Thursday, August 13, 2020

ഉത്സവപ്പിറ്റേന്ന് 4

 വിഷ്ണു ബാൽക്കണിയുടെ വാതിൽ തുറന്നു വെളിയിലേക്കു പോയതോടെ ആതിര തലയിണയുടെ അടിയിൽ നിന്നും തന്റെ ഫോൺ എടുത്തു കോൾ കട്ട് ചെയ്തു ഒരു ചെറു പുഞ്ചിരിയോടെ അടുത്ത് കിടന്ന ടേബിളിലേക്കു വച്ചു.



ആ സമയം , ഒരു മത്‌സരത്തിൽ എന്നവണ്ണം ബാൽക്കണിയിൽ ഇരുന്നു പുകവലിച്ചു കൊണ്ടിരുന്ന വിഷ്ണുവിന്റെ മനസ്സിലേക്ക് കടലിലിലെ തിരമാലകൾ പോലെ പഴയ ഓർമ്മകൾ അലയടിച്ചു വന്നു . ഒപ്പം ആതിരയുടെ ചോദ്യവും .


"അത്രക്കിഷ്ടമായിരുന്നോ ദുർഗ്ഗയോട് , എന്നേക്കാൾ സുന്ദരിയായിരുന്നോ അവൾ "


"എന്നിട്ടെന്തേ , അവളെ ഉപേക്ഷിച്ചതു "


"ആതി , ശെരിയോ തെറ്റോ എന്നറിയാതെ ചില സമയങ്ങളിൽ ചില തീരുമാനങ്ങൾ , അത് പ്രിയപെട്ടവരെ വേദനിപ്പിക്കുവാൻ വേണ്ടി ആണെങ്കിലും നമുക്കെടുക്കേണ്ടി വരും. അങ്ങിനെയെടുത്ത തീരുമാനങ്ങളിൽ ഒന്നാണ് ദുർഗ്ഗയെ ഉപേക്ഷിച്ചതും നിന്നെ വിവാഹം കഴിച്ചതും . ഈ രണ്ടു തീരുമാനങ്ങളും ശെരിയായിരുന്നു എന്നാണ് ഇന്നു വരെ ഞാൻ കരുതിയിരുന്നത്. പക്ഷെ ജോൺ .. അവന്റെ വാക്കുകൾ എന്നെ വല്ലാതെ വേദനിപ്പിക്കുന്നു "


"ഓരോരുത്തരുടെയും പക്ഷത്തു നിന്ന് നോക്കുമ്പോൾ , അവർക്കു ശെരിയെന്നു തോന്നുന്ന കാര്യങ്ങൾ അവർ ചെയ്യുന്നു. അച്ഛനും , അശോകേട്ടനും വിദ്യക്കുമെല്ലാം ഞാൻ നായകനാണെങ്കിൽ മറ്റു പലർക്കും ഞാൻ വില്ലനായിരുന്നു. എന്റെ പക്ഷത്തു നിന്ന് ചിന്തിച്ചാൽ സ്വന്തമായി ഒരു തീരുമാനമെടുക്കാൻ കഴിയാതെ പോയ ഒരു നിസ്സഹായൻ . ഏതായാലും അതങ്ങനെ തന്നെ ഇരിക്കട്ടെ, ഇനി ഇരു മാറ്റം ആവശ്യമില്ല "


വിഷ്ണു തന്റെ മനസ്സിൽ പലതും പറഞ്ഞു സ്വയം ആശ്വസിച്ചുകൊണ്ടിരുന്നു. 


അടുത്ത ദിവസം രാവിലെ ജിമ്മിൽ നിന്ന് നേരെ കയറി ചെന്നത് അച്ഛന്റെ ഓഫീസിൽ റൂമിലേക്കായിരുന്നു. 


"അച്ഛാ എന്തെങ്കിലും കിട്ടിയോ അവനെതിരായി "


മകന്റെ വരവിൽ സന്തോഷിച്ച പണിക്കർ ഒരു കടലാസ്സു എടുത്തു അവന്റെ നേരെ നീട്ടി. അത് വായിച്ചു തീർന്നതും വിഷ്ണുവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു . 


