കടലാഴങ്ങൾ 3
"ഗുഡ് മോർണിംഗ്..
"
ആദി ചെറിയൊരമ്പരപ്പോടെ
തലയുയർത്തി നോക്കി, പിന്നെ തിരികെ വിഷ് ചെയ്തു.
"ഗുഡ് മോർണിംഗ്
മറിയം.. "
ട്രാക്ക് സ്യൂട്ടാണ്
വേഷം,മുടി പോണി ടെയിൽ മോഡലിൽ കെട്ടിവച്ചിരിക്കുന്നു, എങ്കിലും ഇടതു നെറ്റിയിലേക്ക്
അനുസരണയില്ലാത്ത കുറച്ചു മുടികൾ വീണു കിടപ്പുണ്ട്, അവ കണ്ണിനു മുകളിലൂടെ കവിളിൽ
തലോടി ചുണ്ടുകളിൽ എത്തി നില്കുന്നു. തന്റെ കയ്യുയർത്തി അവയെ അവളുടെ ചെവിയുടെ പുറകിലേക്ക്
വയ്ക്കാൻ ആ നിമിഷം അവനു തോന്നി. വലതു ചെന്നിയിൽ നിന്നും ഉത്ഭവിച്ച ഒരു നീരുറവ ചുമപ്പു
കലർന്ന വെളുത്ത കവിളിലൂടെ താഴെക്കു ഒഴുകുവാൻ വെമ്പുന്നു. ചുറ്റുമുള്ള മരങ്ങൾക്കിടയിലൂടെ
കടന്നു വരുന്ന നേർത്ത സൂര്യരശ്മികൾ അവയിൽ വർണ്ണപ്രപഞ്ചം തീർക്കുന്നുണ്ട്.
"ഉഹ്.. "
ആദിയുടെ കണ്ണുകളിൽ വിരിയുന്ന
ഭാവം കണ്ടു അവൾ മുരടനക്കി..
"സോറി.. അഞ്ജലി..
"
"കുഴപ്പമില്ല ആദി..
ഐ മീൻ ആദിയേട്ടാ.. മറിയം എന്നൊന്നും ആരും എന്നെ വിളിക്കാറില്ല.. അതുകൊണ്ടാ..
"
അവൾ ചിരിച്ചു കൊണ്ടു
മറുപടി പറഞ്ഞു..
"ഇന്നത്തെ എക്സ്സർസൈസ്
കഴിഞ്ഞോ.."
"ഹ്മ്മ് എന്റെ കഴിഞ്ഞു...
ഏട്ടന്റെയോ.. "
"ആറു കിലോമീറ്റർ
ആണ് എന്റെ ടാർഗറ്റ്, അത് കഴിഞ്ഞു.. "
കയ്യിലെ സ്മാർട്ട് വാച്ചിൽ
തൊട്ട് അവനവളെ കാണിച്ചു കൊടുത്തു..
"ആഹാ, എന്നിട്ട്
ഇവിടെ ഇരുന്നു എന്താണ് പരിപാടി.. വായിനോട്ടം ആണോ.. "
"ഹേയ്.. ജോഗിങ്
കഴിഞ്ഞാൽ ഇരുപത് മിനിറ്റ് ഇവിടെ ഇങ്ങനെ ഇരിക്കും. വിയർപ്പ് മാറിയതിനു ശേഷമേ തിരികെ
പോകൂ. ആ സമയം ദാ നല്ല വായു ശ്വസിക്കാം, ഈ കാറ്റാടി മരങ്ങളിൽ കൂടു കൂടിയിരിക്കുന്ന
പക്ഷികളെ കാണാം, തേൻ കുടിക്കാൻ വരുന്ന ചിത്രശലഭങ്ങളെ കാണാം... "
"എന്റെ പൊന്നോ..
മതി മതി.. "
അവൾ പുഞ്ചിരിയോടെ അവനു
മുന്നിൽ കൈകൾ കൂപ്പി..
"എന്നാൽ പോയാലോ..
"
ആദി ചാരുബെഞ്ചിൽ
നിന്നും എഴുനേറ്റു.
"ഞാൻ വന്നത് കൊണ്ടാണോ..
"
"ഹേ അല്ല..
