Thursday, August 13, 2020

ഉത്സവപ്പിറ്റേന്ന് 16

 

ഒരു മണ്ഡലമാസക്കാലം , ഉത്തരഗുരുവായൂരപ്പൻ ക്ഷേത്രം എന്ന പേരിൽ അറിയപ്പെടുന്ന , മയൂർ വിഹാറിലെ കൃഷ്ണന്റെ അമ്പലത്തിൽ നടക്കുന്ന മണ്ഡലകാല ഭജനയ്ക്ക് ശേഷം വീട്ടിലേക്കു പോകും വഴിയാണ് അവന്റെ ജീവിതം മാറ്റി മറിച്ച ഒരു ഇൻസ്റ്റിറ്റ്യൂട്ട് കാണുന്നത് .


" ലാൽ ബഹദൂർ സിവിൽ സർവീസ് അക്കാദമി"


അന്ന് വൈകിട്ട് അത്താഴം കഴിക്കുന്ന സമയത്താണ് ഉണ്ണി തന്റെ ആഗ്രഹം എല്ലാവരോടുമായി പറഞ്ഞത്. അമ്മയും ചേച്ചിയും ചിരിച്ചു തള്ളിയെങ്കിലും , അനിൽ അവനൊപ്പം നിന്നു. തന്റെ മനസ്സിലുള്ള മോഹം കെടാതെ നോക്കാനും ഇപ്പോൾ ഉള്ള ജോലി കളയാതെ കോച്ചിങ്ങിനു പോകാൻ ശ്രമിക്കാനും അയാൾ ഉപദേശിച്ചു. അടുത്ത ദിവസം രാവിലെ തന്റെ സർട്ടിഫിക്കറ്റുകളുമായി ഉണ്ണി ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തി തന്റെ പേര് രജിസ്റ്റർ ചെയ്തു. ഗണിതത്തിൽ ബിരുദാന്തര ബിരുദം നേടിയ ഉണ്ണിക്ക് സിവിൽ സർവീസ് ബുദ്ധിമുട്ടാവില്ല എന്ന് അവിടുത്തെ കോഓർഡിനേറ്റർ പറഞ്ഞെങ്കിലും അവൻ അത് മുഖവിലക്കെടുത്തില്ല.


രാവിലെ ഒൻപതു മുതൽ അഞ്ചു മണി വരെ ഒരു ബാച്ച് , വൈകിട്ട് ഏഴു മുതൽ പതിനൊന്നു വരെ രണ്ടാമത്തെ ബാച്ച് . തന്റെ ജോലി കളയാതെ പഠിക്കുക എന്ന ഉദ്ദേശ്യത്തിൽ ഉണ്ണി രണ്ടാമത്തെ ബാച്ചിലായിരുന്നു ചേർന്നത്. ഉണ്ണിയെ പോലെ ജോലിയുള്ളവരോ അല്ലങ്കിൽ അപ്പോഴും ഏതെങ്കിലും കോഴ്സ് പഠിച്ചുകൊണ്ടിരിക്കുന്നവരോ ആയിരുന്നു വൈകിട്ടത്തെ ക്ലാസ്സിൽ ഉണ്ടായിരുന്നത് . ഒരു പഴയ ബൈക്ക് വാങ്ങിച്ചു ,ഓഫീസിൽ നിന്നും കഴിവതും നേരത്തെ വീട്ടിൽ തിരിച്ചെത്തി , റെഡി ആയി, എന്നും ഏഴു മണിക്ക് മുൻപ് തന്നെ അവൻ ഇൻസ്റ്റിറ്റ്യൂട്ടിൽ എത്താൻ ശ്രദ്ധിച്ചു. രണ്ടു മണിക്കൂർ പഠിത്തവും , രണ്ടു മണിക്കൂർ ചർച്ചകളുമായി അവരുടെ ക്ലാസ് മുന്നോട്ടു പോയിക്കൊണ്ടിരുന്നു. ഡൽഹിയിൽ എത്തി ഒരു വർഷമാകാൻ പോകുന്ന ആ കാലയളവിൽ , രണ്ടായിരത്തി രണ്ടിലെ യു പി എസ് സി പരീക്ഷക്ക് അവൻ അപേക്ഷിച്ചു . വലിയ പ്രതീക്ഷയോടെ ജൂണിൽ നടന്ന പ്രാഥമിക പരീക്ഷ എഴുതിയെങ്കിലും അവനു ആ കടമ്പ കടക്കാൻ സാധിച്ചില്ല. തോറ്റു പിന്മാറാൻ കൂട്ടാക്കാതെ അവൻ അടുത്ത വര്ഷം വീണ്ടും അപേക്ഷിക്കുകയും പ്രാഥമിക പരീക്ഷയിൽ വിജയിക്കുകയും ചെയ്തു. പക്ഷെ, സെപ്റ്റംബറിൽ നടന്ന മെയിൻ പരീക്ഷയിൽ വീണ്ടും അവൻ പരാജയപെട്ടു. തോൽവി വിജയത്തിന്റെ മുന്നോടി ആണെന്നു സ്വയം ആശ്വസിച്ചു അവൻ വീണ്ടും പഠനവും ജോലിയും തുടർന്നു പോന്നു. ആറു അവസരങ്ങളിലെ രണ്ടെണ്ണം നഷ്ട്ടപെടുത്തിയെങ്കിലും ഇനിയും നാലെണ്ണം മുന്നിലുണ്ടെന്നുള്ളതും, രണ്ടാം തവണ തന്നെ പ്രാഥമിക പരീക്ഷ വിജയിച്ചതും അവന്റെ ആത്മവിശ്വാസം കൂട്ടി. തൊട്ടടുത്ത വർഷത്തെ പരീക്ഷകൾക്കായി അവൻ അക്ഷീണം പഠിച്ചു കൊണ്ടിരുന്നു.


