കടലാഴങ്ങൾ 7
"ദേവസ്യ ചേട്ടൻ എന്ന് മുതലാ ഈ പണി തുടങ്ങിയെ, ഞാനെന്നാ കെട്ടാൻ മുട്ടി നിക്കുവാണെന്നാണോ അയാളുടെ വിചാരം .. "
"അത് മോളെ.. ഇതെല്ലാം നാട്ടു നടപ്പല്ലേ .. പിന്നെ നിനക്ക് വയസ്സ് ഇരുപത്തിനാല് കഴിഞ്ഞേ .. "
"എൻ്റെ അമ്മേ , എനിക്ക് പ്രായം കൂടിയിട്ടാണോ അമ്മക്ക് ടെൻഷൻ , എന്നാ പിന്നെ കെട്ടിയേക്കാം പോരെ , പക്ഷെ ഇയാളെ വേണ്ടാ . "
"അഞ്ജു , നീ ഈ ഫോട്ടോയെങ്കിലും നോക്ക് .. "
ഉമ്മറത്ത് ഇരുന്നു അഞ്ജലിയെ കല്യാണത്തിന് സമ്മതിപ്പിക്കാനായി ശ്രമിക്കുകയായിരുന്നു എലിസബത്ത് . അവർ തന്റെ കയ്യിലിരുന്ന ചെറുക്കന്റെ ഫോട്ടോ അടങ്ങിയ കവർ അവൾക്കു നേരെ നീട്ടി പിടിച്ചിരിക്കുകയാണ് .
"മോളെ , ചെറുക്കനും ബാംഗ്ലൂരാണ് ജോലി . അപ്പോ പിന്നെ കല്യാണം കഴിഞ്ഞാലും നിനക്കവിടെ ജോലി ചെയ്യുന്നതിന് കുഴപ്പമുണ്ടാകില്ല .. "
"എൻ്റെ അമ്മെ , അതൊന്നുമല്ല പ്രശ്‍നം ... "
"പിന്നെ .. "
"ചെക്കന്റെ പേര് കേട്ടില്ലേ സിംസൺ .. എന്തോന്നു പേരിത് . അഞ്ജലി സിംസൺ .. യേ ..."
"ആഹാ .. അപ്പൊ അതാണോ പ്രശ്‍നം .. "
"ഈ കേസിൽ പ്രശ്‍നം ഇത് മതി .. "
അവൾ പതുക്കെ പറഞ്ഞു അമ്മയെ നോക്കി .
"എന്തോന്നാ പറഞ്ഞെ .. "
"എന്റെ അമ്മേ , ഞാൻ എന്തിനെങ്കിലും അമ്മയോട് എതിര് പറഞ്ഞിട്ടുണ്ടോ .. ഈ കാര്യത്തിലും അങ്ങനെ തന്നെ .. ഇനി ഞാൻ കെട്ടിപോകാറായി എന്ന് തോന്നിയെങ്കിൽ അമ്മ ചെക്കന്മാരെ നോക്കിക്കോ , പക്ഷെ ഇമ്മാതിരി പേരുള്ളവന്മാരെ കൊണ്ടുവരരുത് .. "
"ഇതിപ്പോ .. "
എലിസബത്ത് തലക്കു കൈകൊടുത്തു നിലത്തേക്കിരുന്നു .
അഞ്ജലി ആകട്ടെ ഒരു സഹായത്തിനായി അപ്പനെയും അനിയത്തിയേയും നോക്കി .
"ഞാൻ അപ്പഴേ പറഞ്ഞതല്ലേ എലിസബത്തെ മോളോട് ചോദിച്ചിട്ടു ഫോട്ടോയൊക്കെ വാങ്ങിയാ മതീന്ന് .. ആ, ഏതായാലും നീ തന്നെ ദേവസ്യയോട് കാര്യങ്ങളെല്ലാം പറഞ്ഞേക്ക് "
ഇതെപ്പോ എന്ന രീതിയിൽ അവർ തൻ്റെ ഭർത്താവിനെ നോക്കി .
