Thursday, August 13, 2020

ഉത്സവപ്പിറ്റേന്ന് 8

 കോരിച്ചൊരിയുന്ന മഴയിൽ നടന്നെത്തിയ വിഷ്ണു തന്റെ കുട ചുരുക്കി ആ ചെറിയ ഓടിട്ട വീട്ടിനുള്ളിലേക്ക് കയറി . തുറന്നു കിടക്കുന്ന വാതിലിനുള്ളിലൂടെ അകത്തേക്ക് നോക്കി , ആരെയും കാണാത്തതിനാൽ ഉമ്മറത്തെ അര മതിലിൽ ഇരുന്നു മുറിയിലേക്ക് നോക്കി വിളിച്ചു.



"രാമേട്ടാ .. രാമേട്ടാ .. "


അകത്തു നിന്നും മറുപടി ലഭിക്കാത്തതിനാൽ കുട നിവർത്തി അവൻ പുറത്തേക്കു ഇറങ്ങാൻ തുടങ്ങി. അപ്പോഴേക്കും ,ദൂരെനിന്നു പശുവിന്റേയും പശുകുട്ടിയുടെയും ഒപ്പം ഓടി വരുന്ന ദുർഗ്ഗയെ കണ്ടു അവൻ തിരിച്ചു അകത്തേക്ക് കയറി.


"എന്റെ നന്ദിനീ , നിന്നേം മോളേം നനയാതെ നോക്കീട്ടു , ഞാൻ മുഴുവൻ നനഞ്ഞല്ലോടീ "


പശുക്കളോടു കിന്നാരം പറഞ്ഞു പുല്ലുകൂട്ടിലേക്കു വയ്ക്കോൽ വാരി കൊടുക്കുന്ന ദുർഗ്ഗയെ അവൻ പ്രണയത്തോടെ നോക്കി .


"ഇനി ഇവിടെ കിടന്നു കരയരുത്, എനിക്കടുക്കളേൽ പിടിപ്പതു പണിയുണ്ട് "


നിറുകയിൽ കൈകൾ ചേർത്ത് അവൾ തൊഴുത്തിൽ നിന്ന് വീടിന്റെ ഉമ്മറത്തേക്ക് ഓടിക്കയറി. നനഞ്ഞ പാവാട അറ്റം ചെറുതായി ഉയർത്തി പിഴിഞ്ഞ് വിടർത്തി കുടഞ്ഞു അവൾ മുഖമുയർത്തി നോക്കിയതു കൈകൾ കൂട്ടിക്കെട്ടി അരമതിലിന്റെ തൂണിൽ ചാരി നിന്ന് തന്നെ നോക്കുന്ന വിഷ്ണുവിന്റെ മുഖത്തേക്കാണ്. വളരെ പെട്ടന്ന് , താൻ മഴയിൽ നനഞ്ഞാണ് വന്നത് എന്ന അറിവിൽ തെല്ലു പരിഭ്രമത്തോടെ വലതു കൈ നെഞ്ചോടു ചേർത്ത്, ഇടതു കൈ കൊണ്ട് കസേരയിൽ കിടന്ന തോർത്തെടുത്തു നിവർത്തി തോളിലൂടെ ശരീരത്തിലേക്കിട്ടു.


"വിഷ്ണുവേട്ടൻ ... എന്താ ഇവിടെ " ചെറിയ വിക്കലോടെ അവൾ ചോദിച്ചു.


"അത് , രാമേട്ടൻ .. അച്ഛൻ വിളിച്ചുകൊണ്ടു ചെല്ലാൻ പറഞ്ഞു, ഏതോ ഒരു കേസിന്റെ ഫയൽ വേണമത്രേ "


"അച്ഛൻ ഇവിടെ ഇല്ലല്ലോ , ഏട്ടന്റെ അടുത്ത് പോയി, വൈകിട്ടെ വരൂ.. "


അവൾ അകത്തേക്കുള്ള വാതിലിന്റെ പടിയിലേക്ക് കയറി നിന്ന് പറഞ്ഞു .


"ദുർഗ്ഗ .. എനിക്ക് "


"എന്താ .."


