വിഷ്ണുവിന് കൈകൊടുത്തു പിരിഞ്ഞു കസേരയിലേക്ക് അമർന്നിരിക്കുമ്പോൾ , പോകും മുൻപ് അയാൾ പറഞ്ഞത് കൃഷ്ണകുമാർ ഓർത്തെടുത്തു .
"ഈ കളിക്ക് പിന്നിൽ ആ പാവങ്ങൾ അല്ലെന്നു എനിക്കറിയാം, പക്ഷെ, അതിനു പുറകെ ഞാൻ പോവില്ല, കാരണം ,അറിഞ്ഞോ അറിയാതെയോ ഞാനും കൂടി ചേർന്ന് പിടിച്ചെടുത്ത ഭൂമിയാണ് ഇപ്പോൾ തിരിച്ചു നൽകിയത്. ഇതിങ്ങനെ നടന്നില്ലെങ്കിൽ അവരുടെ ശാപം എന്റെ കുട്ടികളുടെ മേൽ വീഴും"
കൃഷ്ണകുമാറിന്റെ മനസ്സിലേക്ക് പതിനേഴു വർഷങ്ങൾ മുൻപുള്ള ഒരു ഡിഗ്രീ ക്ലാസിന്റെ ഓർമ്മകൾ കടന്നു വന്നു.
തങ്ങളുടെ ഉറ്റ കൂട്ടുകാരി വിഷമിച്ചു ഇരിക്കുന്നത് കണ്ടു അവളുടെ അടുത്തേക് വന്നതായിരുന്നു കൃഷ്ണകുമാറും ആൽവിനും
"എന്താടീ ഡി ഡി , ഒരു ആലോചന , വന്നപ്പോൾ മുതൽ ഒരേ ഇരുപ്പാണല്ലോ "
"ഒന്നുമില്ല കിച്ചാ .. അകെ ഒരു സുഖക്കുറവ് "
"പനി വെല്ലതും ആന്നോ " ആൽവിൻ അവളുടെ നെറ്റിയിൽ കൈ ചേർത്തു.
"ഇല്ല അച്ചായാ , ആകെ ഒരു വിഷമം പോലെ "
"അപ്പൊ മനസ്സിനാണ് പ്രശ്‍നം , എന്താണേലും നീ പറ, നമുക്ക് എന്തേലും ചെയ്യാൻ പറ്റുമോ എന്ന് നോക്കാം "
"അത് , ഒരാൾക്കെന്നെ ഇഷ്ടമാണെന്നു "
അവരുടെ മറുപടി ഒരു പൊട്ടിച്ചിരിയായിരുന്നു, അത് കേട്ട് അവിടെ ഇരുന്ന റെക്കോർഡ് എടുത്തു ദേഷ്യത്തോടെ രണ്ടു പേരെയും അവൾ മാറിമാറി തല്ലി.ഒടുവിൽ കൃഷ്‌ണകുമാർ അവളുടെ കൈകൾ രണ്ടും കൂട്ടിപ്പിടിച്ചു റെക്കോർഡ് വാങ്ങി താഴെ വച്ചു .
"ഡിഡി, ഈ റെക്കോർഡ് എങ്ങാനും കീറിയാൽ തോമസ് സാർ നിന്നെ ജീവനോടെ കത്തിക്കും, അറിയാല്ലോ. പിന്നെ ചിരിച്ചത്, ഈ കോളേജിൽ എത്ര പേര് നിന്നെ ഇഷ്ടമാണെന്നു പറഞ്ഞിട്ടുണ്ട്, ഞാൻ ഉൾപ്പെടെ.. അപ്പോഴൊന്നും കാണാത്ത ടെൻഷൻ എന്താ ഈ സമയത്തു , അതിരിക്കട്ടെ ആരാ ആള് , നിന്റെ ഉണ്ണിയേട്ടൻ ആണോ "
"ആ വെട്ടു പോത്തോ .. പുള്ളിക്ക് എന്നെ കാണുന്നതേ ചതുര്ഥിയാ , പിന്നെയല്ലേ പ്രണയം, ഇത് മറ്റേ പുള്ളി, വിഷ്ണു "
"ആരു വക്കീലോ, എന്നിട്ടു നീ എന്ത് പറഞ്ഞു" ആൽവിൻ അവളുടെ മുന്നിലേക്ക് സ്റ്റൂൾ വലിച്ചിട്ടിരുന്നു.
