Thursday, August 13, 2020

കടലാഴങ്ങൾ - 11

                  കടലാഴങ്ങൾ 11 



ആദ്യമായി തൻ്റെ മുന്നിൽ തല ഉയർത്തി നിൽക്കുന്ന ആദിയെയും അവനെ അനുഗമിച്ചെത്തിയ മാധവനെയും കണ്ടു പരമേശ്വരൻ നമ്പൂതിരിയുടെ കണ്ണുകൾ ഈറനണിഞ്ഞു .

"മുത്തശ്ശാ .. "

ഒരു നിമിഷം തൻ്റെ മുത്തശ്ശനെ നോക്കി നിന്ന ശേഷം ആദി അയാളെ ഗാഢമായി പുണർന്നു . 

"വാ മോനെ അകത്തേക്ക് .."

ആലിംഗനത്തിൽ നിന്നും വേർപെടുത്തി അദ്ദേഹം ആദിയുടെ കൈ പിടിച്ചു തെക്കേ മുറ്റത്തു നിന്നും പടികൾ കയറി വരാന്തവഴി വീടിന്റെ കിഴക്കുവശത്തേക്കു നടന്നു . ആദി അകന്നു പോകുന്നത്  കണ്ടിട്ടാവണം ദേഷ്യത്തോടെ മാധവൻ തലകുലുക്കി .

"ഞാൻ ഇവിടെ തന്നെ ഉണ്ട് മാധവാ .. മുത്തശ്ശിയെ കണ്ടിട്ട് വരാം .. "

ആദി തൻ്റെ കയ്യുയർത്തി വിളിച്ചു പറഞ്ഞപ്പോൾ മനസ്സിലായപോലെ അവൻ തിരികെ കപ്പമാവിന്റെ  ചുവട്ടിലേക്ക് നടന്നു . 

"മോൻ എങ്ങനെയാ വന്നത് . "

മറുപടിയായി അവൻ പടിപ്പുരയുടെ വെളിയിൽ വച്ചിരിക്കുന്ന ബുള്ളറ്റിലേക്കു കൈ ചൂണ്ടി . 

"അതിനെ അകത്തേക്ക് വച്ചു കൂടായിരുന്നോ .."

"ഇവിടുത്തെ സ്വീകരണം എങ്ങനെ ആകുമെന്ന് അറിയില്ലല്ലോ .. അതാ .. "

"ഹ്മ്മ് .. കേറി വാ .."

പരമേശ്വരൻ നമ്പൂതിരി അകത്തേക്ക് കയറി ആദിയുടെ നേരെ കൈ നീട്ടി . അവൻ തൻ്റെ ഷൂസും സോക്‌സും ഊരി വച്ച് പടികളിലേക്കു ഇറങ്ങി കയ്യും കാലും മുഖവും കഴുകി തിരികെ വീടിനുള്ളിലേക്ക് കയറി .

"പതിവില്ലാത്ത മാറ്റങ്ങൾ ഒരുപാടുണ്ടല്ലോ .."

"മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമല്ലേ മുത്തശ്ശാ .."

"നല്ലത് , ഞാൻ എന്നും പറഞ്ഞു തന്നിട്ടുള്ളത് പോലെ , പ്രവർത്തിയും വാക്കും സൂക്ഷിച്ചു ഉപയോഗിക്കാൻ തുടങ്ങിയാൽ , നിന്റെ  ചുറ്റുപാടുമുള്ളവരും മാറും .."

"എന്ന് പ്രതീക്ഷിക്കാം .. ല്ലേ ..."

അവൻ തൻ്റെ ഷോൾഡർബാഗ് നാലുകെട്ടിനുള്ളു കിടന്ന മേശമേൽ വച്ച് അകത്തേക്ക് , അടുക്കള ഭാഗത്തേക്ക് നോക്കി ..

"ജാനകീ ..."

ആ നോട്ടത്തിന്റെ അർത്ഥമറിഞ്ഞെന്ന പോലെ മുത്തശ്ശൻ അകത്തേക്ക് നീട്ടി വിളിച്ചു .

"ചെവി അല്പം പുറകോട്ടാ .. "

ആദി ചിരിച്ചു കൊണ്ട് തലയാട്ടി , പിന്നെ നാലുകെട്ടിൽ  നിന്നും അടുക്കളയിലേക്കു നടന്നു . 

