Thursday, August 13, 2020

ഉത്സവപ്പിറ്റേന്ന് 17

 

നിസാമുദ്ധീൻ സ്റ്റേഷനിൽ നിന്നും ഡൽഹിയിലെ ആ ചെറിയ ഫ്ലാറ്റിലേക്ക് ഉണ്ണിയോടൊപ്പം കുടുസു ഓട്ടോറിക്ഷയിൽ യാത്ര ചെയ്തു കയറിച്ചെല്ലുമ്പോൾ ദുർഗ്ഗ ശാരീകമായും മാനസികമായും അകെ തളർന്നിരുന്നു . കുളിച്ചു ഉച്ചഭക്ഷണം കഴിച്ചു അകത്തെ മുറിയിൽ അവൾ ഉറങ്ങിതുടങ്ങിയപ്പോൾ ഉണ്ണി അമ്മയോടും ചേച്ചിയോടും അവളുടെയും വിഷ്ണുവിന്റെയും കഥ പറഞ്ഞു. വൈകിട്ട് ജോണുമായി ഉണ്ണി ഗാസിയാബാദിലേക്കു പോയി അവിടെ പരിചയമുള്ള കോൺട്രാക്ടർ വഴി കമ്പനിയുടെ ലോറിയുടെ ഡ്രൈവർ ജോലിയും താമസ സൗകര്യവും ശെരിയാക്കി.


ദിവസങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു , ഉണ്ണി വീണ്ടും ജോലിയിലും തൻറെ കോച്ചിങ്ങിലും വീണ്ടും വ്യാപൃതനായി . ദുർഗ്ഗ , ഉണ്ണിയുടെ അമ്മക്കൊപ്പം രേവതിയെ വീടുപണികളിലും കുട്ടികളെ നോക്കുന്നതിലും സഹായിച്ചു പോന്നു . പലപ്പോഴും ദുർഗ്ഗ ഉണ്ണിയോട് സംസാരിക്കാൻ ശ്രമിച്ചിരുന്നെങ്കിലും ഒന്നോ രണ്ടോ വാചകത്തിൽ കൂടുതൽ സംസാരിക്കാൻ അവൻ കൂട്ടാക്കാറില്ലായിരുന്നു. ഉണ്ണിയുടെ ആ സ്വഭാവം അവളെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത് . പക്ഷെ അതെല്ലാം തന്റെ വിധിയാണെന്ന് കരുതി അവൾ അവരോടൊപ്പം ജീവിച്ചു പൊന്നു . ഡൽഹിയിലെ ചൂടിന്റെ കാഠിന്യം നാല്പത്തി അഞ്ചിലെത്തിയ ഒരു മെയ് മാസത്തിലെ ഞായറാഴ്ച ദിവസം , ഉച്ചക്ക് കൂളറിന്റെ മുൻപിൽ ഇരുന്ന അനിലിനൊപ്പം ഭക്ഷണം കഴിക്കുകയായിരുന്ന ഉണ്ണി , അപ്പോഴാണ് ടെറസ്സിൽ നിന്നും നനച്ചുണങ്ങിയ തുണികളുമായി അവൾ ഫ്ലാറ്റിലേക്ക് കയറി വന്നത് . 


"ദേവൂ .."


ദിവസങ്ങൾക്കു ശേഷം ഉണ്ണിയുടെ ദേവൂ എന്നുള്ള വിളി അവൾക്കു വലിയൊരാശ്വാസമായിരുന്നു, എന്ത് എന്നർത്ഥത്തിൽ അവൾ ഉണ്ണിയെ മുറിയുടെ പടിവാതിലിൽ നിന്നും നോക്കി.


"ഇന്ന് വൈകിട്ട് നമുക്കൊരുമിച്ചു അമ്പലം വരെ പോകാം, എന്റെ കൂടെ വരുന്നതിനു എന്തെങ്കിലും അസ്വകര്യം ഉണ്ടോ "


"ഇല്ല ഉണ്ണിയേട്ടാ"


നിറഞ്ഞു വന്ന കണ്ണുകൾ, ആരും കാണാതെ, ഇരു കൈകൾ കൊണ്ടും തുടച്ചു അവൾ അകത്തേക്ക് ഓടിപ്പോയി.