"ഡാ, നീ വിഷമിക്കണ്ട .. നല്ല കിടിലൻ പേരുള്ള , അടിപൊളി ചെക്കനെ ഈ അപ്പൻ കൊണ്ടേ തരും . ഒറ്റ നോട്ടത്തിൽ നീ .. എന്നെ എങ്ങനെയെങ്കിലും അയാളെ കൊണ്ട് കെട്ടിക്കപ്പാ എന്നും പറഞ്ഞു കയറു പൊട്ടിക്കും .. കണ്ടോ .. നിന്റപ്പൻ ഒറ്റകുന്നേൽ തോമസാ ഈ പറേണത് .. "
"അതാണപ്പാ അപ്പൻ .. "
അവൾ എഴുനേറ്റു അപ്പന്റെ കവിളിൽ മുത്തി അകത്തേക്ക് പോയി ..
"മമ്മി എന്തിനാ ഇനി ഈ ഫോട്ടോയും പിടിച്ചിരിക്കുന്നെ ."
അനു അമ്മയുടെ അടുത്തേക്ക് നീങ്ങിയിരുന്നു ..
"നോക്കടി പെണ്ണെ , ചെക്കനെ കാണാൻ നല്ല ഭംഗിയുണ്ട് .. സിനിമാ നടന്റെ ലുക്കാ , പോരേ കുടുംബത്തൂന്നു എത്രയാ അച്ചന്മാരും സിസ്റ്റർമാരും എന്നറിയാമോ .. "
"ആഹാ , എന്നാ പിന്നെ അമ്മച്ചി ഒരു കൈ നോക്ക് .. "
അവൾ എഴുനേറ്റു കുറച്ചു മാറി നിന്ന് പറഞ്ഞശേഷം അഞ്ജലിയുടെ പുറകെ പോയി ..
"ദേ പെണ്ണേ .. അച്ചായാ , നിങ്ങള് കേട്ടല്ലോ അവളു പറഞ്ഞത് .. "
"ആ .. പോട്ടെടി .. അനു പെണ്ണിന് നിന്നെ ഇങ്ങനെ ദേഷ്യം പിടിപ്പിക്കുന്നത് ഒരു ശീലമല്ലേ .. "
"ഹ്മ്മ് .. അല്ലേലും അവള് നിങ്ങളെ പോലെയാ .. സകല കുരുത്തക്കേടും ഉണ്ട് . പക്ഷെ എൻ്റെ അഞ്ജു പാവാ .. നോക്കിക്കേ , ആ പേര് കാരണമാ .. ഇല്ലേൽ നമുക്ക് ഉടനെ മനസമ്മതം നടത്തായിരുന്നു ... "
"കൊള്ളാം ... നീ എഴുനേറ്റു അടുക്കളയിലേക്കു ചെന്നേ .. അല്ലങ്കിൽ അവളുമാര് രണ്ടും കൂടി ഇപ്പൊ അടി തുടങ്ങും .. "
തോമാച്ചായൻ നീട്ടിയ കയ്യിൽ പിടിച്ചെഴുനേറ്റു എലിസബത്ത് അകത്തേക്കു നടന്നു .
#############################
"ഡാ , ഞാൻ അവളെയൊന്നു വിളിച്ചാലോ .. "
"ഈ പരുവത്തിലോ .. "
"അതെന്താടാ എനിക്കിപ്പോ ഒരു കുഴപ്പം .. "
"നാവൊക്കെ കൊഴ കൊഴാന്നായി .. "
"ഡാ അവള് അച്ചായത്തി പെണ്ണാ .. അവർക്കിതൊക്കെ ഒരു പ്രശ്നമാവില്ല .. "
"അത് വേണ്ടടാ ... അവള് വല്യ ആറ്റിറ്റ്യൂഡ് ഇട്ട് പോയതല്ലേ ... വരട്ടെ .. "
"ഹ്മ്മ് .. അതും ശെരിയാണ് , എന്നാലും .. "
കയ്യിൽ ഫോണെടുത്തു നിരാശയോടെ ആദി ബാസിതിനെ നോക്കി . ഉച്ചക്ക് കിഷോർ എത്തിയ ശേഷം ചെറിയ തോതിൽ മദ്യപിക്കുകയായിരുന്നു ആദിയും അവനും . ബാസിത് ആകട്ടെ അവരുടെ ഒപ്പമിരുന്നു സ്നാക്സ് കഴിക്കുന്നു.