"
അവളും അവനോടൊപ്പം എഴുനേറ്റു
പാർക്കിനു പുറത്തേക്കു നടന്നു. അവർക്കിടയിൽ തളം കെട്ടി നിന്നിരുന്ന മൗനം പോലും എന്തോ
പരസ്പരം സംസാരിക്കുന്നത് പോലെ..
"അങ്ങോട്ട്..
നമ്മുടെ ഫ്ലാറ്റ് ഈ വഴിക്കല്ലേ.. "
പാർക്കിൽ നിന്നും ഇടറോഡിലൂടെ
നടന്നു ഫ്ലാറ്റിനു മുന്നിലുള്ള ജംഗ്ഷനിൽ എത്തി എതിർവശത്തേക്ക് നടക്കാൻ തുടങ്ങിയ ആദിയെ
അഞ്ജലി സംശയത്തോടെ നോക്കി.
"വാ... ഓരോ
ജ്യൂസ് കുടിച്ചിട്ട് പോകാം.. "
"ഏഹ്.. "
"വാടോ.. ശരീരത്തിലെ
അമിതമായ ഫാറ്റ് മാത്രമേ ഇങ്ങനെ എക്സ്സർസൈസ് ചെയ്തു കളയാവൂ, പിന്നെ ശരീരത്തിന്
മൊത്തം ഒരു ഇളക്കവും ഉണ്ടാകണം. കാരണം ബാക്കി സമയം നമ്മൾ ഇരുപ്പ് തന്നാണല്ലോ.
കഴിക്കുന്നത് ഈ ജങ്ക് ഫുഡും. അതുകൊണ്ട് നമ്മളീ ഓടി ക്ഷീണിച്ചു കഴിഞ്ഞു
ഒരു ജ്യൂസ് കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാ.. .. "
"ഉം "
പറഞ്ഞതൊന്നും മനസ്സിലായില്ലങ്കിലും
കൈകൾ മാറത്തു പിണച്ചു കെട്ടി ഇരു പുരികങ്ങളും ഉയർത്തി അവൾ മൂളി..
"കയ്യും മുഖവും
കഴുകൂ, പൊടി കാണും.. "
അടുത്തു കണ്ട ചെറിയ റെസ്റോറന്റിൽ
കയറി ഹാൻഡ് വാഷ് എന്നെഴുതിയ ഭാഗത്തേക്ക് നടന്നു അവൻ പറഞ്ഞു. പിന്നീട് തിരികെ
വന്ന് ഒരു ടേബിളിന്റെ അടിയിൽ നിന്നും കസേര വലിച്ചു പുറകോട്ടാക്കി അവളെയും കാത്തു നിന്നു.
അഞ്ജലി അടുത്തു വന്നപ്പോൾ വലതു കൈകൊണ്ടു അതിലിരിക്കാൻ അവൻ ക്ഷണിച്ചു, പിന്നീട്
ആ കസേരയിൽ ഇരിക്കാൻ അവളെ സഹായിക്കുകയും ചെയ്തു.
"ഞാൻ ഒരു പോമോഗ്രാനേറ്റ്
ജ്യൂസ് ആണ് കുടിക്കാറ് , വിത്ത് ഔട്ട് ഷുഗർ ആൻഡ് ഐസ് . മറിയത്തിനു എന്നതാ വേണ്ടേ
.. "
"ഓഹ് , എനിക്കും
അത് തന്നെ ആയിക്കോട്ടെ , ഇത്രയും ഹെൽത് നോക്കുന്ന ആളല്ലേ .. എന്തേലും ഗുണം കാണും
.. "
"ആഹാ .. പിന്നെ
ബ്രേക്ക്ഫാസ്റ്റ് എന്താ വേണ്ടേ .. ഇഡ്‌ഡലി , ദോശ , പുട്ട് ,പൂരി ... "
"ഇവിടുത്തെ മെനു
മുഴുവൻ അറിയാമോ .. "
"രണ്ടു കൊല്ലമായി
സ്ഥിരം വരുന്നു , എല്ലാവരെയും പരിചയമുണ്ട് .. "
"ഞാൻ വീട്ടിൽ
പോയി കഴിച്ചോളാം , അവളുമാര് എന്തേലും ഉണ്ടാക്കിക്കാണും .. "
"എന്തേലും എന്ന്
പറയുമ്പോ .. "
"ബ്രെഡ് , മാഗി
അങ്ങനെ .. രാവിലെ ഇതൊക്കെ തീർത്തിട്ട് ഓഫിസിൽ പോകണ്ടേ .. ഒൻപതരക്ക് എങ്കിലും
ചെന്നില്ലേ ലീഡ് തെറിവിളിക്കും . "
"എന്നാ പിന്നെ ഇന്ന്
ഇവിടുന്നു കഴിക്കാം ഒരു ദിവസം മാറ്റി പിടിക്കാല്ലൊ .. "
"അത് വേണോ .. "
"അതാകാം .. പറയൂ
, എന്താ വേണ്ടത് .. "
"അങ്ങനെ ആണേൽ
എനിക്ക് രണ്ടു ഇഡലി ... "
"ഇജാസെ നമ്മുടെ
സ്‌പെഷ്യൽ രണ്ടെണ്ണം , പിന്നെ ഒരു പ്ലേറ്റ് ഇഡലി ഒരു പ്ലെയിൻ .. "
ആദി കൗണ്ടറിലേക്ക് നോക്കി
വിളിച്ചു പറഞ്ഞപ്പോൾ അവൻ തള്ളവിരലുയർത്തി കാണിച്ചു ..