വൈകിട്ട്, മനസ്സ് തുറന്നു പ്രാർത്ഥിച്ചു ഉണ്ണിയോടൊപ്പം തിരിച്ചു വരുമ്പോൾ , ബൈക്കിന്റെ ദിശമാറിയതറിഞ്ഞു അവൾ അവന്റെ തോളിൽ വിരലമർത്തി . അവർ ചെന്നെത്തിയത് മനോഹരമായ ഒരു പാർക്കിലായിരുന്നു . അവധിയുടെ ആലസ്യത്തിൽ സംസാരിച്ചിരുന്നവരും , വൈകിട്ട് വെയില് മങ്ങിയപ്പോൾ ജോഗിങ്ങിന് ഇറങ്ങിയവരുമായി ഒരാൾക്കൂട്ടം തന്നെ അവിടെ ഉണ്ടായിരുന്നു. ആളൊഴിഞ്ഞ ഒരു മൂലയിലെ സിമെന്റ് ചാരുബെഞ്ചിൽ അവരിരുവരും ഇരുന്നു .


"ദേവൂ , എന്താണ് ഇനി നിന്റെ പ്ലാൻ "


അവൾ പ്രതീക്ഷിച്ചിരുന്ന ഒരു ചോദ്യമായിരുന്നെങ്കിലും , അതിത്ര പെട്ടന്ന് കേട്ടതിന്റെ അങ്കലാപ്പിൽ അവൾ അവനെ പ്രതീക്ഷയോടെ നോക്കി .


"നീ ഇപ്പോഴും വിഷ്ണുവിനെ സ്നേഹിക്കുന്നുണ്ടോ, മഠത്തിൽ തറവാട്ടിലേക്ക് തിരിച്ചു ചെല്ലാൻ ആഗ്രഹമുണ്ടോ "


"ഇല്ല " പതിഞ്ഞ സ്വരത്തിൽ മറുപടി നൽകി അവനോടു ചേർന്നിരുന്നു, അവന്റെ വലതു തോളിലേക്ക് മുഖമമർത്തി അവൾ കരയാൻ തുടങ്ങി.


"എന്നാൽ നീ എനിക്കു വാക്ക് താ, ഇനി ഒരിക്കലും വെറുപ്പോടെ അല്ലാതെ അവനെ ഓർക്കില്ലന്നു, നിന്നെ ഉപദ്രവിച്ച അവരോടുള്ള പക സൂക്ഷിച്ചു വയ്ക്കുമെന്ന്, ഇനി ഒരിക്കലും അവർക്ക് വേണ്ടി കരയില്ലന്നു "


അവൾ മുഖമുയർത്തി അവനെ നോക്കി , പിന്നെ അവന്റെ വലതു കൈ തന്റെ ഇരു കൈകളിലും ചേർത്ത് തലയാട്ടി.


അവളിൽ നിന്നും വേർപെട്ടു ഉണ്ണി എഴുനേറ്റു നിന്നു , മുഖത്ത് വിരിഞ്ഞ നിഗൂഢമായ പുഞ്ചിരി ഒളിപ്പിച്ചു വച്ച് അവൻ തുടർന്നു.


"നാളെ വൈകിട്ട് നീ ഇവിടുന്നു പോകുന്നു, അനിതേച്ചിയുടെ അടുത്തേക്ക് , സാഗറിലേക്കു , അവിടെ ഒരു രണ്ടു മാസം അവരോടൊപ്പം , ആ നാടുമായി ഒന്ന് പരിചയപെട്ടു വരുമ്പോഴേക്കും അവിടെ നിനക്ക് LLB ക്കു സീറ്റ് ശെരിയാകും. പിന്നെ രണ്ടോ മൂന്നോ വര്ഷം, ഒരു വക്കീലായി നീ തിരിച്ചു വരണം"


"അത് ഞാൻ ... ഉണ്ണിയേട്ടൻ വരില്ലേ എന്റെ കൂടെ"


