വിഷ്ണുവിന്റെ മുഖം പിടിച്ചു തള്ളി, ഒരു പരിഹാസ ചിരിയുമായി ഉണ്ണി മുൻപോട്ടു നടന്നു . അപ്പോൾ അവന്റെ കീശയിൽ കിടന്ന ഫോൺ ബെല്ലടിക്കാൻ തുടങ്ങി
"ജീനാ കാളിങ് "
ഒരിക്കൽ കൂടി വിഷ്ണുവിനെ തിരിഞ്ഞു നോക്കി ഉണ്ണി നാനൂറ്റിയെട്ടാം നമ്പർ മുറിയിലേക്ക് കയറിപ്പോയി. അവൻ കോൾ അറ്റൻഡ് ചെയ്തു ഫോൺ ചെവിയോട് ചേർത്തു.
"എന്ത് പറ്റി മോളെ, "
" ഒന്നും ഇല്ല ഉണ്ണിയേട്ടാ , നാളെ ഞങ്ങൾ തിരിച്ചു പോവ്വാ ..."
"ഇത്ര പെട്ടന്നോ , ഒരു മാസം എന്ന് പറഞ്ഞിട്ട് .. "
"വൈശാഖേട്ടനോട് പെട്ടന്ന് ജോയിൻ ചെയ്യാമോ എന്ന് ചോദിച്ചു മെയിൽ വന്നു , പിന്നെ ചേച്ചിയുടെ ഈ അവസ്ഥയൊക്കെ കണ്ടു .. മടുത്തു ചേട്ടാ ഇവിടം "
"വൈശാഖ് ഉണ്ടോ അവിടെ, അവനൊന്നു കൊടുത്തേ "
"ശെരി "
അല്പസമയത്തിന്റെ ഇടവേളയ്ക്കു ശേഷം, ഫോണിന്റെ മറു പുറത്തു നിന്ന് വൈശാഖിന്റെ സ്വരം ഉണ്ണി കേട്ടു .
"ഉണ്ണിയേട്ടാ .. "
"എന്തു പറ്റി പെട്ടന്നൊരു തിരിച്ചു പോക്ക് , ഇതെല്ലാം കണ്ടു നീ പേടിച്ചു പോയോ , നിനക്കെന്നെ വിശ്വാസമില്ലേ "
"ഈ ലോകത്തു എനിക്ക് ഉണ്ണിയേട്ടനേ മാത്രമേ വിശ്വാസമുള്ളൂ .. ഇത് വരെ ഉണ്ണിയേട്ടൻ പറഞ്ഞതു പോലെയെ ഞാൻ ചെയ്തിട്ടുള്ളൂ , ഇനിയും അങ്ങിനെ തന്നെ ആയിരിക്കും .. "
"ഹ്മ്മ് .. വൈശാഖ് , നീ എനിക്ക് വേണ്ടി ചെയ്തു തന്നതൊന്നും ഞാൻ മറക്കില്ല . കഴിഞ്ഞ തവണ നിനക്ക് വാക്കു തന്ന പോലെ , ഇനി നീ പൂങ്കാവിൽ വരുമ്പോൾ , ആരെയും പേടിക്കാതെ നിനക്ക് ജീനയുമായി മഠത്തിൽ തറവാട്ടിൽ കയറാൻ ഉള്ള സാഹചര്യം ഞാൻ ഉണ്ടാക്കി തന്നിരിക്കും . "
"മഠത്തിൽ തറവാട്ടിലെ അടിമത്തത്തിൽ നിന്നും ഒരു മോചനം , ഇഷ്ടപെട്ട പെണ്കുട്ടിയുമായുള്ള ജീവിതം, ഇതും രണ്ടും എനിക്ക് സമ്മാനിച്ചത് ഉണ്ണിയേട്ടനാണ് . പകരം കൊടുക്കേണ്ടി വന്നത് വിഷ്ണുവേട്ടന്റെ പ്രണയമായിരുനെങ്കിലും .. "
ഉണ്ണിയുടെ മുഖത്തു വീണ്ടും ആ ക്രൂരമായ പരിഹാസ ചിരി വിടർന്നു . അവൻ മുന്നോട്ടു നടന്നു വാഷ് ബേസിനു മുകളിലുള്ള കണ്ണാടിയിൽ നോക്കി തന്റെ ഉലഞ്ഞു പോയ മുടി ഇടതു കൈ കൊണ്ട് കോതിയൊതുക്കി .