"തലശ്ശേരിക്കാരാ
.. "
"ഹ്മ്മ് .. അത്
ശെരി ..എന്റെ നാട് പാലായാണ് കേട്ടോ , ആദിയുടെ വീട് എവിടാ .. "
"വീട് .. "
അവനോന്നു നിർത്തി ..
"വീട് ... അത് കോട്ടയം
... "
"സംസാരം കേട്ടപ്പോ
തോന്നി .. ആ, പിന്നെ എന്റെ വീട്ടിൽ അപ്പൻ അമ്മ , അനിയത്തി ..അവള് ഡിഗ്രിക്ക്
പഠിക്കുവാ , മടിച്ചിയാണ് .. ആദിയുടെതോ .. "
"എൻ്റെ വീട്ടിൽ
എല്ലാരുമുണ്ട് .. ഒരു മിനിറ്റ് , എനിക്കൊരു കാൾ ചെയ്യണമായിരുന്നു .. "
പറഞ്ഞത് മുഴുവനാക്കാതെ
ആദി ഫോണുമായി പുറത്തേക്കിറങ്ങി .
അവൻ തിരികെ വരുമ്പോൾ
ആഹാരം മുന്നിൽ വച്ച് അഞ്ജലി കാത്തിരിക്കുകയായിരുന്നു .
"സോറി , കഴിക്കാമായിരുന്നില്ലേ
.. "
"അത് , വന്നിട്ട്
ഒരുമിച്ചാകാമെന്നു കരുതി .. "
"എന്നാൽ തുടങ്ങാം
.. "
"എന്നും ഇവിടുന്നാണോ
ഏട്ടന്റെ ബ്രെക്ക്ഫാസ്റ്റ് ... "
കഴിക്കുന്നതിനിടയിൽ മുഖമുയർത്തി
അവൾ ചോദിച്ചു .
"ഹാ .. വീക്‌ഡേസിൽ
ഇവിടുന്നാ , രാവിലെ ഒരാൾക്ക് വേണ്ടി ഉണ്ടാക്കാൻ മെനക്കെടാറില്ല. അഞ്ജുവോ ...