"മുത്തശ്ശി ... "

അടുക്കളയുടെ വശത്തുള്ള മേശമേൽ ഇരിക്കുന്ന പച്ചക്കറികൾ നുറുക്കുന്ന ജാനകി അന്തർജനത്തിന്റെ പുറകിൽ എത്തി അവൻ വിളിച്ചു. തിരിഞ്ഞു നോക്കിയ അവർ ഒരു നിമിഷം അനങ്ങാതെ നിന്നു , പിന്നെ വലതു കൈ ഉയർത്തി തൻ്റെ ഇരു കവിളിലും ചെറുതായി തട്ടി താൻ കണ്ടത് സ്വപ്നമല്ലെന്നു ഉറപ്പു വരുത്തി ..

"മോനെ .. "

അവർ തൻ്റെ ശുഷ്കിച്ച കൈകൾ ഉയർത്തി ചെറുമകനെ ചേർത്തുപിടിച്ചു . പിന്നെ അവൻ്റെ മുഖം പിടിച്ചു താഴ്തി നെറ്റിയിൽ ചുണ്ടുകൾ ചേർത്തു . അപ്പോഴേക്കും വാത്സല്യത്താൽ അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകിത്തുടങ്ങിയിരുന്നു .

"കണ്ണാ .. നീ ഇരിക്ക് , ഇഡലി എടുക്കാം .. "

"വേണ്ട മുത്തശ്ശി .. ഞാൻ വരുന്ന വഴിക്കു രാഘവേട്ടന്റെ കടയിൽ നിന്നും കഴിച്ചു .."

ആ പേര് കേട്ടതും അവർ അവനിൽ നിന്ന് അകന്നു മാറി അവൻ്റെ മുഖത്തതിന് ചുറ്റും മണം പിടിച്ചു .

"നിർത്തി .. അതെല്ലാം നിർത്തി .. കവലയിൽ എത്തിയപ്പോൾ നല്ല വിശപ്പുണ്ടായിരുന്നു , അങ്ങനെ കയറിയതാ .. അവിടുന്ന് ദോശയും ചമ്മന്തിയും കഴിച്ചു . "

"ഹ്മ്മ് . "

അവർ നീരസത്തോടെ മുഖം തിരിച്ചു .

"അതിനു മുത്തശ്ശി എന്തിനാ വിഷമിക്കുന്നെ , ഇനി നാലഞ്ചു ദിവസം ഞാൻ ഇവിടെ ഉണ്ടാകും .. വെളിയിൽ നിന്ന് ഒന്നും കഴിക്കില്ല ..പോരേ  "

അവനവരുടെ വലതു കൈ എടുത്തു തന്റെ ഇരുകൈകൾക്കുള്ളിലുമായി വച്ചു .

"മുത്തശ്ശി , പഴം മാങ്ങ ഉണ്ടോ ഭരണീല്  .. ഉണ്ടേ രണ്ടെണ്ണം എടുത്തു വയ്ക്കണം , രണ്ടു പപ്പടം കനലിൽ ഇട്ടു ചുട്ടെടുക്കണം .. ഉച്ചക്കതു മതി ...ഞാനൊന്നു ഡ്രസ്സ് മാറി വരട്ടെ .."

ആദി അവരെ വിട്ടു തിരികെ നാലുകെട്ടിനുള്ളിലേക്കു  നടന്നു .

"മുകളിലെ നിന്റെ മുറി , അമ്മിണി എന്നും വന്നു വൃത്തിയാക്കി വയ്ക്കാറുണ്ട്. അലമാരയിൽ നിന്റെ തുണികളും ഉണ്ട്.. കുറച്ചുകഴിഞ്ഞു ഞാൻ വന്നു കിടക്ക വിരിച്ചു തരാം..."

"ഉം ... "

മുത്തശ്ശി പറഞ്ഞതിന് മറുപടിയായി ഒന്ന് മൂളി ഷോൾഡർ ബാഗ് കയ്യിലെടുത്തു അവൻ നാലുകെട്ടിന്റെ തെക്കു പടിഞ്ഞാറേ വശത്തുള്ള കോണിപ്പടികയറി മുകളിലേക്ക് പോയി .

