ഒടുവിൽ റിമാൻഡ് കാലാവധി തീരുന്ന ദിവസം ജോണിനു വേണ്ടി വാദിക്കാൻ വന്ന അഡ്വക്കേറ്റിനെ കണ്ടു പണിക്കരും വിഷ്ണുവും പിന്നെ കോടതിയിൽ കൂടിനിന്ന നാട്ടുകാരും പരിഭ്രാന്തരായി .
അഡ്വക്കേറ്റ് ശ്രീറാം മോഹൻ , നിലവിൽ ഹൈക്കോടതിയിലെ ഏറ്റവും വിലകൂടിയ വക്കീൽമാരിൽ ഒരാൾ. ജോൺ തങ്ങൾ പ്രതീക്ഷിച്ചതിലും കൂടുതൽ പിടിയുള്ളവനായി എന്നതായിരുന്നു പണിക്കരുടെയും വിഷ്ണുവിന്റെയും പരിഭ്രമത്തിനു പിന്നിലെങ്കിൽ , ജോണിനെ പോലൊരു ഗുണ്ടക്കു , അല്ലങ്കിൽ ഒരു പെണ്ണിനെ തട്ടിക്കൊണ്ടു പോയവന് വേണ്ടി ഓരോ വിസിറ്റിനും പതിനായിരങ്ങൾ വാങ്ങുന്ന , അധികം കള്ളക്കേസുകൾ വാദിക്കാൻ ശ്രമിക്കാത്ത ഒരു വക്കീൽ വന്നതായിരുന്നു നാട്ടുകാരെ ആശ്‌ചര്യപ്പെടുത്തിയത്. ജോണിന്റെ വക്കാലത്തു ശ്രീറാമിനാണെന്നു അറിഞ്ഞതോടെ വിഷ്ണു കോടതി മുറി വിട്ടു അവന്റെ ഓഫീസിലേക്ക് പോയി.
ശ്രീറാമിന്റെ വാദമുഖങ്ങൾ അംഗീകരിച്ച കോടതി , ജോണിന് ജാമ്യം അനുവദിച്ചു , ഒപ്പം ദുർഗ്ഗയെ കണ്ടെത്താൻ പോലിസിനോട് ആവശ്യപ്പെടുകയും ചെയ്തു. കോടതി നടപടികൾ പൂർത്തിയാക്കി ശ്രീറാമിനെ യാത്രയാക്കി വീട്ടിലേക്കു മടങ്ങുംവഴി ജോൺ വിഷ്ണുവിന്റെ ഓഫീസിൽ കയറി . പ്രതീക്ഷിക്കാത്ത അതിഥിയെ കണ്ട വിഷ്ണുവിന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി . അത് കാണാത്ത ഭാവത്തിൽ ജോൺ അവനെതിരായ കസേരയിൽ ഇരുന്നു.
"വിഷ്ണു , നിങ്ങൾ കൂട്ടിയാൽ കൂടാത്ത അത്ര ഞാൻ വളർന്നെന്നു, നിനക്കും നിന്റെ അച്ഛനും മനസ്സിലായല്ലോ. ഇനി ദയവായി എന്റെ കാര്യങ്ങളിൽ നീ ഇടപെടരുത്. പഴയ സ്നേഹം എപ്പോഴും ഉണ്ടായി എന്ന് വരില്ല "
മറുപടിയായി വിഷ്ണു താൻ ഇരുന്ന കസേര ശക്തിയായി പുറകോട്ടു തള്ളി എഴുനേറ്റു ജോണിനേരുത്തേക്കു നടന്നടുത്തു .ഒന്ന് തടയാൻ പോലും സമയം കൊടുക്കാതെ , ഒരു പുഞ്ചിരിയോടെ അവനെ നോക്കികൊണ്ടിരുന്ന ജോണിന്റെ ഷർട്ടിന്റെ ഇരു കോളറുകളും കൈ കൊണ്ട് കൂട്ടിപ്പിടിച്ചു അവനിലേക്ക് അടുപ്പിച്ചു .