"ഞാൻ എന്ത് പറയാനാ , ഒരു പിടുത്തം കിട്ടുന്നില്ല .. അതാ ഇങ്ങനെ"
"നീ മനസ്സിരുത്തി ആലോചിച്ചു ഒരു മറുപടി കൊടുക്ക്, എല്ലാം ശെരിയായിക്കോളും..."
കൃഷ്ണകുമാർ അവളുടെ തോളിൽ തട്ടി ആൽവിനുമായി പുറത്തേക്കു പോയി .
**********
ഒരാഴ്ചക്ക് ശേഷം ആ ഫോർച്യൂണർ മേച്ചേരിൽ വീടിന്റെ ചെറിയ മുറ്റത്തിന് താഴയുള്ള ചെമ്മൺ റോട്ടിൽ വന്നു നിന്നു . വയലിനും വീടുകൾക്കും ഇടയിലുള്ള ആ ചെറിയ വഴിയിൽ മഴമാറി വെയിൽ വന്നതിനാൽ വണ്ടിയുടെ വരവോടെ പൊടി പടലങ്ങൾ ഉയർന്നു . ദുർഗ്ഗ ഇറങ്ങിവരാത്തത് കാരണം, ഡ്രൈവർ സീറ്റിൽ നിന്നും ഇറങ്ങി മുറ്റത്തേക്കുള്ള കൽപ്പടവുകൾ കയറാൻ പോയ ജോൺ തിരിച്ചു വന്നു മുൻപിലെ ഡോർ തുറന്നു കൊടുത്തു.
"എന്താ , ഇറങ്ങുന്നില്ല "
"പറ്റുന്നില്ല ജോണേട്ടാ, പതിനഞ്ചു കൊല്ലത്തിനിപ്പുറം , ഞാൻ ജനിച്ചു വളർന്ന വീട് ..."
വഴിയിൽ നിന്നും മുകളിലേക്ക് സ്റ്റെപ് പോലെ വച്ചിരുന്ന ഇളകിക്കിടക്കുന്ന ചെങ്കല്ലിൽ ചവിട്ടി വീഴാൻ പോയ ദുർഗ്ഗയെ കൈപിടിച്ച് ജോൺ മേച്ചേരിൽ വീടിന്റെ മുറ്റത്തേക്ക് കയറ്റി .
"ദേണ്ടടി , ഞാൻ പറഞ്ഞില്ലേ അവരു ഭാര്യയും ഭർത്താവും ആണെന്ന് "
"എങ്ങനെ നടന്ന പെണ്ണാ , ഇപ്പൊ കണ്ടോ ഒരു പാന്റും കോട്ടും കണ്ണാടീം ,അവളുടെ ഒരു പത്രാസ് കണ്ടില്ലേ "
"എന്താണെലെന്താ, ഒരു ഗുണ്ടയുടെ കൂടെയല്ലേ താമസം "
കാറും ബഹളവും കണ്ടു ചുറ്റും കൂടിയ അയല്പക്കക്കാർ പറഞ്ഞത് കേട്ട് ജോൺ അവരുടെ നേരെ തിരിഞ്ഞെങ്കിലും ദുർഗ്ഗ അരുതെന്നു കണ്ണുകൾ കൊണ്ട് കാണിച്ചു . അപ്പോഴേക്കും അകത്തു നിന്ന് ഒരു ചെറുപ്പക്കാരൻ ഇറങ്ങി വന്നു
"മാഡം , ഗുഡ് മോർണിംഗ്. പറഞ്ഞത് പോലെ എല്ലാം ചെയ്യുന്നുണ്ട് , ഒരു വീക്കിൽ ഈ വീട് ശെരിയാക്കാം, പിന്നെ ഒരു റ്റു ടു ത്രീ വീക്കിൽ ബാക്കിയും "
"ശെരി അമൻ, നിനക്കറിയാല്ലോ, ഈ വീട്ടിലെ ഒരു സാധനം പോലും കളയരുത്, "
"മാഡം , മച്ചും കട്ടിളയും വാതിലും എല്ലാം തന്നെ ചിതൽ ആണ് , പിന്നെ മുകളിൽ കഴുക്കോലും ഉത്തരവുമെല്ലാം. ഈ വീട് പൊളിച്ചു പണിയുന്നതല്ലേ നല്ലത് "
"അമൻ, ഞാൻ എന്ത് പറഞ്ഞോ അത് നീ ചെയ്യൂ , ഒരു മാസത്തിനകം ഈ വീട് പഴയ പോലെ ആയിരിക്കണം, അതെ ഭംഗിയിൽ ,അതോടൊപ്പം ചേർന്ന് ഒരു രണ്ടു മുറി വേറെ വാർത്തെടുക്കണം , വിത്ത് ബാത്റൂം ."