"നല്ല മാറ്റമുണ്ട് അല്ലെ തിരുമേനി ... "

"ഹ്മ്മ്.. അവൻ്റെ പാപദോഷങ്ങൾ  പങ്കിട്ടെടുക്കാൻ ആരോകൂടിയുണ്ട്.. അതാണ്‌.. "

"ഒന്നും വരില്ല തിരുമേനി .. നിങ്ങൾ പറയുന്നത് പോലെ ഒന്നും നടക്കില്ല .."

അവർ തിരികെ അടുക്കളയിലേക്ക് നടന്നപ്പോൾ പരമേശ്വരൻ നമ്പൂതിരി തന്റെ ചാരുകസേരയിലേക്കിരുന്നു തോളിൽ കിടന്ന മുണ്ടെടുത്തു വലതു കൈ കൊണ്ട് വട്ടത്തിൽ ചുറ്റി ശരീരത്തിലേക്കു തണുപ്പ് പകർന്നു , പക്ഷെ ആ മനസ്സ് അപ്പോഴും ചെറുമകനെ ഓർത്തു നീറുകയായിരുന്നു .


മുകളിലേക്ക് കയറി ചെന്ന ആദി ആദ്യം കണ്ട മുറിയുടെ വാതിലിനു മുന്നിൽ കുറച്ചു നേരം നിന്ന ശേഷം  മുഖം തിരിച്ചു ചെവി വാതിലിൽ ചേർത്തു പിടിച്ചു . 

"താലോലം താനേ താരാട്ടും

പൂങ്കാറ്റും ചാഞ്ഞുറങ്ങുമ്പോള്‍

ഞാനേ തേടും ഈണം പോലും

കണ്ണീരോടെ ആരിരാരോ...

കുമ്മാട്ടിപ്പാട്ടൊന്ന് പാടിക്കൊണ്ടേ

മുത്തശ്ശിയുണ്ടേ നിന്‍ കൂടെ

ആന കളിക്കാനും ആടിക്കാനും 

മുത്തശ്ശനില്ലേ നിന്‍ ചാരെ... "

മാധവന്റെ ശബ്ദമാണ് അവനെ സ്വപ്‍ന ലോകത്തു നിന്നും ഉണർത്തിയത് . അവൻ ഒന്നാം നിലയിലെ നീണ്ട വരാന്തയിൽ നിന്നും താഴേക്കു നോക്കി . തന്നെ കണ്ട സന്തോഷത്തിൽ മാധവൻ തുമ്പിക്കൈ ഉയർത്തി നില്ക്കുകയാണ് . നിറഞ്ഞ കണ്ണുകൾ തുടച്ചു അവൻ മുന്നോട്ടു നടന്ന് അടുത്ത മുറിയുടെ മുന്നിലെത്തി വാതിൽ തുറന്നു . മുറിക്കുള്ളിൽ കയറി ജനാലകൾ തുറന്നിട്ട് ചുറ്റും നോക്കി . അഞ്ചു വർഷങ്ങൾക്കു ശേഷവും ഒരു മാറ്റവും തന്റെ മുറിയിലിൽ അവൻ കണ്ടില്ല.  ആ വലിയ കട്ടിലിലേക്ക് തൻറെ ബാഗ് വച്ച് അവൻ അലമാര തുറന്നു വസ്ത്രങ്ങൾ കയ്യിലെടുത്തു . 


"മുത്തശ്ശി .. ഇതെന്താ ഡ്രെസ്സെല്ലാം  എന്നും കഴുകി വയ്ക്കുമോ .. "

കുറച്ചു സമയത്തിന് ശേഷം ഒരു ബർമുഡയും ടി ഷർട്ടും ധരിച്ചു , തോളിൽ തോർത്ത് ചുറ്റി അവൻ താഴേക്കു ചെന്നു .

"ഹ്മ്മ് .. പറഞ്ഞില്ലേ അമ്മിണി എന്നും മുറി അടിച്ചു വാരി വൃത്തിയാക്കും . പിന്നെ നിന്റെ ഡ്രെസ്സെല്ലാം ആഴ്ചയിൽ ഒരിക്കൽ മെഷീനിലിട്ടു കഴുകി വയ്ക്കും .. എപ്പോഴാ ഗായു നോക്കാൻ വരുന്നത് എന്ന് പറയാൻ പറ്റില്ല . മുറി മോശമായി കണ്ടാൽ തുണി അലക്കിയില്ലങ്കിൽ അമ്മിണിക്ക് അന്ന് കോളാ .. "

ചായക്കപ്പ്‌ ആദിക്ക് നേരെ നീട്ടി മുത്തശ്ശി കസേരയിലേക്കിരുന്നു .

