Thursday, August 13, 2020

ഉത്സവപ്പിറ്റേന്ന് 11

 സൺഗ്ലാസ്സു ധരിച്ചു സീറ്റ് പുറകോട്ടാക്കി ചാരി കിടന്ന ദുർഗ്ഗയുടെ മനസ്സിൽ സാഗർ യൂണിവേഴ്‌സിറ്റിയുടെ ഓർമ്മകൾ വന്നു നിറഞ്ഞു . മകരമാസത്തിലെ തണുപ്പ് കലർന്ന വെയിലിനെ തോല്പിക്കാനെന്നവണ്ണം അവരുടെ വണ്ടി സ്പീഡ് കൂടിയപ്പോൾ പുറകിൽ നിന്നും ഒരു വെള്ള XUV അവരെ പിന്തുടരാൻ തുടങ്ങി.



ഡോക്ടർ ഹരിസിംഗ് ഗൗർ സ്ഥാപിച്ച സാഗർ യൂണിവേഴ്‌സിറ്റി , മധ്യപ്രദേശിൽ , കൃത്യമായി പറഞ്ഞാൽ , ഇന്ത്യയുടെ മധ്യഭാഗത്തായുള്ള സാഗർ പട്ടണത്തിൽ പത്താരിയ കുന്നുകളിൽ ഏകദേശത്തോളം തൊള്ളായിരം ഹെക്ടർ പ്രദേശത്താണ് സ്ഥിതിചെയ്യുന്നത് . മഞ്ഞയും ചുമപ്പും ഇടകലർന്ന ഗുൽമോഹറുകളും , ആര്യവേപ്പും, ആൽ മരങ്ങളും, അശോകമരങ്ങളും തണൽ തീർക്കുന്ന മനോഹരമായ സ്ഥലം.പതിനൊന്നു വര്ഷങ്ങള്ക്കു മുൻപ് , അവിടുത്തെ വിശാലമായ ഓഡിറ്റോറിയത്തിൽ ആ വർഷത്തെ LLB റാങ്ക് ഹോൾഡറേ പ്രിൻസിപ്പലും ടീച്ചർമാരും അനുമോദനങ്ങൾ കൊണ്ട് മൂടുമ്പോൾ അവളുടെ കണ്ണുകൾ തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിനിടയിൽ പ്രിയപ്പെട്ട ആരെയോ തേടുകയായിരുന്നു. ഒടുവിൽ ഇടതു വശത്തു നാലാമത്തെ വാതിലിനരുകിൽ ജോണിനെ കണ്ട അവൾ എല്ലാവരോടും നന്ദി പറഞ്ഞു അയാളുടെ അരികിലേക്ക് നടന്നു. ജോണേട്ടന് പുറകിലായി അനിതേച്ചിയും പ്രേമേട്ടനും അവരുടെ മക്കളും . അവളുടെ കണ്ണുകൾ വീണ്ടും ആരെയോ തിരയാൻ തുടങ്ങിയപ്പോൾ ജോൺ തന്റെ കയ്യിലിരുന്ന ചെറിയ ചുമല പെട്ടി അവൾക്കു നേരെ നീട്ടി .


"അവൻ വന്നില്ല മോളെ , ഇത് മാത്രം തന്നു വിട്ടു "


അവളതു വാങ്ങാൻ കൂട്ടാക്കാതെ ദൂരേക്ക്‌ നോക്കി. 


"എനിക്കാരുമില്ല അല്ലെ ജോണേട്ടാ"


അവളുടെ നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു കൊടുത്തു അനിതേച്ചി അവളെ തന്നോട് ചേർത്തു .


"അവൻ വരും മോളെ , തിരക്കായതു കൊണ്ടാകും .. ഞങ്ങളൊക്കെ ഇല്ലേ ഇവിടെ നിനക്ക് .. അത് മാത്രവുമല്ലല്ലോ , ഇനി നീ അവന്റെയടുത്തേക്കല്ലേ പോകുന്നത് , ഡൽഹിക്കു "


"വക്കീലായതിനു ശേഷമേ ഇനി കാണൂ എന്ന് പറഞ്ഞു ഇങ്ങോട്ടയക്കുമ്പോൾ , ഞാൻ ഒരിക്കലും കരുതിയിരുന്നില്ല എന്നോട് സംസാരിക്കുക പോലുമില്ലെന്ന്. അല്ലങ്കിലും ഞാൻ ആരാണ് .. ഒരിക്കൽ ഞാൻ ഉപേക്ഷിച്ചതില്ലേ ആ സ്നേഹം "