"ചെയ്യാം മാഡം "
"ബാക്കിയുള്ള കാര്യങ്ങൾ " ദുർഗ്ഗ തുളസിത്തറയുടെ അടുത്ത് നിന്ന് ചുറ്റും നോക്കാൻ തുടങ്ങി.
"അത് മാഡം , പറമ്പിലെ കാടെല്ലാം വെട്ടി തെളിച്ചു, പിന്നെ വേലിക്കു കരിങ്കല്ല് കുറ്റിയും പത്തലും ഇട്ടു പിരിയൻ കമ്പി കെട്ടി , മുറ്റത്തു നിന്ന് താഴേക്കുള്ള സ്റ്റെപ് അവസാനം കെട്ടും, പിന്നെ കാറു കയറണമെങ്കിൽ, ദാ ,അവിടെ ഒരു സ്ലോപ് ഇടണം" ആ ചെറുപ്പക്കാരൻ വഴിയുടെ വശത്തേക്ക് കൈ ചൂണ്ടി .
"ഹ്മ്മ് "
"നീ വാ , അകത്തേക്ക് ഒന്ന് കയറിയിട്ട് പോകാം " ജോൺ വീടിന്റെ നടക്കല്ലിലേക്കു കയറി
"വേണ്ട ജോണേട്ടാ , എന്നോടുള്ള ദേഷ്യത്തിന് , വാശിക്ക് , ഞാൻ ഇവിടെ നിന്ന് ഇറങ്ങി പോകുന്നതിനു മുൻപും, ശേഷവും ഇവിടെ നിന്നിറങ്ങിപ്പോയ രണ്ടു പേരുണ്ട് , ഞാൻ ഈ വീടിന്റെ പടി കയറുമ്പോൾ അവരും വേണം എനിക്കൊപ്പം " കണ്ണുകളിൽ ഉരുണ്ടുകൂടിയ ജലകണങ്ങളെ അവരിൽ നിന്ന് മറക്കാനായി അവൾ മുറ്റത്തെ പേരമരച്ചോട്ടിലേക്കു നടന്നു. മരത്തിലെ ചെറിയ പേരക്കകളെ തന്റെ വിരലുകൾ കൊണ്ട് തടവി അവൾ തിരിച്ചു നടന്നു .