"എനിക്കിത്തിരി വെള്ളം വേണം "


"ശെരി , ഇപ്പൊ കൊണ്ട് വരാം "


ജഗ്ഗിൽ നിന്ന് ഗ്ലാസ്സിലേക്കു പതിമുഖം ഇട്ട വെള്ളം പകരുന്നതിനിടയിൽ തന്റെ തോളിൽ അനുഭവപ്പെട്ട കരസ്പര്ശമറിഞ്ഞു അവൾ തിരിഞ്ഞു നിന്നു . ആ പരിഭ്രമത്തിനിടയിൽ അവളുടെ കൈതട്ടി ചില്ലു ഗ്ലാസ് താഴെ വീണു ചിതറി . 


"ദുർഗ്ഗാ .. ഞാൻ "


ഒന്നും മിണ്ടാതെ മുൻപിൽ നിൽക്കുന്ന അവളുടെ , നിറുകയിൽ നിന്ന് നെറ്റിയിലെ കുങ്കുമവുമായി നാസികയുടെ തുമ്പത്തെത്തിയ ജലകണത്തെ , തന്റെ നീണ്ട മൂക്കു കൊണ്ടവൻ തട്ടി തെറുപ്പിച്ചു. കർക്കിടക മാസത്തെ മഴയുടെ തണുപ്പിലും അവളുടെ ശരീരത്തിൽ നിന്നും ഒരു ചൂട് തന്നിലേക്കു പടരുന്നത് അവൻ അറിഞ്ഞു. പുറകോട്ടു മേശയിൽ ബലമായി പിടിച്ചു നിലയ്ക്കുന്ന അവളുടെ കൈപ്പത്തികളിൽ തന്റെ കരങ്ങൾ അമർത്തി അടഞ്ഞിരിക്കുന്നു അവളുടെ കണ്ണുകളിലേക്കു നോക്കി അവൻ മന്ത്രിച്ചു ,


"നിനക്കെന്നെ ഇഷ്ടമല്ലേ "


".."


അവളുടെ മറുപടി ഒരു മൂളലായി ലഭിച്ചപ്പോൾ ആ മുടിയിഴകളിൽ നിന്ന് കവിളുകളിലേക്കു ഒഴുകിവരുന്ന മഴത്തുള്ളികളെ ഒപ്പിയെടുക്കാൻ അവൻ മുഖമുയർത്തി . 


"ദേവൂ .. ഡി .. ദേവൂ "


"ഉണ്ണിയേട്ടൻ .. "


കൈകൾ വലിച്ചെടുത്തു , വിഷ്ണുവിനെ ശക്തമായി തള്ളി മാറ്റി , മുടി ഒരു സൈഡിലേക്ക് കൊരിയിട്ടു , നെഞ്ചത്തെ തോർത്ത് നേരെയാക്കി അവൾ ഉമ്മറത്തേക്കിറങ്ങി . 


"ഡി , നിന്നെ അമ്മ വിളിക്കുന്നു, രാമേട്ടൻ പോയാൽ ഒറ്റക്കിവിടെ ഇരിക്കാതെ അങ്ങോട്ട് ചെല്ലണം എന്ന് എത്ര തവണ പറഞ്ഞിട്ടുള്ളതാ , ചുമ്മാ എന്നെ മഴനനക്കാനായിട്ടു "


മുറ്റത്തു നിന്ന് അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു, തിരിഞ്ഞു നടക്കാൻ തുടങ്ങിയ അവൻ , അവളുടെ പുറകെ അകത്തു നിന്നിറങ്ങി വരുന്ന വിഷ്ണുവിനെ കണ്ടു അവിടെ തന്നെ നിന്നു. ആ സമയത്തു തന്നെ അവളുടെ മുഖത്ത് നിന്ന് വായിച്ചെടുത്ത പരിഭ്രമം കണ്ടു കുട മുറ്റത്തേക്ക് വലിച്ചെറിഞ്ഞു അവൻ വീട്ടിലേക്കു ഓടിക്കയറി. വലതു കൈകൊണ്ട് വിഷ്ണുവിന് കഴുത്തിൽ അമർത്തി പിടിച്ചു ആ ഭിത്തിയിലേക്കു ചേർത്ത് ഉയർത്തി .


"ചെറ്റേ , പാവപെട്ട പെൺകുട്ടികളെ പിഴപ്പിക്കാൻ നോക്കിയാൽ കൂട്ടുകാരൻ ആണന്നൊന്നും നോക്കില്ല , കൊന്നുകളയും ഞാൻ "


കാലുകൾ തറയിൽ നിന്നും ഉയർന്നു , ഒരു താങ്ങു കിട്ടാതെ ,വിഷ്ണു രണ്ടുകൈകൾ കൊണ്ടും അവന്റെ പിടിത്തം വിടുവിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു . 


