Thursday, August 13, 2020

ഉത്സവപ്പിറ്റേന്ന് 14

 രാവിലെ ആറു മണിയോടെ നിസാമുദ്ധീൻ സ്റ്റേഷനിൽ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ, ജി റ്റി എക്സ് പ്രെസ്സിലെ പത്താം നമ്പർ സ്ലീപ്പറിൽ നിന്നും ജോണിന്റെ കൈപിടിച്ചിറങ്ങിയ ദുർഗ്ഗ പരിചയമുള്ള ആരെയോ അവിടെ തിരഞ്ഞു കൊണ്ടിരുന്നു . പല നിറത്തിലും വേഷത്തിലുമുള്ള , പല ഭാഷകൾ സംസാരിക്കുന്ന ആൾക്കൂട്ടത്തിനിടയിൽ , മൂക്കിലേക്ക് അടിച്ചു കേറി വരുന്ന ദുർഗന്ധത്തിൽ താൻ ശർദ്ധിച്ചുപോകുമോ എന്നുള്ള പേടിയിൽ , ജോണിന്റെ വലതു കയ്യിൽ തന്റെ ഇരുകൈകളും കൊണ്ടും മുറുക്കെ പിടിച്ചു അവൾ ആ പ്ലാറ്റ്ഫോമിന്റെ അങ്ങേ അറ്റത്തേക്ക് നടക്കാൻ തുടങ്ങി .



"ദേവൂ .. "


മേല്പാലത്തിനരുകിൽ എത്തിയപ്പോൾ പരിചയമുള്ള സ്വരം കേട്ടപോലെ, തിരിഞ്ഞു നോക്കിയപ്പോൾ താൻ ഇത്രയും നേരം തിരഞ്ഞു കൊണ്ടിരുന്ന ആൾ ആ ജനസാഗരത്തിനിടയിൽ അങ്ങ് ദൂരെ .


"ഉണ്ണിയേട്ടൻ"


ഒരു വേള , ഇവിടെ തന്നെ നില്കണമെന്നു ജോണിനോട് കണ്ണുകൾ കൊണ്ട് യാചിച്ചു അവൾ ആ തിരക്കിനിടയിലൂടെ , അങ്ങകലെ തന്നെയും നോക്കി ചായ കച്ചവടക്കാരന്റെ അടുക്കൽ നിൽക്കുന്ന ഉണ്ണിയുടെ അടുക്കലേക്കു ഓടി .


നിറകണ്ണുകൾ തുടച്ചു കൊണ്ട് കാറ്റിന്റെ വേഗത്തിൽ ഓടി വന്നു ,തുറന്നു പിടിച്ചു നിൽക്കുന്ന തന്റെ കൈകൾക്കുള്ളിലേക്കു, തന്റെ നെഞ്ചിലേക്ക് ചേർന്ന് വീണു വിതുമ്പുന്ന ദേവുവിനെ ആശ്വസിപ്പിക്കാൻ, അവളുടെ ശരീര ഭാരത്തെ താങ്ങാനാവാതെ പുറകിലേക്ക് വേച്ചു പോയ അവൻ നന്നേ പാടുപെട്ടു.പ്ലാറ്റ് ഫോമിലെ ഒഴിഞ്ഞ കസേരയിലേക്ക് ചേർത്ത് പിടിച്ചു ഇരുത്തി,ഉണ്ണി അവളുടെ തലമുടിലൂടെ തലോടി. അപ്പോഴേക്കും ജോൺ അവളുടെ ബാഗും , തന്റെ ചെറിയ പ്ലാസ്റ്റിക് കൂടുമായി അവിടെ എത്തിയിരുന്നു. ചോദ്യഭാവത്തിൽ തന്നെ നോക്കിയ ഉണ്ണിയുടെ നേരെ അയാൾ വലതു കൈ നീട്ടി .