"ഇത് പള്ളീന്നു കൊണ്ട് വന്നു നട്ടതാ , നമ്മുടെ മദറമ്മ തന്നതാ , പക്ഷെ ഇതുവരെ ഇതിലെ കായ് തിന്നുന്നാനുള്ള യോഗം എനിക്കുണ്ടായില്ല "
"ഹ്മ്മ് .. എന്നാലും ദുർഗ്ഗ, നീയാ ബാങ്കിൽ എന്താ ചെയ്തേ "
"ജോണേട്ടൻ ഒരു തട്ടാൻ രാജനെ ഓർക്കുന്നുണ്ടോ "
"ഉണ്ട്, പണ്ട് സ്വര്ണക്കട്ടി മോഷ്ടിച്ചെന്നും പറഞ്ഞു കേസ് വന്നിട്ട്, തൂങ്ങി മരിച്ച ... "
"അത് തന്നെ, എനിക്കന്നു പത്തു വയസ്സോ മറ്റാ, അയാളുടെ മരണ ശേഷം ഭാര്യയും മകനും തൃശൂരിലേക്ക് , അവരുടെ വീട്ടിൽ പോയി. ആ മകനാണ് ഈ ബാങ്കിലെ സ്വർണ്ണം നോക്കുന്ന രമേശൻ "
"ആ കഥയും ഇതും തമ്മിൽ "
"ഹ്മ്മ്, അന്ന് ആ കേസന്വഷിച്ച എസ് ഐ , പിന്നെ സി ഐ ആയിട്ടാ റിട്ടയർ ആയതു, അയാൾക്ക് രണ്ടു മക്കൾ , മൂത്തയാൾ വക്കീൽ, രണ്ടാമത്തേത് ബാങ്കിലും , ഇപ്പൊ മനസ്സിലായോ"
"ഓഹ് അങ്ങിനെ, നീ ഇതെല്ലം എങ്ങനെ.. "
"നിങ്ങൾ ചോദിച്ചിട്ടില്ല, എന്തിനു നിങ്ങൾ പക കൂട്ടി കാത്തിരുന്നെന്നു ,നീണ്ട പതിനഞ്ചു വര്ഷം ഞങ്ങൾ ആനയെപ്പോലെ പക ഊതി ഊതി കത്തിച്ചു കൊണ്ടിരുന്നതു , ഇങ്ങനെ ഒരു അവസരം വരാനായിട്ടാ"
ആ സമയത്തു പണിക്കാരൻ വീടിനകത്തു നിന്ന് ചിതൽ അരിച്ച ഒരു കാർഡ്ബോർഡ് ബോക്സ് മുറ്റത്തു കൊണ്ടേയിട്ടു.
"തു ക്യാ കർ രഹാ ഹേ "
"മാഡം , അന്തർ സാഫ് കർനെ കെ ലിയേ "
അപ്പോഴേക്കും അമൻ അങ്ങോട്ട് ഓടി വന്നു
"അമൻ, ഇത് പോലെ സാധനങ്ങൾ വലിച്ചെറിയരുത് , ഞാൻ പറഞ്ഞല്ലോ, ചെറുതായാലും വലുതായാലും, ഒന്നും കളയരുത്. എന്റെ ജീവിതം ആണിതെല്ലാം "
ദുർഗ്ഗാ നടക്കല്ലിൽ ഇരുന്നു ആ ബോക്സിൽ തിരയാൻ തുടങ്ങി , പ്ലാസ്റ്റിക് കവറിനുള്ളിൽ കുറെ പുസ്തകങ്ങൾ, അതിനിടയിൽ നിന്നും ഒരു കവർ വലിച്ചെടുത്തു കുട്ടികളെപ്പോലെ തുള്ളിച്ചാടി.