"വൈശാഖ് .. നിനക്ക് തോന്നുന്നുണ്ടോ , ദേവുവിനു സന്തോഷമുള്ള ഒരു ജീവിതം മഠത്തിൽ തറവാട്ടിൽ കിട്ടുമായിരുന്നെന്നു, പണിക്കരും പിന്നെ നിന്റെ അളിയനും കൂടി അവളെ കൊന്നു കളഞ്ഞേനെ.. "
"അറിയാം ഉണ്ണിയേട്ടാ.. ഞാൻ ഒന്നും മറന്നിട്ടില്ല, മറക്കില്ല.. "
"ഞാനും ..., വൈശാഖ് .. , ഈ വരുന്ന ഉത്സവം തീരുമ്പോഴേക്കും കുറച്ചേറെ ദുഃഖ വാർത്തകൾ ഇനിയും നിന്നെ തേടിയെത്തും.വിഷമിക്കരുത് .. അതിനു ശേഷം നീ ആഗ്രഹിച്ചപോലെ മഠത്തിൽ തറവാട് നിനക്കായി ഞാൻ തുറന്ന് തരും "
"കാത്തിരിക്കും ഉണ്ണിയേട്ടാ ആ ദുഃഖവാർത്തകൾക്കായി , ഒരിക്കലും വിഷമിക്കില്ല.. പണ്ട് പറഞ്ഞു പഠിപ്പിച്ച വാചകങ്ങൾ ഞാൻ മറന്നിട്ടില്ല ,ലക്ഷ്യമാണ് പ്രധാനം , മാർഗ്ഗമല്ല , ഏതു വഴിയിലായാലും എതിരാളികളെ വെട്ടി നിരത്തണം , പകയുടെ കനൽ ഊതി ഊതി കത്തിക്കണം .. മറന്നിട്ടില്ല,ഒന്നും , ഞാൻ കണ്ടതും കേട്ടതും"
മറുവശത്തു നിന്ന് കേട്ട വാക്കുകൾക്ക് ഒട്ടും ഇടർച്ചയില്ലന്നു ഉണ്ണിക്കു മനസ്സിലായി .
"ഹ്മ്മ് .. പോയി വാ "
കോൾ കട്ട് ചെയ്തു , ഫോൺ ബെഡിലേക്കെറിഞ്ഞു അവൻ വാഷ് ബേസിന്റെ ടാപ്പ് തുറന്നു . കുറച്ചേറെ വെള്ളം രണ്ടു കൈകളിലും എടുത്തു മുഖത്തേക്കു ഒഴിച്ചു . ഇപ്പോൾ സംസാരിച്ചതൊന്നും കേൾക്കാൻ രാമേട്ടൻ ഇല്ലാതിരുന്നതു നന്നായി എന്ന് ഉണ്ണിക്കു തോന്നി. രാമേട്ടനെ പാലക്കാട്ടേയ്ക്കുള്ള ബസിൽ കയറ്റി വിട്ടിട്ടു തിരിച്ചു വരുമ്പോഴായിരുന്നു വിഷ്ണു ഉണ്ണിയെ തടഞ്ഞത്. ജനലിന്റെ കമ്പിയിൽ വിരിച്ചിട്ടിരുന്ന ടൗവൽ കൊണ്ട് മുഖം തുടച്ചു അവനും ആ ബെഡിലേക്കു മലർന്നു കിടന്നു.
ഉണ്ണി ഒന്ന് മയങ്ങി വന്നപ്പോഴേക്കും ഡോറിൽ മുട്ടുകേട്ടു . ചെറിയ ഈർഷ്യയോടെ കതകു തുറന്നപ്പോൾ മുന്നിൽ ഡ്യൂട്ടി നേഴ്സ് .
"സർ , പേഷ്യന്റിനെ റൂമിലേക്കു ഷിഫ്റ്റ് ചെയ്യണം , ഒരു പത്തു മിനിറ്റു പുറത്തേക്കു നില്കാമെങ്കിൽ റൂം ശെരിയാക്കാമായിരുന്നു "
ഉണ്ണി മൊബൈൽ കയ്യിലെടുത്തു പുറത്തേക്കു നടന്നു. കുറച്ചു സമയത്തിനുള്ളിൽ, പുതിയ ബെഡ് ഷീറ്റ് വിരിച്ചു ഗ്ളൂക്കോസ് സ്റ്റാൻഡും വേറെ എന്തൊക്കെയോ ഹോസ്പിറ്റൽ ഉപകരണങ്ങളും ബെഡിനു സൈഡിൽ വച്ച് ആ നേഴ്സും മറ്റു രണ്ടു പെൺകുട്ടികളും മുറിയിൽ നിന്നിറങ്ങി. അൽപ സമയത്തിന് ശേഷം സ്‌ട്രെച്ചറിൽ ദുർഗയെ കൊണ്ട് വന്നു ബെഡിലേക്കു കിടത്തി .