"പാവം ഗായു .. "

"ഹ്മ്മ് .. നിനക്കവളുടെ കത്ത് കിട്ടിയല്ലേ , അതല്ലേ വന്നത് .. ഏതായാലും നന്നായി മോനെ .. "

അവൻ ഒന്നും മിണ്ടാതെ തലകുനിച്ചു .

"നീ പോയെ പിന്നെ അവളാ ഒരാശ്വാസം . ആദിയേട്ടൻ എവിടെയോ സുഖമായിട്ടു ജീവിക്കുന്നുണ്ടന്നു പറഞ്ഞു എന്നെ ആശ്വസിപ്പിക്കും .. "

"ഹ്മ്മ് .. മുത്തശ്ശി , ഞാനൊന്നു കുളിച്ചിട്ടു വരാം .. "

ആദി കൂടുതൽ സംസാരിക്കാതെ കിഴക്കേ വാതിൽ വഴി പുറത്തേക്കിറങ്ങി .

"മോനെ .. ഇവിടെ കുളിമുറിയിൽ പൈപ്പ് ഇട്ടു , വടക്കു വശത്തേക്ക് ചെല്ല് .. "

"വേണ്ട മുത്തശ്ശി , എനിക്ക് തെക്കേ തൊടിയിലെ  കുളത്തിൽ കുളിച്ചാൽ മതി .. അവിടെ പടിയിൽ ഇത്തിരി നേരം ഇരുന്നു ഒന്ന് കുളിക്കണം .."

"മോനെ .. ഇപ്പോൾ ആരും അങ്ങോട്ട് പോകാറില്ല .. വഴുക്കൽ കാണും , സൂക്ഷിക്കണം .. "

"കുഴപ്പമില്ല മുത്തശ്ശാ .. എനിക്ക് പേടിയില്ല , അവിടെ എന്നെ കാക്കാൻ വേണ്ടപ്പെട്ടവർ ഉണ്ടല്ലോ .. "

തൻ്റെ നിറഞ്ഞു വന്ന കണ്ണുകൾ മുത്തശ്ശനും മുത്തശ്ശിയും കാണാതിരിക്കാൻ വേഗത്തിൽ ആദി അവിടെ നിന്നും നടന്നകന്നപ്പോൾ ആ വാക്കുകളിലെ സങ്കടം അറിഞ്ഞെന്ന പോലെ അവരിരുവരും പരസ്പരം നോക്കി .


കുളപ്പുരയുടെ വാതിൽ തുറന്നു അകത്തേക്ക് കയറിയ ആദി പടികൾ ഇറങ്ങി താഴേക്കു ചെന്നു . തോർത്തും സോപ്പും നിലത്തു വച്ച് അവൻ കുളത്തിലെ ശാന്തമായി കിടക്കുന്ന ജലത്തിലേക്കിറങ്ങി . കുളത്തിൽ നെഞ്ചോളം ഉയരത്തിൽ നിന്ന് അവൻ ഇരു കൈകൾ കൊണ്ടും തന്നെ ചുറ്റി നിന്നിരുന്ന പായലിനെ ദൂരേക്ക് മാറ്റി  വലതു കൈയ്യുടെ തള്ളവിരലും നടുവിരലും കൊണ്ട് മൂക്കിൽ അമർത്തി പിടിച്ചു മൂന്നു തവണ മുങ്ങി നിവർന്നു . പിന്നെ തിരികെ കയറി വെള്ളത്തിൽ മുങ്ങി കിടക്കുന്ന മുകളിലെ പടിയിൽ അവൻ നീണ്ടു നിവർന്ന് കിടന്നു . 

"കണ്ണാ .. മോനെ .. "

കുളത്തിൽ നിന്നും വരുന്നു ഓരോ ഓളങ്ങളും തന്നെ തഴുകുമ്പോൾ    പ്രിയപ്പെട്ടവരാരോ തന്നെ പുണരുന്നതു പോലെ അവനു തോന്നി .

####################################


"കോപ്പ് .. "

തന്റെ കയ്യിലിരുന്ന ബുക്ക് താഴേക്കിട്ടു ദേഷ്യത്തിൽ അഞ്ജലി ദിയയെയും മൈഥിലിയെയും നോക്കി .