"ഭായ് , തും ഫോൺ കരോ ഉസ് ചോരി കോ .. ബാസിത് പാഗൽ ഹേ , ഉസ്‌കാ ബാതോം മേം മത് ആന .."
(നീ അവളെ വിളിക്കു , ബാസിത് ഭ്രാന്തൻ ആണ് , അവൻ പറയുന്നത് കേൾക്കണ്ട .. )
"ആ , അബ് തോ മേം പാഗൽ ഹോഗയാ .. "
ബാസിത് ദേഷ്യത്തോടെ എഴുനേറ്റു ..
"ഡാ ഇരിക്കെടാ .. നീ ചുമ്മാ .. "
"അല്ല പിന്നെ , നല്ലൊരു ശനിയാഴ്ച ആയിട്ടു എന്നെ വിളിച്ചു വരുത്തി ഒരുമാതിരി .. "
"നീ അതെല്ലാം വിട് ബാസിതെ , എന്നിട്ടു എനിക്കൊരു വഴി പറഞ്ഞു താ ,അവളെ കാണാഞ്ഞിട്ട് എന്തോ പോലെ .. "
"ഹ്മ്മ് .. നീ രണ്ടു ദിവസം കാത്തിരിക്ക് , എന്നിട്ടു തിങ്കളാഴ്ച.. അന്നും അവള് വന്നു സംസാരിച്ചില്ലേ ഒരു സോറി പറഞ്ഞു ഒന്നൂടെ പോയി മുട്ട് .. "
"സോറിയോ എന്തിനു .. "
"ഡാ സായിപ്പുമ്മാര് ഈ വാക്ക് കണ്ടുപിടിച്ചെക്കണത് ഈ കാമുകന്മാർക്കും ഭർത്താക്കന്മാർക്കും വേണ്ടിയാ .. ഒരു ദിവസം എത്ര സോറി പറയാൻ പറ്റുമോ അത്രയും നമ്മുടെ കുടുംബ ജീവിതം സന്തോഷകരമായിരിക്കും .."
"ഏഹ് .. "
"ആ അതൊക്കൊ മോൻ വഴിയേ പഠിച്ചോളും . ഇപ്പൊ രണ്ടെണ്ണം കൂടി വീശി വല്ലതും കഴിച്ചിട്ടു കിടന്നുറങ്ങൂ . എന്ത് വന്നാലും അവളെ വിളിക്കരുത് .. കേട്ടല്ലോ .. ഇനി കളി നമുക്ക് മണ്ടേ നോക്കാം .. അപ്പൊ ശെരി .. കിഷോർ ബൈ .."
"ബൈ ബാസിത് .. "
ബാസിത് മേശപ്പുറത്തു നിന്നും വണ്ടിയുടെ താക്കോൽ എടുത്തു ഫ്ലാറ്റിനു പുറത്തേക്കിറങ്ങി .
###############################
"ഡി , അമ്മ എന്നെ പൂട്ടാനുള്ള പണിയാണെന്നാ തോന്നുന്നേ .. "
"എന്ത് പറ്റി .. "
"അഞ്ജു എന്നതാടി .. "
"നീയൊക്കെ വാട്ട്സ് അപ്പിൽ തന്നെയാണോ ഫുൾ ടൈം .. ഞാൻ മെസ്സേജ് ഇട്ടപ്പോഴേ രണ്ടും റിപ്ലെ അടിച്ചല്ലോ .. "
"ആ നീ ഞങ്ങടെ ചങ്കല്ലേ .. "
ഉച്ചഭക്ഷണം കഴിഞ്ഞു തിരികെ മുറിയിൽ എത്തി ഗ്രൂപ്പിൽ മെസ്സേജ് ഇടുകയായിരുന്നു അഞ്ജലി .
"ഈ ചങ്കിന്റെ ചങ്കിനെ ഇപ്പൊ വേറെ വെല്ലോരും കൊണ്ട് പോയേനെ .. ജസ്റ്റ് രക്ഷപെട്ട് .."