ഡൽഹിയിൽ എത്തി മൂന്നാം വര്ഷം , രണ്ടായിരത്തിനാലിൽ , സിവിൽ സർവീസ് പരീക്ഷയിൽ ,തന്റെ മൂന്നാം അവസരത്തിനായി അപേക്ഷിച്ചു കാത്തിരിക്കുമ്പോൾ ആണ് , ആദ്യമായി ഉണ്ണിയുടെ പേരിൽ ഒരു കത്ത് നാട്ടിൽ നിന്നും അവനെ തേടി എത്തിയത്. വിഷ്ണുവിന്റെ പേരിലുള്ള ആ കത്തിൽ , തങ്ങളുടെ പ്രണയം വീട്ടിൽ അറിഞ്ഞെന്നും , നാട്ടിൽ നിൽക്കാൻ സാധിക്കില്ലെന്നും, എങ്ങനെയെങ്കിലും ഡൽഹിയിൽ ഒരു ജോലി ശെരിയാക്കി അങ്ങോട്ട് വിളിക്കണമെന്നും ആയിരുന്നു ഉള്ളടക്കം .താൻ ജോലി ചെയ്യുന്ന കമ്പനിയിൽ ഇതിനകം തന്നെ അത്യാവശ്യം പരിചയം ഉണ്ടാക്കിയെടുത്തിരുന്ന ഉണ്ണി, വിഷ്ണുവിന് വേണ്ടി അവിടെ ഒരു ചെറിയ ജോലി ശെരിയാക്കി. അതിനോടൊപ്പം , അവർ വരുന്നതിന്റെ അടുത്ത ദിവസം തന്നെ കല്യാണം രജിസ്റ്റർ ചെയ്യാൻ വേണ്ടപെട്ടവരെയും ഏർപ്പാടാക്കി . 


ഡോറിലെ മുട്ട് കേട്ടാണ് ഉണ്ണി ഓർമ്മകളിൽ നിന്നും ഉണർന്നത് . ബെഡിൽ നിന്നും ബുദ്ധിമുട്ടി എഴുനേൽക്കാൻ ശ്രമിക്കുന്ന രാമേട്ടനോട് വേണ്ട എന്ന് കൈകൾ ഉയർത്തി കാണിച്ചു അവൻ കൂട്ടുകിടപ്പുകാരുടെ ബെഡിൽ നിന്നും എഴുനേറ്റു മുന്നോട്ടു നടന്നു. മുന്നിലെ ഡോർ തുറന്നതും , പുറത്തു നിന്ന CI കൃഷ്ണകുമാർ ധൃതി പിടിച്ചു അകത്തേക്ക് കയറി ഡോർ അടച്ചു . 


"കിച്ചു, നീ "


ദുർഗ്ഗാ കിച്ചാ എന്നും ഉണ്ണി കിച്ചു എന്നുമാണ് കൃഷ്ണകുമാറിനെ വിളിച്ചിരുന്നത് .


"ഇപ്പൊൾ CI കൃഷ്ണകുമാർ ആയാണ് വന്നിരിക്കുന്നത്"


"നീ ഇരിക്കൂ " അടുത്ത് കിടന്ന പ്ലാസ്റ്റിക് കസേര കൃഷ്ണകുമാറിനു നേരെ നീക്കിയിട്ടു ഉണ്ണി ബെഡിലേക്കിരുന്നു.


"ഇനി പറയു, എന്ത് പറ്റി."


