ നീ ഇവരെ എന്റെ വീട്ടിലേക്കു പറഞ്ഞു വിടാമോ. നാളെ ഉച്ചവരെ മതി. അതിനു ശേഷം മുത്തശ്ശനും ചെറുമകനും കൂടി എന്താണെന്ന് വച്ചാൽ ചെയ്തോ."
അയാൾ ആക്രോശിച്ചുകൊണ്ട് അവനു നേരെ നടന്നടുത്തു.
"ദൈവം സഹായിച്ചു നല്ലൊരു ബന്ധമാണ് അവൾക്ക് വന്നിരിക്കുന്നത്. ഡോക്ടർ ആണ്, എന്റെ ആശുപത്രി മുന്നോട്ടു നടത്തി കൊണ്ടു പോകാൻ പറ്റിയ ഡോക്ടർ. അല്ലാതെ നിന്നെ പോലെ നാട് മുഴുവൻ അടിയുണ്ടാക്കി നടക്കുന്ന ഒരുവനല്ല.. "
ആദി ഒന്നും സംസാരിക്കാതെ അയാളുടെ മുഖത്തേക്ക് നോക്കി നിന്നു.
"പറഞ്ഞല്ലോ, ഇവരെ ഇവിടെ ഇരുത്തി എന്നെ നാണം കെടുത്തരുത്. കല്യാണം കഴിയുന്നത് വരെ എനിക്കിവരെ വേണം.. ഇനി എന്നെ ഇങ്ങോട്ട് വരുത്തരുത്.. "
അയാൾ ആദിയെയും മുത്തശ്ശനെയും തറപ്പിച്ചു നോക്കി വീടിന് വെളിയിലേക്കിറങ്ങി കാറിനടുത്തേക്ക് നടന്നു.
"മിസ്റ്റർ നാരായണൻ... ഒന്നു നിൽക്കണം.. "
ആദി പറഞ്ഞത് കേട്ട് കാറിന്റെ ഡോർ തുറക്കാൻ പോയ അയാൾ തരിച്ചു നിന്നപ്പോൾ അവൻ കാറിനടുത്തേക്ക് നടന്നടുത്തു.
"ഡാ.. നിന്നെ ഞാൻ.. "
ഡ്രൈവർ സീറ്റിൽ നിന്നും ചാടി ഇറങ്ങിയ ഒരുവൻ ആദിയുടെ നേരെ പാഞ്ഞടുത്തു. പക്ഷെ അയാൾ അടുത്തെത്തും മുൻപ് അവൻ തന്റെ ചൂണ്ടു വിരലും നടുവിരലും ചേർത്ത് അയാളുടെ നെറ്റിയുടെ നേരെ തൊട്ടു തൊട്ടില്ല എന്ന രീതിയിൽ ചൂണ്ടി. അതോടെ ഒരു പ്രതിമ കണക്കെ അയാൾ നിന്നു പോയി.
"അംബരീഷ്.. താൻ പണ്ട് സ്റ്റേഷനിൽ ഒരു രാത്രി മുഴുവൻ ജെട്ടിയിൽ നിർത്തിയ കാൽ കാശിനു വിലയില്ലാത്ത ആദിത്യൻ അല്ല ഞാൻ. അതോർമ്മ വേണം ഇനി എന്ത് പ്രവർത്തിക്കുമ്പോഴും.. "
ആദി നാരായണനു നേരെ തിരിഞ്ഞു.
"ജനിപ്പിച്ചു എന്നതിൽ ഉപരി താൻ കൂടുതലൊന്നും എനിക്ക് ചെയ്തു തന്നിട്ടില്ല. അതുകൊണ്ട് അധികാരം സ്ഥാപിക്കാൻ ശ്രമിക്കണ്ട. പിന്നെ, മുത്തശ്ശനും മുത്തശ്ശിയും കല്യാണത്തിന് വരും, വൈകിട്ട് മുതലേ അവർ അവിടെ ഉണ്ടാകും. അത് നിങ്ങളെ ഓർത്തല്ല, ഗായുവിന് വേണ്ടി.. "
അവൻ തിരിഞ്ഞു സ്റ്റെപ്പുകൾ കയറി..
"ആ ഇയാളെ കൂടി വിളിച്ചോണ്ട് പൊയ്ക്കോ. മറുവിദ്യ ഡോക്ടർ നാരായണന് അറിയാമായിരിക്കുമല്ലോ.. "
"മോനെ, ഞങ്ങൾ പോയാൽ നിന്റെ കാര്യം.. "
അകത്തേക്ക് കയറി സോഫയിൽ ഇരുന്നു ആദിയുടെ അടുത്തേക്ക് മുത്തശ്ശി എത്തി.
"ആഹാ.. എന്റെ കാര്യം ഓർത്തു നിങ്ങൾ വിഷമിക്കേണ്ട. രണ്ടു പേരും കല്യാണത്തിന് പോണം. എല്ലാം ഭംഗിയായി മുന്നിൽ നിന്നും നടത്തണം.. നമ്മുടെ ഗായുവിന്റെ കാര്യമാണ്.. "
അവൻ മുത്തശ്ശിയുടെ കവിളിൽ തട്ടി.
"ആ പിന്നെ.. ഞാൻ ആഹാരം രാഘവേട്ടന്റെ കടയിൽ നിന്നും കഴിച്ചോളാം.. "
"ആഹാരം മാത്രം.. "
മുത്തശ്ശിയുടെ വാക്കുകൾ കേട്ട് പുഞ്ചിരിയോടെ തലകുലുക്കി അവൻ അവിടെ നിന്നും എഴുനേറ്റു.
"അവൻ പഴയതൊന്നും മറന്നിട്ടില്ല ജാനകി.. ഒരൊറ്റ വിരലിൽ ആ കീചകൻ നിന്നത് കണ്ടില്ലേ.. "
"ഹ്മ്മ്.. പക്ഷെ കണ്ണന് തിരിച്ചു പോണം എന്നല്ലേ പറയുന്നേ.. "
"നോക്കാം.. "
****************************
വൈകിട്ട് രാഘവേട്ടന്റെ കടയിൽ നിന്നും ആഹാരം കഴിക്കുകയായിരുന്നു ആദി. പെട്ടെന്നേറ്റ ചവിട്ടിൽ മേശയോടെ അവൻ താഴേക്കു മറിഞ്ഞു വീണു.
"അന്ന് വെറും പോലീസ് ആയിരുന്നപ്പോൾ ജെട്ടിയിൽ നിർത്താമെങ്കിൽ ഇപ്പൊ അതിലും കൂടുതൽ എന്നെ കൊണ്ടു പറ്റും. ഞാനെ മൂത്തു എസ് ഐ ആയടാ.."
ബെഞ്ചിന്റെയും മേശയുടെയും അടിയിൽ നിന്നും ആദിയെ അംബരീഷ് കോളറിൽ തൂക്കിയെടുത്തു.
"കല്യാണം കഴിയുന്നവരെ നീ അകത്തു കിടക്ക്, ഇവിടെ നിയമോം പോലീസും എല്ലാം ഞാൻ തന്നാ.. "
പ്രതികരിക്കാൻ സാധിക്കാതെ നിന്ന ആദിയുടെ ഇരു കൈകളും പുറകോട്ട് ആക്കി, അവൻ ധരിച്ചിരുന്ന ഷർട്ട് കൊണ്ടു തന്നെ കൈകൾ പൂട്ടി ജീപ്പിന്റെ ഡോർ തുറന്നു അയാളവനെ അകത്തേക്ക് തള്ളി.
(തുടരും )
No comments:
Post a Comment