"സർ, ബോഡിക്ക് അധികം സ്ട്രെസ് കൊടുക്കാറായിട്ടില്ല . രാവിലെയും വൈകുന്നേരവും ക്‌ളീൻ ആക്കാൻ കുട്ടികൾ വരും, ഇതിനിടയിൽ എന്ത് ഹെല്പ് വേണമെങ്കിലും വിളിച്ചാൽ മതി. പിന്നെ ലിക്വിഡ് ആയിട്ടുള്ള ഫുഡ് വൈകിട്ട് കൊണ്ട് വരും, അത് വേണം പേഷ്യന്റിനു കൊടുക്കാൻ . "
തിരിഞ്ഞു നടക്കുന്നതിനിടയിൽ നേഴ്സ് ഉണ്ണിയോട് പറഞ്ഞു .
നേഴ്സ് പുറത്തേക്കിറങ്ങി ഡോർ അടച്ചു കഴിഞ്ഞപ്പോൾ ഉണ്ണി കസേര വലിച്ചു ദുർഗയുടെ വലതു വശത്തിരുന്നു.
"ദേവൂ, എന്ത് പറ്റി , ഒരു പുഞ്ചിരി "
അവളുടെ വലതു കൈ , തന്റെ രണ്ടു കൈകൾ കൊണ്ടും ഉയർത്തി അവൻ തന്റെ കവിളിനോട് ചേർത്തു.
"ഇങ്ങനെ ഹോസ്പിറ്റലിൽ കിടന്നാലെന്താ , ഉണ്ണിയേട്ടൻ അടുത്തുണ്ടല്ലോ.. എത്ര നാളു കൂടിയാ .. ഇത്രയും ദിവസം, എനിക്ക് വേണ്ടി .."
"ഹ്മ്മ്, കൊള്ളാല്ലോ നീയ് "
"ഉണ്ണിയേട്ടാ നമ്മുടെ മക്കൾ .. അവരോടു പറഞ്ഞോ"
"ഇത് വരെ പറഞ്ഞിട്ടില്ല, എക്സാം തുടങ്ങാൻ പോവുകയല്ലേ .. നീ കേസിന്റെ കാര്യത്തിനായി കൊൽക്കത്തയിലാണെന്നാ പറഞ്ഞെ.. അവരു അനിലേട്ടന്റെ ഒപ്പം ഹാപ്പിയാ .. എന്റേം നിന്റെം കാര്യം ചെറുപ്പം മുതൽ അറിയാവുന്നതല്ലേ .. ഞാൻ എന്നും വിളിക്കാറുണ്ട്. "
"ഹ്മ്മ് .. എന്നാലും രണ്ടു ദിവസത്തിൽ കൂടുതൽ മാറി നിന്നിട്ടില്ലല്ലോ, ഇതിപ്പോ രണ്ടാഴ്ചയ്ക്ക് മേലെ ആയില്ലേ"
"അവിടെ അമ്മയില്ലേ, പിന്നെ രെവേച്ചിയുണ്ട് , അവരുടെ കുട്ടികൾ ഉണ്ട്.. നീ പേടിക്കണ്ട"
"പിന്നേ ... "
"പിന്നെ ..?"
"വിഷ്ണു കാണാൻ വന്നിരുന്നു "
പരിഭ്രമത്തോടെ ഉണ്ണി അവളുടെ കണ്ണുകളിലേക്കു നോക്കി ..
"എന്നിട്ടു ?"