"എന്ത് പറ്റി .. "
"ഒരു കല്യാണ ആലോചന .. "
"ഹോ .. സാഡ് .. "
"എന്നതാടി മിഥൂ ഇതിലിപ്പോൾ സാഡ് .. "
"ഡി , ഒന്നാമതെ നീ പ്രേമിക്കാൻ തുടങ്ങിയതേ ഉള്ളൂ , അപ്പൊ തന്നെ കല്യാണക്കാര്യം വന്നു , രണ്ടാമതെ , എന്നെ ഒന്ന് കെട്ടിക്കമ്മാ എന്ന് പറഞ്ഞു നടന്നിട്ടു എൻ്റെ വീട്ടുകാർക്ക് ഒരു മൈൻഡും ഇല്ലാ .. "
"ഹഹ .. എന്തൊരു ജോക്കാടി മിഥൂ .. പാവം എൻ്റെ അഞ്ജു , അവളുടെ മനസ്സ് നിനക്കറിയാൻ പറ്റുന്നില്ലല്ലോടി ... "
"എൻ്റെ ദിയെ , നീ മാത്രമേ ഉള്ളൂ നല്ലൊരു കൂട്ടുകാരിയായിട്ട് .. "
"ഹ്മ്മ് , അഞ്ജമ്മോ , നിനക്ക് ആദിയേട്ടനെ വിളിച്ചു ഇതെല്ലം പറഞ്ഞാലോ എന്ന് തോന്നുന്നുണ്ടോ .. "
"ഉണ്ടെടി ദിയെ .ഉണ്ട് .. "
"വിളിച്ചാൽ നിന്നെ ഞാൻ കൊല്ലും .. ഡി , നീ മണ്ടത്തരം ഒന്നും കാണിക്കരുത് . അങ്ങേർക്കു നിന്നോട് പ്രണയം ആണെങ്കിൽ , തിങ്കളാഴ്ച കണ്ടോ .. "
"എന്ത് .. "
"ഡി അങ്ങേരു നമ്മുടെ ഫ്ലാറ്റിന്റെ മുന്നിൽ കിടന്നു വട്ടം കളിക്കും .. "
"എന്തിനു .. "
"നിന്നെ കാണാൻ .. ഒന്ന് മിണ്ടാൻ , ഇന്നലെ പറഞ്ഞതിനെല്ലാം ക്ഷമ ചോദിക്കാൻ .. "
"ആദിയേട്ടൻ അത്രയും ... "
"ഹാ അഞ്ജു , ഈ കാര്യത്തിൽ ദിയ പറഞ്ഞത് പോലെയേ നടക്കാൻ സാധ്യത ഉള്ളൂ .."
അപ്പോഴേക്കും വാതിൽ തുറന്നു അനുപമ കയറി വന്നു ..
"എന്താണ് ചേച്ചിപെണ്ണേ ഒരു കള്ളത്തരം .. "
അവളെ കണ്ടതും ഫോൺ ലോക്ക് ചെയ്തു കട്ടിലിലേക്കിട്ട അഞ്ജലിയുടെ അടുത്തേക്ക് അവൾ കയറി ഇരുന്നു.
"എന്ത് കള്ളത്തരം .. "
"സത്യം പറ .. ആരോ ചേച്ചിയുടെ മനസ്സിൽ കയറി കൊത്തിയല്ലോ .. "
"എന്റെയോ .. "
"ഹ്മ്മ് .. ഈ കണ്ണ് കണ്ടാൽ അറിയാം .."
"നിനക്ക് തോന്നുന്നതാ .."
"സത്യം പറഞ്ഞോ , ഇല്ലേ ഞാൻ മമ്മിയോട് പറയും , മമ്മി ഫോൺ നോക്കും, എല്ലാം കുഴപ്പമാകും .. "
"നീ ചുമ്മാ അമ്മയോടൊന്നും പറയണ്ട .. പ്ളീസ് .. "
അഞ്ജലി അവളുടെ മുന്നിൽ കൈകൂപ്പി
"എന്നാൽ വേഗം പറ , എന്താണ് പ്രശ്നം .. "
"അനു , അത് , നീ ആരോടെങ്കിലും പറയാമോ .. "
"ഇല്ല ചേച്ചി .. ചേച്ചിക്ക് എന്നെ വിശ്വസിക്കാം , ഒടുവിൽ ഈ വീട്ടിൽ എന്തേലും ആവശ്യമുണ്ടേൽ ഞാൻ മാത്രമേ കാണൂ."