"ഉണ്ണിയേട്ടാ, വിടൂ .. " ദുർഗ്ഗ അവന്റെ ബലിഷ്ഠമായ കൈകളിൽ പിടിച്ചു മാറ്റാൻ നോക്കി. ഒടുവിൽ, അവൾ കയ്യുയർത്തി അവന്റെ വലതു കവിളിൽ തല്ലി.


"ഉണ്ണിയേട്ടൻ എന്തിനാ എന്റെ കാര്യത്തിൽ ഇടപെടുന്നേ, ഞങ്ങൾ പരസ്പരം ഇഷ്ടത്തിലാ, ഞാൻ പറഞ്ഞിട്ടാ വിഷ്ണുവേട്ടൻ എന്നെ കാണാൻ വന്നേ "


കേൾക്കാൻ പാടില്ലാത്തതു എന്തോ കേട്ടപോലെ പെട്ടന്ന് ഉണ്ണി അവന്റെ കഴുത്തിലെ പിടി വിട്ടു. അവളെ ഒന്ന് നോക്കി മുന്നോട്ടു നടന്ന അവൻ ഏതോ പ്രേരണയാൽ തിരിച്ചു വന്നു. നിലത്തിരുന്നു കഴുത്തിൽ തടവിക്കൊണ്ടിരുന്നു വിഷ്ണുവിന്റെ ഷർട്ടിന്റെ കോളർ നേരെയാക്കി , അവന്റെ വലതു കൈ തന്റെ ഇരുകൈകൾ കൊണ്ടും പിടിച്ചു.


"വിഷ്ണു, ഇവൾ പാവം കുട്ടിയാണ് , എല്ലാം കഴിയുമ്പോൾ ഉപേക്ഷിക്കരുത് , നാട്ടുകാരറിഞ്ഞു ഒരു താലി കെട്ടിയിട്ടേ ഇങ്ങനെ ഇനി ഇവിടെ വരാവൂ. ഇവളെ കാണാവൂ. ഒരു കൂട്ടുകാരന്റെ അപേക്ഷ ആയി കണ്ടാൽ മതി"


അവന്റെ അടുത്തിരുന്നു വിങ്ങുന്ന ദുർഗ്ഗയുടെ തോളിൽ തട്ടി ഉണ്ണി എഴുനേറ്റു . 


"ദേവൂ, നിന്റെ അരികിൽ , സ്വന്തമാണെന്നു കരുതി ,അറിയാതെ കുറച്ചു സ്വാതന്ത്ര്യം എടുത്തു പോയി.. അഞ്ചാം വയസ്സിൽ ആദ്യം കണ്ടപ്പോൾ മുതൽ ആ ചോരകുഞ്ഞിന്റെ വലതുകൈ എന്റെ ചെറിയ വിരലിൽ മുറുകെ പിടിച്ചത് മുതൽ, ഞാൻ കൂടെ ഉണ്ടായിരുന്നു. വഴക്കും തല്ലുകൂടലും എല്ലാം സ്നേഹം കൂടിയിട്ടാണെന്നു നിനക്കറിയാവുന്നതല്ലേ. ഞാൻ പോണു.. ഇനി വഴക്കിനു വരില്ല , എന്നാലും , നിനക്ക് ഒരാവശ്യം വന്നാൽ വിളിപ്പുറത്തു ഞാൻ ഉണ്ടാകും, അതെന്റെ ദേവൂനുള്ള വാക്കാണ്. "


കർക്കിടക മാസത്തെ കോരിച്ചൊഴിയുന്ന മഴയോ വീശിയടിക്കുന്ന കാറ്റോ വകവയ്ക്കാതെ ഉണ്ണി നടന്നകന്നു. ദൂരെ വയലിൽ ഉണ്ടാക്കിയ ഏറുമാടത്തിലേക്കു അവൻ വലിഞ്ഞു കയറി തങ്ങളുടെ കണ്ണിൽ നിന്നും മറയുമ്പോൾ , അവളെ നോക്കി , വിഷ്ണു തന്റെ കുടയുമെടുത്തു പുറത്തേക്കിറങ്ങി . അവളും പുറത്തേക്കിറങ്ങി , കാറ്റത്തു,. മുറ്റത്തു പറന്നു നടക്കുന്ന ഉണ്ണിയുടെ കുട മടക്കി തന്റെ നെഞ്ചോട് ചേർത്ത് തുളസിത്തറയുടെ അരികിൽ പെയ്തൊഴിയുന്ന മഴയെ മുഴുവൻ തന്നിലേക്ക് ആവാഹിച്ചു അവൾ നിന്നു.