"ഇല്ല , ഇനിയുള്ള യാത്രകൾ നീ തനിച്ചു മതി , നാളെ രാവിലെ എട്ടരയ്ക്ക് ആണ് ഇവിടുന്നു ട്രെയിൻ, ടിക്കറ്റ് ഞാൻ ശെരിയാക്കിയിട്ടുണ്ട്. വൈകിട്ട് ഏഴു മണിക്ക് അവിടെ എത്തും , സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റുഫോമിൽ ഒരു ആർമി ഓഫീസ് ഉണ്ട് , അതിനടുത്തു ഒരു ബുക്സ്‌ സ്റ്റാളും. അനിതേച്ചിയും പ്രേമേട്ടനും അവിടെ ഉണ്ടാകും . "


ഉണ്ണി തന്റെ പോക്കറ്റിൽ നിന്നും വെളുപ്പും കറുപ്പും ഇടകർന്ന നിറമുള്ള ഒരു ഫോൺ അവൾക്കു നേരെ നീട്ടി .


"പുതിയതാണ്, എന്റെയും അനിലേട്ടന്റെയും നമ്പർ ഇതിൽ ഉണ്ട്.. അവിടെ ചെന്നിട്ടു പുതിയ സിം കിട്ടുന്നത് വരെ ഇത് ഉപയോഗിച്ചോളൂ.. പിന്നെ നിന്റെ അടുത്ത കൂട്ടുകാരുടെയും അനിതേച്ചിയുടെയും പ്രേമേട്ടന്റെയും നമ്പർ മാത്രം സേവ് ചെയ്താൽ മതി, ആർക്കും നിന്റെ നമ്പർ കൊടുക്കുകയും വേണ്ട.നാട്ടിലേക്ക് ആരെയും വിളിക്കുകയും ചെയ്യരുത് .രാമേട്ടനോട് ഞാൻ പറഞ്ഞോളാം"


"ജോണേട്ടൻ "


"ജോൺ , ലോഡുമായി പോയിരിക്കുകയാണ്. തിരിച്ചു വരുമ്പോൾ പറഞ്ഞോളം"


ശരി എന്നർത്ഥത്തിൽ അവൾ തലയാട്ടി .


"ദേവൂ..ജൂൺ മാസത്തിൽ എന്റെ പരീക്ഷയാണ് , ഇത്തവണ എങ്കിലും എനിക്ക് പാസ്സാവണം, നീ എനിക്കു വേണ്ടി പ്രാര്ഥിക്കുമോ "


അവളുടെ നിശബ്ദത അവനെ വല്ലാതെ വിഷമിപ്പിച്ചു 


"നീ .. നീ, ഒരിക്കലെങ്കിലും എന്നെ സ്നേഹിച്ചിട്ടുണ്ടോ , അതോ ഈ വഴക്കാളിയെ എന്നും നിനക്ക് വെറുപ്പായിരുന്നോ "


മറുപടിയായി അവൾ സിമന്റ് ബെഞ്ചിൽ നിന്നും എഴുനേറ്റ് അവനരുകിലേക്കു ഓടിവന്നു കെട്ടിപിടിച്ചു . അവളുടെ കണ്ണുനീർ കൊണ്ട് തൻറെ നെഞ്ച് നനയുന്നത് ഉണ്ണി അറിഞ്ഞു . ആ സ്നേഹത്തിനു മറുപടിയായി അവന്റെ കണ്ണുകളിൽ നിന്നും രണ്ടു തുള്ളി ഉതിർന്നു വീണു .


"ഇനി നമ്മൾ തമ്മിൽ കാണുമ്പോൾ , നീ ഒരു വക്കീലായിരിക്കണം, വിഷ്ണുവിനേക്കാൾ , പണിക്കരെക്കാൾ വാക് സാമർഥ്യമുള്ള , കഴിവും വിവരവുമുള്ള ഒരു വക്കീൽ".