"
"മറിയം എന്ന് വിളിച്ചോളൂ
കേട്ടോ. ഞങ്ങൾ മിക്കവാറും ഓഫീസിൽ നിന്നായിരിക്കും ബ്രേക്ക്ഫാസ്റ്റും ലഞ്ചും
. രാവിലെ എഴുനേറ്റ് പോകുന്നതിനിടക്ക് അതിനുള്ള സമയം ഒന്ന് കാണില്ല അതിനിടയിൽ
ഈ എക്സ്സർസൈസും. ആ ഒരു ബ്ലാക്ക് കോഫീ ഉണ്ടാകും , മിക്കവാറും ബിസ്ക്കറ്റോ ബ്രെഡോ റെസ്‌കോ
അങ്ങനെ വല്ലതും കൂടെ കാണും .. "
"ഓഹ് .. എങ്ങനാ
ഓഫീസിൽ പോകുന്നെ .. ക്യാബ് ഉണ്ടോ "
"ഹേ ക്യാബിൽ പോയാൽ
നേരത്തെ പോകേണ്ടി വരും , ഞങ്ങൾക്ക് രണ്ടു ടൂ വീലർ ഉണ്ട് , പിന്നെയൊരു കാറും . അതിങ്ങനെ
മാറി മാറി .. "
"ഓക്കേ .. "
"ഏട്ടനോ .. "
"ഞാൻ .. ഞാനും അങ്ങനെ
തന്നെ .. ഒറ്റക്ക് മടിയാ .. പിന്നെ ഡിന്നർ എന്തേലും വീട്ടി ഉണ്ടാക്കും . .. "
"ഹ്മ്മ് .. ഏട്ടനെങ്ങനെ
ഒറ്റയ്ക്ക് ആ വീട്ടിൽ .. ബോർ ആകത്തില്ലേ "
"ഒറ്റക്ക് .. ബോർ
... അതൊക്കെ ശീലമായില്ലേ .. അല്ല അഞ്ജുവിനു ദോശ വേണോ .. എനിക്ക് ഇവിടെ സ്പെഷ്യൽ
ആണ് .. "
അവളുടെ എതിർപ്പിനെ വകവയ്ക്കാതെ
ഒരു കഷ്ണം ദോശ കീറി അവൻ അവളുട പാത്രത്തിൽ വച്ചു .
"അയ് .. കൊള്ളാല്ലോ
..മുഴുവൻ ബട്ടർ ആണല്ലോ. സ്‌പെഷ്യൽ ആണന്നു പറഞ്ഞു ബട്ടറിൽ കുളിപ്പിച്ച് വച്ചിരിക്കുവാണല്ലോ
.. "
"അതെ , ഡബിൾ ബട്ടർ
ക്യൂബ്സ് ..... ഇതൊക്കെ ഒരു ശീലമായിപ്പോയി . "
"കൊള്ളാം , ഇത്രയും
ഡയലോഗ് അടിച്ച മനുഷ്യനാണ് ബട്ടർ തിന്നുന്നെ , ഇങ്ങനെ ആണേൽ ആറു കിലോമീറ്റർ പോരാ
കേട്ടോ .."
ഭക്ഷണം കഴിച്ചെഴുനേറ്റ
അവർ ഇജാസിന് സലാം പറഞ്ഞു റെസ്റ്റോറെന്റിനു പുറത്തേക്കിറങ്ങി ഫ്ലാറ്റിലേക്ക് നടന്നു
.
"അവിടുത്തെ ബില്ല്
.. "
"അത് മാസത്തിൽ ആണ്
.. "
"ആ പിന്നൊരു കാര്യം
, ഇന്നലത്തെ , നമ്മൾ പരിചയപെട്ടു അന്ന് തന്നെ ഫുഡ് കഴിക്കാൻ വന്നത് .. ബുദ്ധിമുട്ടായോ
.. "
"ഹേ , എന്ത് ബുദ്ധിമുട്ടു
, ആരുടെയെങ്കിലും കൂടെയിരുന്നു ഭക്ഷണം കഴിക്കുന്നതിന്റെ സുഖം ഒന്ന് വേറെയില്ലേ ..എന്നുമിങ്ങനെ
ഒറ്റക്ക് "
"അതെന്താ അങ്ങനെ
പറഞ്ഞെ .. എന്നാ വീട്ടിൽ വിളിച്ചു പറഞ്ഞു ഒരാളെ നോക്കരുതോ .. "
"ആ കൊള്ളാം .. അതെല്ലാം
വിട്ടേക്ക് .. പെട്ടന്നു വാ, സമയം എട്ടര ആയി , നിനക്ക് പോകണ്ടേ .. "
"ഓഹ് , സംസാരിച്ചു
ഇരുന്നതിനാൽ സമയം പോയതറിഞ്ഞില്ല ,അവളുമാര് ഇന്നെന്നേ കൊല്ലും... "
അവൾ ഓടാൻ തുടങ്ങി , ആദി
പുറകെ വേഗത്തിൽ നടക്കാനും .