"എന്നതാ .. "

ചുറ്റും ഇരിക്കുന്നവർ തങ്ങളെ ശ്രദ്ധിക്കുന്നു എന്ന് കണ്ടതും ദിയ ലാപ്ടോപ്പ് അടച്ചു വച്ചു  കസേരയിൽ നിന്നും എഴുനേറ്റു .

"വാ .. വന്നേ .. "

അഞ്ജലിയുടെ മുഖത്ത് ദേഷ്യം മാറി സങ്കടം വരുന്നു എന്ന് കണ്ടതും ദിയ അവളുട കൈപിടിച്ച് വാഷ്‌റൂമിലേക്കു നടന്നു , പുറകെ മൈഥിലിയും .

"ദാ , മുഖം തുടക്ക് .."

വാഷ് റൂമിലെ കണ്ണാടിയിൽ നോക്കി വിരലുകൾ കൊണ്ട് കണ്ണുകൾ ഒപ്പുന്ന അഞ്ജലിക്ക് നേരെ മൈഥിലി ടിഷ്യു പേപ്പർ നീട്ടി .ടാപ്പ് തുറന്നു ഒരല്പം വെള്ളമെടുത്തു കണ്ണിൽ ഒഴിച്ച് , ടിഷ്യൂ കൊണ്ട് മുഖം തുടച്ചു അഞ്ജലി ഇരുവരെയും നോക്കി . 

"വാ , ഇവിടെ നിന്ന് ഒന്നും പറയണ്ട .. കഫെറ്റീരിയയിലേക്കു പോകാം .. "

ചുറ്റും വന്നു പോകുന്ന പെൺകുട്ടികളെ നോക്കി ദിയ കണ്ണ് കാട്ടി . 


"ഇനി പറ , എന്താണ് പ്രശ്‍നം .. "

കഫെറ്റീരിയയിലെ ആളൊഴിഞ്ഞ ടേബിളിനു ചുറ്റുമവർ ഇരുന്നപ്പോൾ ദിയ അഞ്ജലിയോട് ചോദിച്ചു .

"ഡി . ആ കൃഷ്ണ , അവനെ കൊണ്ട് തോറ്റു . അസ്താനത്തെ നോട്ടവും ഒരു മാതിരി മുട്ടലും .. "

"ഹ്മ്മ് .. "

"നീയൊക്കെ പറഞ്ഞിട്ടാ  കഴിഞ്ഞ ദിവസം ഞാനൊന്നു അയഞ്ഞു കൊടുത്തേ .. അതിപ്പോ ... "

"അഞ്ജു , കൃഷ്നയുടെ നോട്ടവും തൊടലും ഒന്നുമല്ല നിന്റെ പ്രശ്‍നം , അതൊക്കെ നീ  ഒറ്റയ്ക്ക് തീർക്കും എന്ന് ഞങ്ങൾക്ക് അറിയാം .. അത് വിട് , കാര്യത്തിലേക്കു വാ .. "

"വേറെ എന്ത് കാര്യം മിഥൂ .. ഇതാണ് കാര്യം .. "

"ഉവ്വേ .. ഞങ്ങൾ അത് വിശ്വസിച്ചു .. നീ എന്തിനാ കരയാൻ പോയെ അത് പറ .. "

"അത് .. ഡി അങ്ങേരു ഒരാഴ്ചത്തെ ലീവിലാ , നാട്ടിൽ പോയിരിക്കുവാ .. "

"ഉഫ് .. "

ദിയയും മൈഥിലിയും അവളെ തുറിച്ചു നോക്കി , പിന്നെ അവരുടെ മുഖത്തൊരു പരിഹാസ ചിരി വിടർന്നു 

"ഇതാണ് നിങ്ങളോടൊന്നും പറയാത്തത് .. എന്ത് പറഞ്ഞാലും ഒരു മാതിരി കളിയാക്കൽ . "

"അഞ്ജു , അങ്ങേരു ഒരാഴ്ച കഴിഞ്ഞു വരല്ലേ .. പിന്നെ എന്താ .. "

"ഇത് എന്തോ അത്യാവശ്യത്തിനു അല്ലെ പോയത് എന്ന് ഒരു തോന്നൽ. അല്ലങ്കിൽ ഈ പ്രൊഡക്ഷൻ റിലീസിന്റെ സമയത്തു പോകുമോ ..മാത്രമല്ല എന്തോ കല്യാണം എന്നൊക്കെ കൃഷ്ണ പറയുന്നതും കേട്ടു . "