"അവൾ , ദുർഗ്ഗ എവിടെയുണ്ട് ? "
ആ സമയം വിഷ്ണുവിന്റെ കണ്ണുകളിൽ നിറഞ്ഞു നിന്നതു ദേഷ്യമോ സങ്കടമോ എന്ന് ജോണിന് തിരിച്ചറിയാൻ സാധിച്ചില്ല. ഒരു നിമിഷം അവന്റെ കണ്ണുകളിലേക്കു നോക്കിയിരുന്ന ശേഷം ജോൺ ബലമായി അവന്റെ കൈകൾ വിടുവിച്ചു അവനെ ദൂരേക്ക് തള്ളി. വിഷ്ണു അടുത്ത് കിടന്ന ടേബിളിൽ തട്ടി അവിടെ ഇരുന്ന ഫയലുകളോടൊപ്പം താഴേക്ക് മറിഞ്ഞു വീണു . ജോൺ കസേരയിൽ നിന്നും എഴുനേറ്റ് വീണു കിടക്കുന്ന വിഷ്ണുവിന്റെ അടുത്തെത്തി തന്റെ വലതു കൈ നീട്ടി . തനിക്കു നേരെ കൈകൾ നീട്ടാതെ മുഖം തിരിച്ച വിഷ്ണുവിന്റെ കൈകൾ ബലമായി പിടിച്ചു ജോൺ അവനെ നേരെ നിർത്തി .
"വിഷ്ണു , പഴയ ഡ്രൈവർ ജോണിന്റെ കയ്യിൽ തൂങ്ങി നടന്ന ഒരു അഞ്ചു വയസ്സുകാരനെ എനിക്ക് ഇപ്പോഴും ഇഷ്ടമാണ് , പക്ഷെ വലുതായി നിന്റെ അച്ഛന്റെ ഒപ്പം കൂടി ചതിയനായ മാറിയ വിഷ്ണുവിനോട് വെറുപ്പും. നിനക്ക് ദുർഗ്ഗയെക്കുറിച്ചു അന്വഷിക്കാൻ എന്ത് യോഗ്യതയാണുള്ളത് . ഒരു രാത്രിയിൽ തനിച്ചു പ്രായപൂർത്തിയായ ഒരു പെൺകുട്ടിയെ അതും നിന്നെ മാത്രം വിശ്വസിച്ചു വീട്ടുകാരെ മറന്നു ഇറങ്ങി വന്നവളെ ഒറ്റക്കാക്കി പോയ നിന്നെക്കാളും നല്ലവൻ ഞാൻ തന്നെ ആണ് . പിന്നെ ഞാൻ അവളെ എവിടെ കൊണ്ടെയാക്കി, ആർക്ക് വിറ്റു അതൊന്നും നീ അറിയണ്ട .. ഒന്നും ഇല്ലങ്കിലും ഞാൻ ഒരു ഗുണ്ടയും , പെണ്ണ് പിടിയനും , പഴയ കൊലക്കേസ് പ്രതിയും അല്ലെ "
" ജോണേട്ടാ .. "
തിരിഞ്ഞു നടക്കാൻ തുടങ്ങിയ ജോൺ വിഷ്ണുവിന്റെ അപേക്ഷയുടെ സ്വരത്തിൽ ഉള്ള വിളിയിൽ അവിടെ തന്നെ നിന്ന് അവന്റെ മുഖത്തേക്ക് നോക്കി.
"ആ പഴയ അഞ്ചു വയസ്സുകാരൻ തന്നെയാണ് ഇപ്പോഴും . പിന്നെ ചില സാഹചര്യങ്ങൾ കാരണം എനിക്കവളെ തനിയെ വിടേണ്ടി വന്നു . അവൾ പോയ ശേഷം ഒരുപാടു അന്വഷിച്ചു , ഉണ്ണിയുടെ ജോലിസ്ഥലത്തടക്കം , എങ്ങും കിട്ടിയില്ല അവളെ. എവിടെയോ സുഖമായി കഴിയുന്നുണ്ടെന്നു എന്റെ മനസ്സിനെ വിശ്വസിപ്പിച്ചിരിക്കുമ്പോഴാ ജോണേട്ടൻ ഗോപിയോട് അങ്ങനെ പറഞ്ഞത് . എവിടെയാണെന്ന് എന്നോട് ഒന്ന് പറയാമോ , അല്ലങ്കിൽ സുഖമാണെന്നെങ്കിലും ?"
"വിഷ്ണു , എന്ത് സാഹചര്യങ്ങൾ ആണെങ്കിലും നിനക്ക് വേണ്ടി ജീവിച്ച ഒരു പെൺകുട്ടിയെ തള്ളി പറയരുതായിരുന്നു. ആലോചിക്കൂ നീ , ... പിന്നെ അച്ഛൻ പണിക്കരോട് പറഞ്ഞേക്ക് ഞാൻ മാളിയേക്കൽ തന്നെ കാണുമെന്നു .."