"നാളെ മുതൽ കുറച്ചു
നേരത്തെ നടക്കാൻ വരുന്നോ .. ഒരു ആറു മണിക്ക് .. "
അഞ്ജലി തന്റെ ഫ്ലാറ്റിന്റെ
കതകു തുറന്നു അകത്തേക്ക് കയറുന്നതിനു മുൻപ് ആദി അവളോടു ചോദിച്ചു .
"നോക്കാം , ഉറപ്പില്ല
... "
"ശെരി .. അപ്പോൾ
ഓൾ ദി ബെസ്റ്റ് ഫോർ ദി മണ്ടേ, ദി ഫസ്റ്റ് ഡേ ഫോർ ദി വീക്ക് .."
"താങ്ക്സ് .. ആൻഡ്
സെയിം ഫോർ യൂ ടൂ .. "
ഒരു ചെറുപുഞ്ചിരിയുമായി
അകത്തു കയറിയ അവളെ കണ്ടു മൈഥിലിയും ദിയയും പരസ്പരം നോക്കി ..
"എന്താണ് മോളെ ഉദ്ദേശം
.. "
"എന്ത് ഉദ്ദേശം
മിഥൂ .. "
"മോളെ അഞ്ജു , രണ്ടു
കൊല്ലത്തെ പരിചയമേ ഉള്ളൂവെങ്കിലും നമുക്കറിയാൻ മേലാത്ത ആളല്ലല്ലൊ നീ
.. ഇതുവരെ കാണാത്ത ഒരു ഇളക്കം ഇപ്പോൾ കാണുന്നുണ്ട് .. "
ശരീരം ഒന്നിളക്കി മൈഥിലി
തിരിഞ്ഞു നടന്നു ..
"അതൊക്കെ നിനക്ക്
തോന്നുന്നതാ , പുള്ളി കണ്ടിടത്തോളം നല്ല ഒരു മനുഷ്യനാണെന്ന് തോന്നി .. അത്രേ ഉള്ളൂ
, ആ പരിഗണനയെ ഉള്ളൂ , പോരെ .. "
"ആ എന്നതാണേലും
, നീ പോയി കോഫി കുടിക്കൂ , നിനക്കുള്ള ബ്രെഡ് ടോസ്റ്റ് ചെയ്തു പാത്രത്തിൽ വച്ചിട്ടുണ്ട്
.. "
"എനിക്ക് വേണ്ടാ
, ഞാൻ കഴിച്ചതാ .. "
"എന്ത് .. "
"എവിടുന്നു .. "
ചോദ്യം രണ്ടുപേരുടെയും
കൂടി ആയിരുന്നു .
"ഞാൻ എക്സ്സർസൈസ്
കഴിഞ്ഞു വരുമ്പോൾ ആദിയേട്ടനെ കണ്ടു , പുള്ളി വിളിച്ചപ്പോൾ റെസ്റ്റോറന്റിൽ പോയി , ജ്യൂസും
, ഇഡലിയും കഴിച്ചു . പോരേ .. "
"ഏതു ഏട്ടൻ .. "
ദിയ പുരികമുയർത്തി ചോദിച്ചു
..
"ആദിയേട്ടൻ .. ആഹ്
.. "
മറുപടി പറഞ്ഞത് മൈഥിലി
ആയിരുന്നു ..
"ഡി പെണ്ണെ , തോമാച്ചൻ
അറിഞ്ഞാലുണ്ടല്ലോ .. നിന്നെ മാത്രമല്ല , ഞങ്ങളേം വെട്ടിയരിഞ്ഞു കപ്പക്ക് അടിവളമാക്കും
... "
ദിയ അഞ്ജലിയുടെ തോളിൽ
പിടിച്ചു
"ഒന്ന് പോയെ ..
ഞാൻ ഒന്ന് ഫ്രഷായി വരാം , സമയത്തിനു എത്തിയില്ലെങ്കിൽ ആ കാട്ടുകോഴി കൃഷ്ണയുടെ മുന്നിൽ
ചെല്ലേണ്ടി വരും ..ഹോ .. "
അവൾ കസേരയിൽ കിടന്ന്
ടൗവലുമായി ബാത്‌റൂമിലേക്കു കയറി .