"പ്രതേകിച്ചു ഒന്നും ഇല്ല, പിന്നെ മഫ്തിയിൽ ആണെങ്കിലും , ഞാൻ ഇവിടെ കയറി വരുന്നത് ആരും കാണേണ്ട എന്ന് കരുതി"


"ഹ്മ്മ്" ഉണ്ണി കൈനീട്ടി അടുത്ത് കിടന്ന മൊബൈൽ എടുത്തു വിരൽ കൊണ്ട് സ്ക്രീൻ മാറ്റി സമയം നോക്കി.


"പിന്നെ, ഞാൻ ഒരു അന്വഷണത്തിനു വന്നതാണ്.. "


മൊബൈലിൽ നോക്കികൊണ്ടിരുന്ന ഉണ്ണി , മുഖമുയർത്തി എന്ത് എന്നർത്ഥത്തിൽ കൃഷ്ണകുമാറിനെ നോക്കി .


"ഓഹ്‌ , അങ്ങിനെ ഒന്നും ഇല്ല, ഒരു ആക്സിഡന്റ് കേസ്, ആള് നല്ല വണ്ണം മദ്യപിച്ചിട്ടുണ്ടായിരുന്നു. പിന്നെ സീറ്റ് ബെൽറ്റും ഇട്ടില്ല. എന്ത് പറയാനാ,രാത്രിയിൽ വരുന്ന വഴി നിയന്ത്രണം വിട്ടു , വഴിയിൽ ഉറപ്പിച്ചിരുന്ന ഇരുമ്പു കുറ്റികൾ ഇടിച്ചു തെറിപ്പിച്ച കാർ മൂക്കും കുത്തി വയലിലേക്ക് വീണു . "


"എന്നിട്ടു " ആകാംഷയോടെ ഉണ്ണി കൃഷ്ണകുമാറിന്റെ കണ്ണുകളിലേക്കു നോക്കി.


"എന്തു പറയാനാ, കഴുത്തും , നെഞ്ചും വന്നു സ്റ്റീയറിങ്ങിൽ ഇടിച്ചു . ഓവർ സ്പീഡ് ആയതു കൊണ്ടാകാം , കാർ വയലിലോട്ടു ഇറങ്ങിയിട്ട് ഒന്നോ രണ്ടോ വട്ടം മറിഞ്ഞാണ് നിന്നതു എന്ന് തോന്നുന്നു , കയ്യും കാലും നടുവും ഒന്നും അനക്കാൻ വയ്യ . ചുരുക്കി പറഞ്ഞാൽ മിണ്ടാനും അനങ്ങാനും ഒന്നും വയ്യാത്ത അവസ്ഥയിൽ ജീവിക്കേണ്ടി വരും. ഒരു ഇഞ്ച പരുവം. മരിക്കേണ്ടതായിരുന്നു , ഏതോ വഴിപോക്കർ അപകടം കണ്ടു, കാറു തല്ലി പൊളിച്ചു എടുത്തു കൊണ്ട് വന്നതാ. ഇപ്പോൾ ഇവിടെ അഡ്മിറ്റ് ആണ് ."


മുഖത്തു ഒരു പുഞ്ചിരിയുമായി കൃഷ്ണകുമാർ എഴുനേറ്റു . 


"ഓഹ് , വെരി സാഡ് , ഇട്സ് എ ബാഡ് ന്യൂസ് , മിസ്റ്റർ കൃഷ്ണകുമാർ "


ഉണ്ണി എഴുനേറ്റു നിന്ന് കൃഷ്ണകുമാറിനു നേരെ തന്റെ വലതു കൈ നീട്ടി. കൃഷ്ണകുമാർ ഉണ്ണിക്കു കൈ കൊടുക്കാൻ ശ്രമിക്കാതെ നിവർന്നു നിന്ന് സല്യൂട്ട് ചെയ്തു.


"എന്റെ ഡ്യൂട്ടി കഴിഞ്ഞു രുദ്രൻ സർ, എങ്കിലും, എപ്പോൾ വേണമെങ്കിലും എന്നെ വിളിക്കാം, ഞാൻ ഉണ്ടാകും എവിടെയും നിങ്ങൾക്കൊപ്പം"


ഉണ്ണിയോട് രഹസ്യമായി പറഞ്ഞു കൃഷ്ണകുമാർ തിരിഞ്ഞു നടന്നു .


രാമേട്ടനോടൊപ്പം ഉച്ച ഭക്ഷണം കഴിക്കുന്നതിനിടയിലാണ് , ഒരു നഴ്സ് അവരുടെ മുറിയിലേക്ക് കയറി വന്നത് . 


"ഉണ്ണി "


"എസ്, ഞാനാണ് "


"പേഷ്യന്റ് ഉണർന്നു, താങ്കളെ കാണണമെന്ന് പറയുന്നു "


ഇന്നത്തോടെ സെഡേഷൻ നിർത്തുമെന്ന് ഡോക്ടർ പറഞ്ഞതു അവൻ ഓർത്തെടുത്തു . കഴിപ്പ് നിർത്തി രണ്ടു പേരും കൈകൾ കഴുകി ICU വിലേക്ക് നടന്നു .