"ഓഹോ , ഇനി അങ്ങേര് പെണ്ണിനെ ചാടിക്കാൻ പോയതാണോ .. "

"ദിയെ , ഒരുമാതിരി മനുഷ്യനെ വട്ടാക്കണ വർത്താനം പറയല്ലേ .. ആദ്യമായിട്ടാ ഓരോളോട് ഒരു ... "

"ഒരു .. "

"നീ പോയെ .. അന്ന് .  കഴിഞ്ഞ ആഴ്ച തന്നെ ഇതിനൊരു തീരുമാനം ആക്കിയാൽ മതിയായിരുന്നു , ഇതിപ്പോ ആവശ്യമില്ലാതെ ടെൻഷൻ അടിക്കുവാണല്ലോ പുണ്യാളാ .. "

നെഞ്ചിൽ കൈ ചേർത്ത് അവൾ പറഞ്ഞപ്പോൾ ഇടതും വലതും ഇരുന്ന ദിയയും മൈഥിലിയും ആശ്വസിപ്പിക്കാനെന്നവണ്ണം  അവളുടെ കൈകൾ ചേർത്തു പിടിച്ചു.


#############################

 "ആദിയെട്ടാ ..."

വൈകിട്ട് നാലുകെട്ടിനുള്ളിൽ , തന്റെ പഴയ പുസ്തക ശേഖരത്തിലൂടെ വിരലോടിച്ചു കൊണ്ടിരുന്ന ആദി ആ ശബ്ദം കേട്ട് തിരിഞ്ഞു നോക്കി .

"ഗായൂ .. ഗായത്രി .. "

അവൻ പറഞ്ഞു തീരും മുൻപ് അവൾ ഓടിയെത്തി അവനെ ഗാഢമായി ആലിംഗനം ചെയ്തിരുന്നു . അവളുടെ കണ്ണുനീർ തന്റെ  ശരീരത്തിൽ നനവുകൾ  പടർത്തിയെന്നു തോന്നിയപ്പോൾ അവനവളെ ശരീരത്തിൽ നിന്നും അടർത്തി മാറ്റി . 

"ഏട്ടൻ വന്നില്ലേ . ഇനി എന്തിനാ മോള് കരയുന്നെ .. "

"ആഹാ , ഏട്ടൻ വന്നപ്പോ പിന്നെ മോൾക്ക് ഞങ്ങളെ വേണ്ടാതായോ .. "

അവിടേക്കെത്തിയ മുത്തശ്ശി ഗായത്രിയുടെ തലയിലൂടെ തലോടി . 

"മോളിരിക്ക് , ഞാനിപ്പോ വരാം .. "

അവൻ അവളെ വിട്ടു പടികൾ കയറി മുകളിലേക്ക് പോയി . 


അൽപ സമയത്തിന് ശേഷം അവൻ താഴേക്കു ഇറങ്ങി വന്നു  ഒരു ചെറിയ ബോക്സ് അവൾക്കു നേരെ നീട്ടി .

"ഡയമണ്ട് സ്റ്റട് .. "

"ഹ്മ്മ് .. കിഷോർ ദാദാ നിനക്ക് സെലക്ട് ചെയ്ത് തന്നതാ .. കല്യാണത്തിന് സമ്മാനം .. "

"ഞാനൊന്നു ഇട്ടു നോക്കട്ടെ .. "

അവൾ ഡയമണ്ട് പിടിപ്പിച്ച കമ്മൽ കയ്യിലെടുത്തു അടുത്ത് തന്നെയുള്ള കണ്ണാടിയുടെ മുന്നിലേക്ക് നിന്നു . കാതിൽ കിടന്നിരുന്ന കമ്മൽ ഊരി മാറ്റി അവൾ അത് ധരിച്ച ശേഷം , മുടി വശങ്ങളിലേക്ക് മാറ്റി ഭംഗി നോക്കി .

"താങ്ക്സ് ഏട്ടാ .. "

അവൾ വീണ്ടും ആദിയുടെ അടുത്തെത്തി അവനെ കെട്ടിപിടിച്ചു .. 

"ഗായത്രി ... "

അതൊരു വിളിക്കപ്പുറം അലർച്ചയായിരുന്നു ..

"അമ്മ .. "

ഗായത്രി പേടിയോടെ ആദിയെ വിട്ടു മാറി മുത്തശ്ശിയുടെ പുറകിലേക്ക് നിന്നു .