മുഖത്തേക്ക് വീഴുന്ന വെള്ളത്തുള്ളികളാണ് വിഷ്ണുവിനെ ഓർമ്മകളിൽ നിന്നും തിരിച്ചു കൊണ്ടുവന്നത് , ഇളയ മകൻ വേദ് ബാൽക്കണിയിൽ നിന്നും പുറത്തേക്കു തന്റെ കുഞ്ഞി കൈകൾ നീട്ടി വെള്ളം തെറുപ്പിക്കുകയാണ്.


"അച്ഛനല്ലേ പറഞ്ഞെ , മഴക്കാലം മാറി എന്ന് , എന്നിട്ടിപ്പോ മഴയാണല്ലോ "


"ചിലപ്പോഴക്കോ അങ്ങനെയാണ് മോനെ , കാലം തെറ്റി മഴവരും , വെയിലും പിന്നെ ചില മനുഷ്യരും " 


അവനൊന്നും മനസ്സിലായില്ലെങ്കിലും , അച്ഛൻ പറഞ്ഞത് ശെരിയാണെന്ന ഭാവത്തിൽ പുറത്തേക്കു കൈകൾ നീട്ടി ചാറ്റൽ മഴ തന്റെ കുഞ്ഞികൈകളിൽ ഏറ്റു വാങ്ങാൻ തുടങ്ങി. 


അടുത്ത ദിവസം ഉച്ചക്ക് , തന്റെ ഓഫീസിൽ ഇരിക്കുമ്പോൾ ആണ് ആതിരയുടെ ഫോൺ വിഷ്ണുവിനെ തേടിയെത്തിയത് . 


"വിഷ്ണുവേട്ടാ , ഒന്ന് ബാങ്ക് വരെ വരാമോ "


"എന്ത് പറ്റി" അവളുടെ സ്വരത്തിലെ പരിഭ്രമം അവനിലേക്കും ബാധിച്ചു.


"പെട്ടന്ന് വാ, എല്ലാം വന്നിട്ട് പറയാം , ഒരു കുഴപ്പമുണ്ട് "


വിഷ്ണുവിന്റെ കാർ ബാങ്കിന്റെ ഗേറ്റ് കടന്നു ചെല്ലുമ്പോൾ ബാങ്കിന് ചുറ്റും ചെറിയ ആൾക്കൂട്ടമുണ്ട് , പിന്നെ ഒരു പോലീസ് ജീപ്പും . കാറിൽ നിന്നും ഇറങ്ങി പോകുന്ന വിഷ്ണുവിനെ കണ്ടു കൂടിനിന്നർ കുശുകുശുക്കാൻ തുടങ്ങി. മാനേജരുടെ ക്യാബിനിൽ, പോലീസിന്റെ നടുക്കിരിക്കുന്ന ആതിരയെ കണ്ടു അവൻ അങ്ങോട്ട് നടന്നു


"എന്ത് പറ്റി .. ആതി, എന്താ പ്രശ്നം "


"സീ മിസ്റ്റർ വിഷ്ണു, ഞാൻ കൃഷ്ണകുമാർ, സിഐ ആണ്. സംഭവം ഇത്തിരി കടുപ്പമേറിയതാണ്, ഞങ്ങൾക്ക് നിങ്ങളുടെ വൈഫിനെ അറസ്റ്റു ചെയ്യേണ്ടി വരും "


"എന്തിനു"


"നിങ്ങള്ക്ക് നിയമം അറിയാമല്ലോ, അത് കൊണ്ട് കാര്യങ്ങൾ എളുപ്പമാണ് , ആ നിൽക്കുന്ന സ്ത്രീ ഇവിടെ പണയം വച്ച സ്വർണ്ണം കാണാനില്ല, പകരം അതെ അളവിലുള്ള കുറച്ചു മുക്കുപണ്ടമാണ് കിട്ടിയത്. ഒന്നില്ലങ്കിൽ അവർ കളവു പറയുന്നു, അല്ലങ്കിൽ ബാങ്കിലെ സ്റ്റാഫ്. "