"അധിക ദിവസം നമുക്കവനെ കിട്ടില്ല, പക്ഷെ ഒരു രണ്ടു ദിവസത്തേക്ക് ഇത് മതി. "


"നീ പറഞ്ഞത് ശെരിയാണ്, വര്ഷങ്ങള്ക്കു മുൻപുള്ള ഒരു പെൺകുട്ടിയുടെ കാണാതാകൽ കേസിനൊന്നും അധിക ദിവസം ആയുസ്സുണ്ടാകില്ല . പക്ഷെ അവൻ നമ്മുടെ കൈയിലുള്ള രണ്ടു ദിവസം അത് മതി , അതിനുള്ളിൽ നമുക്ക് ചിലതു ചെയ്യാൻ കഴിയും"


"മേച്ചേരിൽ രാമൻ നായരുടെ മകൾ ദുർഗ്ഗയെ തട്ടിക്കൊണ്ടു പോയി എന്നതിന് ആകെ ഒരു തെളിവ് ഇന്നലെ അയാൾ ഗോപിയോട് വെളിപ്പെടുത്തിയത് മാത്രമാണ് . ഗോപിയേട്ടൻ നമ്മുടെ കൂടെ നിക്കുമോ "


"ഗോപി നമ്മുടെ കൂടെ നിക്കും, പിന്നെ പിന്തുണക്കു ഒരു രണ്ടു സാക്ഷികളെ കൂടി അശോകൻ ഒപ്പിച്ചിട്ടുണ്ട് "


"പെട്ടന്ന് തള്ളി പോകാവുന്ന കേസാണിത്, ഒരു പക്ഷെ ഒരു നാടോടി കഥ പോലെ കയറിയും ഇറങ്ങിയും ഒരുപാടു പറയേണ്ടി വരും കോടതിക്ക് വിശ്വസിക്കാൻ.രാമേട്ടന്റെ ഒരു അപേക്ഷ കൂടി ഉണ്ടായിരുന്നെങ്കിൽ ഒന്ന് കൂടി ബലം കിട്ടിയേനെ. "


അതിനു മറുപടിയായി മറ്റൊരു പേപ്പർ കൂടി പണിക്കർ മകന് നേരെ നീട്ടി . തന്റെ മകളെ കാണാനില്ല എന്നുള്ള രാമൻ നായരുടെ പഴയ പരാതിയുടെ പകർപ്പായിരുന്നു അത്. 


"അച്ഛാ, ഇതെപ്പോൾ ..."


"മോനെ, പതിനഞ്ചു വര്ഷങ്ങള്ക്കു മുൻപ് അങ്ങനെ ഒരു കാര്യം നടന്നപ്പോൾ , അന്നേ ഞാൻ അയാളെ കൊണ്ടൊരു പരാതി എഴുതി മേടിച്ചിരുന്നു. പിന്നീട് ഒതുക്കത്തിൽ ഞാൻ അത് പോലീസിന് കൊടുത്തു . പിന്നെ അവരതു മുറപോലെ അന്വഷിച്ചു തള്ളിക്കളഞ്ഞു. ഏതായാലും അന്നത് നമ്മുടെ സേഫ്റ്റിക്കു ചെയ്തതാ, ഇപ്പൊ ഉപകാരമായി."


തന്റെ മുഖത്തേക്ക് വന്ന ദേഷ്യം കാണിക്കാതെ ചുണ്ടുകളിൽ പുഞ്ചിരി വരുത്തി വിഷ്ണു തിരിഞ്ഞു നടന്നു. കാരണം ,ലക്‌ഷ്യം രണ്ടായിരുന്നെങ്കിലും അവർക്കു രണ്ടു പേർക്കും അപ്പോൾ എതിരാളി ഒന്നായിരുന്നു , പള്ളിപ്പറമ്പിൽ ജോൺ .


അല്പസമയത്തിനു ശേഷം കുട്ടികളെ സ്കൂളിലേക്ക് അയക്കാൻ വന്ന ആതിരക്കു മുൻപിൽ പുതിയ ഡ്രൈവർ വണ്ടിയുമായെത്തി . 


"അച്ഛാ , ഗോപിയേട്ടൻ " ഉമ്മറത്ത് തങ്ങളെ നോക്കി നിൽക്കുന്ന പണിക്കരെ നോക്കി ആതിര ചോദിച്ചു .