അവന്റെ തോളിൽ തട്ടി ജോൺ തിരിച്ചു നടന്നു .
*****************************
വൈകുന്നേരം വിഷ്ണു വീട്ടിലേക്കു ചെല്ലുമ്പോൾ ഉമ്മറത്ത് കരയോഗം സെക്രട്ടറിയും , പൂങ്കാവ് അമ്പലകമ്മറ്റി പ്രസിഡന്റും പിന്നെ കുറച്ചു പരിവാരങ്ങളും ഇരിക്കുന്നുണ്ടായിരുന്നു.
"അല്ല വിഷ്ണുവേ, ജോൺ പുഷ്പം പോലെ ഇറങ്ങിപ്പോന്നു അല്ലെ " സെക്രട്ടറി തുടക്കം കുറിച്ചു.
"പിന്നെ, അവൻ ആ പെണ്ണിനെ വിറ്റു കാശാക്കി കാണും, മ്മടെ ഹരികുട്ടൻ പറഞ്ഞെ, അവൻ ഇതിന്റെ ഒക്കെ ബിസ്സിനെസ്സാന്നാ , പൂത്ത പണം കാണും കയ്യിൽ , ഇവനൊക്കെയാണോ വക്കീലന്മാരെ കൊണ്ട് വരാൻ പാട്. ഇനി അടുത്ത തവണ അവൻ പോകുമ്പോ നാട്ടീന്നു വേറെ പെണ്കുട്ടികളെ കാണാണ്ടാകാതിരുന്നാൽ മതി" കൂട്ടത്തിലെ ഒരു തല നരച്ച കാർന്നോർ അയാളെ പിന്താങ്ങി.
അപ്പോഴേക്കും വിശ്വനാഥപ്പണിക്കർ അങ്ങോട്ടെത്തി .
"എന്താണാവോ എല്ലാവരും കൂടി ഇങ്ങോട്ടു"
"അതിപ്പോ പണിക്കരേട്ടാ, ഇത് ധനു, ഇനി മകരം, പിന്നെ കുംഭം , ഉത്സവം ഇങ്ങടുത്തു , നമുക്കൊന്നു ഉഷാറാക്കണം " കരയോഗം സെക്രട്ടറി തലചൊറിഞ്ഞു.
"ആക്കിക്കോ അതിനു ഞാൻ വേണ്ടാ എന്ന് പറഞ്ഞില്ലല്ലോ"
"അതല്ല, അമ്പലം ഒന്ന് വെള്ള പൂശണം, പിന്നെ പൊട്ടിയ ഓടൊക്കെ ഒന്നും മാറ്റിയിടണം , കുളം ഒന്ന് വറ്റിച്ചു ചേറു കോരണം , കാശിച്ചിരി ചിലവാകും "
"അതിനു അമ്പലത്തിനു നല്ല വരുമാനം ഇല്ലേ, അതീന്നു എടുത്തങ്ങു ചെയ്യൂ ."
"എന്ത് വരുമാനം പണിക്കര് ചേട്ടാ, ഈ കിട്ടണ പായസത്തിന്റെയും പുഷ്പാഞ്ജലിയുടെയും ഒക്കെ മിച്ചം പിടിച്ചല്ലേ തിരുമേനിക്ക് ശമ്പളം കൊടുക്കണേ, പിന്നെ കറന്റ് ചാർജ് , എണ്ണ .. ചെലവ് കുറെ ഉണ്ടേ .."
"ഹ്മ്മ്, മൊത്തം ചില വായിൽ പോകുവാ .. എനിക്ക് മനസ്സിലാകില്ല എന്ന് കരുതരുത് പ്രസിഡന്റെ .."
"അത് പണിക്കര് ചേട്ടാ , ജോണില്ലേ ... അവൻ വന്നതായിരുന്നു , ഇത്തവണ അവന്റെ വീട്ടീന്ന് ഒരു ഡബിൾ തൂക്കം, പിന്നെ .. "
"പിന്നെ .. " അത് വരെ തല കുനിച്ചിരുന്നു സംസാരിച്ച പണിക്കർ തല ഉയർത്തി അവരെ നോക്കി.