"ദുർഗ്ഗാ , നിനക്ക് വേണ്ടി ഒരു കടലോളം സ്നേഹം അവന്റെ മനസ്സിൽ ഉണ്ട് , പലതവണ ഞാൻ കണ്ടതാണ് .. പക്ഷെ അവനു പ്രകടിപ്പിക്കാൻ അറിയില്ല .. അവനങ്ങിനെയായിപ്പോയി , ഒരു പക്ഷെ അവന്റെ ജീവിതം അവനെ പഠിപ്പിച്ചതുമാകാം .. " ജോൺ അവളുടെ തോളിൽ തട്ടി. 


അപ്പോഴേക്കും ദുർഗ്ഗയുടെ കൂട്ടുകാരികൾ വന്നു ഫോട്ടോ എടുക്കാനായി അവളെ കൂട്ടികൊണ്ടു പോയി. 


"പാവം കുട്ടി, ഒരു പാട് വിഷമിക്കുണ്ട്.. " അനിത ജോണിന്റെ നേരെ നോക്കി പറഞ്ഞു.


"അവനും " ജോൺ തിരിഞ്ഞു നടന്നു.


ദുർഗ്ഗയുടെ കണ്ണിൽ നിന്നും കണ്ണുനീർ കവിളുകളിലൂടെ ഒഴുകി വലതു കയ്യിലെ വിരലിൽ കിടന്ന മോതിരത്തിൽ തട്ടിച്ചിതറി . വണ്ടിയുടെ ചില്ലിലൂടെ അകത്തേക്കെത്തിയ സൂര്യപ്രകാശത്തിൽ, കണ്ണുനീർ വീണ മോതിരത്തിലെ രുദ്രൻ എന്നെഴുതിയ ഭാഗം ഒരു ചെറിയ LED ലൈറ്റ് പോലെ തിളങ്ങി. 


തൃപ്പൂണിത്തുറ പിന്നിട്ടു ഹൈവേയിലേക്കു പൊയ്ക്കൊണ്ടിരുന്ന വണ്ടി പെട്ടന്ന് ജോൺ ഇടത്തേക്ക് തിരിച്ചു ഒരു ഇടറോട്ടിലേക്കു കയറ്റി നിർത്തി. പിന്നാലെ വന്ന XUV തങ്ങളെ കടന്നു മുന്നോട്ട് പോയി എന്ന് മനസ്സിലായപ്പോൾ, ആ XUVയുടെ നമ്പർ ആർക്കോ മെസ്സേജ് അയച്ചു അയാൾ തങ്ങളുടെ വണ്ടി തിരിച്ചു പേട്ട വഴി വൈറ്റിലയിലേക്കു ഓടിച്ചു. 


വൈകിട്ട് മഠത്തിൽ തറവാട്ടിൽ , അച്ഛന് വേണ്ട ഭക്ഷണം എടുത്തു വച്ച് തിരിച്ചു പോകാനൊരുങ്ങുകയായിരുന്നു വിഷ്ണുവും ആതിരയും. അവരുടെ മുന്നിലൂടെ അശോകൻ കാറ്റിന്റെ വേഗത്തിൽ പണിക്കരുടെ മുറിയിലേക്ക് കയറിപ്പോയി. ഒന്ന് ശങ്കിച്ചു നിന്ന ശേഷം വിഷ്ണുവും , പുറകെ ആതിരയും അയാളുടെ പുറകെ അങ്ങോട്ട് നടന്നു. 


"എന്തായി"


"ജോൺ , അവനവളുടെ ഡ്രൈവറും ബോഡി ഗാർഡുമാണ് . മേരിമാതാ എന്ന പേരിൽ മുപ്പതോളം നാഷണൽ പെർമിറ്റ് ലോറികൾ അവനു സ്വന്തമായുണ്ട്. വടക്കേ ഇന്ത്യയിൽ പലസ്ഥലങ്ങളായി അത് സർവീസ് നടത്തുന്നു. അതിലുപരിയായി ഡൽഹിയിൽ നിന്നും ബോംബെ, കൊങ്കൺ വഴി ഇങ്ങ് മംഗലാപുരം വരെ അവനു വേണ്ടി ജോലി ചെയ്യാൻ ആളുകൾ ഉണ്ട്. ഒരു പക്ഷെ, കൊച്ചിയിലും, ചിലപ്പോൾ നമ്മുടെ പൂങ്കാവിലും. "