************************************
"ഹേ , ഹി വിൽ സിറ്റ്
വിത് അസ് .. "
കൃഷ്ണ തിടുക്കത്തിൽ ഓടിപിടിച്ചു
തന്റെ ക്യൂബിക്കളിൽ എത്തി . അഞ്ജലിയും മൈഥിലിയും ദിയയും ഉൾപ്പെടുന്ന ഡെവലപ്മെന്റ് ടീമിന്റെ
ലീഡ് ആണ് കൃഷ്ണ.ക്ലയന്റ് ഉദ്ദേശിച്ച രീതിയിൽ അവരുടെ പ്രോഡക്റ്റ് ഉണ്ടാക്കാൻ സാധിക്കാത്തതിനാൽ
അവരുടെ ഓഫീസിൽ നിന്നും ഒരാൾ വരുന്നുണ്ട്. ഇനിയുള്ള ഒരു മാസം അയാൾ കൃഷ്ണയുടെ
ടീമിനൊപ്പം ഇരുന്നായിരിക്കും ജോലി ചെയ്യുക .
"അഞ്ജലി , കം ടു
മീറ്റിംഗ് റൂം എയിറ്റ് .. "
കാര്യങ്ങൾ അവർക്കു വിശദീകരിച്ചു
കൊടുത്ത ശേഷം അഞ്ജലിയോട് മീറ്റിങ് റൂമിലേക്ക് വരാൻ പറഞ്ഞു കൃഷ്ണ പോയി .
"ഡി , അവൻ റൂമിൽ
കേറി വെല്ല കോഴിത്തരം കാണിക്കുവോ .. "
മൈഥിലി അവളെ തോണ്ടി
"എന്നാലാ
പട്ടരുടെ മുഖത്തിന്റെ ഷേപ്പ് ഞാൻ മാറ്റും , കുറച്ചു ദിവസമായി വേണ്ട വേണ്ടാ എന്ന് വച്ചോണ്ടിരിക്കുവാ
.. "
അവൾ ദേഷ്യത്തോടെ തന്റെ
കസേരയിൽ നിന്ന് എഴുനേറ്റ് മീറ്റിംഗ് റൂമിലേക്കു നടന്നു.
"ഡി , വലിയ
ചതിയായി , ഇനിയിപ്പോ എന്ന ചെയ്യും "
തിരികെ വന്ന അഞ്ജലി ദേഷ്യത്തോടെ
കസേര വലിച്ചിട്ടിരുന്നു .
"എന്നതാ അഞ്ജു പറ്റിയെ
, നീ പറ .. "
"ക്ലയന്റ് വരുമ്പോ
ഞാൻ അയാളുടെ കൂടെ വേണമെന്ന് , അത്യാവശ്യം നല്ലോണം പണിയും ഇംഗ്ലീഷും എനിക്കറിയാം എന്ന്
അയാൾ മാനേജരോട് പോയി പറഞ്ഞു , ഇന്ന് മുതൽ മീറ്റിംഗ് റൂമിൽ കൃഷ്ണയോടൊപ്പം ഇരിക്കാനാ
പറഞ്ഞെ .. "
"അയ്യോ ... "
"ആന്നേ , കൃഷ്ണ
പറയുവാ , നല്ല പേരുണ്ടാക്കിയെടുത്താൽ പ്രൊമോഷൻ കിട്ടുമെന്ന് .. എന്റെ പട്ടിക്ക് വേണം
പ്രമോഷൻ . അവന്റെ ഒപ്പം ഇരിക്കണത്തിലും ഭേദം വെല്ല ... "
"ഹേ , നീ ഇങ്ങനെ
ചൂടാകാതെ , നമുക്കെന്തെലും വഴിയുണ്ടാക്കാം , കൃഷ്ണയെ ഒതുക്കാം നമുക്ക് .. നീ പേടിക്കാതെ
.. "
മൈഥിലി അവളുടെ തൊളിൽ
തട്ടി ആശ്വസിപിച്ചു ..
"ഡി , നമ്മുടെ ടീമിലെ
സീനിയർ ആയിട്ടുള്ളവരെ തഴഞ്ഞല്ലേ ഇവളെ കൊണ്ട് പോകുന്നെ .. അങ്ങനെ വരുമ്പോൾ രണ്ടു വശത്തു
നിന്നും പണിയാകുമല്ലോ .. ഒന്നാമത്തെ അയാളുടെ ഇവൾക്ക് നേരെയുള്ള ഒലിപ്പീരു ഓഫീസിൽ പാട്ടാണ്
.. "
ദിയ തന്റെ കസേര അവളുടെ
അരികിലേക്ക് വലിച്ചിട്ടു ആലോചനയിലാണ്ടൂ.