"അയാള് ഒരു ലക്ഷം രൂപ തരാമെന്നു പറഞ്ഞു , സംഭാവന .. "
"ഓഹോ .. ഇന്നലെ പൊട്ടി മുളച്ച ഒരു നസ്രാണിയുടെ കാശു വാങ്ങിച്ചു അമ്പലത്തിലെ ഉത്സവം നടത്തണോ രാഘവൻ നായരേ " പണിക്കരുടെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നു വന്നു .
"തൂക്കം .. അത് വേണേൽ വേണ്ടാന്ന് പറയാം , പക്ഷെ കാശു .. അതെങ്ങനെ വേണ്ടാന്ന് പറയും , ദേവിക്ക് തരുന്ന സംഭാവന വേണ്ട എന്ന് വച്ചാൽ , അത് ദേവീ കോപമുണ്ടാക്കും , ജോൺ കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശു അവനു ഐശര്യമുണ്ടാക്കിയ കാവിലെ ദേവിക്ക് കൊടുക്കുന്നതിൽ എന്താണ് തെറ്റ് " നേരത്തെ ജോണിനെ കുറിച്ച് മോശമായി പറഞ്ഞ കാർന്നോർ അങ്ങിനെ പറഞ്ഞപ്പോൾ അറിയാതെ തന്നെ വിഷ്ണുവിന്റെ മുഖത്ത് ഒരു പരിഹാസ ചിരി വിരിഞ്ഞു.
"അമ്മാവൻ അല്ലെ പറഞ്ഞത് അവനു പെണ്ണ് ബിസ്സിനസ്സാണെന്നു , അങ്ങിനെ ഉണ്ടാക്കിയ പൈസ ദേവിക്ക് കൊടുക്കണോ ?" വിഷ്ണു എഴുനേറ്റു വന്നു അയാളുടെ തോളിൽ പിടിച്ചു. പറഞ്ഞത് അബദ്ധമായതു പോലെ അയാൾ നാവു കടിച്ചു.
"പണിക്കര് ചേട്ടാ ഞങ്ങളിറങ്ങുവാ , പിന്നെ വേറെ വഴിയൊന്നും കിട്ടിയില്ലേ , ഞങ്ങള് ആ പൈസ വാങ്ങും , എന്നിട്ടു ഉത്സവം നന്നായി നടത്തും. ദേവിയുടെ ഉത്സവം നന്നായി നടന്നാലേ , നാടിനു ഐശ്വര്യമുണ്ടാകു .. ഇല്ലേ നാടു മുഴുവനും ദീനം പടരും , കൊടും വെയിലും വെള്ളപ്പൊക്കവും വരും "
അമ്പലകമ്മറ്റി പ്രസിഡണ്ട് ഇറങ്ങി മുന്നോട്ടു നടന്നു , പുറകെ ബാക്കി പരിവാരങ്ങളും.
*****************************
രാത്രിയിൽ അടുത്ത മുറിയിൽ കുട്ടികളെ ഉറക്കി ആതിര മുറിയിലേക്ക് ചെല്ലുമ്പോൾ മൊബൈലിൽ എന്തോ തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു വിഷ്ണു . അവനെ ഒന്ന് നോക്കി , നൈറ്റ് ഗൗണുമായി അവൾ ബാത്റൂമിലേക്കു പോയി. അവൾ തിരിച്ചു വരുമ്പോൾ ബാൽക്കണിയിൽ നിന്നും പുകച്ചുരുളകൾ ഉയരുന്നതാണ് കണ്ടത്. അവൾ പുറകിലൂടെ ചെന്ന് വിഷ്ണുവിനെ കെട്ടിപിടിച്ചു .
"സോറി വിഷ്ണുവേട്ടാ "
"എന്തിനു "
"കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സങ്കടപെടുത്തിയതിനു , അശോകേട്ടൻ പറഞ്ഞപ്പോൾ "
"പറഞ്ഞപ്പോൾ"
"ജോണിനെതിരായി കേസ് കൊടുക്കാൻ വിഷ്ണുവേട്ടന്റെ സഹായം വേണമെന്നും അത് കൊണ്ട് അങ്ങിനെയൊക്കെ സംസാരിക്കണമെന്നും പറഞ്ഞപ്പോൾ , ഞാൻ .. "
"ആതി .. എന്നും നിന്റെ അശോകേട്ടൻ എന്നെ ചതിച്ചിട്ടേ ഉള്ളു.. ഇപ്പോൾ ഈ കാര്യത്തിലും.. അറിഞ്ഞോ അറിയാതയോ നീയും.. ഞാൻ പറഞ്ഞല്ലോ വെറുത്തു വെറുത്തു സ്നേഹിച്ചു പോയതാണ് നിന്നെ .. ഇനി എന്നെ വീണ്ടും വെറുക്കാൻ പ്രേരിപ്പിക്കരുത് , രണ്ടു കുട്ടികളെ ഓർത്തെങ്കിലും .."