"ഹ്മ്മ് ,, "
അഞ്ജലി എഴുനേറ്റു ചെന്ന് മുറിയുടെ വാതിലിന്റെ കുറ്റിയിട്ടു , പിന്നെ അനുവിനോട് ചേർന്നിരുന്നു ..
"പറ , പെട്ടന്നാകട്ടെ .. "
"അത് , ഒരാളുണ്ട് .. ആദി , ആദിത്യ .. നീ ഉദ്ദേശിക്കുന്ന പോലെ പ്രേമമൊന്നുമല്ല .. എന്നാലും .. "
അഞ്ജലി അവളോട് കഴിഞ്ഞ ഒരാഴ്ചത്തെ കാര്യങ്ങളെല്ലാം പറഞ്ഞു കേൾപ്പിച്ചു . അവൾ പറഞ്ഞു തീർന്നതും അനുപമ ചിരിക്കാൻ തുടങ്ങി . അഞ്ജലി പലതവണ പതുക്കെ ചിരിക്കാൻ പറഞ്ഞെങ്കിലും അവൾ ഉച്ചത്തിൽ ചിരിച്ചുകൊണ്ടിരുന്നു . അഞ്ജലിക്കാകട്ടെ അത് കണ്ടു കണ്ണുകൾ നിറഞ്ഞു വന്നു .
"അയ്യേ, ചേച്ചി പെണ്ണ് കരയുവാനോ .."
".."
"കണ്ടോ , ഇത്രേ ഉള്ളൂ ചേച്ചി , ഞാൻ ചുമ്മാ ഒരു നമ്പർ ഇട്ടതാ , ചേച്ചി മുഴുവൻ പറഞ്ഞു "
അവൾ അഞ്ജലിയുടെ ഇരു കവിളിലും പിടിച്ചു വലിച്ചു.
"ഏതായാലും പ്രേമമൊക്കെ ആകുന്നതിനു മുൻപ് അയാളെ കുറിച്ച് ഒന്ന് നല്ലോണം അന്വഷിക്കണം .. അത് കൊണ്ട് ആ നമ്പറൊന്നു തന്നെ .. "
"അതെന്തിനാ .."
"മോളെ ചേച്ചി , നീ ഒരു പാവമാ .. ഇത് പ്രശ്നമായാൽ നിനക്കു ഈ വീട്ടീന്ന് ഇറങ്ങേണ്ടി വരും , അതിനു മുൻപ് അയാളെ കുറിച്ച് ഒന്നറിഞ്ഞു വയ്ക്കുന്നത് നല്ലതല്ലേ .. "
"അത് ചോദിക്കാം .. "
"നീയായിട്ടു ചോദിക്കത്തില്ല .. അത് കൊണ്ട് എനിക്ക് നമ്പർ താ .. ഞാനൊന്നു നോക്കട്ടെ .. "
"എങ്ങനെ .. "
"ഞാനേ , ഡിഗ്രിക്കാ പഠിക്കണേ , ഇത് പോലുള്ള കുറെ പേരെ എന്നും കാണുന്ന ആളാ ഞാൻ .. "
അപ്പോഴേക്കും കതകിൽ മുട്ടു കേട്ടു . അഞ്ജലി പരിഭ്രമത്തോടെ അനുപമയെ നോക്കി ..
"അത് ചെറിയാനും സെറ്റുമാ .. നീ വന്നത് അറിഞ്ഞു കാണും ..ഫോണിങ് തന്നെ .."
അഞ്ജലി ഫോൺ അൺലോക്ക് ചെയ്തു , ആദിയുടെ നമ്പർ എടുത്തു അനുപമയുടെ നേർക്ക് നീട്ടി . അവൾ ആ നമ്പർ തൻറെ ഫോണിലേക്ക് മെസ്സേജായി അയച്ച ശേഷം ഫോൺ അഞ്ജലിക്ക് തിരികെ കൊടുത്തു വാതിൽ തുറന്നു .