"ജോൺ , പൂങ്കാവ് പള്ളി പറമ്പിൽ ജോൺ "


ആ പേരു കേട്ടതും , തന്റെ ശരീരം ആകെ വിറക്കുന്നതു പോലെയും , തന്റെ കൈകളിലേക്ക് രക്തം ഇരച്ചു വരുന്നത് പോലെയും ഉണ്ണിക്കു തോന്നി. എങ്കിലും അത് പുറത്തു കാട്ടാതെ , എന്തോ തീരുമാനിച്ചു ഉറപ്പിച്ചത് പോലെ അവൻ തന്റെ വലതു കൈ നീട്ടി .


"ഉണ്ണി "


അതിനു ശേഷം തന്നോട് ചേർന്ന് ഇരിക്കുന്ന ദുർഗ്ഗയെ ശരീരത്തിൽ നിന്നും വിടർത്തി, അവളുടെ മുഖം തന്റെ ഇരു കൈകളിലും എടുത്തു , കവിളുകളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണുനീർ തള്ള വിരലുകൾ കൊണ്ട് തുടച്ചെടുത്തു.


"അവനെവിടെ , വിഷ്ണു "


മറുപടിയായി, ഉണ്ണിയുടെ കൈകളിൽ ഇരിക്കുന്ന മുഖം അവന്റെ വലത്തേ കയ്യോടു ചേർത്ത് , രണ്ടു കൈകൾ കൊണ്ടും ആ കയ്യിൽ ചേർത്ത് പിടിച്ചു അവൾ വിങ്ങി . 


" അവൻ വന്നില്ല, സമയം ആയപ്പോൾ അവനു അച്ഛൻ പറഞ്ഞത് വേദവാക്യമായി, നാട് വിടാൻ നിന്ന ഇവളുടെ ജീവനാപത്താണ് ,അത് കൊണ്ട് നിന്റെ അടുക്കൽ എത്തിക്കണമെന്ന് മോനൂട്ടൻ പറഞ്ഞപ്പോൾ, ഞാൻ ഇങ്ങോട്ടു കൊണ്ട് പോന്നു"


യാതൊരു വികാരവുമില്ലാതെ , മറ്റൊരു പ്ലാറ്റ്ഫോമിലൂടെ ഓടിത്തുടങ്ങുന്ന ഏതോ ഒരു ട്രെയിനിനെ നോക്കി ജോൺ പറഞ്ഞപ്പോൾ , അവളുടെ കൈകൾ വിടർത്തി ഉണ്ണി എഴുന്നേറ്റു .


"ദൈവം വലിയവനാണ് ജോൺ , വാ നമുക്ക് പോകാം"


ഉണ്ണി , ദുർഗ്ഗയുടെ ബാഗ് തോളിൽ ഇട്ടു , അവളുടെ കൈപിടിച്ചു എഴുന്നേൽപ്പിച്ചു മുന്നോട്ടു നടക്കാൻ തുടങ്ങി. 


"ഉണ്ണി, ഇവളെ ഇവിടെ എത്തിക്കണമെന്നതായിരുന്നു എന്റെ ദൗത്യം , അത് കഴിഞ്ഞ സ്ഥിതിക്ക് , എനിക്ക് തിരിച്ചു പോകാൻ ടിക്കറ്റ് എടുത്തു തരാമോ, കയ്യിൽ അധികം പൈസ ഇല്ല"


"വന്നതല്ലേ ഉള്ളു, എന്തിനാ ധൃതി, നമുക്ക് എല്ലാം കണ്ടു പതുക്കെ പോകാം, അറിഞ്ഞിടത്തോളം നിങ്ങളെ ആരും നാട്ടിൽ കാത്തിരിക്കുന്നൊന്നും ഇല്ലാലോ, തല്ല്ഉണ്ടാക്കാൻ അല്ലെ"


പുഞ്ചിരിയോടെ തിരിഞ്ഞു നിന്ന് ജോണിന്റെ തോളിൽ തട്ടി ദുർഗ്ഗയുടെ കൈപിടിച്ച് അവൻ സ്റ്റേഷന്റെ വെളിയിലേക്കു നടന്നു. പുറകെ ജോണും .അതെ സമയം മറ്റൊരു ട്രാക്കിലൂടെ ശരവേഗത്തിൽഒരു ട്രെയിൻ ഹോൺമുഴക്കി കടന്നു പോയി.