"രാധാകൃഷ്‌ണൻ ജൗളി വ്യാപാരം , പൂങ്കാവ് "
ആ കവറിലെ അക്ഷരങ്ങൾ ഉറക്കെ വായിച്ചു അതിനുള്ളിലേക്ക് കൈകടത്തി . ആദ്യം കൈപ്പിടിയിൽ വന്ന ചുവന്ന വെൽവെറ്റ് പുറംചട്ടയുള്ള ചെറിയ ബുക് കയ്യിലെടുത്തു ജോണിനെ കാണിച്ചു
"ഇതെന്തെന്നാണെന്നു അറിയാമോ "
"ഇല്ല"
"ഓട്ടോഗ്രാഫ്, പത്താം ക്ലാസ്സിലെ"
പുറം ചട്ട നിവർത്തി, പല കളറുകൾ ഉള്ള പേജുകൾ മറിച്ചു നോക്കി
"മരങ്ങൾ തമ്മിൽ അടുത്താൽ മുറിച്ചു മാറ്റം, മനസ്സുകൾ തമ്മിൽ എടുത്താലോ"
"എന്തോന്ന് " ജോൺ പുഞ്ചിരിയോടെ അവളുടെ അടുത്തേക്ക് നടന്നു അത് വാങ്ങിക്കാൻ ശ്രമിച്ചു . അവൾ കൊടുക്കാൻ കൂട്ടാക്കാതെ ഓട്ടോഗ്രാഫ് കവറിലേക്കിട്ടു അതുമായി വണ്ടിയുടെ അടുത്തേക്ക് നടന്നു. അമനോട് പിന്നെ വരാമെന്നു പറഞ്ഞു ജോണും . തിരികെ മാളിയേക്കൽ വീട്ടിലേക്കു വണ്ടിയോടിക്കുമ്പോൾ അവൾ ആ കവറിൽ എന്തിനോ വേണ്ടി പരതുകയായിരുന്നു . ഒടുവിൽ ആ വലിയ കവറിലെ ബുക്കുകൾക്കിടയിൽ നിന്ന് ഒരു ചെറിയ ചുമന്ന പെട്ടി അവൾ വലിച്ചെടുത്തു
"സാരംഗി ജൂവലറി "
ആ പെട്ടി തുറന്നു അതിൽ നിന്നും ഒരു ജോഡി വെള്ളി പാദസ്വരങ്ങൾ കയ്യിൽ എടുക്കുമ്പോൾ അവളുടെ ചുണ്ടിലെ പുഞ്ചിരി മാറി കണ്ണുകൾ നിറഞ്ഞിരുന്നു . വലതു കയ്യിൽ ആ പാദസ്വരങ്ങൾ എടുത്തു നെഞ്ജോട് ചേർത്ത് സീറ്റിലേക്ക് ചാഞ്ഞിരുന്നു ഓർമ്മകളിലേക്ക് അവൾ ഊളിയിട്ടു.
"ദേവൂ .. "
മുറ്റത്ത് നിന്നുള്ള വിളികേട്ടാണ് ദുർഗ്ഗ അടുക്കളയിൽ നിന്ന് ഉമ്മറത്തേക്ക് ചെന്നത് .
"എന്താ ഉണ്ണിയേട്ടാ .. "
വിഷ്ണുവിനെയും ദുർഗ്ഗയെയും ഒരുമിച്ചു കണ്ടതിൽ പിന്നെ ഒരിക്കൽ പോലും അവൻ അവളോട് വഴക്കു പിടിക്കാൻ ചെന്നിട്ടില്ല .
"രാമേട്ടൻ .. "
"അച്ഛൻ കോടതിയിൽ പോയി,.. "
"രാമേട്ടനോട് വൈകിട്ട് വീടുവരെ ഒന്നു വരാൻ പറയണം, "
"ശെരി "
"പിന്നെ .. "
".."
"പിന്നെ .. നാളെ ഞങ്ങൾ , അമ്മയും ഞാനും പോകുവാ , ചേച്ചിയുടെ അടുത്ത് , എനിക്കൊരു ജോലി ശെരിയായി എന്ന് അളിയൻ പറഞ്ഞു.. എത്ര നാളെ ഇവിടെ ഇങ്ങനെ എല്ലാവരെയും ബുദ്ധിമുട്ടിച്ചു "
നിറഞ്ഞു വന്ന കണ്ണുനീർ മറയ്ക്കാനാവാതെ അവൻ മുഖം തിരിച്ചു .
"ഉണ്ണിയേട്ടാ,അമ്മായി ഒന്നും പറഞ്ഞില്ല , ഇത്രയും പെട്ടന്ന് ."
"ഒരാഴ്ച മുൻപ് വിളിച്ചപ്പോഴാ അളിയൻ പറഞ്ഞെ, പിന്നെ ഓടിപ്പോയി ടിക്കറ്റ് എടുത്തു വന്നപ്പോൾ നാളേക്ക് ശെരിയായി .ഇന്നലെ ,ബൂത്തിലെ ഗോപേട്ടനെ അളിയൻ വിളിച്ചു പറഞ്ഞു , പോന്നോളാൻ , അമ്മയെ ഇവിടെ ഇങ്ങനെ ഒറ്റയ്ക്ക് വിടാൻ തോന്നുന്നില്ല , പിന്നെ അവിടെ ചെന്നാൽ രേവച്ചിയുടെ കുട്ടികളെ നോക്കാൻ ആളും ആയല്ലോ "
ഒറ്റ ശ്വാസത്തിൽ അവൻ പറഞ്ഞു നിർത്തി.