"ഞാനിപ്പോ എന്ന
ചെയ്യാനാ നിങ്ങള് പറയുന്നേ .. "
"ഹ്മ്മ് .. നീ ചെല്ല്
, മീറ്റിംഗ് റൂമിൽ ഏതായാലും എല്ലാവരും ഉണ്ടാകുമല്ലോ , കൃഷ്ണ എന്തേലും പറഞ്ഞാൽ അവിടെ
വച്ചു തന്നെ അവന്റെ മോന്തക്ക് ഒന്ന് പൊട്ടിച്ചേര് . പിന്നെ ടീമിലെ ഇഷ്യൂ , അത് ഞങ്ങള്
നോക്കിക്കൊള്ളാം .. "
മൈഥിലി അഞ്ജലിയുടെ ലാപ്ടോപ്പ്
എടുത്തു കയ്യിൽ കൊടുത്തു .
"നീ ധൈര്യത്തിൽ
പോയി വാ പെണ്ണെ , ഞങ്ങൾ രണ്ടു പേരും ഇല്ലേ ഇവിടെ "
ദിയ കൂടി അങ്ങനെ പറഞ്ഞതോടെ
അവൾ ലാപ്ടോപുമായി മീറ്റിംഗ് റൂമിലേക്ക് തിരികെ നടന്നു .
**************************************
കൃഷ്ണയും അഞ്ജലിയും കൂടി
മീറ്റിംഗ് റൂമിൽ ക്ലയന്റിനെ സ്വീകരിക്കാനുള്ള അവസാന വട്ട ഒരുക്കത്തിലാണ്. ഈ പ്രൊജക്റ്റ്
പോയാൽ കമ്പനിക്കുണ്ടാക്കാൻ പോകുന്ന നഷ്ടമറിയാവുന്നതിനാലാകണം കൃഷ്ണ വലിയ ടെൻഷനിൽ ആയിരുന്നു
, അത് കൊണ്ട് തന്നെ അഞ്ജലിക്ക് കാര്യമായ ബുദ്ധിമുട്ടുകൾ അവൻ ഉണ്ടാക്കിയില്ല .
"ഹേ , ഹി ഈസ് ഹിയർ
. "
തന്റെ ഫോണിൽ വന്ന മെസ്സേജിൽ
നോക്കി അഞ്ജലിയോട് പറഞ്ഞു കൃഷ്ണ റൂമിന്റെ വാതിൽ തുറന്നു .അഞ്ജലി വേഗത്തിൽ മേശപ്പുറത്തിരുന്ന
ബൊക്കെ കയ്യിലെടുത്തു അവന്റെ പുറകെ ചെന്നു .
പക്ഷെ , കൃഷ്ണയുടെ കൈകൾ
കുലുക്കി അകത്തേക്ക് കയറിവരുന്ന ആളെ കണ്ടു കയ്യിലിരുന്ന ബൊക്കെ കൊടുക്കാനാവാതെ അവൾ
സ്തംഭിച്ചു നിന്നു .
"ഹേ .. അഞ്ജലി
.. "
കൃഷ്ണ അവളുടെ കൈയ്യിൽ
തട്ടിയപ്പോഴാണ് അവൾക്കു അല്പമെങ്കിലും സ്ഥലകാല ബോധം വന്നത് ..
"മീറ്റ് മിസ് അഞ്ജലി
, ഷീ ഈസ് ഫ്രം ഡവലപ്മെൻറ് ടീം. ഹിയർ, ഷീ ഈസ് ഗോയിങ് ടു അസിസ്റ്റ് യു "
"ഒഹ് , താങ്ക്സ്
അഞ്ജലി , ഐ ആം ആദിത്യ , നൈസ് ടു മീറ്റ് യു ... "
അവളുടെ കയ്യിൽ നിന്നും
ബൊക്കെ വാങ്ങി പുഞ്ചിരിച്ചു കൊണ്ട് ആദി ഒരു കസേര വലിച്ചിട്ടു അതിലേക്കിരുന്നു
(തുടരും)
No comments:
Post a Comment