"ഉണ്ണി, ഞാൻ വെളിയിൽ ഉണ്ടാകും "


ICUവിൽ ദുർഗ്ഗയോടൊപ്പം അല്പനേരം ചിലവിട്ടു ഒന്നും മിണ്ടാതെ രാമൻ നായർ പുറത്തേക്കു നടന്നു.


"അച്ഛൻ " അവൾ തളർന്ന ശബ്ദത്തിൽ ഉണ്ണിയോട് ചോദിച്ചു.


"രണ്ടു ദിവസമായി ഇവിടെ ഉണ്ടായിരുന്നു, നിന്നെ കണ്ടിട്ടേ പോകുകയുള്ളു എന്ന് പറഞ്ഞു. "


ഉണ്ണി അവളുടെ അടുത്തേക്ക് ചേർന്ന് നിന്ന് ഇടതു കൈ തന്റെ രണ്ടു കൈകൾക്കുള്ളിൽ ചേർത്തുപിടിച്ചു . 


"രണ്ടു ദിവസം, ഞാൻ ഇവിടെ മയക്കത്തിൽ .. "


"ഹ്മ്മ്"


"എന്നും എന്നെ കൊണ്ട് അച്ഛനും ഉണ്ണിയേട്ടനുമെല്ലാം ബുദ്ധിമുട്ടെ ഉണ്ടായിട്ടുള്ളൂ, ഒരു നശിച്ച ജന്മമാണല്ലേ എന്റേത് "


അത് വരെ അവൾ പിടിച്ചു നിർത്തിയിരുന്ന കണ്ണുനീർ താഴേക്ക് ഒഴുകാൻ തുടങ്ങി . 


"ആയില്യം നക്ഷത്രം, എന്നും അലച്ചിലാണ്, എനിക്കും, എന്നോട് ചേർന്ന് നില്ക്കുന്നവർക്കും.. "


"നീ എന്തിനാ ദേവൂ ഇങ്ങനെ എഴുതാപ്പുറം വായിക്കുന്നത് "


"അതെ ഉണ്ണിയേട്ടാ, കുഞ്ഞിലേ അമ്മ പോയി, എന്നും ദുഃഖങ്ങൾ മാത്രമേ എന്നെ ഒരുപാടു സ്നേഹിച്ച അച്ഛനും ഉണ്ണിയേട്ടനും എല്ലാം നല്കിയിട്ടുള്ളു.. "


"ദേവൂ , നീ എന്റെ ഭാഗ്യമല്ലേ പെണ്ണെ, നീ വന്നതിനു ശേഷമല്ലേ ഞാൻ .. "


അവളുടെ സങ്കടം കണ്ടു ഉണ്ണിയുടെ വാക്കുകളും ഇടറാൻ തുടങ്ങി . 


"ദേവൂ, അവൻ ഇവിടെ താഴെയുണ്ട്, നീ ഒന്ന് എഴുനേറ്റ് നടക്കൂ , എന്നിട്ടു നമുക്ക് ഒരുമിച്ചു പോയി കാണാം"


ഉണ്ണി വലതു കൈ നീട്ടി അവളുടെ കണ്ണുനീർ തുടച്ചെടുത്തു .


"ജോണേട്ടൻ "


"ജോൺ ഹംസയുമായി പൂങ്കാവിലേക്കു പോയി. മകരം തീരുന്നതിനു മുൻപ് വീടുകൾ രണ്ടും ശെരിയാക്കണ്ടേ ?"


"ഹ്മ്മ്"


"അതെ .. പേഷ്യന്റിനെ അധികം സ്‌ട്രെയിൻ ചെയ്യിപ്പിക്കണ്ട, നിങ്ങൾ പുറത്തേക്കു ഇറങ്ങിക്കൊള്ളു, ഇതിപ്പോൾ ഡോക്ടർ പ്രേത്യേകം പറഞ്ഞിട്ടുള്ളതു കൊണ്ടാണ് നിങ്ങളെ കയറ്റിയത്. "


നേരത്തെ റൂമിൽ വന്ന നഴ്സ് അവരുടെ അടുത്ത് വന്നു പറഞ്ഞു . പിന്നെയും എന്തോ ചോദിക്കാൻ പോയ ദുർഗ്ഗയുടെ ചുണ്ടിൽ വിരൽ ചേർത്ത് , അവളുടെ ഇടതു കൈയ്യിൽ ചുണ്ടുകൾ അമർത്തി പുഞ്ചിരിച്ചു ഉണ്ണി പുറത്തേക്കു നടന്നു . 


(തുടരും)

No comments:

Post a Comment