"ഗോപി ഒരു യാത്ര പോയിരിക്കുവാ, കുറച്ചു ദിവസം കഴിയും വരാൻ .വയസ്സായില്ലേ , അവനും കുറച്ചു റസ്റ്റ് വേണ്ടേ ... ഇത് സന്തോഷ് , പുതിയ ചെറുക്കനാ .. അശോകൻ പറഞ്ഞു വിട്ടതാ... "


ആതിര ഒന്നും മിണ്ടാതെ കുട്ടികളെ ഡോർ തുറന്നു അകത്തു കയറ്റി . 


"സന്തോഷേ, സ്കൂൾ ഏതാണെന്നു അറിയാമല്ലോ, സൂക്ഷിച്ചു പോണം" തൂണിൽ പിടിച്ചു തന്റെ കയ്യിലിരുന്ന വാക്കിങ് സ്റ്റിക് ചൂണ്ടി പണിക്കർ പറഞ്ഞു.


"ശെരി സാർ "


കാർ വെളിയിലേക്കു പോയപ്പോൾ കുട്ടികളെ കൈ വീശി കാണിച്ചു ആതിര മുറിയിലേക്ക് പോയി . ഗോപിയെ പറഞ്ഞു വിട്ടതു അവൾക്കു ഒട്ടും ഇഷ്ടമായില്ല എന്നവളുടെ പ്രവർത്തിയിൽ നിന്നും അയാൾക്ക്‌ മനസ്സിലായി.


കുളികഴിഞ്ഞു ബെഡ്റൂമിലേക്ക് വന്ന വിഷ്ണു കണ്ടത് ബാങ്കിൽ പോകാനായി ഡ്രസ്സ് മാറുന്ന ആതിരയെ ആണ്. 


"ഗോപിയേട്ടന് എവിടെപ്പോയി , അച്ഛനെന്തെങ്കിലും പറഞ്ഞിരുന്നോ"


"ഇല്ല ആതി, എന്ത് പറ്റി "


"പുതിയ ഡ്രൈവറാണ് വന്നത് , പയ്യനാണ് .. ഗോപിയേട്ടനെ നമുക്കു കുറെ നാളായിട്ടറിയാം.. ഇതിപ്പോ അശോകേട്ടൻ പറഞ്ഞു വിട്ട ആളായത് കൊണ്ടാ ഞാൻ മക്കളെ അവന്റെ കൂടെ വിട്ടത് "


രാവിലത്തെ പരാതിയും , ഇപ്പോൾ ഗോപിയേട്ടനു പകരം പുതിയ ഡ്രൈവർ വന്നതും എല്ലാം കൂട്ടി വായിച്ചപ്പോൾ വിഷ്ണുവിന് കാര്യങ്ങൾ എല്ലാം മനസ്സിലായി . 


"ഹ്മ്മ് , എന്തെങ്കിലും കാണും. " വിഷ്‌ണു കണ്ണാടിയുടെ മുൻപിൽ നിന്നും തല ചീകാൻ തുടങ്ങി.


ആ മറുപടി ഇഷ്ടപ്പെടാത്തത് പോലെ സാരിയുടെ ഞൊറികൾ നേരെയാക്കി അവൾ ചോദിച്ചു .


"അല്ല ,ഇന്നലെത്തെ ചോദ്യത്തിന് മറുപടി തന്നില്ല "


"ഏതു " വിഷ്ണു ഡ്രസ്സ് എടുക്കാനായി അലമാര തുറന്നു


"അത്രക്കിഷ്ടമായിരുന്നോ ദുർഗ്ഗയോട് , എന്നിട്ടെന്തേ , അവളെ ഉപേക്ഷിച്ചതു"