"അതിൽ ആതിരയുടെ റോൾ എന്താണ് "


"ഓക്കേ, സിമ്പിൾ , ഇവർ സ്വർണ്ണം തന്നെയാണ് വച്ചതു എന്ന് ഉറപ്പു പറയുന്നു, അവർ തന്നെയാണ് പോലീസിനെ വിളിച്ചതും. അന്നു ചെക്ക് ചെയ്ത ബാങ്കിലെ സ്റ്റാഫും പറയുന്നു വച്ചതു സ്വർണ്ണമായിരുന്നെന്നു. പിന്നെ, അത് എങ്ങിനെ മുക്ക് പണ്ടമായി. ലോക്കറിന്റെ താക്കോൽ ആരുടെ കയ്യിലാണ് ഉള്ളത്. ഇതിപ്പോ കേരളത്തിലെ ആദ്യത്തെ കേസ് ഒന്നും അല്ലല്ലോ"


ആതിര അപേക്ഷയോടെ വിഷ്ണുവിന്റെ മുഖത്തേക്ക് നോക്കി .


"വിഷ്ണു , ഞങൾ അന്വഷണം നടത്തി കുറ്റവാളിയെ കണ്ടുപിടിക്കാം, പക്ഷെ അതിനാദ്യമായി തങ്ങളുടെ ഭാര്യയെ അറസ്റ്റ് ചെയ്യേണ്ടി വരും, പിന്നെ കേസ് , കോടതി, ജാമ്യം , ന്യൂസ് എല്ലാം താങ്കൾക്കറിയാമല്ലോ"


"ഇനിയെന്താ ഒരു വഴി "


"അവർ പറയുന്നതനുസരിച്ചു ആ സ്വർണ്ണത്തിന്റെ പൈസ ബാങ്ക് കൊടുത്താൽ നമുക്ക് കേസ് ഇവിടെ തീർക്കാം, പിന്നെ മേലോട്ടൊന്നും പോകില്ല, ഇത്തിരി പൈസ ആ സെക്രട്ടറിക്കും കൊടുക്കേണ്ടി വരും, അത് ഞാൻ നോക്കിക്കൊള്ളാം. ഇവിടെ കൂടി നില്കുന്നവരെയൊക്കെ നമുക്ക് പറഞ്ഞു വിടാം , പിന്നെ പോലീസിനു ഈ കാര്യത്തിൽ ഒന്നും വേണ്ട , ഒന്നുമില്ലേലും നമ്മൾ നാളെയും കാണേണ്ടവരല്ലേ"


"ശെരി കൊടുക്കാം "


കൃഷ്ണകുമാർ എഴുനേറ്റ് പുറത്തിരിക്കുന്ന സ്ത്രീയുടെ അടുത്തെത്തി, അവരോടും കൂടെയുണ്ടായിരുന്ന രണ്ടു പേരോടും സംസാരിച്ചു തിരിച്ചു വന്നു.


"കയ്യിൽ കാശു വയ്ക്കുന്നത് ബുദ്ധിമുട്ടാണ് എന്നാ അവര് പറയുന്നെ "


"പിന്നെ "


"അവർക്ക് ഇത്തിരി സ്ഥലം കൊടുത്താൽ മതിയെന്ന്. നിങ്ങളുടെ പേരിൽ വെല്ല കാട്ടുമുക്കിലും സ്ഥലം ഉണ്ടേൽ എഴുതി കൊടുത്തേര് , ആ പ്രശ്‍നം അങ്ങ് തീരും. പിന്നെ അത് ആരുടെ കയ്യിൽ നിന്നാണെന്നു വച്ചാൽ പിരിച്ചെടുത്തോ "


വിഷ്ണു എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ കൃഷ്ണകുമാറിനു നേരെ തന്റെ വലതു കൈ നീട്ടി . 


ഈ സമയം അങ്ങു ദൂരെ തന്റെ കാലാളെ വച്ച് ആനയെ വെട്ടി അവൾ പൊട്ടിച്ചിരിച്ചു .


" ഇനി മന്ത്രി .. "


"അപ്പൊൾ അവൻ വരുമോ "


(തുടരും) 

No comments:

Post a Comment