"നീ പറഞ്ഞു വരുന്നത് "


"അച്ഛാ, അവളോട് ഇനി ഒരു വഴക്കിനു പോകരുത് , കേസും കോടതിയുമൊക്കെയായി ചിലപ്പോൾ കുറച്ചു കാലം നിങ്ങള്ക്ക് അവളെ ഇവിടെ തളച്ചിടാം, പക്ഷെ , ഒന്ന് കൂടി ചിന്തിച്ചിട്ടേ ഇനി എന്തെങ്കിലും ചെയ്യാവൂ"


അശോകന്റെ പുറകിൽ നിന്ന വിഷ്ണു പണിക്കരോടായി പറഞ്ഞു . 


"നീ കൂടുതൽ വിശദീകരിക്കേണ്ട വിഷ്ണു, ഞങ്ങൾക്കറിയാം എന്ത് ചെയ്യണമെന്ന്, നീ നിന്റെ ഭാര്യയെയും വിളിച്ചു ഇരുട്ടുന്നതിനു മുൻപ് വീട്ടിൽ പോ , പിന്നെ , അധികം ഇവിടെ ഇങ്ങനെ കയറി ഇറങ്ങണ്ട , അച്ഛനെ നോക്കാൻ നാളെ തന്നെ ഞാൻ വിദ്യയെ ഇവിടെ കൊണ്ടെ വിടാം "


വിഷ്ണുവിനെ നോക്കി അശോകൻ വിജയി ഭാവത്തിൽ ഒരു പരിഹാസ ചിരി ചിരിച്ചു. 


"വിനാശകാലേ വിപരീത ബുദ്ധി " വിഷ്ണു ആതിരയോടായി പറഞ്ഞു അവളുമായി വൈഷ്ണവത്തിലേക്കു നടന്നു.


അശോകൻ പണിക്കരുടെ നേരെ ഒരു വെള്ള പേപ്പർ നീട്ടി. 


"പിന്നെ, ഒരു കാര്യം കൂടി, അവളുടെ ഭർത്താവിന്റെ പേര്, രുദ്രൻ എന്നാണ് ,അവൻ ഇപ്പോൾ ഇന്ത്യ ടിബറ്റൻ പോലീസിൽ ആണ് , ഇവൾ കുട്ടികളോടൊപ്പം ഡൽഹിയിൽ മയൂർ വിഹാറിൽ ആണ് താമസം. അവൻ ഇടക്കിടക്ക് വരും എന്നല്ലാതെ വേറെ കാര്യങ്ങൾ ഒന്നും അറിയില്ല "


അപ്പോഴേക്കും മഠത്തിൽ തറവാടിന്റെ മുറ്റത്തേക്ക് നേരത്തെ കണ്ട XUV യും പുറകെ ജോണിന്റെ ഫോർച്യൂണറും കയറി വന്നു. ഫോർച്യൂണറിന്റെ നടുവിലെ ഇടതു സൈഡ് ഡോർ തുറന്നു രണ്ടു പേർ പുറത്തേക്കു തെറിച്ചു വീണു. ഒപ്പം ഡ്രൈവർ സെറ്റിൽ നിന്നും ഇറങ്ങി ജോൺ വരാന്തയിലേക്ക് കയറി.


"അശോകാ , നീ പറഞ്ഞു വിട്ടവർ ദേ മുറ്റത്തു കിടപ്പുണ്ട് , നിന്റെ വണ്ടിയും. ഇനി എന്റെയോ ദുർഗ്ഗയുടെയോ പുറകെ ആരെങ്കിലും വന്നാൽ ...." 


ആ സമയത്തു തന്നെ ജോണിന്റെ ഫോൺ ശബ്‌ദിച്ചു. മറു വശത്തു നിന്നുള്ള വാർത്ത കേട്ട് അയാൾ വരാന്തയിലെ സോപാനത്തിലേക്കു ഇരുന്നുപോയി . തന്റെ കൈകാലുകൾ തളർന്നു പോകുന്ന പോലെ അയാൾക്ക്‌ തോന്നി. 