വൈകിട്ട് അവൾ തന്റെ വസ്ത്രങ്ങൾ ബാഗിലേക്കു അടുക്കി വയ്ക്കുമ്പോൾ , ഉണ്ണി , അമ്മയോട് നാട്ടിലെ ദുർഗ്ഗ കാണാതായതിനെ തുടർന്നുള്ള കേസിനെക്കുറിച്ചും , അവൾ ഡൽഹി വിട്ടു താമസിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചും ബോധ്യപ്പെടുത്തി . 


അടുത്ത ദിവസം രാവിലെ ഹിരാക്കുഡ് എക്സ്പ്രെസ്സിൽ ജീവിതത്തിൽ ഒരിക്കൽ മാത്രം കണ്ടിട്ടുള്ള , തികച്ചും അപരിചിതരായ അനിതേച്ചിയുടെയും പ്രേമേട്ടന്റെയും വീട്ടിലേക്കുള്ള യാത്രയിൽ അവൾ തികച്ചും അസ്വസ്ഥയായിരുന്നു .തനിച്ചുള്ള ആദ്യത്തെ ട്രെയിൻ യാത്രയും തനിക്കു ചുറ്റും ഇരിക്കുന്നവർ സംസാരിക്കുന്ന ഭാഷ തനിക്കു പരിചയമല്ലാത്തതും അവളെ കൂടുതൽ ഭയചകിതയാക്കി. ഒരു പോള കണ്ണ് ചിമ്മാതെ , ഒരു തരി ഭക്ഷണം കഴിക്കാതെ , ജനലിനരികിലുള്ള തന്റെ ഒൻപതാം നമ്പർ സീറ്റിൽ ആ കറുത്ത ബാഗ് നെഞ്ചോടടുപ്പിച്ചു വച്ച് പുറകോട്ടോടി മറയുന്ന കാഴ്ചകൾക്കോപ്പം തന്റെ നശിച്ച ഭൂതകാലത്തെയും ഉപേക്ഷിച്ചു , ഇനി തനിക്കുള്ള ജീവിതം ഉണ്ണിയേട്ടന് വേണ്ടി മാത്രമാണെന്ന് തീരുമാനിച്ചുറപ്പിച്ചു അവൾ ഇരുന്നു. 


പ്രേമേട്ടൻ എന്ന പ്രേമചന്ദ്രൻ തൊണ്ണൂറുകളുടെ ആദ്യപാദത്തിൽ മധ്യപ്രദേശിലേക്കു ജോലിക്കു വേണ്ടി കുടിയേറിയ വ്യക്തിയായിരുന്നു . തന്റെ കയ്യിലുള്ള ഡിപ്ലോമ കൊണ്ട് മധ്യപ്രദേശ് ഇലട്രിസിറ്റി ബോർഡിൽ ജോലിക്കാരനായി. പിന്നീട് നാട്ടിൽ നിന്നും അനിതയെ വിവാഹം കഴിച്ചു , അവർ സാഗർ എന്ന ചെറിയ പട്ടണത്തിൽ താമസം തുടങ്ങി . ബിരുദം വിദ്യാഭ്യാസ യോഗ്യതയുള്ള അനിതക്കു സാഗർ യൂണിവേഴ്‌സിറ്റിയിൽ ഓഫീസ് സ്റ്റാഫായി ജോലി കിട്ടി. ഉണ്ണി , ദുർഗ്ഗയെക്കുറിച്ചും അവളുടെ തുടർവിദ്യാഭ്യാസത്തെക്കുറിച്ചും സംസാരിച്ചപ്പോൾ അനിൽ ആണ് ചേച്ചിയുടെ കാര്യം പറഞ്ഞതും അവിടെ താമസിക്കാനും , പഠിക്കാനുമുള്ള സൗകര്യം തരപ്പെടുത്തി കൊടുക്കുകയും ചെയ്തത്. 