അവളുടെ കണ്ണുനീർ വിഷ്ണുവിന്റെ മുതുകിൽ വീണപ്പോൾ കൈകൾ വിടുവിപ്പിച്ചു ആതിരയെ തന്റെ നേരെ നിർത്തി.
"ആതി .. പന്ത്രണ്ടു കൊല്ലം ഒപ്പം കഴിഞ്ഞിട്ടും ഈ കണ്ണുനീർ സത്യമാണോ എന്ന് മനസ്സിലാക്കാൻ എനിക്ക് ഇപ്പോൾ സാധിക്കുന്നില്ല , ഒരു പക്ഷെ പഴയ അനുഭവങ്ങൾ ആയിരിക്കാം കാരണം. എന്നോട് ഒരല്പം സ്നേഹമുണ്ടങ്കിൽ നീ ഇപ്പോൾ റൂമിലേക്ക് പൊയ്ക്കോളൂ , ശരീരം കൊണ്ടോ മനസ്സ് കൊണ്ടോ ഒരു ഭർത്താവിനെ പോലെ നിന്നെ തൃപ്തിപ്പെടുത്താനുള്ള മാനസികാവസ്ഥയിലല്ല ഞാൻ. കുറച്ചു നേരം ഒറ്റക്കിരിക്കട്ടെ "
ആതിര മുറിയിലേക്ക് മടങ്ങിയപ്പോൾ വിശാലമായ ആ ബാൽക്കണിയിലെ സെറ്റിയിൽ കിടന്നു വിഷ്ണു പഴയ ഓർമ്മകളിലേക്ക് ഊളിയിട്ടു .
*****************************
അടുത്ത ദിവസം രാവിലെ മഠത്തിൽ തറവാടിന്റെ മുറ്റത്തേക്ക് ആ DL രെജിസ്ട്രേഷൻ ഫോർച്യൂണർ വീണ്ടും പൊടിപറത്തികൊണ്ടു കയറി വന്നു . പണിക്കരും അശോകനും ഓഫിസ് റൂമിൽ ഏതോ കേസിന്റെ ചർച്ചയിൽ ആയിരുന്നു. വിഷ്ണു അന്ന് അവധിയായിരുന്നതിനാൽ മക്കളോടൊപ്പം ഉമ്മറത്ത് കളിക്കുകയായിരുന്നു.
വണ്ടിയിൽ നിന്നിറങ്ങി വരുന്ന ജോണിനെ കണ്ടു പണിക്കർ വേഗത്തിൽ തന്റെ ഓഫീസ് മുറിയിൽ നിന്നും ഉമ്മറത്തേക്ക് നടന്നടുത്തു . തുളസിത്തറയുടെ അടുക്കലെത്തിയ അയാൾക്ക് നേരെ തന്റെ വാക്കിങ് സ്റ്റിക് നീട്ടി അയാൾ അലറി
"നിന്നോടാരു പറഞ്ഞു ഇങ്ങോട്ടു വീണ്ടും വരാൻ , ഇറങ്ങിപ്പോടാ "
അവിടെ കളിച്ചു കൊണ്ടിരുന്ന കുട്ടികളുടെ തലയിൽ തലോടി സൗമ്യനായി ജോൺ മറുപടി പറഞ്ഞു
"പണിക്കർ സാറെ, ഒരാൾക്ക് നിങ്ങളെ കാണണം പോലും, അത് കൊണ്ട് വന്നതാ , കണ്ടിട്ട് പെട്ടന്ന് പോയ്കോളാം "
ഈ സംസാരം കേട്ട് ആതിര അങ്ങോട്ട് കടന്നു വന്നു. അവൾ കുട്ടികളെ തന്റെ കൈകൾ കൊണ്ട് അകത്തേക്ക് വിളിച്ചു.
ജോൺ വണ്ടിയിൽ നിന്നിറങ്ങിക്കൊള്ളാൻ വലതു കൈ ഉയർത്തി വീശിക്കാണിച്ചു .
(തുടരും)
No comments:
Post a Comment