" ഞാൻ .."
"സാരമില്ല ദേവൂ.. എനിക്കെല്ലാം മനസ്സിലായി, അവനു നിന്നെ ഒരു പാട് ഇഷ്ടമാണ് .. ഇപ്പൊ വക്കീലും ആയില്ലേ, ഇനി പണിക്കർ സാറിന്റെ കൂടെ കൂടിയാൽ പിന്നെ നിറയെ കേസ് കിട്ടും. നിങ്ങള് സുഖമായി ജീവിക്ക് "
".."
"നീ.. പഴയതെല്ലാം മറന്നു കളഞ്ഞേക്ക് , ഞാൻ .. നിന്നെ കാണാതിരിക്കാൻ ശ്രമിക്കാം , എന്നാലും ,അറിയാതെ കണ്ടു പോയാൽ ഒന്ന് ചിരിച്ചാൽ മതി. "
നിറഞ്ഞൊഴുകുന്ന കണ്ണുനീരിനെ തടയാൻ സാധിക്കാതെ വാക്കുകൾക്കായി അവൻ പരതി . തിരിഞ്ഞു നടക്കാൻ തുടങ്ങിയ ദുർഗ്ഗയുടെ കയ്യിൽ അവൻ പിടിച്ചു .
"ദേവൂ , എന്നെങ്കിലും എന്റെ ആകുമ്പോൾ , നിനക്ക് ഇട്ട് തരാൻ ഞാൻ വാങ്ങി വച്ചതാണ് , നീ ഇത് മേടിച്ചോ, ഇടയ്ക്കു സ്വർണ്ണം ധരിച്ചു മതിയാകുമ്പോ ഇട്ടാൽ മതി... പിന്നെ.. ഇനി ഒരു ശല്യം ആകാൻ ഞാൻ വരില്ല"
അവളുടെ കൈകളിൽ ആ വെള്ളി പാദസ്വരത്തിന്റെ ചെറിയ പെട്ടി ഏല്പിച്ചു അവൻ നടന്നകന്നു.
അവളിൽ നിന്ന് വിങ്ങലുകൾ ഉയർന്നപ്പോൾ ജോണ് ഇടതു കൈ ഗിയറിൽ നിന്നെടുത്തു അവളുടെ വലതു തോളിൽ തട്ടി
"അയ്യേ, നീ കരയണോ , ഇതെങ്ങാനും ആരെങ്കിലും കണ്ടാലോ , പുലികുട്ടി പുള്ളിമാൻ ആയോ "
അവൾ ഒഴുകി വന്ന കണ്ണുനീർ ചെറിയ കർചീഫ് കൊണ്ട് ഒപ്പിയെടുത്തു .
അവരുടെ ഫോർച്യൂണർ തുറന്നു കിടന്ന മാളിയേക്കൽ വീടിന്റെ ഗേറ്റിലേക്ക് തിരിയാൻ പോയതും എതിർ ദിശയിൽ വന്ന ഒരു BMW X5 അവരുടെ മുൻപേ ആ വീട്ടിലേക്കു കയറിപ്പോയി .ജോൺ പെട്ടന്ന് ബ്രേക്കിട്ടതും , സീറ്റ് ബെൽറ്റിടാതിരുന്ന ദുർഗ്ഗ മുൻപോട്ടു പോയി ഡാഷ്ബോർഡിൽ ഇടിച്ചതും ഒരുമിച്ചായിരുന്നു . വർധിച്ച ദേഷ്യത്തോടെ പുറത്തിറങ്ങിയ അവൾ മുൻപിലെ കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്നിറങ്ങി വരുന്ന ആളെ കണ്ടു മുൻപോട്ടു ഓടിച്ചെന്നു കെട്ടിപിടിച്ചു .
(തുടരും)
No comments:
Post a Comment