ട്രെയിനിന്റെ ഹോൺ ആണ് രാവിലെ ഉണ്ണിയെ ഉണർത്തിയത്. അടുത്ത് ഉണ്ടായിരുന്ന മൊബൈലിൽ നിന്നും സമയം ഒൻപതു കഴിഞ്ഞിരിക്കുന്നു എന്നവന് മനസ്സിലായി . അവൻ കണ്ണുകൾ തിരുമ്മി ചുറ്റും നോക്കി . ഒരു ത്രീ സ്റ്റാർ ഹോട്ടൽ റൂം പോലെ തോന്നുന്ന ആ ആശുപത്രി മുറിയിൽ, രോഗികൾ കിടക്കുന്ന കട്ടിലിൽ ദുർഗ്ഗയുടെ അച്ഛൻ ഇരിപ്പുണ്ട് , കൂട്ടിരുപ്പുകാർക്കുള്ള ഒരു കട്ടിലിൽ താനും . മറ്റൊരു കട്ടിലിൽ ഇരുന്നു ജോൺ മൊബൈലിൽ എന്തോ പരത്തുന്നു . 


"ഉണ്ണി എഴുന്നേറ്റോ .. പോയി ഫ്രഷ് ആയി വാ, ചായ വാങ്ങി വന്നിട്ടുണ്ട് "


ചായ ഫ്ലാസ്ക്നു നേരെ വിരൽ ചൂണ്ടി ജോൺ പറഞ്ഞു . 


"നമുക്കൊന്നു ഡോക്ടറെ കാണണം , പിന്നെ സ്റ്റേഷനിൽ പോണം, വീട്ടിലും" ബാത്റൂമിലേക്കു നടക്കുന്നതിനിടയിൽ അവൻ ജോണിനെ നോക്കി പറഞ്ഞു.


കുളിച്ചു , ബാഗിൽ നിന്നും മറ്റൊരു ഡ്രസ്സ് ധരിച്ചു എക്സിക്യൂട്ടിവിനെ പോലെ അവൻ മുറിയിൽ നിന്നും പുറത്തേക്കു നടന്നു . 


"അവൻ, അശോകൻ താഴെയുണ്ട്"


"ഹ്മ്മ് , ഞാനൊന്നു ദേവുവിനെ കണ്ടിട്ട് വരാം, ജോണിവിടെ വെയിറ്റ് ചെയ്യ്"


മുൻപിലെ കസേരകളെ ചൂണ്ടി അവൻ ICUവിനു ഉള്ളിലേക്ക് നടന്നു. മയങ്ങിക്കിടക്കുന്ന ദുർഗ്ഗയുടെ അടുത്തേക്ക് ചേർന്ന് നിന്ന് അവളുടെ ചെവിയിലേക്ക് ചുണ്ടുകൾ അടുപ്പിച്ചു.


"ദേവൂ , നിന്നോട് പറഞ്ഞ വാക്ക് ഞാൻ പാലിച്ചു , താഴെ കിടപ്പുണ്ട് അവൻ ,ഒരു വാക്ക് പോലും മിണ്ടാനാവാതെ, കയ്യോ കാലോ അനക്കാൻ പറ്റാതെ , സ്വന്തമായി ഒന്ന് തിരിഞ്ഞു കിടക്കാൻ പോലുമാവാതെ , നീ ഒന്നു പെട്ടന്ന് എഴുനേറ്റു വാ എന്റെ പെണ്ണെ , നിനക്ക് കണ്ണ് നിറയെ കാണാം, എന്നിട്ടു നമുക്ക് പോവണ്ടേ , ബീച്ചിൽ മഴ നനയാൻ , എന്നിട്ടു ഐസ് ക്രീം കഴിക്കാൻ "


നിറഞ്ഞു വന്ന തന്റെ കണ്ണുകളെ തുടച്ചു അവൻ അവളുടെ കവിളിൽ തന്റെ അധരങ്ങൾ അമർത്തി . എല്ലാം അറിഞ്ഞ പോലെ ആ മയക്കത്തിലും അവളുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിടർന്നു.