അലമാരയുടെ ഡോർ ശക്തമായി അടച്ചു അവളുടെ അടുത്തെത്തി , വലതു കൈ കൊണ്ട് അവളുടെ വയറിന്റെ ഇടതു വശത്തു പിടിച്ചു തന്റെ നേരെ നിർത്തി . ആ നിമിഷം , തങ്ങളുടെ വിവാഹത്തിന് ശേഷം കുറച്ചു വർഷത്തോളം അവന്റെ കണ്ണുകളിൽ തനിക്ക് നേരെ മാത്രം ഉണ്ടായിരുന്ന ദേഷ്യവും സങ്കടവും കലർന്ന ഒരു പ്രത്യേക ഭാവം അവൾ വീണ്ടും ദർശിച്ചു . അത്രയും അടുത്ത് നിൽകുമ്പോൾ സാധാരണ പോലെ താൻ വിഷ്ണുവിന്റെ നിശ്വാസങ്ങളിൽ അലിഞ്ഞു പോകുന്നില്ല എന്നവൾ മനസ്സിലാക്കി . 


"ആതി .. എന്നെ സംബന്ധിച്ചെടുത്തോളം ഒരുതരത്തിലും അവളുടെ മുൻപിൽ നില്ക്കാൻ യോഗ്യതയില്ലാത്ത ഒരു പെണ്ണാണ് നീ , അത് ബാഹ്യമായ സൗന്ദര്യത്തിലാണെങ്കിലും, മനസ്സിന്റെ നന്മ കൊണ്ടാണെങ്കിലും. വെറുപ്പായിരുന്നു നിന്നോട് , അച്ഛനോട് , എല്ലാവരോടും .. ഒടുവിൽ വെറുത്തു വെറുത്തു സ്നേഹിച്ചു പോയതാണ് നിന്നെ .. ഇനിയും എന്നെ ആ പഴയ വിഷ്ണു ആക്കരുത് ..ഞാൻ ഓർക്കാൻ ആഗ്രഹിക്കാത്ത, പറയാൻ താത്പര്യമില്ലാത്ത ഒരുപാടു കാര്യങ്ങൾ ഉണ്ട്.അതൊന്നും നീ ... "


അവളെ കട്ടിലിലേക്ക് തള്ളിയിട്ടു , ഇടാനുള്ള ഡ്രെസ്സുമായി അവൻ റൂമിനു വെളിയിലേക്കു പോയി. 


അന്ന് വൈകുന്നേരം ആയപ്പോഴേക്കും രാമൻ നായരുടെ പഴയ പരാതിയിൽ , ഗോപിയുടെയും മറ്റു രണ്ടു പേരുടെയും വെളിപ്പെടുത്തലിൽ ജോണിനെ പോലീസ് അറസ്റ്റു ചെയ്തു മജിസ്‌ട്രേറ്റിന്റെ മുൻപിൽ ഹാജരാക്കി. ഒരു വക്കീൽ ബുദ്ധിയിൽ എഴുതപെട്ട കേസായതിനാൽ , തുടർന്നുള്ള അന്വഷണങ്ങൾക്കു ജോണിനെ അഞ്ചു ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സ്റ്റേഷനിൽ വച്ച് പണിക്കാരുമായുള്ള പ്രശ്നങ്ങൾ തീർത്താൽ കേസിൽ നിന്ന് ഊരിപ്പോരാം എന്നുള്ള ഉപദേശം കേട്ടങ്കിലും അയാൾ യാതൊരു വിധത്തിലും വഴങ്ങിയില്ല. പക്ഷെ , ഉന്നത രാഷ്രീയക്കാരുടെ ജോണിനനുകൂലമായ നിലപാടുകൾ കാരണം പണിക്കർക്കോ വിഷ്ണുവിനോ ജോണിനെതിരെ ആ ദിവസങ്ങളിൽ ഒന്നും ചെയ്യാൻ സാധിച്ചില്ല. തങ്ങളുടെ കൈയെത്തും ദൂരത്തു നിന്ന് ജോൺ ഒത്തിരി വളർന്നു കഴിഞ്ഞെന്നു അവർക്കു മനസ്സിലായി.


ഒടുവിൽ റിമാൻഡ് കാലാവധി തീരുന്ന ദിവസം അവനു വേണ്ടി വാദിക്കാൻ വന്ന അഡ്വക്കേറ്റിനെ കണ്ടു പണിക്കരും വിഷ്ണുവും പിന്നെ കോടതിയിൽ കൂടിനിന്ന നാട്ടുകാരും പരിഭ്രാന്തരായി . 


(തുടരും)

No comments:

Post a Comment