"എന്തെ ജോൺ, നീ പേടിച്ചു പോയോ , നിനക്ക് കുടിക്കാൻ വെള്ളം വേണോ"


അശോകൻ ഒരു പരിഹാസ ചിരിയുമായി അയാളുടെ അടുത്തേക് നടന്നടുത്തു. ചെറിയ സമയത്തിന്റെ ഇടവേളയ്ക്കു ശേഷം യാഥാർഥ്യത്തിലേക്ക് തിരിച്ചു വന്ന ജോൺ വലതു കൈകൊണ്ടു അശോകന്റെ കഴുത്തിൽ പിടിച്ചു പുറത്തേക്ക് തള്ളി. ഈ സമയത്തു തറവാട്ടിലെ ശബ്ദം കേട്ടു വിഷ്ണുവും അങ്ങോട്ട് വന്നു. പുറത്തേക്കിറങ്ങിയ ജോൺ, ഇടം കയ്യിലെ കട കുർത്തയോടെ മുകളിലേക്ക് തിരുകി കയറ്റി , വീണു കിടക്കുന്ന അശോകന്റെ നേരെ കാലുയർത്തിയെങ്കിലും എന്തോ ഓർമയിൽ വണ്ടിയുടെ നേരെ നടന്നു.


"അശോകാ, ദുർഗ്ഗക്കെന്തെങ്കിലും പറ്റിയാൽ അവൻ വരാൻ ഞാൻ കാത്തിരിക്കില്ല, ജീവനോടെ കത്തിക്കും , നിന്നെയും പണിക്കരെയും , തടയാൻ വരുന്ന എല്ലാവരെയും .. "


"ദുർഗ്ഗക്കെന്തു പറ്റി "


ഡ്രൈവർ സീറ്റിലേക്ക് കയറിയ ജോണിനടുത്തേക്കു വന്നു വിഷ്ണു ചോദിച്ചു. 


"ഒരുത്തൻ ആളറിയാതെ ഒന്ന് കത്തി കയറ്റി, അത്രയേ ഉള്ളൂ.. ഇപ്പോൾ മെഡിക്കൽ ട്രസ്റ്റിൽ ആണ്"


വണ്ടി സ്റ്റാർട്ട് ആക്കി മുന്നോട്ടു എടുക്കാൻ ശ്രമിക്കുന്നതിനിടയിൽ ,കഴുത്തിലെ വെളുത്ത ഷാൾ കൊണ്ട് മുഖം തുടച്ചു ജോൺ പറഞ്ഞു. പറഞ്ഞത് ശാന്തമായാണെങ്കിലും , ആ കണ്ണുകളിൽ പകയെരിയുന്നതു വിഷ്ണു ശ്രദ്ധിച്ചു . ജോണിനൊപ്പം വന്നവർ വണ്ടിയിൽ കയറുന്നതിനിടെ വിഷ്ണുവും അതിലേക്കു ചാടിക്കയറി. കണ്ണുകൾ അടച്ചു പൂങ്കാവിലമ്മയെ പ്രാർത്ഥിക്കുമ്പോൾ, മുഖത്തിന് നേരെ ഒരു പിടി ചെത്തിപ്പൂവെറിഞ്ഞു ഓടിമറയുന്ന ഒരു നീളൻ പാവടക്കാരിയുടെ മുഖം തന്റെ ഓർമ്മയിലേക്ക് തികട്ടിവരുന്നത് വിഷ്ണുവറിഞ്ഞു. അതെ സമയം തറയിൽ നിന്നും എഴുനേറ്റ് , തന്റെ ഡ്രെസ്സിലെ മണ്ണ് തട്ടിക്കളഞ്ഞു , കുറ്റിത്താടി വിരലുകൾ കൊണ്ട് തഴുകി, സംതൃപ്തിയോടെ അശോകൻ മഠത്തിൽ തറവാടിന്റെ മുറ്റത്തു നിൽകുമ്പോൾ അങ്ങകലെ ഗോവയിലെ ഡാബോലിം എയർപോർട്ടിൽ കൊച്ചിയിലേക്കുള്ള ഫ്ലൈറ്റിൽ ഒരു എമർജൻസി സീറ്റ് തരപ്പെടുത്താൻ വെപ്രാളപ്പെടുകയായിരുന്നു അവൻ .


(തുടരും)

No comments:

Post a Comment