ആശുപത്രിയിലേക്ക് കയറി വന്ന വൈശാഖ് താഴത്തെ നിലയിലുള്ള ICUവിനു മുൻപിലെ നഴ്‌സിങ് റൂമിൽ അന്വഷിക്കുമ്പോൾ ആണ് അടുത്തുള്ള കസേരയിൽ ഇരിക്കുന്ന വിദ്യയെ കാണുന്നത് . വിദ്യയോടൊപ്പം പണിക്കരും ആതിരയും ഉണ്ടായിരുന്നു . അവൻ അവരുടെ അടുത്തേക്ക് നടന്നടുത്തു . 


"മോനെ നമ്മുടെ അശോകേട്ടൻ "


വിദ്യ അവന്റെ കൈകൾ പിടിച്ചു മുഖം ചേർത്ത് വിതുമ്പാൻ തുടങ്ങി . അവൻ അവളുടെ കൈകൾ വിടുവിച്ചു നേരെ നിന്നു .


"ചേച്ചിക്കും കുട്ടികൾക്കും സുഖമല്ലേ ? "


"എടാ അശോകേട്ടൻ .. "


"ചേച്ചി .. ഞാൻ വേറൊരാളെ കാണാൻ വന്നതാ, അവര് നാലാം നിലയിലാ .. അപ്പോഴാ നിങ്ങൾ എല്ലാവരും ഇവിടെ ... വിഷ്ണുവേട്ടന് സുഖമല്ലേ ആതിര ചേച്ചി .. '


പണിക്കരുടെ മുഖത്തെക്കു നോക്കാതെ, ആതിരയെ ചിരിച്ചു കാണിച്ചു അവൻ മുകളിലേക്കുള്ള സ്റ്റെപ് കയറിപ്പോയി. ഡോക്ടറുടെ ക്യാബിനിൽ നിന്നും ഇറങ്ങിവന്ന ഉണ്ണിയുടെ അടുത്തേക്ക് വൈശാഖ് ഓടിയെത്തി.


"ഉണ്ണിയേട്ടാ, ചേച്ചി"


"കുഴപ്പമില്ല മോനൂട്ടാ .. .. "


"രാമേട്ടൻ "


"രാമേട്ടൻ റൂമിലുണ്ട് , വാ നമുക്കങ്ങോട്ടു പോകാം "


ഉണ്ണി , വൈശാഖും ജോണുമായി റൂമിലേക്ക് നടന്നു .


"രാമേട്ടാ , വൈശാഖ് " 


ആ വൃദ്ധൻ , ബെഡിൽ നിന്നും പതുക്കെ എഴുനേറ്റു വൈശാഖിനരുകിലേക്കു നടന്നു . 


"എന്ത് തെറ്റ് ചെയ്തിട്ടാ മോനെ, നിന്റെ വീട്ടുകാർ ഇങ്ങനെ ഞങ്ങളെ ദ്രോഹിക്കുന്നെ"


അവന്റെ കൈപിടിച്ച് അയാൾ വിതുമ്പാൻ തുടങ്ങി. 


ആ സമയം ശ്രീറാമിനൊപ്പം സിറ്റി പോലീസ് കമ്മീഷണർ ആ റൂമിലേക്ക് കടന്നു വന്നു . അയാൾ ഉണ്ണിയെ കണ്ടതും നിവർന്നു നിന്ന് സല്യൂട്ട് ചെയ്തു. 


(തുടരും)

No comments:

Post a Comment