"ഞാൻ അറിഞ്ഞുകൊണ്ടല്ല ഒന്നും നടക്കുന്നത് എന്ന് പറഞ്ഞു, വേറെയും എന്തെല്ലാമോ സംസാരിക്കണമെന്ന്"
"ഹ്മ്മ്"
"എനിക്ക് സംസാരിക്കാൻ താത്പര്യമില്ല എന്ന് പറഞ്ഞു, വെറുപ്പാണയാളെ കാണുന്നത് പോലും "
ഉണ്ണിയുടെ കൈകൾക്കിടയിൽ നിന്നും തന്റെ വലതു കൈ വലിച്ചെടുത്തു അവൾ തന്റെ ഇരു കവിളുകളിലും തഴുകി . അവളുടെ കണ്ണുകളിലേക്കു ദേഷ്യം ഇരച്ചു വരുന്നത് ഉണ്ണിയുടെ മുഖത്തു ആശ്വാസം പടർത്തി. തന്റെ ശരീരത്തിൽ ഉണ്ടാകുന്ന ഭാവമാറ്റങ്ങൾ അറിയാതിരിക്കാൻ , അവൻ കസേരയിൽ നിന്നും എഴുനേറ്റു റൂമിലെ ജനലിനരുകിലേക്കു നടന്നു.
"എന്നെയും കാണാൻ വന്നു "
"എന്നിട്ടു ? "
"എന്നിട്ടെന്താ, എന്റെ കഴുത്തിൽ ചേർത്ത് പിടിച്ചു ഭിത്തിയിലേക്കു അമർത്തി ഇത്തരക്കാരുടെ സ്ഥിരം ക്ളീഷേ ഡയലോഗ് വിട്ടു .. അവനെ ചതിച്ചു ഞാൻ നിന്നെ സ്വന്തമാക്കിയെന്നു .. "
"പിന്നെ "
അവൾ ബെഡിൽ നിന്നും ചെറുതായി തല ഉയർത്തി അവനെ നോക്കി
"പിന്നെ .. എനിക്കങ്ങോട്ടു ദേഷ്യം വന്നു , ഭാര്യ ICU വിൽ കിടക്കുമ്പോഴാ പണ്ട് പഴം കഞ്ഞി കുടിച്ച കാര്യം , ഞാൻ നിങ്ങളെ ചതിച്ചതാണെന്നും, നിന്നെ സ്വന്തമാക്കാൻ വേണ്ടി ഉണ്ടാക്കിയ ഒരു നാടകമായിരുന്നു ഡൽഹിയിലേക്കുള്ള നിങ്ങളുടെ ഒളിച്ചോട്ടമെന്നും, ഞാൻ പറഞ്ഞിട്ടാണ് ജോണിനൊപ്പം നീ ഡൽഹിക്കു വന്നതെന്നും അവനോടു പറഞ്ഞു. അവൻ അതും വിശ്വസിച്ചു പോയിക്കാണും .."
ചില സത്യങ്ങൾക്കു നല്ല നുണകളാകാനും കഴിയുമെന്ന് മനസ്സിൽ ഉറപ്പിച്ചു , ദുർഗ്ഗയ്ക്കു മുഖം കൊടുക്കാതെ അവൻ ജനലിലൂടെ ദൂരേക്ക് നോക്കി. പിന്നീട്, കണ്ണുകൾ നിറച്ചു അവളുടെ അരികിലേക്ക് ചെന്നു, ഉയർത്തിപ്പിടിച്ച അവളുടെ മുഖം തന്റെ ശരീരത്തോട് ചേർത്തു .
"നിനക്കും, വേണമെങ്കിൽ ഈ കഥ വിശ്വസിക്കാം , എന്നെ വെറുക്കാം .. പക്ഷെ ഇനി എന്നെ ഉപേക്ഷിക്കരുത് "
"ഇല്ല ഉണ്ണിയേട്ടാ, ഇനി എന്റെ ജീവിതത്തിൽ ഉണ്ണിയേട്ടൻ ഇല്ലാതാകണമെങ്കിൽ ഞാൻ മരിക്കണം"
"ഹ്മ്മ് , നീ കിടന്നോളൂ , അധികം സംസാരിക്കേണ്ട , ഞാൻ ഒന്ന് വെളിയിലേക്കിറങ്ങിയിട്ടു വരാം "
ദുർഗ്ഗയുടെ കണ്ണുകളിൽ നിന്നും ഉതിർന്നു തുടങ്ങിയ കണ്ണുനീർ തന്റെ കൈകൾ കൊണ്ട് തുടച്ചു , അവളെ കട്ടിലിലേക്ക് കിടത്തി ഉണ്ണി പുറത്തേക്കു നടന്നു .
അവളുടെ മനസ്സിൽ വീണ്ടും ഡൽഹിയിലെ ഓർമ്മകൾ നിറയാൻ തുടങ്ങി.
(തുടരും)
No comments:
Post a Comment