സാഗർ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങി ചുറ്റും നോല്കുമ്പോൾ , ഉണ്ണി പറഞ്ഞ പോലെ ഒന്നാം പ്ലാറ്റ്ഫോമിൽ ദൂരെ ആർമിയുടെ ഓഫീസും അതിനോട് ചേർന്ന് ഒരു ചെറിയ ബുക്ക്സ് സ്റ്റാളും അവൾ കണ്ടു . മേല്പാലത്തിലൂടെ കയറി ഒന്നാം പ്ലാറ്റ്ഫോമിൽ എത്തി അവൾ ബുക്ക്സ് സ്റ്റാളിനടുത്തേക്കു നടന്നടുത്തു . അവിടെ അവളെയും കാത്തു അനിതേച്ചിയും പ്രേമേട്ടനും നിൽക്കുന്നുണ്ടായിരുന്നു . 


"ദുർഗ്ഗേ "


ആ വിളി അവളെ ഓർമ്മകളിൽ നിന്നും ഹോസ്പിറ്റൽ ബെഡിലേക്കു തിരിച്ചു കൊണ്ട് വന്നു . മുൻപിൽ വിഷ്ണു.


"ഇപ്പോൾ നിനക്കെങ്ങനെ ഉണ്ട് "


വിഷ്ണു അവൾക്കരുകിലേക്ക് വന്നു , മറുപടിയായി അവൾ എതിർദിശയിലേക്കു മുഖം തിരിച്ചു . 


"ദുർഗ്ഗ , അന്നും ഇന്നും എനിക്കൊന്നും അറിയില്ല, എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട് "


" എനിക്കൊന്നും പറയാനും കേൾക്കാനും ഇല്ല "


അവൾ കയ്യുയർത്തി , ഇടതു ഭാഗത്തുള്ള , ചെറിയ സ്വിച്ചിൽ പ്രസ് ചെയ്തു . ബെല്ലടിക്കുന്നതു കേട്ട് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നേഴ്‌സ് അങ്ങോട്ട് ഓടിവന്നു .


"എന്ത് പറ്റി മാഡം , എന്തെങ്കിലും ആവശ്യം "


"ഇയാളെ എന്തിനാ ഇങ്ങോട്ടു കടത്തി വിട്ടത് . എനിക്കൊന്നു മയങ്ങണം , ഇയാളോട് പുറത്തേക്കു പോകാൻ പറയു , പ്ളീസ് . "


നേഴ്‌സ് വിഷ്ണുവിന്റെ മുഖത്തേക്ക് നോക്കി.പിന്നീടൊന്നും പറയാതെ അയാൾ പുറത്തേക്കു നടന്നു.


ICUവിന്റെ പുറത്തെത്തിയ വിഷ്ണു, ഫോണിൽ നോക്കി നടന്നു പോകുന്ന ഉണ്ണിയെ കണ്ടു.


"ഉണ്ണി.. "


പരിചിതമായ സ്വരം കേട്ട് ഉണ്ണി തിരിഞ്ഞു നോക്കി . ഉടൻ തന്നെ വിഷ്ണു ഉണ്ണിയുടെ അടുത്തേക്ക് ഓടിച്ചെന്നു, അവന്റെ കഴുത്തിന് ഇരുകൈകളും കൊണ്ട് ചേർത്ത് പിടിച്ചു ആശുപത്രിയുടെ ഭിത്തിയിലേക്കു ചേർത്ത് പിടിച്ചു നിർത്തി .


"ഉണ്ണി, നീ പറ, ഈ കഥയിൽ ഞാനോ നീയോ വില്ലൻ"


ആ ആക്രമണത്തിൽ അവനൊന്നു പതറിയെങ്കിലും , പെട്ടന്ന് തന്നെ , കാലുകൾ നിലത്തുറപ്പിച്ചു , ഫോൺ പാന്റിന്റെ കീശയിലേക്കിട്ടു, ഉണ്ണി തന്റെ കൈകൾ കൊണ്ട് വിഷ്ണുവിന്റെ വയറിലേക്ക് ആഞ്ഞിടിച്ചു . ശക്തമായ ആ ഇടിയിൽ ഉണ്ണിയുടെ കഴുത്തിൽ നിന്നും കൈകൾ വിടുവിച്ചു വയറ്റിൽ അമർത്തി പിടിച്ചു വിഷ്ണു നിലത്തേക്കിരുന്നു . ICUവിന്റെ പുറത്തു നിൽക്കുന്നവർ പരിഭ്രാന്തരായി നോക്കി നിൽക്കേ ഉണ്ണി അവനെ പിടിച്ചെഴുനേല്പിച്ചു അടുത്തുണ്ടായിരുന്ന കസേരയിലേക്കിരുത്തി . 