"അംബികാമ്മ .. "

"ഏഴുമുറ്റത്തെ തലതെറിച്ചവൻ വന്നുവെന്നറിഞ്ഞു .. ആവശ്യത്തിന് ചീത്തപ്പേര് ഇപ്പൊ തന്നെയുണ്ട് .. രണ്ടു മൂന്നു ദിവസം കൊണ്ട് അത് കൂട്ടരുത് .. വേറെ ആരും പറയുന്നതായി കാണണ്ട , കല്യാണം നടക്കാൻ പോകുന്ന ഒരു പെൺകുട്ടിയുടെ അമ്മ അപേക്ഷിക്കുന്നതായി കണ്ടാൽ മതി .. "

അവർ നേരിയ പരിഹാസത്തോടെ അവൻ്റെ മുന്നിൽ കൈകൂപ്പി .

"അമ്മെ ..ഏട്ടനോട് .."

"നീ വീട്ടിൽ പോടീ .. ആ, പോകുന്നതിനു മുൻപ് അവൻ തന്നത് തിരിച്ചു കൊടുത്തേക്കണം , എവിടുന്നു കട്ടിട്ടു കൊണ്ട് വരുന്നതാണെന്ന് പറയാൻ പറ്റില്ല .. "

"അമ്മേ ... "

ആദിയുടെ ആ വിളിയിൽ നിസ്സഹായത നിറഞ്ഞു നിന്നിരുന്നു .

"ഏതു വകയിലാടാ നിന്റെ അമ്മ .. "

അവർ ദേഷ്യം കൊണ്ട് വിറച്ചു . 

"ആ പിന്നെ , വിളിക്കാത്ത കല്യാണത്തിന് വലിഞ്ഞു കേറി വന്നേക്കരുത് , നിന്നെയെല്ലാം എങ്ങനെ പരിചയപ്പെടുത്തും എന്നോർക്കുമ്പോഴേ പേടിയാ .. ഊരി കൊടുത്തിട്ടു വാടി ... "

അംബിക നാലുകെട്ടിനു പുറത്തേക്കിങ്ങയിപ്പോയപ്പോൾ ഗായത്രി നിസ്സഹായതയോടെ അവനെ നോക്കി .

"മോള് വിഷമിക്കേണ്ടാ , ഇത് മുത്തശ്ശിയുടെ കയ്യിൽ കൊടുത്തു വിട്ടേക്കാം . ഹ്മ്മ് .. പിന്നെ കല്യാണത്തിന് ഞാൻ ഉണ്ടാകില്ല , പക്ഷെ എൻ്റെ എല്ലാ അനുഗ്രഹവും മോൾക്കുണ്ടാകും .. "

അവളുടെ തലയിൽ തലോടി അത്രയും പറഞ്ഞു ആദി പടികൾ കയറി ആദി മുകളിലേക്ക് പോയപ്പോൾ ഒരാശ്വസത്തിനെന്നവണ്ണം അവൾ മുത്തശ്ശിയുടെ തോളിലേക്ക് ചാഞ്ഞു .

"സന്തോഷമായി , എൻ്റെ കണ്ണനെ ഇങ്ങനെ ആദ്യായിട്ടാ കാണുന്നെ .. ഒരുപാട് പക്വത വന്നു അവന് .. മോള് പൊക്കോ .. അവനടുത്തില്ലങ്കിലും ആ സ്നേഹവും അനുഗ്രഹവും എപ്പോഴും കൂടെയുണ്ടാകും .. "

വേഗത്തിൽ കമ്മൽ ഊരികൊടുത്തു നാലുകെട്ടിൽ നിന്നും ഇറങ്ങി പടിപ്പുര കടന്ന് അവൾ തിരിഞ്ഞു നോക്കി . ഒന്നാം നിലയിലെ വരാന്തയിൽ തനിക്കു നേരെ കൈവീശികാണിക്കുന്ന തൻ്റെ ഏട്ടനെ ഒരിക്കൽ കൂടി കാണണമെന്ന അവളുടെ ആഗ്രഹം പക്ഷെ വിഫലമായി. എന്നാൽ അവൾ കാണാതെ ആ വരാന്തയുടെ വടക്കേയറ്റത്തു കണ്ണീരണിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു ആദി .


(തുടരും )

No comments:

Post a Comment