######################
സന്ധ്യാ സമയം , ഏഴുമുറ്റം മനയുടെ തുളസിത്തറയിലെ ചെറിയ മൺചിരാതിൽ വിളക്കുകൊടുത്തി, തൊഴുതു പടികൾ കയറാൻ തുടങ്ങിയ ജാനകി അന്തർജ്ജനം ഗേറ്റു കടന്നു കയറി വരുന്ന നീല അംബാസഡർ കാർ കണ്ടു തിരിഞ്ഞു നിന്നു .
"എന്തായി തിരുമേനി .. ഭട്ടതിരി എന്ത് പറഞ്ഞു .. "
"ഞാൻ അകത്തേക്ക് കയറിയിട്ട് പോരെ ഇല്ലത്തമ്മേ സംസാരം .. "
"ഹ്മ്മ് മതി ... "
"സുധീ , നീ വണ്ടി തിരിച്ചിട്ടിട്ടു പൊയ്ക്കോളൂ .. "
പരമേശ്വരൻ നമ്പൂതിരി കാറിനടുത്തു നിന്നിരുന്ന ഡ്രൈവറോട് പറഞ്ഞു പടിക്കെട്ടിനരികിൽ സ്ഥാപിച്ചിരുന്ന പൈപ്പിൽ നിന്നും കാലു കഴുകി അകത്തേക്ക് കയറി .
ധരിച്ചിരുന്ന ഷർട്ട് ഊരി ഭാര്യയെ ഏല്പിച്ചു അയാൾ ക്ഷീണത്തോടെ ചാരുകസേരയിലേക്കിരുന്നു ...
"ഒന്നും പറഞ്ഞില്ല .. "
അവർ അയാൾക്കരുകിൽ വന്നിരുന്നു ..
"പൂരാടം .. ഒന്നാം പാദത്തിൽ ജനിച്ചവൻ .. .. അതും അമാവാസിയിലെ .. ഏഴുമുറ്റത്തെ മുഴുവൻ പാപങ്ങളും ഏറ്റെടുക്കാൻ ആയി തന്റെ ജീവിതം സമർപ്പിച്ചവൻ .. "
"ഭട്ടതിരി എന്ത് പറഞ്ഞു .. "
"എന്ത് പറയാൻ ഇല്ലത്തമ്മേ .. നമ്മൾ എന്താണോ ഉണ്ടാകരുത് എന്ന് ആഗ്രഹിച്ചത് , പ്രാർഥിച്ചത് ... അത് നടക്കാൻ പോകുന്നു .. ഇനി പരദേവതയെ ഉപാസിക്കുക എന്നത് മാത്രമാണ് ഒരു പോംവഴി .. "
"ദേവീ.. ഇനി എന്താ ചെയ്ക... "
"അനുഭവിക്കുക, അവന്റെ ജീവിതത്തിൽ ഇനി നടക്കാൻ പോകുന്നതൊന്നും നമുക്ക് തടയാൻ പറ്റില്ല. നമുക്ക് പ്രാർഥിക്കാം.. "
"എന്റെ പരദൈവങ്ങളെ... എന്റെ ഉണ്ണി, അവനിപ്പോ എവിടെയാണോ ആവോ.. ഈ പ്രായത്തിൽ എന്തെല്ലാം അനുഭവിച്ചു എന്റെ കുട്ടി.. ഇനിയും പരീക്ഷങ്ങൾ ആണല്ലോ... എവിടെയാണേലും ഒരാപത്തും കൂടാതെ കാത്തോളണേ "
നിറഞ്ഞ കണ്ണുകളോടെ അവർ ഭർത്താവിനെ നോക്കിയപ്പോൾ പരമേശ്വരൻ നമ്പൂതിരി തലപുറകിലേക്ക് വച്ചു കസേരയിൽ ചാരി കിടന്നു. ആ കർക്കിടക മാസത്തിലും, വലിയ ശബ്ദത്തിൽ കറങ്ങിക്കൊണ്ടിരുന്ന ഫാനിനു വേഗത കുറവാണെന്നയാൾക്കപ്പോൾ തോന്നി .
(തുടരും)
No comments:
Post a Comment