"വിഷ്ണു, ഉണ്ണി ഒരു പരാജിതനാണ് , സ്നേഹത്തിനു മുൻപിൽ എന്നും തോറ്റു തരുന്നവൻ, പക്ഷെ രുദ്രൻ അങ്ങിനെ അല്ല , ആഗ്രഹിച്ചതെല്ലാം നേടിയിട്ടേ ഉള്ളു..ദേവൂ ഉൾപ്പെടെ. ഇവിടെ വില്ലനും നായകനും രക്ഷകനും ദൈവവും ,എല്ലാം, ഞാൻ തന്നെ ആണ്. നീ ഇവിടെ ഇരുന്നു പ്രണയിച്ചപ്പോൾ , അങ്ങ് ഇന്ദ്രപ്രസ്ഥത്തിൽ ഇരുന്നു ഞാൻ കളിച്ചു. നാട്ടിലും , എന്തിനു നിന്റെ വീട്ടിൽ വരെ ഞാൻ ആളെ ഏർപ്പാടാക്കിയിരുന്നു . നാട്ടിൽ നിന്ന് പോയതിനു ശേഷം , അവൾ എന്ന തേടി വന്നത് വരെ മൂന്നു വര്ഷം ഞാൻ ശെരിക്കുറങ്ങിയിട്ടില്ല , എന്തിനു , നിങ്ങളുടെ ഒളിച്ചോട്ടം പോലും , ഞാൻ എഴുതിയ കഥയായിരുന്നു . ഓർമ്മ വച്ച നാളു മുതൽ അവളെ ഈ നെഞ്ചിൽ കൊണ്ട് നടന്നത് ഇടയ്ക്കു കയറിവന്ന നിനക്ക് തരാനല്ല. "


ഉണ്ണിയുടെ മുഖത്ത് ക്രൂരത കലർന്ന ഒരു ചിരി വിടർന്നു . അവൻ ഇടതു കൈ കൊണ്ട് വിഷ്ണുവിന്റെ താടിയിൽ പിടിച്ചുയർത്തി വലതു കൈയ്യുടെ ചൂണ്ടു വിരൽ തനിക്കു നേരെ ചൂണ്ടി മുകളിലേക്കും താഴേക്കും ആക്കി തുടർന്നു . 


"ഈ കഥയിൽ , സൃഷ്ടിയും സംഹാരവും ഞാൻ ആണ് നടത്തുന്നത്, ഈ രുദ്രൻ. കഥകൾ ഒരുപാടുണ്ട് വിഷ്ണു, ദേവൂ അതിലൊന്ന് മാത്രം ... ഓരോന്നായി ഞാൻ തീർത്തുകൊണ്ടിരിക്കുകയാണ്. അതിനിടയിൽ പഴയ പ്രേമ നഷ്ടത്തിന്റെ കണക്കുമായി എണ്ണം കുറഞ്ഞ എതിരാളികളുടെ കൂടെ നീയും ചേർന്നാൽ നിന്റെ രണ്ടു മക്കൾക്ക് അച്ഛനില്ലാതായി തീരും. പറഞ്ഞല്ലോ ഇവിടെ വില്ലനും നായകനും ഞാൻ മാത്രമാണ് .. ഈ രുദ്രൻ മഹാദേവൻ . "


വിഷ്ണുവിന്റെ മുഖം പിടിച്ചു തള്ളി, ഒരു പരിഹാസ ചിരിയുമായി ഉണ്ണി മുൻപോട്ടു നടന്നു . അപ്പോൾ അവന്റെ കീശയിൽ കിടന്ന ഫോൺ ബെല്ലടിക്കാൻ തുടങ്ങി 


"ജീനാ കാളിങ് "


(തുടരും)

No comments:

Post a Comment